ഹിംസയിലെ ധാർമികത
Mail This Article
കവയിത്രി വി.എം.ഗിരിജയുടെ കുട്ടിക്കാലത്തു വീട്ടിൽ എഴുത്തച്ഛന്റെ രാമായണം ഉണ്ടായിരുന്നില്ല; ഭക്തിയും. വീട്ടിൽ പണ്ട് വാൽമീകി രാമായണം വായിച്ചിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അച്ഛൻ കമ്യൂണിസ്റ്റായിരുന്നു. ഭാഷയുടെ ഭംഗിയും വൈകാരിക സന്ദർഭങ്ങളും ധർമാധർമങ്ങളും ആയിരുന്നു അച്ഛനു പ്രിയം. ആരണ്യ കാണ്ഡത്തിലെ ഒൻപതാം സർഗം കൊല്ലലിനെ പറ്റിയാണ്. അതു മനസ്സിൽതട്ടും വിധം അച്ഛൻ വ്യാഖ്യാനിച്ചുകൊടുത്തിരുന്നെങ്കിലും ഒരുപാടു കാലത്തിനു ശേഷമാണ് അതിലെ സ്ത്രീ ഭാഷയും അഹിംസയും നിത്യ നൂതനതയും സമകാലികതയും ഗിരിജയ്ക്കു മനസ്സിലായത്.
മുനിമാരോടു രാക്ഷസന്മാരെ കൊല്ലാമെന്നേറ്റു ദണ്ഡകാരണ്യത്തിലേക്കു പോകാൻ തുനിയുന്ന രാമനെ സീത ഉപദേശിക്കുന്നു; ‘മനുഷ്യനു വന്നു ചേരാവുന്ന മൂന്നു ദോഷങ്ങൾ അസത്യവാദം, പരദാര രതി, വിനാ വൈരം രൗദ്രത (അസത്യം പറയൽ, അന്യന്റെ ഭാര്യയോടു കൊതി, കാരണമില്ലാത്ത ശത്രുത) എന്നിവയാണ്. അങ്ങേക്ക് ആദ്യത്തെ രണ്ടും ഇല്ല, ഇപ്പോൾ രാക്ഷസന്മാരോടു കാരണമൊന്നും ഇല്ലാതെ വൈരം വയ്ക്കുന്നതു ദോഷം തന്നെ’.
അതിന് ഉദാഹരണമായി സീത ഒരു കഥ പറയുന്നു: ‘ഒരു മുനിയുടെ തപസ്സു കണ്ടു ഭയന്ന ദേവേന്ദ്രൻ ഭടന്റെ രൂപത്തിൽ വന്ന് അദ്ദേഹത്തിന്റെ കയ്യിൽ ഒരു വാൾ സൂക്ഷിക്കാനേൽപ്പിച്ചു. കളഞ്ഞു പോയാലോ എന്നു കരുതി മുനി രാവും പകലും വാൾ കൊണ്ടു നടന്നു. ക്രമേണ സാത്വിക ഭാവം പോയി. രൗദ്രനായി. മുനി മുനി അല്ലാതായി. കൊന്നാൽ പാപം തിന്നാൽ തീരും എന്ന് എല്ലാവരും പറയും. തിന്നാൻ വേണ്ടി മാത്രമേ കൊല്ലാവൂ എന്നാണ് ഇതിന്റെ അർഥം. അതുപോലെ പ്രാണരക്ഷയ്ക്കു വേണ്ടി മാത്രമേ ഹിംസ ചെയ്യാവൂ.’ എടുത്തു പറയേണ്ട രാമായണ സന്ദർഭമായി ഗിരിജയ്ക്കു തോന്നുന്നതും ഇതുതന്നെ.
English Summary: V. M. Girija's memoir about Ramayana month