ADVERTISEMENT

അരുണ ഒരുനിമിഷം കണ്ണടച്ചുനിന്നു. രണ്ടുതവണ ഫോൺ അടിച്ചിട്ടും അമ്മ എടുത്തില്ല. മൂന്നാം തവണ അടിച്ചപ്പോൾ എടുത്തു. 

‘‘അരുണ വിനോദിന്റെ അമ്മയല്ലേ... ?’’ സിസ്റ്റർ ശബ്ദം കനപ്പിച്ചു. 

‘‘അതെ...’’ അപ്പുറത്ത് കിതയ്ക്കുന്ന പോലെ..

‘‘അരുണയുടെ അച്ഛനില്ലേ... ?’’

‘‘ഇല്ല. നാട്ടിലില്ല.’’

‘‘ങ്ഹാ.... അരുണയുടെ അമ്മയ്ക്ക് എന്തെങ്കിലും അസുഖമുണ്ടോ.... ?’’

അപ്പുറത്തുനിന്ന് മറുപടിയില്ല. അമ്മ ആലോചിക്കുകയാവണം.

‘‘പെട്ടെന്ന് ഫോൺ കട്ടായി. അരുണയ്ക്കു ചിരിവന്നു. സിസ്റ്റർ കണ്ടാലതുമതി. കണ്ണിലെ ശോകം കൊണ്ട് ചിരി തുടച്ചുമാറ്റി.

‘‘ങ്ഹാ... ആ ഗ്രൗണ്ടിൽ പോയി കുറച്ചുനേരം വെയിലു കൊണ്ടിട്ടുവാ...’’.

സൂര്യൻ സിക്സർ അടിച്ചുകൊണ്ടുനിൽക്കുന്ന ഗ്രൗണ്ടിലേക്കാണ് സിസ്റ്റർ വിരൽ ചൂണ്ടിയത്.

മൈഗ്രേയ്ൻ ഉള്ളതാണ്. സിസ്റ്ററോടു പറഞ്ഞാൽ അതും നുണയാണെന്നു പറയും. രക്ഷയില്ല. 

സൂര്യനു കീഴെ അറ്റൻഷനായി നിന്നുകൊടുത്തു.

‘‘ സൂര്യാ നിനക്ക് എന്നെ കൊണ്ടുപോകാമെങ്കിൽ കൊണ്ടുപോ.... എനിക്കു മടുത്തു. ഈ ഭൂമിയിലെ ജീവിതം.. ഈ പണക്കാരുടെ കോൺവെന്റ് സ്കൂളിലെ പഠിത്തം... ഇവിടെ പണമില്ലാത്തവരു പഠിച്ചാൽ ഒരു ഗ്ളാമറുമില്ല.. സ്കൂൾ ബസിൽ വരാൻ ശേഷിയുള്ളവർക്കേ ഇവിടം ശരിയാവുകയുള്ളൂ....’’

‘‘ എന്നാൽ പിന്നെ നീ എന്തിനാ ഇങ്ങോട്ടുവന്നത്..?’’ സൂര്യന് ദേഷ്യം വന്നു.

‘‘കോൺവെന്റിൽ പഠിച്ചാൽ അപ്പിടിയാ ഇപ്പിടിയാ എന്നൊക്കെ ആരോ പറഞ്ഞതുകേട്ട് ഇറങ്ങിപ്പുറപ്പെട്ടതാ... അബദ്ധമായി. നാട്ടിലെ സ്കൂളിൽ പഠിച്ചാ മതിയായിരുന്നു.’’

‘‘തന്നിഷ്ടക്കാരിയല്ലേ... പോരാത്തതിന് നുണയത്തിയും...’’

‘‘അതുവിട്... സൂര്യന്റെ മോൻ തന്നെയാണോ കർണൻ.... എങ്കി ആ പാവത്തിനെ ഈ ഭൂമിയിലിട്ട് പലരും അപമാനിക്കുമ്പോഴും മിണ്ടാതിരുന്ന ഇയാളെന്ത് അച്ഛനാടോ.... ?’’

‘‘അല്ല നിന്റെ ഏത് പ്രശ്നത്തിലാണ് നിന്റെ അച്ഛൻ കൂടെ ഉണ്ടായിട്ടുള്ളത്... ? നീയും നിന്റെ അമ്മയും എപ്പോഴും തനിച്ചല്ലേ.. ?’’

