‘ചോരപുരണ്ട പല്ലുകളുമായി വേണിയുടെ ശരീരത്തിൽ നിന്നും എണീക്കുന്ന മഹേന്ദ്രൻ, ഞെട്ടിക്കുന്ന കാഴ്ച’
Mail This Article
കാടിനുള്ളിൽ വലിയ ശബ്ദം. വീഴ്ചയിൽ നിന്ന് എണീക്കവേ അസാധാരണ വലിപ്പമുള്ള ഒരു ചെങ്കീരി ആ സർപ്പത്തെ കടിച്ചു കുടയുന്നതു ശങ്കരനുണ്ണി കണ്ടു. വന്യമായ പോരാട്ടത്തിന്റെ മുരള്‍ച്ച അവിടമാകെ മുഴങ്ങി. തേക്കിലകളിലേക്കു രക്തത്തുള്ളികൾ തെറിച്ചു. ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ എണീറ്റ ശങ്കരനുണ്ണി അഴിഞ്ഞുപോകാറായ മുണ്ട് കുടഞ്ഞുടുത്തു. നേരേ മുന്നിൽ കണ്ട വഴിയിലൂടെ പുറത്തേക്കോടി. കാടിനു പുറത്തെത്തിയപ്പോഴേക്കും അന്തരീക്ഷം പഴയതുപോലെ ശുഭ്രമായിരുന്നു, അയാൾ വീട്ടിലെത്തിയപ്പോൾ കണ്ടു– കാര്യസ്ഥൻ ഓടിത്തളർന്നു സംസാരിക്കാനാവാതെ കിതച്ചു തിണ്ണയിലിരിക്കുന്നു പരിഭ്രമത്തോടെ വീട്ടുകാരും.
ശങ്കരനുണ്ണി കാര്യങ്ങൾ വിവരിക്കുന്നത് വരാന്തയിൽ ചാരുകസേരയിൽ കിടന്നു രാഹുലൻ കേട്ടു. മറുപടിയൊന്നും പറയാതെ രാഹുലൻ എണീറ്റു നടന്നപ്പോൾ ഏവരും അസ്വസ്ഥരായി നോക്കി നിന്നു. അയാളുടെ ചാരുകസേരയുടെ ചുവട്ടിൽ ശ്രീക്കുട്ടിയാണ് അത് കണ്ടത്. ഒരു വെറ്റിലയുടെ പകുതിയിൽ എതോ മൂർച്ചയുള്ള ഉപകരണം കൊണ്ട് ഒരു ജീവിയുടെ ചിത്രം വരഞ്ഞിരിക്കുന്നു. ശങ്കരനുണ്ണി അതു വന്നു നോക്കി. സർപ്പത്തിന്റെ തല പല്ലുകളിൽ കൊരുത്തു നിൽക്കുന്ന ചെങ്കീരി..?
ഗച്ഛതസ്തിഷ്ഠതോ വാപി ദിശി യസ്യം പ്രതിഷ്ഠിത;
വിരൗതി ശകുനോ വാച്യസ്തദ്ദികസ്ഥേന സമാഗമ;
സൂര്യൻ ഉച്ചസ്ഥായിയിലെത്തി മൂന്നേമുക്കാൽ നാഴിക പിന്നിട്ടപ്പോഴേക്കും രാഹുലനും കുഞ്ഞൻ പുള്ളോനും യാത്രക്കായി തയാറെടുത്തു, ഏവരും അവരെ യാത്രയയ്ക്കാനായി ഉമ്മറത്തെത്തി. വിഷ്ണു തറവാട്ടു മുറ്റത്തേക്കു ബൈക്കിലെത്തി. ശങ്കരനുണ്ണിയും കുടുംബവും തൊഴുകയ്യോടെ നോക്കി നിൽക്കുന്നു. ആര്യൻ കാവിനു നേരേ നിന്നു പ്രാര്‍ഥിക്കുകയാണ് രാഹുലൻ. മൊട്ടുസൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത. രാഹുലൻ ധ്യാനം നിർത്തി കണ്ണുതുറന്നു.വിഷ്ണു മുരടനക്കി. രാഹുലൻ വിഷ്ണുവിനു നേരേ തിരിഞ്ഞു നോക്കി പുഞ്ചിരിച്ച ശേഷം രുക്മിണിയെ നോക്കി.
