‘വാടിയ ചേമ്പിൻതണ്ടുപോലെ കളത്തില്‍ കിടന്ന വേണിയുടെ ശരീരവുമെടുത്തു ഭദ്രൻ അറപ്പുരയിലേക്കു നടന്നു’
Mail This Article
മുഖത്തു നിന്നു പുതപ്പ് പതിയെ മാറ്റിയശേഷം, കൈനീട്ടി വശത്തിരുന്ന ചെറിയ വാച്ചെടുത്തു രുക്കു സമയം നോക്കി. വിഷ്ണു ഏട്ടൻ കാത്തിരിക്കുകയാവും. വിശേഷം പറഞ്ഞു ശ്രീക്കുട്ടി ഒരു വിധത്തിലാണ് ഉറങ്ങിയത്. വട്ടം പിടിച്ചിരിക്കുന്ന ശ്രീക്കുട്ടിയുടെ കൈകൾ താഴേക്കു പതിയെ എടുത്തു വച്ചശേഷം അവൾ ശബ്ദമുണ്ടാക്കാതെ എണീറ്റു.
ഹാൻഡ്ബാഗിനുള്ളിൽനിന്നും ഫോൺ എടുത്തശേഷം, കിടപ്പുമുറിയുടെ വാതിലിന്റെ സാക്ഷ നീക്കി പുറത്തേക്കിറങ്ങി. കാവിലേക്കു തുറക്കുന്ന പിൻവാതിലിനരികിലേക്കവൾ ചെന്നു. തിരിഞ്ഞു നോക്കിയശേഷം വാതിൽ തുറന്നവൾ അടഞ്ഞു കിടക്കുന്ന തേങ്ങാപ്പുരയിലേക്കു കയറി. പെട്ടെന്ന് ഒരു ഇടി മിന്നി പ്രദേശമാകെ ഇരുട്ടിലായി. പവർ ബട്ടൺ അമർത്തി ഫോണ്‍ ഓണാകുന്നതു പ്രതീക്ഷിച്ച് അവൾ ഇരുന്നു.
മഴ ചാറാൻ തുടങ്ങിയിരിക്കുന്നു. അവൾ ഫോൺ എടുത്തു നിരാശയോടെ നോക്കി. ഇല്ല അനക്കമൊന്നുമില്ല, ഉറങ്ങിക്കാണുമോ. അൽപ്പസമയം കഴിഞ്ഞപ്പോൾ വിഷ്ണുവിന്റെ വിളിയെത്തി. രുക്കു ഫോൺ ചെവിയോടടുപ്പിച്ചു മണിക്കൂറുകൾ കടന്നു പോകുന്നതറിയാതെ അവൾ വാചാലയായി, ജീവിതത്തിൽ അവൾ ഇത്ര സംസാരിച്ചു കാണില്ല, രാത്രിയെപ്പോഴോ അവൾ തന്റെ പുള്ളിപ്പാവാടയിലെ പൊടി തട്ടിക്കളഞ്ഞശേഷം എണീറ്റു. നിലാവിന്റെ വെളിച്ചം മങ്ങിയിരിക്കുന്നു. അന്തരീക്ഷമാകെ മാറി മറഞ്ഞിരിക്കുന്നു.
തെക്കേമുറ്റത്തെ കരിമ്പന മുടിയഴിച്ചാടുന്നത് ഭീതിയോടവൾ നോക്കി. പെട്ടെന്ന് നിലാവെളിച്ചം അപ്രത്യക്ഷമായി അവിടെയാകെ കൂരിരുൾ വീണു. അവൾ തപ്പിത്തടഞ്ഞു അവളുടെ മുറിയുടെ വാതിലിനരികിൽ ചെന്നു. പതിയെ അകത്തുകയറി. വാതിൽ തഴുതിട്ടു തിരിഞ്ഞതും അവളുടെ ചുമലിൽ ഒരു കൈ പിടിമുറുക്കി. അവൾ ഞടുങ്ങി നിലവിളിക്കാനാഞ്ഞപ്പോൾ ഒരു കൈ ചുണ്ടിലമർന്നു. ശ്രീക്കുട്ടിയുടെ സാന്നിധ്യം അവളറിഞ്ഞു. മിണ്ടരുത്!... ശ്രീക്കുട്ടി രുക്കുവിന്റെ ചെവിയിൽ മന്ത്രിച്ചു. എന്റെ പിന്നാലെ വാ.. ശ്രീക്കുട്ടി പതിയെ തറയിലൂടെ ഇഴഞ്ഞു നീങ്ങി. രുക്കുവും അതേപോലെ ചെയ്തു.. അവർ പടിഞ്ഞാറേ ജനാലക്കരുകിൽ എത്തി. ജനലിലൂടെ പതിയെ അവർ എത്തി നോക്കി..
