മാനസികമായി തളർന്നപ്പോൾ അച്ഛൻ ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ : വി.എം.വിനു
Mail This Article
അടിക്കാൻ കൈ ഓങ്ങുന്നതിനു മുൻപ് നിലത്തു വീണ് അലറിക്കരയുന്ന അഞ്ചു വയസ്സുകാരനെ നോക്കി അച്ഛൻ പറഞ്ഞത് നീ നല്ല നടനാകും എന്നായിരുന്നു. ജീവിതത്തിൽ ആദ്യമായി ലഭിച്ച അവാർഡ്. കൈ പിടിച്ച് കൂടെ നടന്നും എഴുതിയത് തിരുത്തി നൽകിയും വായനയിൽ വെളിച്ചമായും അച്ഛൻ ഒപ്പമുണ്ടായപ്പോൾ മകൻ ആദ്യം നല്ല നടനും പിന്നീട് നടന്മാർക്ക് പാഠങ്ങൾ പകരുന്ന സംവിധായകനുമായി.
അച്ഛന്റെ അടിയോളം പേടിയുള്ള ഒന്നും സംവിധായകൻ വി.എം.വിനുവിന് കുട്ടിക്കാലത്ത് ഇല്ലായിരുന്നു. ചെറുകഥാകൃത്ത്, നാടകകൃത്ത്, നോവലിസ്റ്റ് എന്ന നിലകളിൽ പ്രശസ്തനായ അച്ഛൻ വിനയന് കോഴിക്കോട് ആകാശവാണിയിലായിരുന്നു ജോലി. കൊയിലാണ്ടിയിലെ വീട്ടിൽ വൈകുന്നേരം എത്തുമ്പോൾ തന്നെ അച്ഛൻ അന്നത്തെ കുസൃതികളുടെ വിചാരണ നടത്തിയിരുന്നതിനാൽ അച്ഛൻ കൊയിലാണ്ടിയിലേക്ക് വരരുതേ എന്നായിരുന്നു വിനുവിന്റെ പ്രാർഥന. അമ്മയുടെ സാരിത്തലപ്പിന്റെ മറവിൽ നിന്നായിരുന്നു അച്ഛനുമായുള്ള സംസാരങ്ങളിൽ അധികവും.
എന്റെ നാവിൽ ആദ്യക്ഷരം എഴുതിയത് അച്ഛനായിരുന്നു. അക്ഷരങ്ങൾക്കൊപ്പം അനുഭവങ്ങളും അച്ഛൻ പഠിപ്പിച്ചു. ലക്ഷ്യം നേടാൻ താങ്ങായും പ്രതിസന്ധികളിൽ തണലായും അച്ഛൻ ഉണ്ടായിരുന്നു.
വി.എം.വിനു സംവിധായകൻ
പേടി തന്നെയായിരുന്നു അടി തുടങ്ങുന്നതിനു മുൻപുള്ള അഭിനയത്തിനു കാരണവും. അടിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ നിലത്തു വീണു അലറിക്കരയും. പലപ്പോഴും ഈ കരച്ചിൽ കണ്ട് അച്ഛൻ അടി ഉപേക്ഷിക്കുകയും ചെയ്യും. കണയംകോട് ഒരു വേദിയിൽ കുട്ടികളുടെ നാടകത്തിന് ഒരു കുട്ടിക്ക് വരാൻ പറ്റാതെ ആയപ്പോൾ അച്ഛൻ പെട്ടെന്ന് ഓർത്തതും മകന്റെ ഈ അഭിനയപാടവമാണ്. മിഠായിമാല എന്ന നാടകത്തിലെ പെൺകുട്ടിയുടെ വേഷം എല്ലാവർക്കും ഇഷ്ടപ്പെട്ടതോടെ നാടകം പതിയെ വിനുവിന്റെയും ഇഷ്ടമേഖലയായി. കൊയിലാണ്ടി വിക്ടറി തീയറ്ററിലെ സിനിമാക്കാഴ്ചകൾ സിനിമയോടും ആ താൽപര്യത്തെ അടുപ്പിച്ചു.
സിനിമയെ കുറിച്ചുള്ള സംശയങ്ങളും താൽപര്യവും വർധിച്ചപ്പോൾ അച്ഛൻ മകനു സമ്മാനിച്ചത് വിക്ടറിയിൽ നിന്നു ലഭിച്ച ഒരു റോൾ ഫിലിമായിരുന്നു. അച്ഛമ്മ നൽകിയ വെള്ള മുണ്ട് വലിച്ചു കെട്ടി വീട്ടിലെ ടോർച്ച് ഉപയോഗിച്ചു ഫിലിം അതിലേക്കു പ്രദർശിപ്പിച്ചപ്പോൾ വിനു സമപ്രായക്കാർക്കു മുന്നിൽ അദ്ഭുതബാലനായി. അയൽക്കാരായ കുട്ടികളും അവരിൽ നിന്നു കേട്ടറിഞ്ഞ് ചുറ്റുവട്ടത്തുള്ളവരും എത്തിയപ്പോൾ സിനിമാപ്രദർശനം പതിയെ ഹിറ്റുമായി.