‘‘അതുപോലാണോ സൂര്യൻ... മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്നേഹ മൂർത്തിയാം സൂര്യാ.... എന്നാണ് ഞങ്ങടെ പാഠപുസ്തകത്തില് സൂര്യനെ കുറിച്ചു പറയുന്നത്...’’

‘‘എന്താ അതില് സംശയം... ?’’

സൂര്യൻ ചൂടു കൂട്ടി.

ഗ്രോട്ടോയിലെ മാതാവിനെ രക്ഷയ്ക്കായി തേടി.

‘‘ കാര്യം മാതാവേ രണ്ടുതവണ ഫോൺ കട്ടാക്കി തന്നതിന് നന്ദിയുണ്ട്ട്ടോ... എന്നാലും ഈ വെയിൽ... അത് ഇത്തിരി കടുപ്പമായി. എനിക്ക് തലവേദന കൂടിക്കൂടി ഛർദിക്കാൻ വരുന്നുണ്ട്....’’

‘‘സത്യത്തിൽ നിന്റെ കേസ് എനിക്ക് ബോറടിച്ചുതുടങ്ങി. നീ നന്നായാൽ നിനക്ക് കൊള്ളാം...’’ മാതാവ് കൈവിട്ടു.

‘‘ഛർദിക്കേണ്ട..ബോധം കെടുത്തിയേക്കാം.’’ സൂര്യൻ കടുത്ത നിലപാടെടുത്തു.

അരുണ തളർന്നുവീണു.

സിസ്റ്റർ മേഴ്സി വളരെ പതുക്കെ അടുത്തുവന്നു. കുട്ടികളിലാരോ ചൂണ്ടിക്കാട്ടിക്കൊടുത്തതാണ്. ക്ലാസിൽ ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കിയിരുന്നതിന് ചൂണ്ടിക്കാട്ടിയവൾക്കൊരു അടികൊടുത്തിട്ടു കൂടിയാണ് സിസ്റ്റർ പുറത്തേക്കു വന്നത്.

ആദ്യം തറയിൽ കിടക്കുന്ന അരുണയുടെ ശരീരത്തിൽ, നിന്നുകൊണ്ടുതന്നെ ചൂരൽ കൊണ്ട് ഒന്നു കുത്തിനോക്കി.

പിന്നെ ഒപ്പം വന്ന അഞ്ചാറു കുട്ടികളോടായി പറഞ്ഞു.

‘‘ ആ വരാന്തയിലെ ബെഞ്ചിൽ കൊണ്ടു കിടത്ത്.’’

എല്ലാവരും കൂടി തങ്ങളുടെ സേവനമനസ്സ് സിസ്റ്ററിനു മുൻപിൽ പ്രദർശിപ്പിക്കാൻ കിട്ടിയ അവസരം കളയാതെ അരുണയെ താങ്ങിയെടുത്ത് വരാന്തയിലെ ബെഞ്ചിൽ കൊണ്ടു കിടത്തി.

പി.ടി.യുടെ സമയത്ത് തല കറങ്ങിവീഴുന്നവരെ കിടത്താൻ വേണ്ടി ഇട്ടിട്ടുള്ള ബെഞ്ചാണ്.

സിസ്റ്ററും കുട്ടികളും ക്ലാസിലേക്ക് മടങ്ങി.

ആ പിരീഡ് കഴിഞ്ഞപ്പോൾ കുട്ടികളും സിസ്റ്ററും ക്ലാസ് ടീച്ചർ മേരിക്കുട്ടി ടീച്ചറും വന്നുനോക്കുമ്പോഴും അരുണയ്ക്കു ബോധം വീണിട്ടില്ല.

മേരിക്കുട്ടിടീച്ചർ അവളുടെ മുഖത്തേക്ക് അൽപം വെള്ളം കുടഞ്ഞു. എന്നിട്ടും അവൾക്കു ബോധം വീണില്ല.

‘‘അരുണേ....അരുണേ..’’ മേരിക്കുട്ടി ടീച്ചർ അവളുടെ തോളിൽ പിടിച്ചു കുലുക്കി. അവൾ കണ്ണു തുറന്നു.

‘‘നീയൊന്നും കഴിച്ചിരുന്നില്ലേ... ?’’ മേരിക്കുട്ടി ടീച്ചർ അവളുടെ വയറിലൊന്നമർത്തിക്കൊണ്ടു ചോദിച്ചു. 

