ADVERTISEMENT

നുണക്കുരുക്ക്

അമ്മയോട് പറയാത്ത ഒരേ ഒരു കാര്യം ഉള്ളിലിരുന്ന് അങ്ങനെ തിളയ്ക്കുകയാണ്. എന്തും അമ്മയോടു തുറന്നു പറയാം. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒരു വല്ലാത്ത മൂളൽ. ഒരു ചിരി..... അതുകേട്ടാൽ തന്നെ ചെയ്തതു തെറ്റായെന്ന് അരുണയ്ക്കു ബോധ്യപ്പെടും. ഇതുപക്ഷേ, അന്നു മുഴുവൻ ശ്രമിച്ചിട്ടും അരുണയ്ക്കു പറയാൻ കഴിഞ്ഞില്ല. വല്ലാത്തൊരു ശ്വാസംമുട്ടൽ. വലിയ അപകടത്തിലാണ് ചാടിയിരിക്കുന്നതെന്നു മനസ്സിലായി.

രക്ഷപ്പെടാൻ മാർഗമില്ല.

ചിലപ്പോൾ അവരത് ഗൗരവമായി എടുത്തുകാണില്ല. അന്നു വൈകുന്നേരം വരെ ഭക്ഷണം പോലും കഴിക്കാതെ ടെലിവിഷൻ ചാനലുകൾ മാറിമാറി നോക്കി. ഒന്നിലും പേടിപ്പിക്കുന്ന വാർത്തയില്ല.

പക്ഷേ അദൃശ്യമായ ഒരു കുരുക്ക് കഴുത്തിനു ചുറ്റും കറങ്ങിനടപ്പുണ്ടെന്ന് അവൾക്കുറപ്പായിരുന്നു. അതിൽനിന്നു രക്ഷയില്ലെന്നും. ഭക്ഷണം കഴിക്കാത്തതിന് അമ്മ ഒന്നു നുള്ളി...

‘‘നിനക്കിതെന്തുപറ്റി’’ എന്ന് ഒന്നുരണ്ടുതവണ അമ്മ ചോദിച്ചപ്പോഴും പറയാൻ ആലോചിച്ചതാണ്. കഴിയുന്നില്ല.

ആ ഞായറാഴ്ചയും വാർത്തകളൊന്നുമില്ലാതെ കടന്നുപോയി. ഇനി കുഴപ്പമൊന്നുമുണ്ടാകില്ലെന്ന് വെറുതെ തോന്നി. തിങ്കളാഴ്ച സ്കൂളിൽ പോകാതിരിക്കാൻ പല മാർഗങ്ങൾ നോക്കിയിട്ടും അമ്മ സമ്മതിച്ചില്ല. പകൽ മുഴുവൻ വീട്ടിൽ തനിച്ചിരിക്കുന്നത് ശരിയല്ലെന്നും പറഞ്ഞ് അമ്മ സ്കൂളിൽ പോകാൻ നിർബന്ധിച്ചു.

അന്ന് സ്കൂളിൽ ആദ്യമെത്തിയത് അരുണയായിരുന്നു. ഇതെന്ത് അദ്ഭുതം.. ലോകത്തെ പത്താമത്തെ അദ്ഭുതം, അരുണ നേരത്തെ വന്നതുകൊണ്ട് ഇന്ന് ഇടിവെട്ടി മഴപെയ്യും എന്നൊക്കെ പറഞ്ഞ് ഓരോരുത്തർ തമാശ പറഞ്ഞപ്പോഴും അരുണയ്ക്ക് ചിരിക്കാൻ പറ്റുന്നില്ല

നെഞ്ചിലും ചുണ്ടിലുമൊക്കെ വല്ലാത്ത കനം.