ഞാൻ വിഷ്ണു, സ്വയം പരിചയപ്പെടുത്തി വിഷ്ണു അടുത്തേക്കു നടന്നു. അറിയാം ഞാൻ തിരക്കിയിരുന്നു, ടൗണിലേക്കു പോയ കാര്യങ്ങളെല്ലാം നടന്നോ?, ഏകദേശം, പിന്നെ എനിക്ക് ഒരു മാറ്റം വേണമായിരുന്നു. ഈ ഗ്രാമവും അന്തരീക്ഷവും എന്നെയും ഒരു അന്ധവിശ്വാസിയും പേടിത്തൊണ്ടനും ആക്കിയ പോലെ. നഗരത്തിൽ പോയി വന്നപ്പോൾ എന്റെ മനസാകെ മാറിയപോലെ, എന്തിനും ഇനി ഞാനുണ്ടാകും എങ്ങോട്ടാ യാത്ര.
തൊപ്പിമലയിലേക്ക്. കോളി മലയുടെയും അപ്പുറെ ഉയർന്നു നിൽക്കുന്ന തൊപ്പിക്കല്ലിന്റെ ഉച്ചിയിലേക്കു രാഹുലൻ കൈചൂണ്ടി. ഇതിനൊരു പരിഹാരം കാണണമെങ്കിൽ അവിടെ ചെല്ലണമെന്ന് മനസ്സു പറയുന്നു. ഞാൻ വരേണ്ടതുണ്ടോ?... വേണ്ട, ഞാൻ തിരികെ വരുന്നതുവരെ ഇവിടെ ഉണ്ടാകണം. ഇവരെ കാക്കണം. ലക്ഷ്യം എനിക്കുതന്നെ അറിയാത്ത യാത്രക്കു നിങ്ങളെ കൊണ്ടുപോകാനാവില്ല, പുള്ളോൻ താഴ്വാരം വരെ ഉണ്ടാകും. അതുമതി. പുള്ളോൻ രാഹുലന്റെ തോൾ സഞ്ചിയുമായി പുറത്തേക്കിറങ്ങി.
വിഷ്ണുവിന്റെ മൂർദ്ധാവിൽ കൈവച്ചശേഷം രാഹുലൻ നടന്നു. രാഹുലൻ പടിയിറങ്ങിയതും ആര്യൻ കാവിനെ ഗ്രസിച്ചിരുന്ന ഇരുട്ടു തറവാടിനെയും വന്നുമൂടി. തറവാട്ടിലെ കുടപ്പനയിലിരുന്നു കൂവക്കാടൻ കുത്തിച്ചുട്.. കുത്തിച്ചുടെന്നലറി വിളിച്ചു.... പടിപ്പുര കടന്നുവന്ന നേരീയ കാറ്റിലെ തണുപ്പിൽ ശങ്കരനുണ്ണി കിടുകിടെ വിറച്ചു... ഭഗവതീ കാക്കണേ.. ജരപടർന്നു തുടങ്ങിയ നെഞ്ചിലെ രോമത്തിൽകൈവച്ച് അയാൾ മേൽപ്പോട്ടു നോക്കി വിളിച്ചു. നീണ്ട കാലടി വച്ചു നടക്കുന്നതിനിടയിൽ രാഹുലൻ തറവാടിനു നേരേ തിരിഞ്ഞൊന്നു നോക്കി...
.....
