ADVERTISEMENT

ഈ വർഷത്തെ ജെസിബി പുരസ്കാരത്തിന് അർഹമായ, എസ്. ഹരീഷിന്‍റെ ‘മീശ’എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ ‘മസ്റ്റാഷി’ന്റെ വിവർത്തക ജയശ്രീ കളത്തിലുമായി നടത്തിയ അഭിമുഖം.

 

പ്രാദേശിക ഭാഷയും നാടൻ കഥകളും ഒക്കെയുള്ള നോവലാണ് മീശ. വിവർത്തനം എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു? 

 

ഭാഷയുടെ പ്രാദേശികത വിവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും വെല്ലുവിളിയാണ്. മീശയുടെ കാര്യത്തിലാണെങ്കില്‍ ആഖ്യാന രീതിയില്‍ത്തന്നെ വളരെ പുതുമയും വ്യത്യാസവും ഉണ്ട്. അതുകൊണ്ടൊക്കെത്തന്നെ വിവര്‍ത്തനം ശരിക്കും ഒരു ചാലഞ്ച് ആയിരുന്നു. പക്ഷേ പ്രാദേശിക ഭാഷയിലെ എഴുത്ത് വിവര്‍ത്തനം ചെയ്യുമ്പോള്‍ ഇംഗ്ലിഷിലെ ഏതെങ്കിലും പ്രാദേശിക ഭാഷാഭേദം തിരഞ്ഞെടുത്ത് അതുപയോഗിക്കുന്നതല്ല എന്റെ രീതി. ഹരീഷിന്റെ ഭാഷയുടെ താളം, കഥ പറയുന്ന രീതിയുടെ പ്രത്യേകത – ഇതൊക്കെയാണ് ഞാന്‍ ശ്രദ്ധിച്ചത്. വിവര്‍ത്തകയുടെ കൂറ് അല്ലെങ്കില്‍ ആത്മാര്‍ഥത – അതെപ്പോഴും കഥയോടാണ്.

   

‘മീശ എന്റെ  നോവലാണെങ്കിൽ മസ്റ്റാഷ് ഞങ്ങളുടെ രണ്ടുപേരുടെയും കൂടിയാണ്’ എന്നാണ് എസ്. ഹരീഷ്  പറഞ്ഞത്. താങ്കൾക്കും ഇതേ അഭിപ്രായം തന്നെ ആണോ? 

 

അങ്ങനെ പറയാന്‍ തോന്നിയ ഹരീഷിന്റെ മനസ്സിന് നന്ദി. പലരും മറന്നുപോവുന്ന കാര്യമാണ്. വിവര്‍ത്തന സാഹിത്യ കൃതികള്‍ തീര്‍ച്ചയായും സഹസൃഷ്ടികളാണ്. ഡേവിഡ് കരാഷിമയുടെ Who We Are Reading When We Are Reading Murakami എന്ന പുസ്തകം ഞാന്‍ ഈയടുത്ത് വായിച്ചു. മുറകാമി എന്ന ലോകോത്തര പ്രതിഭാസം ഉണ്ടായതില്‍ അദ്ദേഹത്തിന്‍റെ വിവര്‍ത്തകര്‍ക്കും എഡിറ്റര്‍മാര്‍ക്കും ഉള്ള പങ്കിനെപ്പറ്റിയാണ്. ഇംഗ്ലിഷില്‍ മുറകാമി വായിക്കുമ്പോള്‍ നമ്മള്‍ വായിക്കുന്നത് ആല്‍ഫ്രെഡ് ബിര്‍ന്ബോം (Alfred Birnbaum), ജെയ് റൂബിന്‍ (Jay Rubin), ഫിലിപ് ഗബ്രിയേല്‍ (Philip Gabriel) എന്നീ വിവര്‍ത്തകരെയും കൂടിയാണ്. വിവര്‍ത്തനം പുനര്‍സൃഷ്ടിയാണ്, അതിലൂടെ ഒരു കലാസൃഷ്ടി പുനര്‍ജ്ജനിക്കുകയാണ് എന്നാണ് എന്റെ അഭിപ്രായം.    

 

‘മീശ’ പോലൊരു വിവാദ നോവൽ വിവർത്തനം ചെയ്യാൻ ഭയമുണ്ടായിരുന്നോ? വിവർത്തനം  ചെയ്തതിനുശേഷം എന്തെങ്കിലും ദുരനുഭവം നേരിട്ടിരുന്നോ? 

