ADVERTISEMENT

ശ്രീ സംസ്കൃത സർവകലാശാല കാലടി, മലയാള വിഭാഗത്തിൽ നിന്ന് കഴിഞ്ഞ മെയ് അവസാനം വിരമിച്ച ഡോ. എൻ. അജയകുമാർ മാഷിനോടുള്ള സ്നേഹോപഹാരമാണ് ‘സൂത്രവാക്കുകൾ’ എന്ന കലാനിഘണ്ടു. പൂർവ വിദ്യാർഥികളായ ആദർശ് സി, രാജേഷ് എം ആർ എന്നിവരാണ് ഈ നിഘണ്ടുവിന്റെ എഡിറ്റർമാർ.

 

ഇംഗ്ലീഷിലെ keywords നു തുല്യമായി ഇവിടെ സൂത്രവാക്കുകൾ എന്നാണ് ഉപയോഗിക്കുന്നത്. താക്കോൽവാക്ക് എന്ന നേർതർജ്ജമ മലയാളപരിസരത്തിന്റേതല്ല. സൂത്രം പലതരത്തിൽ നമ്മുടെ കലാവൈജ്ഞാനികമേഖലകളിൽ പ്രധാന്യമുള്ള വാക്കാണ്. ‘സൂത്രം വൃത്തി കാരിക’ ഓർക്കാം. ‘അർത്ഥവിപുലമായ ചെറിയവാക്യമാണ്’ ഇവിടെ സൂത്രം. സൂത്രം ചരടാണ്, എങ്ങോട്ടുവേണമെങ്കിലും നീട്ടിക്കൊണ്ടുപോകാവുന്നതും കെട്ടാവുന്നതുമായ ചരട്. സൂത്രം പിടിക്കുന്ന സൂത്രധാരൻ ഇന്ത്യൻ നാട്യസങ്കേതത്തിൽ, അവതരണത്തിന്റെ മൊത്തം നിയന്ത്രണം ഏറ്റെടുക്കുന്ന പ്രധാനകഥാപാത്രമാണല്ലോ. സൂത്രവാക്യം എന്നാണ് മുൻപ്രയോഗം. ഇവിടെ അത് സൂത്രവാക്കാകുന്നു. പ്രയോഗിച്ച് ഉറയ്ക്കേണ്ടുന്ന വാക്ക്. 

 

കേവലം ഒരു പദകോശം എന്ന നിലയിലല്ല, അകാരാദിക്രമത്തിൽ പരിശോധിക്കാനുള്ള ഘടനാക്രമം എന്ന നിലയിൽ മാത്രമാണ് ഈ കൃതി നിഘണ്ടുവാകുന്നത്. സാമാന്യമായ ഒരു നിഘണ്ടു എന്നതിനപ്പുറം ആശയതലത്തെ വിവരിക്കുകയും വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാവുന്ന തരത്തിലുള്ള വാക്കുകളാണ് ഇതിലുള്ളത്. കേവലം മൂർത്തമായ വസ്തുക്കളുടെ വിവരണം എന്നതിനപ്പുറം കലയുടെ സൗന്ദര്യാത്മകതലത്തെ വിശകലനം ചെയ്യാൻ സാധിക്കുന്ന വാക്കുകളുടെ ശേഖരം എന്ന മട്ടിലാണ് ഇതിന്റെ ഉള്ളടക്കം സംവിധാനം ചെയ്തിരിക്കുന്നത്. അതാകട്ടെ കലയുടെ ദർശനചരിത്രത്തെയും പരിണാമചരിത്രത്തെയും അനുഭൂതിചരിത്രത്തെയും വിവരിക്കുന്നതുമാണ്. കലയെ ഒരു സാംസ്‌കാരികപ്രക്രിയയായി കാണാൻ സാധിക്കുന്നു എന്നതാണ് ഇങ്ങനെ ചെയ്യുമ്പോഴുള്ള നേട്ടം. 

 

സമകാലികമായ ആശയലോകത്തെ പരമാവധി അഭിമുഖീകരിച്ചുകൊണ്ടുള്ള കലാസൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള ഒരു പദകോശമാണ് സൂത്രവാക്കുകൾ എന്ന ഈ പുസ്തകം. കലയെക്കുറിച്ചുള്ള ചിന്ത, ചരിത്രം, സൗന്ദര്യശാസ്ത്രം എന്നിവ എന്ത്, എങ്ങനെ, എന്തുകൊണ്ട് എന്നുള്ള അന്വേഷണമാണ് ഈ കൃതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലെ കുറിപ്പുകൾ പരമാവധി ശ്രമിക്കുന്നതും ഈ ചോദ്യത്തെ പൂരിപ്പിക്കാനാണ്. അതേസമയം സാമ്പ്രദായികമായ കലാസങ്കല്പത്തിനു പുറത്തായ ധാരാളം കലാമാതൃകകളെയും ഇതിൽ ഉൾച്ചേർത്തിരിക്കുന്നു. പാഠകം പോലുള്ള ഒരു പ്രകടനത്തെ കലയായി പരിഗണിക്കുമ്പോൾ രാപ്രഭാഷണം (വഅള്), പാടിപ്പറച്ചിൽ എന്നിവ കൂടി ഇവിടെ പരിഗണിക്കപ്പെടുന്നുണ്ട്.