കഴുത്തിലെ ഞരമ്പുകൾ പൊളിഞ്ഞ വേണിയുടെ കബന്ധം. കണ്ണടയ്ക്കുമ്പോൾ ആ കാഴ്ചയാണ് മനസ്സിൽ വരുന്നത്. ചോരപുരണ്ട പല്ലുകളുമായി അവളുടെ ശരീരത്തിൽ നിന്നും എണീക്കുന്ന മഹേന്ദ്രൻ. ഇറ്റു വീഴുന്ന രക്തം. വളരെ മുൻപു തന്നെ ക്രൂരതയുടെ കാര്യത്തിൽ ആരാണ് മുന്നിലെന്ന മത്സരമായിരുന്നു മഹേന്ദ്രനും ഭദ്രനും മുന്നേതന്നേ. ഇപ്പോൾ അത് ശതഗുണീഭവിച്ചിരിക്കുന്നു. ജീവിച്ചിരുന്ന മഹേന്ദ്രനേക്കാൾ ഭീകരനാണ് തിരിച്ചെത്തിയ മഹേന്ദ്രൻ. ഭദ്രനുപോലും അതിന്റെ ശക്തി മനസിലായോയെന്നു സംശയമുണ്ട്. മന്ത്രസിദ്ധി കൈവരിക്കും വരെ ഇതിനൊക്കെ കൂട്ടുനിന്നു വിഭീഷണ വേഷം കെട്ടിയേ പറ്റൂ. അകലെയെവിടെയോ ഒരു അമ്മയുടെ കരച്ചിൽ.
ഒരു ദിനം വരും.. അന്ന്... രാമനാഥന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു... പെട്ടെന്നിടതുവശത്തെ ജനലിനകിൽ ഒരു ശബ്ദം കേട്ടു രാമനാഥൻ തിരിഞ്ഞു. അവിടെ ഇരുളൻ തേക്കിൽ പണിത ജനാലയ്ക്കപ്പുറം രാമനാഥനെ നോക്കി രണ്ടായി പിളർന്ന ചുവന്ന നാവുനൊട്ടി നിൽക്കുന്ന മഹേന്ദ്രൻ. ഇരുണ്ട കുഴിപോലെ കിടക്കുന്ന കണ്ണിന്റെ അഗാധതയിലെ രക്തക്കൊതി തിരിച്ചറിഞ്ഞ രാമനാഥൻ പുറത്തേക്കു പാഞ്ഞു...
...................
ഉള്ളംകയ്യിൽവച്ച വെറ്റിലയിൽ കണ്ണുനട്ടു ഭദ്രനിരുന്നു. അവസാന വിജയത്തോടടുത്തു വന്നതാണ്. അപ്പോഴേക്കും ഈ ചെക്കനെവിടുന്നു കയറി വന്നു. തന്റെ കൈവശമുള്ള ഉഗ്ര മൂർത്തികളൊക്കെ അവന്റെ മുന്നിൽ പരാജയപ്പെടുകയാണ്. അവന്റെ ഉപാസനാ മൂർത്തി ആരെന്നുപോലും കണ്ടെത്താനായിട്ടില്ല. ചെറുചെക്കനെവിടേലും പോയി തുലയെട്ടന്നു അന്നവഗണിച്ചതാണിപ്പോൾ മുന്നിൽ മഹാമേരുപോലെ വന്നു നിൽക്കുന്നത്. പൂജാമുറിയും മന്ത്രക്കളവും ഒന്നും അവനു മന്ത്ര പ്രയോഗത്തിനു വേണ്ട.
അവൻ കൊല്ലാതെ വിട്ടയക്കുകയായിരുന്നു ഉഗ്രശക്തിയുള്ള കോളിയെ. ഒരു ദാക്ഷിണ്യം. തന്റെ കൈവശമുള്ള ആയുധങ്ങളിലൊരു ശതമാനം പോലും പുറത്തെടുത്തിട്ടില്ലെന്നവനറിയില്ല. മ്... പൗർണ്ണമി ആയിക്കോട്ടെ.. അന്ന് തൊപ്പമലയുടെ നിഴൽ ആര്യൻകാവിൽ വീഴുന്ന ആ ചന്ദ്രോദയം. അന്നുമുതൽ ഒരു വൃദ്ധിക്ഷയ ചക്രത്തിനിടയിൽ ആ വാതിൽ തുറക്കും. പിന്നെ... അയാൾ തനിയെ മുഖം കോട്ടി ചിരിച്ചു പെട്ടെന്നൊരു നിലവിളി ഉയർന്നു. അകത്തളത്തിലാകെ അലയടിച്ചു... ഭദ്രന്‍ ഞെട്ടി പുറംതളത്തിലേക്കിറങ്ങി.. ആ കാഴ്ച കണ്ടു അയാളൊന്നു നടുങ്ങി...
(തുടരും...)
English Summary: Aryankavu Horror Novel By Jalapalan Thiruvarppu