കഴിച്ചില്ലെന്നു നേരു പറഞ്ഞാൽ നേരത്തേ പറഞ്ഞ നുണകളെല്ലാം പൊളിയും. അമ്മയ്ക്ക് അപകടം പറ്റിയതു കാരണം പാചകം ചെയ്തു തളർന്നെന്നാണല്ലോ പറഞ്ഞിരിക്കുന്നത്. 

ഒന്നും മിണ്ടാതെ കിടക്കുന്നതാണു ബുദ്ധി.

‘‘നീയ്യ് ആ സെക്യൂരിറ്റിക്കാരനോട് ഒരു നാരങ്ങ സോഡ വാങ്ങിക്കൊണ്ടുവരാൻ പറ.... പൈസ ഞാനയാൾക്കു കൊടുത്തോളാം.’’

മേരിക്കുട്ടി ടീച്ചർ ദിയയോടു പറഞ്ഞു. 

സോഡ.. അരുണയ്ക്കു തീരെ ഇഷ്ടമല്ല. അതുവാങ്ങിക്കൊണ്ടു വന്നാൽ കുടിക്കേണ്ടിവരും.അരുണ ഒന്നു പിടഞ്ഞെണീറ്റു

‘‘ എനിക്ക് നാരങ്ങ സോഡ വേണ്ട ടീച്ചർ. നാരങ്ങ വെള്ളമോ ഫ്രൂട്ടിയോ മതി....’’

കുട്ടികളും ഹെഡ്മിസ്ട്രസ്സും ടീച്ചറും - എല്ലാവരും കൂടി കൂട്ടച്ചിരിയായി. 

പറഞ്ഞതിലെന്താണു കുഴപ്പം? അരുണയ്ക്ക് അമ്പരപ്പായി. 

‘‘നിന്റെയീ തലകറക്കവും കള്ളത്തരമായിരുന്നോ...’’ സിസ്റ്റർ മേഴ്സി ചോദിച്ചു.

ഇവർക്കെന്താണിത്ര വൈരാഗ്യം..കഴിഞ്ഞ ജന്മം ഇവരെ കൊന്നിട്ടോ മറ്റോ ആണോ താനിങ്ങോട്ട് വന്നത്. അന്നത്തെ വൈരാഗ്യമോ മറ്റോ ആകുമോ. ഈ ജന്മം ഒന്നും ചെയ്തതായി ഓർക്കുന്നില്ല.

ഗാർഡനും അതിനു ചുറ്റുമുള്ള സ്ഥലങ്ങളുമെല്ലാം സിസ്റ്റർ പറഞ്ഞതുപോലെ വെടിപ്പാക്കി അവിടെ പത്തു പതിനഞ്ചു തരം പത്തുമണിച്ചെടികൾ, 12 തരം ചെമ്പരത്തികൾ, നാലഞ്ചു തരം തെച്ചികൾ, ആകാശമല്ലി, ചെണ്ടുമല്ലി എന്നിവയെല്ലാം നട്ടുപിടിപ്പിച്ചതല്ലാതെ.....

‘‘ ടീച്ചർ ഞാൻ പോണോ.. ?’’

ദിയ സാറാ സംശയത്തിലാണ്.

മേരിക്കുട്ടി ടീച്ചർക്ക് പോയി വാങ്ങിക്കൊണ്ടുവരണമെന്നു പറയണമെന്നുണ്ട്. പക്ഷേ സിസ്റ്റർ മേഴ്സിയെ പേടി. എങ്കിലും രണ്ടും കല്പിച്ച് ടീച്ചർ പറഞ്ഞു.

‘‘ പോയി വാങ്ങിക്കൊണ്ടുവാ....’’

സിസ്റ്റർ മേഴ്സിയുടെ മുഖം ചുവന്നു. 

‘‘ഒരു ബിരിയാണി കൂടി വാങ്ങ്.... നുണറാണിക്ക് അതിന്റെ കുറവല്ലേയുള്ളൂ.....’’ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് സിസ്റ്റർ നടന്നു.

മേരിക്കുട്ടി ടീച്ചർ വിളറിപ്പോയി. സിസ്റ്റർ ഇങ്ങനെ പെരുമാറുമെന്നു ടീച്ചർ കരുതിയില്ല.