കുടുംബം കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് താമസം മാറിയപ്പോൾ സ്കൂൾ നാടകങ്ങളിലൂടെ വിനു നാടകവേദികളിൽ സജീവമായി. മകന്റെ കലാഭിരുചി മനസ്സിലാക്കിയ അച്ഛൻ നൽകിയത് എല്ലാ ആഴ്ചയിലും കുടുംബസമേതം സിനിമ കാണാനുള്ള അവസരമായിരുന്നു. സെക്കൻഡ് ഷോ കഴിഞ്ഞ് വീട്ടിലേക്കു നടക്കുമ്പോഴും വീട്ടിൽ ചെന്നു കഴിഞ്ഞാലും സിനിമയും അതിലെ കഥാഘടനയും താരങ്ങളുടെ അഭിനയവുമെല്ലാം അച്ഛൻ ചർച്ച ചെയ്യും.
ആയിടയ്ക്കാണ് ഒരു ദിവസം പകൽ ആകാശവാണിയിലേക്ക് ചെല്ലാൻ അച്ഛൻ ആവശ്യപ്പെട്ടത്. നാടകത്തിനുള്ള ശബ്ദപരിശോധനയ്ക്കായിരുന്നു അത്. സാഹിത്യകാരൻ തിക്കോടിയനായിരുന്നു നാടകം വായിച്ചു നൽകി പരിശീലിപ്പിച്ചതും ശബ്ദം റെക്കോർഡ് ചെയ്തതും. തിരഞ്ഞെടുത്തതോടെ വിനു കോഴിക്കോട് ആകാശവാണിയിലെ സ്ഥിരം ബാലതാരവുമായി. ബാലൻ.കെ.നായർ, കുതിരവട്ടം പപ്പു തുടങ്ങിയ പ്രതിഭകൾക്കൊപ്പമായിരുന്നു അവതരണങ്ങൾ. ശബ്ദത്തിന്റെ വിന്യാസവും അഭിനയത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം പഠിപ്പിക്കാൻ ഗുരുവായി അവിടെയും അച്ഛനുണ്ടായിരുന്നു. ആകാശവാണി ക്കായി സ്വന്തമായി ഒരു നാടകം എഴുതി നൽകിയിപ്പോൾ അതിലെ മാറ്റങ്ങൾക്കും വഴികാട്ടി അച്ഛനായിരുന്നു.
അച്ഛൻ തിരക്കഥ എഴുതിയ ഹൃദയത്തിൽ നീ മാത്രം എന്ന സിനിമയുടെ ചിത്രീകരണം ആ സമയത്തായിരുന്നു. കുറച്ചു ദിവസം അവിടെ നിന്നപ്പോൾ മനസ്സിൽ പിന്നീട് സിനിമ മാത്രമായി. ഡിഗ്രി പൂർത്തിയാക്കിയപ്പോൾ നാടു വിട്ടു മദ്രാസിൽ പോകുന്നതായി ലക്ഷ്യം. ഭാരതിരാജയെ പോലെ മദ്രാസിൽ പോയി കഷ്ടപ്പെട്ടാലെ സിനിമയിൽ രക്ഷപ്പെടൂ എന്ന ചിന്തയായിരുന്നു ഇതിനു കാരണം. നാടു വിടൽ ലക്ഷ്യം അറിഞ്ഞ അച്ഛൻ ഒരു ദിവസം വിളിപ്പിച്ചു. തൃശൂർ സ്കൂൾ ഒഫ് ഡ്രാമയിലേക്കുള്ള വഴിയായിരുന്നു അച്ഛൻ നൽകിയ മാർഗം. കൂട്ടുകാരെല്ലാം പഠനം കഴിഞ്ഞ് ജോലിക്ക് പോയി തുടങ്ങുന്ന കാലത്ത് വീണ്ടും പഠിക്കാൻ വിനുവിന് കരുത്തായതും ആ ധൈര്യവും പിന്തുണയുമായിരുന്നു. പഠനത്തിനു ശേഷം വിജി തമ്പിയുടെയും ജി.എസ്.വിജയന്റെയും സഹായിയായി സിനിമയിൽ എത്തിയെങ്കിലും മുന്നിൽ അനിശ്ചിതത്വത്തിന്റെ കാലമായിരുന്നു. അക്കാലത്ത് വിവാഹിതനായപ്പോഴും സാമ്പത്തികമായി പിന്തുണച്ചത് അച്ഛനായിരുന്നു.
ഹരിചന്ദനം എന്ന ആദ്യ സിനിമ ചിത്രീകരണം ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനായില്ല. മാനസികമായി തളർന്നപ്പോൾ അച്ഛൻ ഒരു കാര്യം മാത്രമേ പറഞ്ഞുള്ളു. ‘തളരുമ്പോൾ ലക്ഷ്യം നേടിയിട്ടേ ഞാൻ മടങ്ങു എന്നു മനസ്സിൽ ഉറപ്പിക്കണം. എന്തു സംഭവിച്ചാലും തിരിച്ചു വരാൻ നിനക്കൊരു വീടുണ്ട്’. അച്ഛൻ ഒരുക്കിയ വഴിയിലൂടെ നടന്നു തുടങ്ങിയപ്പോൾ വിനു വീണ്ടും ലക്ഷ്യത്തിലെത്തി. സ്വർണ്ണകിരീടം എന്ന ആദ്യചിത്രം പൂർത്തിയാക്കിയപ്പോൾ അത് അച്ഛനുള്ള മകന്റെ സ്നേഹകിരീടം കൂടിയായിരുന്നു.
English Summary : Director V M Vinu Talks About His Father