ആര്യൻകാവിലെ നാഗത്തറയിൽ ആരോ ദീപം കൊളുത്തിയിരിക്കുന്നു. നാഗത്തറയ്ക്കു മുന്നിൽ മറ്റൊരു ശില പോലെ നിശ്ചലമായ ഒരു രൂപം. അവിടെ കൈകൾ മുകളിലേക്കു കൂപ്പി നിൽക്കുന്നു. ഒരു മരതക വർണ്ണത്തിൽ ആ നാഗത്തറയാകെ പ്രകാശിക്കുന്നു. അവർ അമ്പരന്നു നോക്കി നിൽക്കെ ആ രൂപം ആര്യൻകാവിൽ നിന്നു പുറത്തേക്കു നടന്നു. കയ്യിൽ ഒരു ഭാണ്ഡമേന്തിയിരിക്കുന്നു. അയാൾ പടിഞ്ഞാറേ വഴിയിലേക്കു കയറിയ ശേഷം തിരിഞ്ഞു നിന്നു.
കയ്യിലുണ്ടായിരുന്ന ഒരു വടി മണ്ണിൽ കുത്തി അയാൾ കണ്ണടച്ച് അനങ്ങാതെ നിൽക്കുകയാണ്. ശബ്ദിക്കാനാകാതെ ഇരുവരും നിന്നു. തിരിയുന്നതിനു മുൻപ് അയാൾ അവർ ഇരിക്കുന്ന ഭാഗത്തേക്കു മുഖം തിരിച്ചു, അവരെ കണ്ടിട്ടെന്നപോലെ. മേഘമറ വിട്ടു പുറത്തു വന്ന ചാന്ദ്ര ധവളിമയിൽ അവർ ആ മുഖം കണ്ടു. നീണ്ട താടിയും മുടിയും , 30 വയസ്സു തോന്നുന്ന ഓജസ്സുള്ള മുഖം. എവിടെയോ കണ്ടു മറന്ന മുഖം. രുക്കുവിന്റെ മനസ്സിൽ ഒരു ആന്തൽ. ഏട്ടൻ.. രാഹുലേട്ടൻ... അവൾ വാതിൽ കടന്ന് ഓടി... ശ്രീക്കുട്ടി അമ്പരന്ന ശേഷം പിന്നാലെ ഓടി. മുൻവശത്തെ വാതിൽ തുറന്ന് അവൾ മുറ്റത്തേക്കിറങ്ങി. അവിടം ശൂന്യമായിരുന്നു.
വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ശങ്കരനുണ്ണിയും നങ്ങേമയും സ്ഥബ്ധരായി വാതിൽക്കലെത്തി. എന്താ കുട്ട്യോളെ എന്താ... ഏട്ടനെ കണ്ടു. ദാ ഇവിടെ.. ഏവരും ചുറ്റും നോക്കി.. സ്വപ്നം കണ്ടതാവും കുട്യേ... ഏയ് അല്ല അമ്മാമേ ഞാനും കണ്ടു. രാഹുലേട്ടൻ തന്നെയാ.. നങ്ങേമ തുളസിത്തറയുടെ ഭാഗത്തേക്കു കൈ ചൂണ്ടി.. അവിടെ വീടിനു ചുറ്റും നീളുന്ന വിവിധ വരകൾ സർപ്പങ്ങൾ കെട്ടുപിണഞ്ഞപോലെ...ആര്യൻ കാവിലെ തെളിഞ്ഞുകത്തുന്ന വിളക്കിലേക്കവരുടെ നോട്ടമെത്തി. ശങ്കരനുണ്ണിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. എത്തി അല്ലേ...
........
കളത്തിലേക്കു കയറി ഇരുന്നപ്പോൾ വേണി അമ്പരന്നു. മുന്നിലെ ചഷകത്തിൽ പൂജ ആരംഭിക്കുന്നതിനു മുൻപ് കുടിക്കേണ്ട ഔഷധവുമില്ല. പതിവില്ലാത്തതെന്തോ സംഭവിക്കാനൊരുങ്ങുന്നു. ഭദ്രൻ ചുവന്ന പട്ടുടുത്തു അകത്തേക്കു കടന്നു വന്നു. ചുടലഭസ്മം ദേഹമാസകലം പൂശിയിരിക്കുന്നു. അയാൾ അവളുടെ നേരേ നോക്കിയതും വാടിയ ചേമ്പില പോലെ അവൾ കളത്തിലേക്കു വീണു.
അതേസമയം ദിഗന്തം നടുങ്ങുമാറൊരലർച്ച താഴെ അറയിലുയർന്നു. രാമനാഥൻ തന്റെ മുറി തുറന്ന് അവിടേക്കോടി. ശിഷ്യൻമാരെല്ലാം ഭയന്നു കിടുകിടാവിറച്ചു അറയുടെ പുറത്തു നിൽക്കുന്നു. അയാൾ അകത്തേക്കോടി കയറി. അവിടെ തൈലതോണി രണ്ടായി പിളർന്നു കിടക്കുന്നു. അതിന്റെ മുകളിൽ ഒരു ഭീകര സത്വം.
ചോരചുവപ്പാർന്ന കണ്ണുകൾ തന്റെ നേരേ തിരിഞ്ഞതുകണ്ട് രാമനാഥൻ തുള്ളിപ്പോയി. വൈരം പോലെ മൂർച്ചയുള്ള പല്ലുകളുള്ള വായ പൈശാചികമായി വിടർന്നു. അയാൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു. ആ ചിരി തിരിച്ചറിഞ്ഞതും രാമനാഥൻ തറയിൽ കിടന്നു സാഷ്ടാംഗം പ്രണമിച്ചു. മഹേന്ദ്രനെത്തി. മൃത്യുവിനെ മറികടന്നു..
വാടിയ ചേമ്പിൻതണ്ടുപോലെ കളത്തില്‍ കിടന്ന വേണിയുടെ ശരീരവുമെടുത്തു ഭദ്രൻ അറപ്പുരയിലേക്കു നടന്നു. അവിടെ മഹേന്ദ്രനെ ഒന്നു നോക്കാൻ ഭയപ്പെട്ടു രാമനാഥനും ശിഷ്യൻമാരും നിന്നിരുന്നു. കോപത്തീ എരിയുന്ന ആ കണ്ണുകളിലേക്ക് ഭദ്രൻ നോക്കി. പുതിയൊരു ശരീരവും നരകത്തീയിൽ നിന്നു തിരിച്ചെത്തിയ മനസ്സും, കൃത്യമായ അകലം പാലിച്ചില്ലേൽ അപകടകരമെന്ന് ഏവരെയും തിരിച്ചറിയാൻ പാടുപെടുന്ന ആ കണ്ണുകൾ സൂചിപ്പിക്കുന്നു. പക്ഷേ വരുതിയിലാക്കാനായാൽ വേറൊരു മൂർത്തിയും തനിക്കിനി വേണ്ട, ഒന്നു പരീക്ഷിക്കാമെന്നു വച്ചു ഭദ്രൻ. തന്റെ ചുമലിലുള്ള വേണിയുടെ ശരീരം. അയാൾ മഹേന്ദ്രനു മുന്നിലേക്കിട്ടു.
(തുടരും...)
English Summary: Aryankavu Horror Novel By Jalapalan Thiruvarppu