‘‘യ്യോ... സിസ്റ്റർക്ക് ഇഷ്ടമായില്ലെന്നു തോന്നുന്നു. രണ്ടക്ഷരം പഠിക്കുന്ന ഒരുത്തിക്കു വേണ്ടി വാദിച്ചിട്ടല്ലല്ലോ, ദൈവമേ, വെറുതെ സിസ്റ്ററുടെ വെറുപ്പ് സമ്പാദിച്ചത്....’’ ടീച്ചർക്ക് വെപ്രാളമായി.

നാരങ്ങാവെള്ളം കുടിച്ചതും അരുണ ഛർദിക്കാൻ തുടങ്ങി. വരാന്തയിലും വരാന്തയോടു ചേർന്നുളള ബോഗെയ്ൻ വില്ലയിലും വളളിയായി പടർന്നുകിടക്കുന്ന പർപ്പിൾ പൂക്കളുടെ ചെടിയിലുമെല്ലാം ഛർദിൽ പടർന്നു.

‘‘മൂന്നാലു ബക്കറ്റ് വെളളമെടുത്തുകൊണ്ടുവാ... ഓഫിസിൽ നിന്നു ചൂലും വാങ്ങിക്കോ... കുട്ടികൾ ഒഴിച്ചുതരും. നീ അതൊന്നു കഴുക്.... ശ്ശോ... ഒരു പിരീഡും വെറുതെ പോയല്ലോ....’’ വാച്ചിലേക്ക് നോക്കിക്കൊണ്ട് മേരിക്കുട്ടി ടീച്ചർ സ്റ്റാഫ് റൂമിലേക്ക് ഓടി.

വേച്ചുവേച്ച് നടന്ന് അരുണ വരാന്തയും ചെടിച്ചട്ടിയിലെ ചെടികളും എല്ലാം വെടിപ്പാക്കി.

‘‘അരുണയുടെ വീടിന് അടുത്തുനിന്ന് ആരെങ്കിലും വരുന്നുണ്ടോ.. ?’’ മേരിക്കുട്ടി ടീച്ചർ ചോദിച്ചു.

ആരുമില്ല. അൻപതു പേരിൽ ഏതാണ്ട് മുഴുവൻ പേരും കോൺവെന്റ് സ്ഥിതി ചെയ്യുന്ന പട്ടണത്തിൽ തന്നെയുളളവരാണ്. അരുണയെപ്പോലെ ഏതാനും പേർ മാത്രമേ സ്കൂളിന്റെ പേരു കേട്ട് ദൂരെയുളള സ്ഥലങ്ങളിൽ നിന്നു വരുന്നുളളൂ.

സീന പതുക്കെ എഴുന്നേറ്റു.

‘‘അരുണയുടെ അടുത്ത ഗ്രാമത്തിലാണ് എന്റെ വീട്. എന്റെ അച്ഛൻ ഇവളുടെ നാട്ടിലാണ് ജോലി ചെയ്യുന്നത്. ടീച്ചർ അച്ഛനോട് പറഞ്ഞ് അച്ഛൻ സമ്മതിച്ചാൽ ഞാൻ തന്നെ അരുണയെ കൊണ്ടുവിട്ടോളാം.’’

‘‘ങ്ഹാ എങ്കിൽ സീനയുടെ അച്ഛനെ ഞാൻ വിളിച്ചു പറഞ്ഞോളാം. നിങ്ങൾ വേഗം പൊയ്ക്കോ....’’

‘‘നിനക്ക് ബാഗെടുക്കാൻ പ്രയാസമുണ്ടോ. എങ്കി കുറച്ചു പുസ്തകങ്ങൾ ഇങ്ങോട്ടുവയ്ക്കാം.’’

സീന തന്നെ അരുണയുടെ ബാഗുതുറന്ന് കുറെ പുസ്തകങ്ങൾ അവളുടെ ബാഗിലേക്ക് തിരുകി.

‘‘എടീ കളളീ, നീയിന്ന് ചോറു കൊണ്ടുവന്നില്ല. അല്ലേ.... നീയല്ലേ ക്ലാസിൽ പറഞ്ഞത്, ഭക്ഷണം പാകം ചെയ്യാൻ നിന്നതുകൊണ്ടാണ് വൈകിയത് എന്ന്.....’’. സീന പതുക്കെ പറഞ്ഞു.

പത്തുമിനിറ്റ് നടക്കണം, ബസ് സ്റ്റോപ്പിലേക്ക്.