സീന വന്നു. ഒന്നും സംഭവിക്കാത്തതുപോലെ അവൾ സീറ്റിലിരുന്നു. സിസ്റ്റർ മേഴ്സി ഫസ്റ്റ് പിരീഡ് വന്ന് മാതാപിതാക്കൾ സൽപ്പേരുള്ളവർ അല്ലെങ്കിൽ ഇവിടെ പഠിക്കാൻ കഴിയില്ലെന്ന് ക്ലാസിനെ മൊത്തമായി ഉപദേശിച്ചു. സീന അത് മറ്റാരെയോ ഉദ്ദേശിച്ചാണ് പറയുന്നതെന്ന മട്ടിൽ അലസമായി കേട്ടിരുന്നു. പക്ഷേ സിസ്റ്റർ ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ടായിരുന്നു. സ്കൂളിന്റെ പാരമ്പര്യം, വലിപ്പം, മഹത്വം, നന്മ, വിജയങ്ങൾ, ഇവിടെ പഠിച്ച വലിയ വ്യക്തികൾ - കേരളത്തിൽ തന്നെ ഏറ്റവും നല്ല സ്കൂളാണെന്ന അവകാശവാദം. സിസ്റ്റർ അങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. ബോറടിക്കാൻ തുടങ്ങിയെങ്കിലും ആരും അനങ്ങിയില്ല. അന്നു മാത്‌സ് പഠിപ്പിക്കാൻ സമയം ഉണ്ടായതുമില്ല.

എല്ലാ ക്ലാസിലും പതിവുള്ളതുപോലെ തന്നെ അന്നു ശാസിച്ചില്ലല്ലോ എന്ന ആശ്വാസം തോന്നി, അരുണയ്ക്ക്.

പക്ഷേ ആ ആശ്വാസം അധികം നീണ്ടില്ല. തേഡ് പിരീഡ് സ്കൂൾഓഫിസിലെ അന്നംകുട്ടിച്ചേടത്തി ക്ലാസിൽ വന്ന് അരുണയെ ഓഫിസിലേക്ക് വിളിക്കുന്നു എന്ന് പറഞ്ഞു. പിന്നെ അവർ മിനി ടീച്ചറുടെ ചെവിയിൽ എന്തോ അടക്കം പറഞ്ഞു. മിനി ടീച്ചർ അരിശത്തോടെ അരുണയെ നോക്കി. എല്ലാം കൈവിട്ടുപോയെന്ന് അരുണയ്ക്ക് മനസ്സിലായി.

‘‘ബാഗും മറ്റെല്ലാം എടുത്തോ. ഒന്നും ബാക്കിവയ്ക്കേണ്ട.’’

ചുവരലമാരയിൽ ഉണ്ടായിരുന്ന അരുണയുടെ കോംപോസിഷൻ ബുക്കുകൾ, എക്സാം ബുക്കുകൾ, ഗ്രാഫ് ബുക്ക്, ഡ്രോയിങ് ബുക്ക്, ക്രാഫ്റ്റ് കിറ്റ് എല്ലാം ദിയയെക്കൊണ്ട് എടുപ്പിച്ചു. അരുണയ്ക്കു കൈമാറി.

‘‘എന്താ ടീച്ചർ, അരുണ സ്കൂളു മാറുകയാണോ?’’

ദിയ ചോദിച്ചു. മിനി ടീച്ചർ ഒന്നുമൂളിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

ക്ലാസിൽ നിന്ന് ഇറങ്ങുംമുൻപ് അരുണ സീനയെ ഒന്നുനോക്കി. ഒന്നും സംഭവിക്കാത്തതുപോലെ, മുടങ്ങിയ ദിവസത്തെ ക്ലാസ് നോട്ട്സ് എഴുതിക്കൊണ്ടിരിക്കുകയാണ്, അവൾ. തനിക്ക് ഇക്കാര്യത്തിലൊന്നും ഒരു താൽപര്യവും ഇല്ലെന്ന മട്ടിൽ.