 

പാചകവും ട്രോളും വരെ ഇതിൽ വിഷയമാണ്. ഉർവ്വരതയും ഞാറ്റുവേലയും മുതൽ ഫാഷനും ഗ്രാഫിക് ഡിസൈനും വരെ സൂത്രവാക്കുകളാകുന്നു. അതേസമയം ക്ലാസ്സിക്കൽ കലകളും ഫോക്‌കലകളും ആധുനികചിത്രകലാസങ്കേതങ്ങളും സാഹിത്യസങ്കല്പങ്ങളും സിനിമയും വരെ ഇതിൽ ഉള്ളടങ്ങിയിരിക്കുന്നു. പ്രമേയപരമായ സമഗ്രത അവകാശപ്പെടുന്ന വിജ്ഞാനകോശദൗത്യമല്ല, സങ്കല്പനപരമായ സമീപനമാണ് ഈ കൃതി പുലർത്തുന്നത്.

 

ശുദ്ധമായ കല എന്ന പാരമ്പര്യസങ്കല്പം കയ്യൊഴിഞ്ഞുകൊണ്ട് കലയുടെ വൈവിധ്യത്തെ, വൈചിത്ര്യങ്ങളെ, വൈരുദ്ധ്യങ്ങളെ ഏറ്റെടുക്കുകയും അവയുടെ സൗന്ദര്യശാസ്ത്രത്തെ വിശകലനം ചെയ്യുന്ന രീതിയാണ് ഇവിടെ സമീപിച്ചിരിക്കന്നത്. ഇവിടെ സൗന്ദര്യശാസ്ത്രമെന്നതും ഏകമാനമായതല്ല, വൈയക്തികവുമല്ല. മറിച്ച് സൗന്ദര്യത്തിന്റെ സാമൂഹിക, സാസ്‌കാരിക, ജ്ഞാനശാസ്ത്ര വിശദീകരണങ്ങളാണ് ഇവിടെ നടത്തിയിരിക്കുന്നത്. ആധുനികാനന്തര ചിന്തയുടെയും സംസ്‌കാരപഠനത്തിന്റെയും വിശകലനപദ്ധതി എന്നും ഇതിനെ പറയാവുന്നതാണ്. ആ അർത്ഥത്തിൽ കലയുടെ ആസ്വാദനം, പരിണാമം, ആശയമാതൃക എന്നിവയെല്ലാം സാംസ്‌കാരികമായും അതിലൂടെയുണ്ടാകുന്ന സൗന്ദര്യശാസ്ത്രത്തിലൂന്നിയുമാണ് ഇവിടെ വിശദീകരിക്കുന്നതെന്ന് പറയാം.അനിമേഷൻ, ഇസ്ലാമിക പാചക കല, കാരികേച്ചർ, ഖവ്വാലി, ഗാലറി, ജിംഗിൾ, ട്രോൾ, പച്ചക്കുത്ത്, ബാണി; മുഖത്തെഴുത്ത്, തവായഫ്, വീഡിയോ ആർട് ,ബിനാലെ, വെളിച്ചപ്പാട്, സൈബർ കല, ഹീബ്രു കാലിഗ്രാഫി, സൂഫിസം എന്നിങ്ങനെ നിരവധി വാക്കുകൾ ഇവിടെ വിശകലനം ചെയ്യുന്നുണ്ട്.

 

കാലടി, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മലയാളവിഭാഗം പ്രഫസ്സറായി വിരമിച്ച ഡോ. എൻ. അജയകുമാറിനോടുള്ള അവിടത്തെ പൂർവ്വവിദ്യാർഥികളുടെയും ഗവേഷകരുടെയും സ്നേഹോപഹാരമായ ഈ കൃതിയുടെ സങ്കല്പത്തെ സാക്ഷാത്കരിക്കാൻ ഒരുപാട് എഴുത്തുകാർ ഇതിൽ എഴുതിയിട്ടുണ്ട്. സച്ചിദാനന്ദൻ, ആർ.നന്ദകുമാർ, സുനിൽ പി ഇളയിടം, പി.എൻ.ഗോപീകൃഷ്ണൻ, ജി.ഉഷാകുമാരി, കവിതാ ബാലകൃഷ്ണൻ, കെ.എം.അനിൽ, അജു കെ നാരായണൻ, ഷാജു നെല്ലായി,ഏറ്റുമാനൂർ കണ്ണൻ എന്നിങ്ങനെ പ്രശസ്തരായ എഴുത്തുകാരും കേരളത്തിലും കേരളത്തിനുപുറത്തുമുള്ള സർവ്വകലാശാലകളിലെ യുവഗവേഷകരും ഇതിൽ പങ്കാളികളായിട്ടുണ്ട്.

 

ഇരുനൂറോളം വാക്കുകളും നൂറ്റിപതിനേഴു എഴുത്തുകാരും ഈ നിഘണ്ടുവിൽ സമ്മേളിച്ചിരിക്കുന്നു. ഗയ പുത്തകച്ചാലയാണ് ഇതിന്റെ പ്രസാധകർ. ക്രൗൺ സൈസിൽ പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകത്തിന് എണ്ണൂറ് രൂപയാണ് വില. കേരളീയ കലാ സാംസ്കാരിക പഠനത്തിന് വലിയൊരു മുതൽക്കൂട്ടാകും സൂത്രവാക്കുകൾ എന്ന ഈ കലാനിഘണ്ടു.

 

ക്ലാസിക്കല്‍ കലാരൂപങ്ങളിലും കവിതയിലും സാഹിത്യ-സാംസ്‌കാരിക സിദ്ധാന്തങ്ങളിലും ഒരേപോലെ അവഗാഹമുള്ള ചുരുക്കം പണ്ഡിതന്മാരിലൊരാളാണ് ഡോ.എന്‍ അജയകുമാര്‍. ആധുനികത മലയാള കവിതയില്‍, കവിതയുടെ വഴികള്‍, വാക്കിലെ നേരങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

English Summary: Dr. N Ajayakumar's former students present him an art dictionary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com