അന്നത്തെ അമേരിക്ക, ബറാക് ഒബാമക്ക് പറയാനുള്ളത്

Mail This Article
നവംബര്‍ രണ്ടാം വാരം അമേരിക്ക ഒരൊറ്റ ചോദ്യത്തിന്റെ ഉത്തരം അയിരിക്കും തേടുന്നത്: ആരാണ് അടുത്ത പ്രസിഡന്റ് എന്ന്. ട്രംപ് തുടരുമോ അതോ ബൈഡന്‍ അട്ടിമറി വിജയം നേടുമോ എന്ന്. എന്നാല്‍ ഇപ്പോഴത്തെ സൂചനകള്‍ അനുസരിച്ചാണെങ്കില്‍ ഇവര്‍ രണ്ടുപേരുമല്ലാതെ മറ്റൊരാള്‍ ആ വാരം അമേരിക്കയുടെ ഹൃദയം പിടിച്ചെടുത്തേക്കാം. ഒരു മുന്‍ പ്രസിഡന്റ്. ബറാക് ഒബാമ.
തിരഞ്ഞെടുപ്പ് വിജയത്തിലൂടെയായിരിക്കില്ല ബറാക് അമേരിക്കയെ കീഴടക്കാന്‍ പോകുന്നത്. പകരം തന്റെ പുസ്തകത്തിലൂടെ. ആത്മകഥയുടെ ആദ്യഭാഗത്തിലൂടെ. എ പ്രോമിസ്ഡ് ലാന്‍ഡ് (വാഗ്ദത്ത ഭൂമി) എന്നാണ് ഒബാമ തന്റെ ആത്മകഥയ്ക്ക് പേരിട്ടിരിക്കുന്നത്.
അമേരിക്കയ്ക്കൊപ്പം ലോകവും കാത്തിരിക്കുന്ന വാഗ്ദത്ത ഭൂമി ഒബാമ വൈറ്റ് ഹൗസില്‍ എത്തിയ ഐതിഹാസിക യാത്രയിലായിരിക്കും തുടങ്ങുന്നത്. പ്രസിഡന്റായി ജീവിച്ച കാലവും ആത്മകഥയില്‍ അദ്ദേഹം രേഖപ്പെടുത്തും. ഇപ്പോഴും ജനങ്ങളുടെ മനസ്സില്‍ നിറം പിടിച്ചു നില്‍ക്കുന്ന ആ കാലത്തിന്റെ കഥകള്‍. വിവാദങ്ങള്‍. ചരിത്രത്തില്‍ ഇടംപിടിച്ച സന്ദര്‍ഭങ്ങള്‍ എല്ലാം ഒബാമ തുറന്നെഴുതും എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന സൂചനകള്‍.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത് പ്രസിഡന്റായി ജീവിച്ച കാലത്തെക്കുറിച്ചാണ്. സ്വാഭാവികമായും ആ ചിന്തകള്‍ തന്നെയാണ് വാഗ്ദത്ത ഭൂമിയുടെ ഉള്ളടക്കവും. സത്യസന്ധമാണ് ഞാന്‍ എഴുതിയ ഓരോ വാക്കും. ആ ഉറപ്പ് ഞാന്‍ നിങ്ങള്‍ക്ക് തരുന്നു. ശരിയായി ചെയ്തു എന്നു ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍. എനിക്കു സംഭവിച്ച തെറ്റുകള്‍. അന്ന് നേരിടേണ്ടിവന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സാഹചര്യങ്ങള്‍. ഒരു രാജ്യം എന്ന നിലയില്‍ അമേരിക്ക അന്ന് എങ്ങനെ കടന്നുപോയി എന്നും- ഒബാമ പറയുന്നു.
മിഷേലും ഞാനും മക്കളും ഉള്‍പ്പെട്ട കുടുംബത്തിന്റെ ചരിത്രവും ആത്മകഥയുടെ ഭാഗം തന്നെയായിരിക്കും. അതുപോലെ അമേരിക്ക ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരം കാണാനുള്ള ശ്രമങ്ങളും ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു- ഇക്കഴിഞ്ഞ ദിവസം തന്റെ പുസ്തകത്തെക്കുറിച്ച് ഒബാമ വിശദീകരിച്ചു.
768 പേജുകളുണ്ടായിരിക്കും വാഗ്ദത്ത ഭൂമിയില്‍. ഏബ്രഹാം ലിങ്കണു ശേഷം അക്ഷരങ്ങളുമായി ഏറ്റവുമധികം ആത്മബന്ധം പുലര്‍ത്തിയ പ്രസിഡന്റായി വിശേഷിപ്പിക്കപ്പെടുന്നതും ബറാക് ഒബാമ തന്നെ. ഇതിനോടകം പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങളും ബെസ്റ്റ് സെല്ലറുകളാണ്. ഡ്രീംസ് ഫ്രം മൈ ഫാദറും ദ് ഒഡാസിറ്റി ഓഫ് ഹോപ്പും. 2008 ല്‍ ഒബാമയെ പ്രസിഡന്റ് സ്ഥാനത്തെത്താന്‍ ഈ രണ്ടു പുസ്തകങ്ങളും അദ്ദേഹത്തെ സഹായിച്ചിട്ടുമുണ്ട്.
മിഷേലിന്റെ ബികമിങ് എന്ന പുസ്തകവും ലോകപ്രശസ്തമാണ്. ലോകത്ത് ഏറ്റവും അധികം വിറ്റഴിഞ്ഞ ആത്മകഥകളിലൊന്നുമാണ്. എന്നാല്‍ പുസ്തകവുമായി മിഷേല്‍ നടത്തിയപോലുള്ള ലോകപര്യടനം കോവിഡ് സാഹചര്യത്തില്‍ ഒബാമയ്ക്ക് നടത്താന്‍ കഴിയില്ല എന്നൊരു വ്യത്യസമുണ്ട്. രണ്ടു വര്‍ഷം മുന്‍പാണ് ബികമിങ് പ്രസിദ്ധീകരിച്ചത്.
English Summary: A Promised Land book by Barack Obama