രണ്ട് സിപ് അപ് വാങ്ങി അതിലൊന്ന് അരുണയ്ക്കു നീട്ടിയിട്ട് അതും കടിച്ചുപിടിച്ച് സീന രസത്തിലങ്ങനെ നടക്കുകയാണ്.

‘‘സത്യത്തിൽ നീ തല കറങ്ങി വീണത് നന്നായി. അല്ലെങ്കി ഉച്ചയ്ക്ക് ഇന്ന് ഫിസിക്സ് പരീക്ഷയുള്ളതല്ലേ... ഞാൻ രക്ഷപ്പെട്ടു.’’

‘‘ഇന്ന് ഫിസിക്സ് പരീക്ഷയുണ്ടോ... ?’’

‘‘ങ്ഹാ...നീയിതൊന്നും അറിയുന്നില്ലേ... ? എനിക്കു തോന്നിയിട്ടുണ്ട്, നീ ആ ക്ലാസിലിരിക്കുന്നെങ്കിലും മനസ് അവിടെയില്ലെന്ന്. നീ നുണ പറയുന്നത്, ആ നുണ ശരിയാണെന്നു വിശ്വസിച്ചുകൊണ്ടാണെന്ന്...’’

അരുണ ചിരിച്ചു.

‘‘അല്ലെങ്കിലും നിനക്ക് നല്ല ബുദ്ധിയാ.... നീ നുണ പറയുന്നതിലും ഒരു ആർട്ട് ഉണ്ട്. അടിപൊളിയാണ്.’’ സീന വിടാൻ ഭാവമില്ല.

‘‘ഞാൻ നുണ പറയാന്ന് ആരാ നിന്നോട് പറഞ്ഞത്?’’

‘‘ഹഹഹ നീ നുണയുടെ രാജകുമാരിയാണെന്ന് സ്കൂളിലാർക്കാ അറിയാത്തത്... നിന്നെ നുണറാണീന്നാണ് സ്കൂളു മൊത്തം വിളിക്കുന്നത്..’’

‘‘ഞാനെന്ത് നുണയാ പറഞ്ഞത്?’’

‘‘ആറാം ക്ലാസീ പഠിക്കുമ്പോ നീ പറഞ്ഞത് ഓർമയുണ്ടോ...നീയ്യ് നീലത്തിമിംഗലത്തിനെ വറുത്തു തിന്നിട്ടുണ്ടെന്ന്... അന്നതിനു ശേഷം ഞങ്ങളൊക്കെ നിന്നെ ബ്ളൂ വെയ്ൽ എന്നാ വിളിക്കാറ്....’’

‘‘ഞാനോ.... ? !’’

‘‘പിന്നേ... ഈ നുണ പറഞ്ഞാലുള്ള കൊഴപ്പം എന്താന്ന് അറിയ്യോ.... ? നമ്മള് മറന്നു പോകും.... നീയൊരു മറവിപ്പാറു ആയതങ്ങനെയാകും.’’

‘‘മനോജ് നൈറ്റ് ശ്യാമളന്റെ സിനിമയ്ക്ക് ഓസ്കർ നോമിനേഷൻ കിട്ടിയപ്പോ നീ പറഞ്ഞു- നിന്റെ അമ്മാവനാണ് അയാള് ന്ന്. റസൂൽ പൂക്കുട്ടി ഫാമിലി ഫ്രണ്ടാണെന്ന് പറഞ്ഞു. പിന്നെ സിംഗപ്പൂർ പ്രധാനമന്ത്രിയായിരുന്ന ഏതോ ഒരാൾ മലയാളി വംശജനാണെന്ന് ബിന്ദു ടീച്ചറ് പറഞ്ഞപ്പോ നീ പറഞ്ഞു, അതും നിന്റെ ആരോ ആണെന്ന്...’’

‘‘ആണോ.... ?’’

‘‘എന്തേ ഒന്നും നിനക്ക് ഓർമീല്ലേ.... ? !’’

‘‘ഇല്ല...’’ അരുണ തലതാഴ്ത്തി.

‘‘വള്ളത്തോളിന്റെ എന്റെ ഗുരുനാഥൻ പഠിച്ചപ്പോ നീ പറഞ്ഞു നിന്റെ ബന്ധുവാന്ന്... വൈലോപ്പിള്ളിയുടെ പുലിക്കവിത പഠിപ്പിച്ചപ്പോ നീ പറഞ്ഞു ആ കവിയും നിന്റെ ബന്ധുവാന്ന്.......’’

‘‘ എനിക്ക് സത്യമായും ഓർമയില്ല... ?.’’

‘‘ പിന്നേ... ഒരു നിഷ്കളങ്ക... ഒന്നുമറിയാത്ത പഞ്ചപ്പാവം...’’

‘‘ ഇല്ലെടാ..... എനിക്കൊന്നുമറിഞ്ഞൂടാ.... ? നീ നല്ല പഠിക്കണ കുട്ടിയല്ലേ. അതാ നിനക്ക് ഇത്ര ഓർമ....’’

‘‘ എടീ പൊട്ടീ... അതിനുണ്ടോ പ്രയാസം... പഠിക്കണ കുട്ടിയൊന്നും ആവണ്ട... നിന്നെപ്പോലെ മണക്കൂസ് ആയാലും മതി....’’

‘‘ മണക്കൂസ്’’ ആ വാക്ക് അരുണയുടെ ഉള്ളിൽ കൊണ്ടു. കമ്പിവേലി ചാടിക്കടന്ന് അവറാന്റെ പറമ്പില് മാങ്ങ പറിക്കാൻ പോകുമ്പോൾ കമ്പികൊണ്ടു കുത്തിക്കീറി ചോരയൊലിച്ച് കാലു നോവുന്നതുപോലെ ഒരു വേദന...

സീനയ്ക്ക് അതു മനസിലായി എന്നു തോന്നുന്നു.

‘‘ നീയങ്ങനെ ബുദ്ധിയില്ലാത്ത കുട്ടിയല്ല. പക്ഷേ ഒരു കാര്യത്തിലും മനസുറപ്പിച്ച് നിറുത്താനോ ശ്രദ്ധിക്കാനോ പറ്റുന്നില്ല. നിന്റെ അമ്മയോട് ഒരു ഡോക്ടറെ കാണിക്കാൻ പറയ്യ്. സൈക്കോളജിസ്റ്റ് എന്നൊക്കെയുളള ചില കക്ഷികളുണ്ട്. അവരെ കണ്ടാൽ മതി.’’

‘‘ അതിന് എന്റെ അമ്മയ്ക്കതൊന്നും അറിയില്ല.’’

 ‘‘ പിന്നെ.... അതു നിന്റെ അമ്മ വെറുതെ പറയുന്നതല്ലേ? നിന്റെ അമ്മ എന്റെ അച്ഛൻ പണ്ടുനടത്തിയിരുന്ന ട്യൂഷൻ ക്ലാസില് പഠിച്ചിരുന്നു. അന്ന് അത്ര മിടുക്കിയായിരുന്നു, നിന്റെ അമ്മാന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. അക്ഷരശ്ളോകത്തിനൊക്കെ എന്നും ഫസ്റ്റായിരുന്നു. വലിയ ഡാൻസുകാരിയും... ഡിഗ്രിയ്ക്കു പഠിക്കുമ്പോ കല്യാണം കഴിച്ചില്ലായിരുന്നെങ്കിൽ ഐഎഎസ്സുകാരിയായേനെ എന്നാ അച്ഛൻ പറയുന്നത്.... പാവം!’’

‘‘ ആണോ... എനിക്കൊന്നും അറിഞ്ഞൂടായിരുന്നു.’’

‘‘ നിനക്കെങ്ങനെയാ അറിയുന്നേ.... !? നീയിങ്ങനെ കണ്ണും മിഴിച്ചിരിക്കും.... അന്തംവിട്ട് കുന്തം വിഴുങ്ങി.... വായും പൊളിച്ച്... കുറെ പൊട്ട നുണയും പറഞ്ഞ്.....’’

അരുണയുടെ മുഖം പിന്നെയും മങ്ങി. സീനയും കുറച്ചുനേരം മിണ്ടാതെ നടന്നു.

ലോന ഡോക്ടറുടെ വീടെത്തിയപ്പോൾ അവളൊന്നു നിന്നു. മതിലിൽ നിന്നു പുറത്തേക്ക് തലനീട്ടിനിൽക്കുന്ന മുല്ലവള്ളിയിൽ പിടിച്ചു.

