രാക്ഷസൻ തന്റെ തെറ്റു തിരിച്ചറിഞ്ഞു, കുഞ്ഞുങ്ങളുള്ളിടത്തേ വസന്തം വരൂ
Mail This Article
ഐറിഷ് എഴുത്തുകാരനായ ഓസ്കർ വൈൽഡ് കുട്ടികൾക്കായി രചിച്ച കഥയാണു ‘സ്വാർഥനായ രാക്ഷസൻ’. രാക്ഷസന്റെ കൊട്ടാര വളപ്പിൽ നിറയെ മരങ്ങളാണ്. അതിൽ നിറയെ പഴങ്ങളും. പൂക്കളിൽനിന്നു തേൻനുകരാൻ ചിത്രശലഭങ്ങളും പഴങ്ങൾ തിന്നാൻ പക്ഷികളും അവിടെ എന്നുമുണ്ട്. കുറേനാളായി രാക്ഷസന്റെ കോട്ട അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ കുട്ടികളെല്ലാം ആ വളപ്പ് തങ്ങളുടെ വിനോദ കേന്ദ്രമാക്കി മാറ്റി. തന്റെ സ്നേഹിതന്റെ നാട്ടിൽ വിരുന്നിനുപോയ രാക്ഷസൻ വർഷങ്ങൾക്കു ശേഷം തിരികെ വരുമ്പോൾ കാണുന്നത് തന്റെ മരങ്ങളിൽ തൂങ്ങിയാടുന്ന, പഴങ്ങൾ പറിച്ചു തിന്നുന്ന കുട്ടികളെയാണ്.
കോപത്തോടെ അവർക്കുനേരേ പാഞ്ഞടുത്ത രാക്ഷസൻ അവരെയെല്ലാം പറമ്പിനു വെളിയിലാക്കി. തന്റെ കൊട്ടാര വളപ്പിനു ചുറ്റും മതിൽ പണിതു. കാലം പിന്നെയും കടന്നുപോയി. ലോകത്തെല്ലാം മഴയും മഞ്ഞും വസന്തവുമെല്ലാം വന്നുപോയെങ്കിലും രാക്ഷസന്റെ മതിൽകെട്ടിനുള്ളിൽ പിന്നീട് എന്നും ശൈത്യമായിരുന്നു. പുറംലോകത്തെ വസന്തം തന്റെ വളപ്പിൽ വരാത്തതെന്താണെന്നു രാക്ഷസനു മനസ്സിലായില്ല.
ഒരു ദിവസം വസന്തത്തിന്റെ വാസന രാക്ഷസന്റെ മൂക്കിലടിച്ചു. അതിശയത്തോടെ രാക്ഷസൻ കിടക്കയിൽനിന്നു ചാടി എഴുന്നേറ്റ് ഓടി പുറത്തെത്തി. അപ്പോൾ കണ്ട കാഴ്ച, മതിലിൽ നിർമിച്ച ദ്വാരത്തിലൂടെ അകത്തു കയറിയ കുട്ടികൾ മരത്തിലെല്ലാം ചാടിക്കളിക്കുന്നു. കുട്ടികൾ വന്നതോടെ വസന്തവും വളപ്പിലെത്തിയിരിക്കുന്നു. പക്ഷേ, രാക്ഷസനെ കണ്ടതോടെ കുട്ടികളെല്ലാം മതിലിനു വെളിയിലെത്തി. അപ്പോഴും രാക്ഷസന്റെ വരവ് അറിയാതെ ഒരു കൊച്ചുകുട്ടി മാത്രം പൂന്തോട്ടത്തിന്റെ ഒരു കോണിൽ മരത്തിൽ കയറാനാകാതെ കരഞ്ഞുകൊണ്ടുനിൽക്കുന്നു. അവൻ കയറാത്ത മരത്തിൽ മാത്രം ശൈത്യം നിറഞ്ഞുനിൽക്കുന്നു. അതോടെ രാക്ഷസൻ തന്റെ തെറ്റു തിരിച്ചറിഞ്ഞു. കുഞ്ഞുങ്ങളുള്ളിടത്തേ വസന്തം വരൂ എന്നയാൾ മനസ്സിലാക്കി. ആ കൊച്ചുകുഞ്ഞിനെ അയാൾ മരത്തിന്റെ ശിഖരത്തിൽ കയറാൻ സഹായിച്ചു. അതോടെ ആ മരത്തിലും വസന്തംനിറഞ്ഞു.