അന്നംകുട്ടിച്ചേടത്തിയ്ക്കൊപ്പം അരുണ ഓഫിസിലേക്ക് നടന്നു. അരുണയുടെ കൂടെ നടക്കാതിരിക്കാൻ അന്നംകുട്ടിച്ചേടത്തി അല്പം മുൻപേ നടന്നു. ചേടത്തി കിടുകിടാ വിറയ്ക്കുന്നുണ്ട്. അരുണയുടെ കണ്ണിൽ ഇരുട്ടുനിറയുന്നുണ്ട്. സൂര്യനെയോ മാതാവിനെയോ ഒരിടത്തും കാണാനില്ല. വെളുത്തുള്ളിയുടെ മണമുള്ള പൂവുള്ള വള്ളിച്ചെടി മാത്രം കാണാം. ഒരു പാമ്പിനെപ്പോലെ അതങ്ങനെ പടർന്ന് ഓഫിസിന്റെ മച്ചിലൂടെ രണ്ടാംനിലയിലേക്ക് കയറിപ്പോകുന്നുണ്ട്. ഹെഡ്മിസ്ട്രസ്സിന്റെ റൂമിനുള്ളിൽ രണ്ട് വനിതാ പൊലീസുകാരും, മൂന്നാലു പൊലീസുകാരും അമ്മയും നില്പുണ്ട്. അമ്മയുടെ മുഖത്തുനോക്കാൻ ധൈര്യമില്ല. ആരുടെ മുഖത്തുനോക്കാനും ധൈര്യമില്ല.

 

‘‘ഇതാണ് ആള്...’’ സിസ്റ്റർ മേഴ്സി പൊലീസുകാരോട് ഭവ്യതയോടെ പറഞ്ഞു.

‘‘അരുണ ഇങ്ങോട്ട് നീങ്ങി നിന്നേ...’’ ഒരു പൊലീസുകാരൻ പറഞ്ഞു.

അരുണ ഹെഡ്മിസ്ട്രസ്സിനും പൊലീസുകാർക്കും ഇടയിലേക്ക് കടന്നു നിന്നു.

‘‘അരുണയ്ക്ക് മുഖ്യമന്ത്രിയോട് ദേഷ്യമുണ്ടോ?’’

മേധാവിയെന്നു തോന്നുന്ന ആൾ ചോദിച്ചു. അരുണ ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി.

‘‘പിന്നെന്തേ അങ്ങനെ ഫോൺ ചെയ്തു പറഞ്ഞത്?’’ പൊലീസുകാരൻ കുറച്ചുകൂടി അടുത്തേക്ക് നീങ്ങി ചോദിച്ചു.

അരുണ ഒന്നും മിണ്ടാതെ നിന്നു.

‘‘എസ്പി സാർ, ഇവിടെ മറ്റുകുട്ടികളൊക്കെ അറിഞ്ഞുവരുന്നതിനു മുൻപ് അരുണയെ കൊണ്ടുപോയാൽ നന്നായിരുന്നു. കുട്ടികളും പാരന്റ്സും ഒക്കെയറിഞ്ഞാൽ സ്കൂളിനു വലിയ ദോഷമാകും. വലിയ പേരുള്ള ഒരു സ്ഥാപനമാണിത്.’’

ഹെഡ്മിസ്ട്രസ് പ്രകടമായ അനിഷ്ടത്തോടെ അത്രയും പറഞ്ഞപ്പോൾ അമ്മ വിതുമ്പുന്ന ഒച്ച കേട്ടു. ഇതുവരെ അമ്മ കരയുന്നതു കേട്ടിട്ടില്ല. ആദ്യമായിട്ടാണ് അമ്മയുടെ കരച്ചിലിന്റെ ഒച്ച കേൾക്കുന്നതെങ്കിലും , മുഖം നോക്കാതെതന്നെ അത് അമ്മയാണെന്ന് അരുണയ്ക്കു മനസ്സിലായി. ആ പിരീഡ് കഴിയേണ്ട സമയമായിട്ടും അന്ന് ബെല്ലടിച്ചില്ല. അരുണയെ കൊണ്ട് പൊലീസ് ജീപ്പ് പടി കടന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ബെല്ലടിച്ചുള്ളൂ.

പൊലീസ് ജീപ്പിന്റെ തൊട്ടുപിറകിലായി അമ്മ സ്കൂട്ടറോടിച്ചുകൊണ്ട് വരികയാണ്. സ്കൂട്ടറോടിക്കുമ്പോഴും അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് അരുണ കാണുന്നുണ്ട്. ഒരു ഫ്രീസറിനകത്തെന്ന പോലെ അരുണ മരവിച്ചിരുന്നു. കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ ഒരു പിടച്ചിലിൽ തീർന്നിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു.