‘‘കുറേ നാളായി ഞാനിത് നോട്ടമിട്ടിട്ട്....എന്നും സ്കൂളുവിട്ടു വരുമ്പോ കുറേ കുട്ടികൾ കൂടെ ഉണ്ടാവുമല്ലോ...അവര് ഹെഡ്മിസ്ട്രസ്സിനോട് പറഞ്ഞുകൊടുക്കുമെന്ന് പേടിച്ചാ ഇതിന്റെ കൊമ്പൊടിക്കാത്തത്.’’

‘‘അപ്പോ എന്നെ പേടി ഇല്ലേ?’’

‘‘പിന്നെ ഞാൻ മോഷ്ടിച്ചൂന്ന് നീ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഞാനപ്പം പറയും നീയല്ലേ വലിയ നുണയത്തിയും കള്ളിയുമെന്ന്.. ഹഹഹ’’

അരുണയുടെ കണ്ണുതള്ളി.

‘‘ഞാനിന്നുവരെ ഒരാളുടെ ഒരു മൊട്ടുസൂചി പോലും എടുത്തിട്ടില്ല.’’

‘‘അയ്യോ....പാവം!. ഞാൻ വെറുതെ പേടിപ്പിച്ചതല്ലേ.. ?. നീയെന്റെ ചങ്കല്ലേ.... നീയിങ്ങ് വാ....’’

സീന അരുണയുടെ കൈപിടിച്ചുവലിച്ചു. ലോന ഡോക്ടറുടെ വീട്ടുമുറ്റത്തേക്ക് കടന്നു. ബോക്സിൽ നിന്ന് ബ്ളേഡ് എടുത്തു. 

ആദ്യം എന്നും പൂക്കുന്ന മുല്ലയുടെ ആറേഴു ശിഖരങ്ങൾ അറുത്തു. പിന്നെ പനിനീർ റോസ, കൊങ്ങിണി, റോസപ്പൂ പോലുള്ള മുല്ല... പല വർണത്തിലുള്ള ഇലയുടെ ഭംഗിയുള്ള കോളിയസ് ചെടികൾ, പല തരം നാടൻ റോസകൾ ഓരോന്നോരോന്നായി അറുത്തു. എല്ലാം കണ്ടിട്ടും കൂട്ടിലെ പട്ടി അനങ്ങാതെ നോക്കിക്കിടന്നു.

‘‘ നീയൊരു ഡോക്ടറാവുമെന്നാ തോന്നുന്നേ.... നല്ല കൃത്യായിട്ട് സർജറി ചെയ്യും...’’ അരുണ അദ്ഭുതം കൂറി

‘‘ അയ്യേ... എനിക്കെങ്ങും വേണ്ട.... ഈ രോഗോം ആശുപത്രീം ഒക്കെ. എനിക്ക് നാസയിലെ സയന്റിസ്റ്റാവണം...’’ സീന ആകാശത്തേക്ക് നോക്കി.

‘‘എങ്കി നീ ആകാശത്തുനിന്ന് മടങ്ങുമ്പോ ഇതുപോലെ ചന്ദ്രന്റെ ഒരു കഷണം, നക്ഷത്രങ്ങളുടെ തുണ്ട്, സൂര്യന്റെ പൊടി ഒക്കെ നിന്റെ ബാഗിലുണ്ടാവും....’’

സീനയ്ക്ക് അതു ബോധിച്ചു.

‘‘ഞാനൊരു കാര്യം പറയട്ടെ.... നീ നല്ല കഥയെഴുതും.... നിനക്ക് കഥയെഴുതിയാലെന്താ.... നീ സംസാരിക്കുമ്പോ ഒരാളുടെ ഹൃദയം വന്ന് നമ്മളെ തൊട്ടുരുമ്മി പോകുന്നതുപോലെ തോന്നും.’’

‘‘ശരിക്കും സീനാ.. ?!.’’

‘‘പിന്നേ....’’

സീനയുടെ ബാഗ് നിറയെ, ലോന ഡോക്ടറുടെ പൂന്തോട്ടം ശ്വാസം മുട്ടി ഇരുന്നു. ഒരു വലിയ നുണ പോലെ.

അതു കാൺകെ അരുണയുടെ ഹൃദയം നേരു പെരുകി ഞെരുങ്ങി.

ബസ് വരാൻ ഇനിയും സമയമുണ്ട്.

 

(തുടരും)

 

English Summary: ‘Nunayathi’ Novel written by K Rekha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com