മറാഠെയും ഉമ്മറും പകർന്ന പാഠങ്ങളുമായി പുതിയ വഴികളിൽ സഞ്ചരിച്ച ഡോക്ടർ; 34 വർഷത്തെ സൗഹൃദത്തിന്റെ കഥ
Mail This Article
ഐസിയുവിലെ തണുപ്പിൽ മരണത്തിലേക്കുള്ള യാത്രയിലാ യിരുന്നു ടി.പി.ഉമ്മർ. ആത്മസുഹൃത്ത് ഡോ.ടി.പി.മെഹ്റൂഫ് രാജ് അടുത്ത് തന്നെ ഉണ്ടായിരുന്നു. അരിച്ചിറങ്ങുന്ന തണുപ്പിനെ മറിക്കടക്കാനെന്നവണ്ണം ഡോക്ടറുടെ കൈയിൽ മുറുകെപിടിച്ച്, ആയിരക്കണക്കിനു പാട്ടുകൾ പാടി കൊതിത്തീർത്ത ശബ്ദം ഇടറാതെ ഉമ്മർ പറഞ്ഞു ‘ഞാൻ ഇന്നലെ അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിൽ ആയിരുന്നു. ടാൻസന്റെ പാട്ട് മനസ്സുനിറയെ കേട്ടു. ഇനി ഷാജഹാനെയും ഒന്നു കാണണം’. രോഗികളും മരുന്നു കുറിപ്പടികളും ആശുപത്രി ജീവിതവുമായി തുടരേണ്ട സാധാരണ ഡോക്ടർ ജീവിതത്തിൽ നിന്നു സംഗീത വ്യക്തിത്വം എന്ന യാത്രയിലേക്ക് ഡോ.മെഹ്റൂഫ് രാജിനെ വഴിമാറ്റിയ സൗഹൃദമായിരുന്നു ടി.പി.ഉമ്മർ.
ശരത്ചന്ദ്ര മറാഠെ എന്ന ഗുരുമുഖത്ത് വച്ച് കണ്ടുമുട്ടിയ ഇരുവരും 34 വർഷം നീണ്ട സൗഹൃദത്തിൽ സംസാരിച്ചതിലധികവും സംഗീതത്തെക്കുറിച്ചായിരുന്നു. ഗസലും ദ്രുപതും ഖവാലിയും സിനിമാ ഗാനങ്ങളും പാടി വെളുപ്പിച്ച് അനേകം രാത്രികളുടെ ഓർമ്മചിത്രത്തിലെ അവസാന ഏടായിരുന്നു ആശുപത്രി ഐസിയുവിലേത്. മറാഠെയും ഉമ്മറും കൈ പിടിച്ചപ്പോൾ നടന്നു തീർത്ത വഴികൾ തന്റെ ജീവിതത്തിനും പുതിയ ദിശയാണ് നൽകിയതെന്നു ഡോ.മെഹ്റൂഫ് പറയുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർഥിയായിരിക്കുമ്പോൾ ആണ് മെഹ്റൂഫ് രാജ് ശരത്ചന്ദ്ര മറാഠെയുടെ ശിഷ്യനാകുന്നത്. വീട്ടിലെ സംഗീതപാരമ്പര്യം തന്നെയാണ് എംബിബിഎസ് തിരക്കുകൾക്കിടയിലും ഹിന്ദുസ്ഥാനി സംഗീത പഠനം എന്ന വഴിയിലേക്ക് എത്തിച്ചത്. പാലക്കാട് കൂടല്ലൂരിലുള്ള ഒരു നമ്പൂതിരിയെ സംഗീതം പഠിപ്പിക്കാനായി കേരളത്തിലെത്തിയ മഹാരാഷ്ട്ര സ്വദേശിയായ മറാഠെ വിവാഹം കഴിച്ച് അക്കാലത്ത് കോഴിക്കോടായിരുന്നു താമസം. ജി.അരവിന്ദൻ, എ.ടി.ഉമ്മർ,ഗായിക ഉഷ രവി എന്നിങ്ങനെ പ്രമുഖരായ അനേകം ശിഷ്യർ. അവിടേക്കാണ് മെഹ്റൂഫ് രാജും എത്തുന്നത്.