 

പൊലീസ് സ്റ്റേഷനിലെത്തിയതും ഒരു കസേര വലിച്ചിട്ട് പൊലീസ് മേധാവി ഇരുന്നു. മറ്റൊരു കസേരയിൽ അരുണയെ ഇരുത്തി.

‘‘അരുണ നന്നായി പഠിക്കുന്ന കുട്ടിയാണോ?’’

അല്ലെന്ന അർഥത്തിൽ അരുണ തലയാട്ടി.

‘‘ഒരു കുഴപ്പക്കാരിയാണോ?’’

അരുണ വീണ്ടും തലയാട്ടി.

‘‘അരുണയ്ക്ക് രജനീകാന്തിനെ അനുകരിക്കാനറിയാമോ... ?’’

‘‘ഇല്ല...’’

‘‘പിന്നെ ആരെയൊക്കെ അനുകരിക്കാനറിയാം?.’’

‘‘ബാഡ്മിന്റൺ കോച്ചിനെ, ഡ്രാമാ സാറിനെ, സെക്യൂരിറ്റിക്കാരനെ...’’

‘‘ആരുടെ ശബ്ദത്തിലാ മുഖ്യമന്ത്രിയെ വിളിച്ചത്?’’

‘‘ബാഡ്മിന്റൺ കോച്ചിന്റെ...’’.

‘‘എന്നാൽ അതൊന്ന് ആവർത്തിക്ക്....കേൾക്കട്ടെ...’’

അരുണ മിണ്ടാതിരുന്നപ്പോൾ അയാൾ അടിക്കാൻ ഓങ്ങുന്നതുപോലെ കാണിച്ചു. അതു വെറും അഭിനയം മാത്രമാണെന്നും അയാൾ അടിക്കില്ലെന്നും അരുണയ്ക്ക് അറിയാമായിരുന്നു. എങ്കിലും അയാൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ അപകടമാണെന്നും തോന്നി.

അരുണ ബാഡ്മിന്റൺ കോച്ചിന്റെ ശബ്ദത്തിൽ മുഖ്യമന്ത്രിക്കു നേരെ നടത്തിയ വധഭീഷണി ആവർത്തിച്ചു. സ്റ്റേഷനിലെ എല്ലാവരും ചിരിച്ചു.....

 

സഞ്ജീവ് സാർ ഒരു ഡയറി മിൽക്ക് നീട്ടി.

‘‘അരുണയുടെ പ്രായത്തിൽ ഡയറി മിൽക്ക് ക്രാക്കിൾ തന്നാൽ ഞാനെന്തും ചെയ്യുമായിരുന്നു. മരത്തിൽ കയറുകയോ കൂട്ടുകാർക്ക് ഒരടി കൊടുക്കുകയോ അങ്ങനെ എന്തും.... ഞാൻ സഞ്ജീവ് ബാബു ഐപിഎസ്സായി മാറിയപ്പോ അന്നത്തെ അക്കാര്യമൊക്കെ ആലോചിക്കുമ്പോൾ ഞാൻ എന്തൊരു മണ്ടനായിരുന്നു എന്ന് തോന്നും. അതാണ് പ്രായം നമുക്ക് തരുന്ന വിവേകം.’’

‘‘ങ്ഹും...’’ അരുണ മൂളി.

‘‘അപ്പോൾ മുഖ്യമന്ത്രിയെ കൊല്ലുമെന്ന് എന്തിനാണ് സ്വന്തം വീട്ടിലെ ഫോണീന്ന് വിളിച്ചുപറഞ്ഞത്. അതും പുരുഷസ്വരത്തിൽ... ? അതും അമ്മ വീട്ടിലില്ലാത്ത സമയത്ത്... ?’’ 

അരുണ മിണ്ടാതിരുന്നു.

‘‘സംഗതി അത്ര നിസ്സാരമല്ല....വലിയ കുറ്റകൃത്യമാണ്. അതിന്റെ നിയമവകുപ്പുകളൊക്കെ കേട്ടാൽ അരുണ പേടിച്ചുപോകും. പറഞ്ഞില്ലെങ്കിൽ വലിയ വിഷയമാകും. ഇനി അരുണ പറയ്യ്.... അല്ലെങ്കിൽ ഞങ്ങൾക്ക് അമ്മയ്ക്കെതിരെ കേസെടുക്കേണ്ടിവരും.’’