അന്നുതന്നെ രാക്ഷസൻ മതിൽ തല്ലിത്തകർത്തു. കുട്ടികൾക്കായി കൊട്ടാര വളപ്പ് തുറന്നുകൊടുത്തു. പിന്നീടെല്ലാ ദിവസവും കുട്ടികൾ അവിടെയെത്തി. അവരോടൊപ്പം രാക്ഷസനും വിനോദങ്ങളിൽ ഏർപ്പെട്ടു. എന്നാൽ മരത്തിൽ കയറാൻ താൻ സഹായിച്ച കൊച്ചു കുഞ്ഞുമാത്രം പിന്നീടൊരിക്കലും ആ തോട്ടത്തിലേക്ക് എത്തിയില്ല. അവനെവിടെയെന്നു മറ്റു കുട്ടികളോടു ചോദിച്ചെങ്കിലും ആർക്കും അവനെ അറിയില്ലായിരുന്നു. വർഷങ്ങൾ പലതു കഴിഞ്ഞുപോയി. രാക്ഷസൻ വൃദ്ധനായി. ഒരു ദിവസം പൂന്തോട്ടത്തിലേക്കു നോക്കിയ രാക്ഷസൻ അത്ഭുതപ്പെട്ടു. എത്രയോ നാളായി താൻ കാണാൻ ആഗ്രഹിച്ച കൊച്ചു കുഞ്ഞതാ തന്നെ നോക്കി നിൽക്കുന്നു. അവൻ നിൽക്കുന്നതിനു മുകളിൽ വെളുത്ത പൂക്കൾ മൂടിയൊരു മരവും. വൃദ്ധനായ രാക്ഷസൻ അവനരികിലേക്കു പാഞ്ഞു.
അടുത്തെത്തിയ രാക്ഷസന്റെ മുഖം കോപം കൊണ്ടു വലിഞ്ഞുമുറുകി. ആ കൊച്ചുകുഞ്ഞിന്റെ കാലുകളിലും കൈകളിലും ആണിപ്പാടുകൾ. ചോര പൊടിയുന്നു. ആരാണ് നിന്നെ ഈ വിധം മുറിവേൽപ്പിച്ചത്– രാക്ഷസൻ അലറിക്കൊണ്ടു ചോദിച്ചു.
‘ഇതു സ്നേഹത്തിന്റെ മുറിപ്പാടുകളാ, എനിക്കു വേദനിക്കില്ല’– കൊച്ചുകുട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു. പെട്ടന്ന് അന്തരീക്ഷം കനപ്പെട്ടു. രാക്ഷസനു വലിയ ഭീതി തോന്നി. അയാൾ ആ കൊച്ചു കുട്ടിയുടെ മുന്നിൽ മുട്ടുകുത്തി. ‘ആരാണു മകനേ നീ.?’ അയാൾ കരഞ്ഞുകൊണ്ടു ചോദിച്ചു. അപ്പോൾ ആ കുഞ്ഞു പറഞ്ഞു: ‘ ഒരിക്കൽ നീ എന്നെ നിന്റെ പൂന്തോട്ടത്തിൽ കളിക്കാൻ അനുവദിച്ചു. ഇപ്പോൾ ഇതാ നിന്നെ ഞാനെന്റെ പൂന്തോട്ടത്തിലേക്കു കൂട്ടിക്കൊണ്ടുപോകാൻ വന്നതാണ്. അതിന്റെ പേരാണു സ്വർഗം.’
അന്നത്തെ സായാഹ്നത്തിൽ കുട്ടികൾ പൂന്തോട്ടത്തിൽ കളിക്കാനെത്തി. വലിയൊരു വൃക്ഷത്തിനു കീഴിൽ ചലനമറ്റു കിടക്കുന്ന രാക്ഷസന്റെ ശരീരമാണു കുട്ടികൾ കണ്ടത്. ആ ശരീരത്തെ വെളുത്ത പുഷ്പങ്ങൾ മൂടിയിരുന്നു.
English Summary : Kathalokam Column - The Selfish Giant - Oscar Wilde