 

പബ്ലിക് ലൈഫില്‍ അങ്ങനെ പേടിയുള്ള ഒരാളല്ല ഞാന്‍. മാതൃഭൂമിയില്‍ ഖണ്ഡശ്ശഃ വന്ന സമയത്ത് വായിച്ചിരുന്നു. പിന്നെ ഹാർപർകോളിൻസ് വിവര്‍ത്തനം ചെയ്യാമോ എന്നു ചോദിച്ചപ്പോള്‍ മുഴുവന്‍ ശ്രദ്ധിച്ചു വായിച്ചു. വളരെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് ചെയ്യാം എന്നു സമ്മതിച്ചു. ഹരീഷ് അനുഭവിച്ചപോലെ ദുരനുഭവം ഉണ്ടായിട്ടില്ല. സോഷ്യൽ മീഡിയയില്‍ ചില ട്രോളിങ് ഉണ്ടായിട്ടുണ്ട്. ഒരു ഹിന്ദു സ്ത്രീയായ എനിക്ക് ഇതിന് കൂട്ടുനില്‍ക്കുന്നതില്‍ നാണമില്ലേ എന്നൊക്കെ.  

 

സ്പാനിഷിൽ താനെഴുതിയതിനേക്കാൾ ഗംഭീരമായാണ് റബാസ്സ അതിന്റെ ഇംഗ്ലിഷ് വിവർത്തനം നിർവഹിച്ചതെന്ന് മാർകേസ് പറഞ്ഞിട്ടുണ്ട്. മാർകേസ് ഇത്രയധികം വായിക്കപ്പെടുന്നതിൽ റബാസ്സയുടെ പങ്ക് ചെറുതല്ല. എങ്കിലും പരിഭാഷകർക്ക് സാഹിത്യലോകത്ത് അർഹമായ പരിഗണന കിട്ടുന്നുണ്ടോ? 

 

നേരത്തേ മുറകാമിയുടെ കാര്യം പറഞ്ഞപോലെ മാര്‍കേസ് ലോകപ്രതിഭാസമായി മാറിയതില്‍ റബാസയ്ക്കും അതുപോലെതന്നെ ഈഡിത് ഗ്രോസ്മനും (Edith Grossman) വലിയ പങ്കുണ്ട്. പരിഭാഷകർക്ക് സാഹിത്യലോകത്ത് അർഹമായ പരിഗണന കിട്ടുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നുതന്നെയാണ് എന്റെ ഉത്തരം. വിവര്‍ത്തനം ചെയ്ത രണ്ടു കൃതികള്‍ക്കും അവാര്‍ഡ് കിട്ടിയ ഞാന്‍ ഇങ്ങനെ പറയുന്നത് അനുചിതമായി തോന്നിയേക്കാം. പക്ഷേ വിവര്‍ത്തന സാഹിത്യ കൃതികള്‍ സഹസൃഷ്ടികളാണ് എന്നതും വിവര്‍ത്തനം ഒരു സര്‍ഗാത്മക പ്രവൃത്തിയാണ് എന്നതും  ഇപ്പോഴും സ്വീകരിക്കപ്പെട്ടിട്ടില്ല. പരിഭാഷകരുടെ പേരുപോലും വയ്ക്കാതെയാണ് ഇന്ത്യയില്‍ ഇപ്പോഴും പല പുസ്തകങ്ങളും ഇറങ്ങുന്നത്. ഈ സ്ഥിതി മാറി വിവര്‍ത്തകരെ തുല്യാവസ്ഥയില്‍ കൊണ്ടുവരുന്നതിന് എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും വായനക്കാര്‍ക്കും അവാര്‍ഡ് നല്‍കുന്നവര്‍ക്കും പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. മൂലകൃതി ഇല്ലെങ്കില്‍ പരിഭാഷ ഇല്ല എന്നത് ശരിതന്നെ. പക്ഷേ പരിഭാഷ ഇല്ലെങ്കില്‍ മൂലകൃതിക്ക് അത് എഴുതപ്പെട്ട ഭാഷയ്ക്കപ്പുറം ഒരു ജീവിതമില്ല. 

