ADVERTISEMENT

ഗോത്രജീവിതത്തിന്റെ മുഖച്ഛായയാണ് ദയാബായിക്ക്. പരുക്കൻ സാരി, മൂക്കുത്തി, കഴുത്തിൽ സ്റ്റീൽ റിങ്ങും ഏലസുകെട്ടിയ ചരടുമാലയും, കൈയിൽ സ്റ്റീൽ വളകളും രാഖിയും, തോളിലൊരു തുണി സഞ്ചി .. ആദിവാസിഗ്രാമത്തിൽ താമസിച്ച് ഗോത്രവർഗക്കാർക്കായി പോരാടുന്ന അവരുടെ രൂപം അങ്ങനെയായതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ പാലായിലെ സമ്പന്നമായ പൂവരണി പുല്ലാട്ടുവീട്ടിൽ ജനിച്ച മേഴ്സിയെന്ന പെൺകുട്ടി ‘പോരാട്ടത്തിന്റെ പെൺവീര്യം’ എന്ന് വിശേഷിപ്പിക്കപ്പെട്ട ദയാബായി എന്ന പ്രശസ്ത സാമൂഹിക പ്രവർത്തകയായി മാറിയ കഥയിൽ വിസ്മയങ്ങൾ ഏറെയുണ്ട്. ജിപ്സിയെ പോലെ അലഞ്ഞു നടന്ന അവർ ബെൽജിയം, ഫ്രാൻസ് , റോം തുടങ്ങിയ സ്ഥലങ്ങളിൽ പ്രസംഗിക്കാൻ പോയതിലുമുണ്ട് പുതുമ.

 

daya-bai-social-worker

സ്‌കൂളിൽനിന്നു വിനോദയാത്ര പോയ ദയാബായി നഗരത്തിൽ നിന്നു വാങ്ങിക്കൊണ്ടു വന്നത് സപ്പോട്ടച്ചെടിയും കറുവാമരത്തിന്റെ തൈയുമാണ്. അന്നേ എനിക്കൊരു പച്ചവിരലുണ്ടായിരുന്നുവെന്നാണ് അതേക്കുറിച്ച് ദയാബായി പറയുന്നത്. മധ്യപ്രദേശിലെ ഉൾഗ്രാമത്തിൽ ധാന്യങ്ങളും പച്ചക്കറികളും കൃഷിചെയ്യുന്നതും ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിക്കുന്നതും ആ പച്ചവിരൽ തന്നെ. ആത്മകഥയുടെ പേരും മറ്റൊന്നായില്ല.

സാമൂഹികസേവനത്തിനിടെ മുംബൈയിലെ ചേരികളിലും ഫുട്‌പാത്തുകളിലും അലഞ്ഞുതിരിഞ്ഞ അവർ ഇടയന്മാർക്കൊപ്പം കന്നുകാലികളെ മേച്ചും വിശക്കുമ്പോൾ അരുവികളിൽ നിന്നു വെള്ളം കുടിച്ചും കഴിