ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഡോ.കെ.കെ.എൻ.കുറുപ്പിനു ജീവിതത്തിലെ ആദ്യ ചരിത്രപാഠം നൽകിയത് സ്വന്തം അമ്മയാണ്. പന്ത്രണ്ടാം വയസ്സിൽ നമ്പൂതിരി സംബന്ധത്തിന് നിന്നു കൊടുക്കാതെ നായർ യുവാവിനെ വിവാഹം കഴിക്കാൻ അമ്മ കാണിച്ച ധൈര്യമാണ് കുറുപ്പിനെ ചരിത്രത്തിലേക്ക് അടുപ്പിച്ചത്. പുരാതന നായർ കുടുംബങ്ങളുടെ ചരിത്രവും അവിടെ സ്ത്രീകൾ അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളുമെല്ലാം അമ്മയിൽ നിന്നു കഥകളായി കേട്ടു തുടങ്ങിയ കുറുപ്പിന്റെ ചരിത്ര താൽപര്യം നടന്നു കയറിയത് കാലിക്കറ്റ് സർവകലാശാലയിലെ എംഎ ചരിത്ര വിദ്യാർഥിയായാണ്. സർവകലാശാലയിൽ എത്തിയപ്പോൾ ഒപ്പം നടക്കാനും മുന്നോട്ടു നയിക്കാനും മൂന്നു അധ്യാപകരും ഉണ്ടായി. പത്താം ക്ലാസിൽ ഒരിക്കൽ പഠനം അവസാനിപ്പിച്ച യുവാവിനെ സർവകലാശാല അധ്യാപകനായും വൈസ് ചാൻസലറായും ഇന്ത്യയിലെ അറിയപ്പെടുന്ന ചരിത്രകാരന്മാരിൽ ഒരാളായും മാറ്റിയത് അമ്മയും ഈ അധ്യാപകരും അറിവായി നൽകിയ അനുഗ്രഹമാണ്.

 

ഉയർന്ന ക്ലാസുകളിൽ ആവശ്യമെങ്കിൽ മാത്രം ചരിത്രം പഠിച്ചാൽ മതി എന്ന സ്ഥിതിയാണ് ഇപ്പോൾ. ഇതു മാറി, എല്ലാ കോഴ്സുകൾക്കൊപ്പം സ്വാതന്ത്ര്യ സമര ചരിത്രവും ഇന്ത്യൻ ദേശീയതയുമെല്ലാം പഠിപ്പിക്കണം. പുതിയ കുട്ടികൾക്ക് നമ്മുടെ രാജ്യം എന്തായിരുന്നു എന്നു മനസ്സിലാക്കാൻ ഇതാവശ്യമാണ്- ഡോ.കെ.കെ.എൻ.കുറുപ്പ്

കാസർകോട് കുട്ടമത്ത് കുന്നിയൂർ കുടുംബത്തിലെ ജാനകിയമ്മയുടെ മൂന്നാമത്തെ മകനായാണ് കുറുപ്പിന്റെ ജനനം. ജന്മി കുടുംബങ്ങളിലെ പെൺകുട്ടികൾ പ്രായപൂർത്തിയായാൽ നമ്പൂതിരി സംബന്ധത്തിൽ ഏർപ്പെടുകയും വീടുകളിൽ തന്നെ കഴിയുകയുമായിരുന്നു അന്നത്തെ പതിവ്. ജാനകിയെ സംബന്ധം ചെയ്യാൻ ഒരു നമ്പൂതിരി എത്തിയെങ്കിലും അവർ ആ ബന്ധത്തിന് സമ്മതിച്ചില്ല. സംബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് അച്ഛൻ വഴി ഒരവകാശവും ലഭിക്കില്ല എന്നതും സ്ത്രീകൾ അനുഭവിക്കേണ്ടി വന്നിരുന്ന അവഗണനയുമായിരുന്നു പിന്മാറ്റത്തിനു കാരണം. ഒടുവിൽ കടത്തനാട്ടെ കല്ലുമല ചാപ്പക്കുറുപ്പിനെ ജാനകി വിവാഹം ചെയ്തു.

 

അച്ഛന്റെ വീട്ടിലായിരുന്നു കെ.കെ.എൻ.കുറുപ്പിന്റെ ബാല്യം. പത്താം ക്ലാസ് പൂർത്തിയാക്കി കല്ലുമല എൽപി സ്കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. തുടർപഠനം നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു വീട്ടിലെ സാമ്പത്തിക സ്ഥിതി. കുട്ടമത്ത് കുന്നിയൂർ കുടുംബത്തിന് പാരമ്പര്യമായി ലഭിച്ചിരുന്ന തൃക്കരിപ്പൂർ പട്ടേലർ (വില്ലേജ് ഓഫിസർ) പദവി 18 വയസ്സ് പൂർത്തിയായപ്പോൾ കുറുപ്പിന് ലഭിച്ചു. രണ്ടു വർഷത്തോളം തെക്കേ തൃക്കരിപ്പൂരിൽ ജോലി ചെയ്ത ശേഷം കൊടക്കാടും കയ്യൂരുമായിരുന്നു പിന്നീട് ജോലി. ചരിത്രത്തിന്റെ അവശേഷിപ്പുകൾ ഉള്ള ഈ മണ്ണിലെ ജീവിതമാണ് കുറുപ്പിലെ ചരിത്രകാരനെ വീണ്ടും പഠനത്തിന് പ്രേരിപ്പിച്ചത്.

 

ചരിത്രം പ്രധാന വിഷയമായെടുത്ത് ഡൽഹി സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസത്തിന് ചേർന്ന് ജോലിക്കൊപ്പം പഠനവും മുന്നോട്ടു കൊണ്ടുപോയി വിദ്യാഭ്യാസത്തിന്റെ രണ്ടാം ഭാഗവും ഇക്കാലയളവിൽ തുടങ്ങി. ഒടുവിൽ 29ാം വയസ്സിൽ വില്ലേജ് ഓഫിസർ ജോലി രാജിവച്ച് കാലിക്കറ്റ് സർവകലാശാലയിൽ എംഎ ചരിത്ര വിദ്യാർഥിയായി പഠനം പുനരാരംഭിച്ചു. പി.കെ.രവീന്ദ്രൻ, എം.ജി.എസ്.നാരായണൻ, എം.പി.ശ്രീകുമാരൻ നായർ എന്നിവരായിരുന്നു അന്ന് ചരിത്രവിഭാഗത്തിലെ അധ്യാപകർ. മുതിർന്ന വിദ്യാർഥി എന്ന നിലയിൽ അവർ കാണിച്ച അടുപ്പവും സൗഹൃദവും കുറുപ്പിന്റെ ചരിത്ര വഴികളിലെ യാത്ര കൂടുതൽ വിശാലമാക്കി. കോഴ്സ് പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ അവിടെത്തന്നെ അധ്യാപകനായി ജോലിയിലും പ്രവേശിച്ചു. അമ്മ വഴിയൊരുക്കി, അധ്യാപകർ പ്രകാശം പകർന്ന പാതയിലൂടെ കെ.കെ.എൻ.കുറുപ്പ് എന്ന ചരിത്രാന്വേഷി ആരംഭിച്ച യാത്ര ഇന്നും നടന്നു തീർന്നിട്ടില്ല. പുസ്തകങ്ങളായും അന്വേഷണങ്ങളായും അറിവ് പകർന്ന് പുതിയ തലമുറയെയും ഈ വഴിയിൽ അദ്ദേഹം ഒപ്പം കൂട്ടുന്നു.

 

English Summary : Guruvaram Column - Former Vice Chancellor, Calicut University Dr. K. K. N. Kurup about his career

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com