 

പരിഭാഷയെ ഒരു ക്രിയേറ്റീവ് വർക്ക് ആയി കരുതുന്നുണ്ടോ? 

 

തീര്‍ച്ചയായും. ഭാഷയറിയുന്നതുകൊണ്ടു മാത്രം പരിഭാഷ സാധ്യമല്ല. മൂലകൃതിയോട് അങ്ങേയറ്റം വിശ്വസ്തത കാണിക്കുകയും അതേസമയം മറ്റൊരു ഭാഷയില്‍ വായനാസുഖം നല്കുകയും ചെയ്യുക എന്നത് വളരെ ക്രിയേറ്റീവ് ആയി ചെയ്യേണ്ടതാണ്. ഓരോ വാക്കും തിരഞ്ഞെടുക്കുന്നതും വളരെ ശ്രദ്ധയോടെയാണ്. 

 

ഭാഷാന്തരം നടത്തുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്? 

 

കഥയോടും രചയിതാവിന്റെ കഥപറച്ചിൽ രീതിയോടുമാണ് അടിസ്ഥാനപരമായി ആത്മാര്‍ഥത കാണിക്കുന്നത്. അതേ സമയം വിവര്‍ത്തനത്തില്‍ കലാപരമായി കുറച്ചൊരു സ്വാതന്ത്ര്യവും ഇഷ്ടപ്പെടുന്നു. പ്രധാനമായും കഥ പറയുന്ന ശൈലി, ഭാഷയുടെ താളം, ഓരോ എഴുത്തുകാര്‍ക്കും ഉണ്ടാവുന്ന അവരുടെ മാത്രം ആയ ചില കിറുക്കുകള്‍ (quirks), ഇതൊക്കെ ശ്രദ്ധിക്കും. ഒരു കഥയുടെ ഭൂമിശാസ്ത്രം, സംസ്കാരം എന്നിവ മറ്റൊരു ഭാഷയില്‍ വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയണം.   

 

ഏതൊക്കെയാണ് പുതിയ വർക്ക്? 

 

എന്‍.പ്രഭാകരന്‍റെ തീയൂര്‍ രേഖകള്‍ ആണ് അടുത്തത്. എഡിറ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഏപ്രിലില്‍ പുറത്തുവരും എന്നു കരുതുന്നു. ഹരീഷിന്റെ ഒരു കഥാസമാഹാരവും പണിപ്പുരയിലുണ്ട്. അതിനുശേഷം മലയാളത്തിലെ മൂന്ന് വനിതാ നോവലിസ്റ്റുകളുടെ പുസ്തകങ്ങള്‍. അത് തീരുമാനമായി വരുന്നതേയുള്ളൂ.  

 

കുടുംബം? ജോലി? 

 

ഭ്രാന്ത് എന്ന മനുഷ്യാവസ്ഥയുടെ വഴികള്‍, വര്‍ത്തമാനങ്ങള്‍, അനുഭവങ്ങള്‍ എന്നിവയെ കുറിച്ചുള്ള ഗവേഷണം, ഭ്രാന്തരെന്ന് മുദ്രകുത്തി സമൂഹം ഒറ്റപ്പെടുത്തുന്നവരുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനം ഇതൊക്കെയാണ് കഴിഞ്ഞ ഇരുപതു കൊല്ലത്തോളമായുള്ള പ്രവര്‍ത്തന മേഖല. ഇവിടെ ലണ്ടനില്‍ അതിനുവേണ്ടി സർവൈവർ റിസർച് എന്ന ഒരു കലക്ടീവ് നടത്തുന്നു. 

ഭര്‍ത്താവ് ആഡ്‌ലെ സിദ്ദിഖി (Adley Siddiqi). ഐടി കണ്‍സൽറ്റന്‍റ് ആണ്. അച്ഛന്‍ പരേതനായ മേലാത്ര ജനാര്‍ദന പണിക്കര്‍. അമ്മ കളത്തില്‍ ശ്രീകുമാരി സഹോദരി ശ്രീജയോടും (പറപ്പൂര്‍ ഐയുഎച്ച്എസില്‍ മലയാളം അധ്യാപിക) ഭര്‍ത്താവ് ടി.കെ. രവിയോടുമൊപ്പം മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ താമസിക്കുന്നു.

 

English Summary: Talk with Jayasree Kalathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com