കുട്ടികൾ ഇല്ലാതിരുന്ന മറാഠെ ദമ്പതികൾ മകനെ പോലെയാണ് മെഹ്റൂഫിനെ കരുതിയിരുന്നത്. പഠനത്തിരക്കുകൾക്കിടയിലും ഗുരുവിനൊപ്പം ഗാനമേള വേദികളിലും നാടകങ്ങളുടെ പിന്നണിയിലും ശിഷ്യൻ എത്തിയിരുന്നു. നാടകങ്ങൾക്ക് ലൈവ് ആയി ആണ് അന്നു പശ്ചാത്തല സംഗീതം ഒരുക്കിയിരുന്നത്. പുലർച്ചെ ആകും അവതരണം അവസാനിക്കുക. ഇതിനു ശേഷമാകും കോളജിലേക്കുള്ള യാത്ര. തലക്കുളത്തൂരിൽ അവതരിപ്പിച്ച അഗ്നിവലയങ്ങൾ എന്ന നാടകത്തിലെ ഗാനങ്ങൾ ഇന്നും ഡോക്ടറുടെ മനസ്സിൽ മായാതെയുണ്ട്. കഴിഞ്ഞ വർഷം ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ സാവിത്രി ശ്രീധരൻ ആയിരുന്നു അഗ്നിവലയങ്ങളിലെ നായിക.
സർക്കാർ ജീവനക്കാരനായ ടി.പി.ഉമ്മറിനെ മെഹ്റൂഫ് കണ്ടുമുട്ടുന്നതും മറാഠെയുടെ അടുത്ത് വച്ചാണ്. ഉമ്മറും മറാഠെയുടെ ശിഷ്യനായിരുന്നു. സംഗീതത്തിലെ അഴത്തിലുള്ള അറിവും അതിനു വേണ്ടി നടത്തുന്ന പഠനവും യാത്രകളുമായിരുന്നു ഉമ്മറിനെ വ്യത്യസ്തനാക്കുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ പുതിയ വഴികളിലൂടെ മെഹ്റൂഫിനെ കൂട്ടിക്കൊണ്ടു പോയത് ഉമ്മറായിരുന്നു. പാകിസ്ഥാനി, പേർഷ്യൻ സംഗീത ശാഖകളിലേക്ക് ഈ യാത്രകൾ വളർന്നു. ലോകമെങ്ങും നിന്നുള്ള കാസെറ്റുകൾ ഇതിനായി ഉമ്മർ ശേഖരിച്ചിരുന്നു. വൈകുന്നേരങ്ങളിൽ ആരംഭിക്കുന്ന ഇരുവരുടെയും സംഗീത ചർച്ചകൾ പലപ്പോഴും അവസാനിച്ചിരുന്നത് പുലർച്ചെയായിരുന്നു.
ഫിഷറീസ് വകുപ്പിൽ ജോയിന്റ് ഡയറക്ടറായി വിരമിച്ച ഉമ്മറിന്റെ മരണം പ്രമേഹത്തെ തുടർന്നായിരുന്നു. ഡോ.മെഹ്റൂഫിന്റെ വീട്ടിൽ നിന്നായിരുന്നു അവസാനമായി അദ്ദേഹം ആശുപത്രിയിലേക്ക് പോയത്. രോഗം ഗുരുതരമായി ഐസിയുവിൽ ആയപ്പോഴും ഉമ്മറിന്റെ മനസ്സിൽ സംഗീതം മാത്രമായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു അക്ബറിന്റെ സദസ്സിലേക്കുള്ള യാത്രയുടെ ചിന്തകളും.
സംഗീത സംബന്ധിയായി ശേഖരിച്ച എല്ലാ സാധനങ്ങളും ഡോ.മെഹ്റൂഫിന് കൈമാറണം എന്നു ബന്ധുക്കളെ ഏൽപ്പിച്ചതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. ലോകമെമ്പാടും നിന്നുള്ള കാസറ്റുകൾ, സംഗീത ഉപകരണങ്ങൾ, മ്യൂസിക് നോട്ടുകൾ എന്നിവയടങ്ങിയ ആ അമൂല്യശേഖരം ഇപ്പോൾ ഡോക്ടറുടെ വീട്ടിൽ ഭദ്രം.
മറാഠെയും ഉമ്മറും പകർന്ന പാഠങ്ങളുമായി പുതിയ വഴികളിലൂടെ സഞ്ചരിച്ചാണ് ഡോക്ടർ അവരുടെ സംഗീതത്തെ മധുരമുള്ളതാക്കിയത്. സംഗീതത്തിലൂടെ സാന്ത്വന ചികിത്സ നൽകുന്ന മ്യൂസിക് തെറപ്പി എന്ന ആശയം അവതരിപ്പിക്കുകയും ജയിലുകളിലും അനാഥമന്ദിരങ്ങളിലും ആശുപത്രികളിലും ഉദ്യോഗസ്ഥർക്കുമെല്ലാമായി 1500 ലധികം വേദികളിൽ പരിപാടി അവതരിപ്പിക്കുകയും ചെയ്തു. മരുന്നുകൊണ്ട് മാറ്റാൻ കഴിയാത്ത വേദനകൾ ചിലപ്പോൾ നല്ലൊരു പാട്ടു കൊണ്ട് കഴിയുമെന്ന വിശ്വാസത്തിൽ ഈ സംഗീതയാത്ര തുടരുകയും ചെയ്യുന്നു.
English Summary : Friendship Between T P Ummer And DR. T.P Mahroof Raj