അരുണ ഒന്നു പിടഞ്ഞു. പുറത്തെ വരാന്തയിൽ അമ്മ നില്പുണ്ട്. പൊലീസുകാരാരോ അമ്മയെ വിളിച്ചുകൊണ്ടുവന്നു.

അരുണയ്ക്കു സംസാരിക്കാൻ ധൈര്യം വന്നു. നുണരാജകുമാരിയുടെ കഥകൾ പറഞ്ഞുതുടങ്ങിയപ്പോൾ ചുറ്റിനും ആളു കൂടാൻ തുടങ്ങി. 

ഓരോ നുണയ്ക്കും ചിലർ ആർത്തു ചിരിക്കാൻ തുടങ്ങി. കഥ തീർന്നപ്പോൾ സഞ്ജീവ് ബാബു സാർ പോക്കറ്റിൽ നിന്ന് ഒരു പേനയെടുത്തു.

‘‘എത്ര നന്നായിട്ടാണ് നീ സംസാരിക്കുന്നത്...ഈ പേന നിനക്കുള്ളതാണ്. എന്റെ അപ്പൂപ്പൻ എനിക്കുതന്ന ക്രോസ് പേനയാണ്. വലിയ വലിയ പരീക്ഷകൾ ഞാൻ എഴുതിയതും ജോലിയിൽ വന്നിട്ട് ആദ്യമായി ഒപ്പിട്ടതുമെല്ലാം ഈ പേന കൊണ്ടാണ്.’’

നിറഞ്ഞ കണ്ണുകൾക്കിടയിലും അമ്മ ചിരിക്കുന്നതു കണ്ട് അരുണയ്ക്ക് സമാധാനമായി.

സഞ്ജീവ് ബാബു സാർ മാറിനിന്ന് ഫോണിൽ ആരോടോ സംസാരിക്കുന്നതുകണ്ടു.

തിരികെയെത്തി അദ്ദേഹം പറഞ്ഞു-

‘‘മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹം പറയുന്നത് അരുണയെ വീട്ടിൽ കൊണ്ടുവിടാനാണ്. ഇത് കേസൊന്നും ആക്കേണ്ടെന്നും. കുറച്ച് പുസ്തകങ്ങളും ക്രയോൺസും വാങ്ങിക്കൊടുക്കാനും, പത്ത് ചിത്രങ്ങൾ പുതുവർഷത്തിനു മുൻപേ അദ്ദേഹത്തിന് അയച്ചുകൊടുക്കണമെന്നും.....’’

‘‘ഞാൻ വരയ്ക്കില്ല സാർ...എനിക്കൊരു സ്ട്രെയ്റ്റ് ലൈൻ പോലും നേരെ ചൊവ്വേ വരയ്ക്കാനറിയില്ല.’’

അതുകേട്ട് എല്ലാവരും കൂട്ടച്ചിരിയായി.

‘‘ഇനി രക്ഷയില്ല... വലിയൊരു കേസിലെ പ്രതിയാകേണ്ടിയിരുന്നതാണ്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. സിഎമ്മിന്റെ കാരുണ്യം. സിഎം ഒരു പഴയ ചിത്രകാരനാണ്. പറഞ്ഞാൽ അനുസരിക്കണം .വേറെ നിവൃത്തിയില്ല.’’

അരുണയും ചിരിച്ചുപോയി.

 

അടുത്തുനിന്ന പൊലീസുകാരോടായി സഞ്ജീവ് സാർ പറഞ്ഞു- ‘‘മറ്റേ കുട്ടിയുണ്ടല്ലോ-സീന, അവളെ സ്റ്റേഷനിൽ വിളിച്ചുവരുത്തേണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്... ഇനി ഇതേക്കുറിച്ച് ആരു ചോദിച്ചാലും ഒന്നും പറയേണ്ടെന്നും... ഇതുപോലത്തെ പിള്ളേരുകളി വലിയ വിഷയമാക്കേണ്ട എന്നാണ് അദ്ദേഹം കരുതുന്നത്. ഞാനിറങ്ങട്ടെ.’’ 

