ADVERTISEMENT

ഇരുട്ടറയ്ക്കുള്ളിലെ പുസ്തകസ്നേഹികളുടെ ആകുലതകളൊഴിയുകയാണ്. പുസ്തക വായനയുടെ പതിവു രീതി തടസ്സപ്പെട്ടെങ്കിലും തടവുകാര്‍ക്ക് ഇനി ആശ്വസിക്കാം. ഒന്നര മണിക്കൂറിനും ഇരുനൂറു പുസ്തകങ്ങൾക്കും പകരം എണ്ണമറ്റ പുസ്തകങ്ങളും വേണ്ടുവോളം സമയവും ഓൺലൈൻ വായനയ്ക്കായി അനുവദിച്ചുകൊണ്ട് പുതിയ സർക്കുലർ പുറത്തിറങ്ങി.

പ്രമുഖ പുസ്തക വിൽപ്പനക്കാരായ ബാർണസ് ആൻഡ് നോബിൾ, ക്രിസ്ത്യൻ ബുക്സ്.കോം എന്നിവരിൽ നിന്നാണ് അമേരിക്ക പെൻസിൽവാനിയയിലെ അലെഗെനി കൗണ്ടി ജയിൽ ലൈബ്രറിയിലേക്കു മുൻപു പുസ്തകങ്ങൾ വരുത്തിയിരുന്നത്.

 

പുസ്തകങ്ങള്‍ക്കു പകരം ടാബ്‌ലറ്റുകൾ ക്രമീകരിച്ചു പുസ്തകങ്ങൾ ഓൺലൈനായി ഡൗൺലോഡ് ചെയ്തു വായിക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാര്യങ്ങൾ വിശദമാക്കിക്കൊണ്ടു ജയിൽ വാർഡന്റെ മെമ്മോയും അന്തേവാസികൾക്കു കിട്ടി. എന്നാൽ അനുവദിക്കപ്പെട്ട ഡിജിറ്റൽ പുസ്തകങ്ങളുടെയും വായനാ സമയത്തിന്റെയും കണക്കുകൾ ബുദ്ധിമുട്ടിച്ചു. ആകെയുള്ള 250 ൽ താഴെ പുസ്തകങ്ങളിൽ കൂടുതലും പല ആവർത്തി വായിച്ച ക്ലാസ്സിക്കുകൾ. വായനയ്ക്കായി ദിവസേന വെറും 90 മിനിറ്റും.

 

ആശങ്കകളറിയിച്ചു തടവുപുള്ളികളും അഭിഭാഷകരും രംഗത്തെത്തുകയായിരുന്നു. സർക്കുലറിലെ നിബന്ധനകൾ അന്തേവാസികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നും പുനരാലോചന വേണമെന്നും അഭിപ്രായങ്ങളുയർന്നു. പരാതികൾക്കൊടുവിൽ കഴിഞ്ഞ ദിവസം സർക്കുലർ റദ്ദാക്കി അധികാരികളുടെ അറിയിപ്പെത്തി. ഒപ്പം ഡിജിറ്റൽ ലൈബ്രറിയിലെ പുസ്തകങ്ങളുടെ എണ്ണവും വൈവിധ്യവും മെച്ചപ്പെടുത്തുമെന്നും വായനയ്ക്കായി കൂടുതൽ സമയം അനുവദിക്കുമെന്നും ഉറപ്പുനൽകുന്ന പുതിയ സർക്കുലറും.

 

സൗജന്യ ഇ-ബുക്ക് ദാതാക്കളായ ഓവർ ഡ്രൈവുമായി സഹകരിച്ചാണ് അലെഗെനി ജയിൽ അധികൃതർ തീരുമാനത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. ലോഗിൻ ചെയ്ത് ഒന്നര മണിക്കൂർ എന്ന പഴയ കണക്കിൽ നിന്ന് 12 മണിക്കൂറിലധികം സമയം പുതിയ സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെയാണ് ടാബ്‌ലറ്റുകൾ ലഭ്യമാക്കുക. സിനിമ കാണുക, പാട്ടു കേൾക്കുക, വീഡിയോകോൾ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾക്കു തുക ഈടാക്കുന്ന രീതി തുടരുമെങ്കിലും ഓൺലൈൻ പുസ്തകവായന തീർത്തും സൗജന്യം. സംഭാവനകളായി അയച്ചു കിട്ടുന്ന പുസ്തകങ്ങൾ ഈ ഡിസംബർ 28 വരെ സ്വീകരിക്കാനും തീരുമാനമായി. ആയിരത്തിലധികം പുസ്തകങ്ങളുള്ള ജയിൽ ലൈബ്രറി പഴയപടി ഉപയോഗിക്കുന്നതിലും തടസ്സമുണ്ടാകില്ല.

 

ഇന്റർനെറ്റ് ലഭ്യതയും സാങ്കേതിക തടസ്സങ്ങളും സുഗമമായ വായനയ്ക്കു ബുദ്ധിമുട്ടുയർത്തുന്നുണ്ടെങ്കിലും പുതിയ തീരുമാനത്തിൽ അന്തേവാസികൾ സന്തുഷ്ടരാണ്. ദിവസത്തിന്റെ ഏറിയപങ്കു ജീവിതവും ഇരുട്ടിലാണെങ്കിലും വായനയുടെ വെളിച്ചം തടവറയിൽ പരത്തുന്ന പ്രകാശം ചെറുതല്ല.

 

English Summary: Pennsylvania allegheny county jail facilitates online reading for inmates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com