അദ്ദേഹം പോകാനൊരുങ്ങി. പോകും മുൻപ് അരുണയുടെ അടുത്തേക്ക് ഒന്നുകൂടി വന്നു.

‘‘നിന്റെ അമ്മ ഇത്രയും കഷ്ടപ്പെട്ടിട്ട്, നീ അവരെ തോല്പിച്ചുകളയരുത്.... ഇനി നന്നായി പഠിച്ചില്ലെങ്കിലുണ്ടല്ലോ.... ഒറ്റ വീക്ക് വച്ചുതരും...’’ കൈമുട്ടുമടക്കി അരുണയെ അടിക്കാനായി ഭാവിക്കുന്നതുപോലെ കാണിച്ചു. സഞ്ജീവ് സാർ അരുണയുടെ കവിളിലെ കണ്ണുനീർത്തുള്ളി വിരൽത്തുമ്പുകൊണ്ട് തട്ടിക്കളഞ്ഞു. അരുണ ചിരിയോടെ തലയാട്ടി.

അമ്മയുടെ അടുത്തുചെന്ന് സാർ പറഞ്ഞു.

‘‘ഇവൾടെ അടുത്ത പരീക്ഷയുടെ മാർക്ക് ലിസ്റ്റുമായി എന്നെ വന്നു കാണണം. 95 ശതമാനത്തിൽ കുറവ് ഒരു പേപ്പറിൽ പോലും ഉണ്ടാകരുത്. അതാണ് ഇവൾക്കുള്ള ശിക്ഷ.’’ 

അരുണയുടെ തോളിൽ തട്ടി അദ്ദേഹം പറഞ്ഞു.

‘‘ പിന്നെ ഈ അനുഭവം നീ ഒന്നെഴുതി വയ്ക്കണം. അതും എന്നെ കൊണ്ടുവന്ന് കാണിക്കണം. ഏപ്രിൽ വരെ സമയമുണ്ട്. നിനക്ക് പല തരം കഴിവുണ്ട്. അതുനിന്നെ കണ്ടാലറിയാം. മൂന്നാലുമാസത്തെ സമയം കൊണ്ട് മിടുക്കിയാകണം. ഇത് ഉപദേശമല്ല. ഓർഡറാണ്.’’

അബ്ദുൽ കലാമിന്റെ അഗ്നിചിറകുകളും ആൻഫ്രാങ്കിന്റെ ഡയറിയും കുറെ ക്രയോൺസും പേനകളും പെൻസിലുമൊക്കെ കൈമാറി സഞ്ജീവ് സാർ പടിയിറങ്ങുംമുൻപ് ‘‘ ഇവരെ വീട്ടിൽ കൊണ്ടുവിടണം.’’ എന്ന് ഓർമിപ്പിച്ചു.

‘‘ വേണ്ട, ഞങ്ങൾ സ്കൂട്ടറിൽ പോകാം.’’ എന്ന് അമ്മ പറഞ്ഞു.

സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ അമ്മ ഒരക്ഷരം മിണ്ടിയില്ല. ഒരു ബേക്കറിക്കു മുൻപിൽ വണ്ടി നിറുത്തി- അമ്മ ഒരു ഡയറി മിൽക്ക് ക്രാക്കിളും ഒരു ഷാർജ ഷെയ്ക്കും വാങ്ങിത്തന്നു. എന്തിനായിരുന്നു, അമ്മ ഡയറിമിൽക്ക് വാങ്ങിത്തന്നത്... ഇപ്പോഴും അറിയില്ല, അരുണയ്ക്ക്...

പക്ഷേ ആ ഷാർജാ ഷെയ്ക്കിനോളം രുചിയുള്ള ഷെയ്ക്ക് നാളിതുവരെ കഴിച്ചിട്ടില്ല എന്ന് അവൾക്കു തോന്നി. 

(തുടരും)

English Summary: ‘Nunayathi’ Novel written by K Rekha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com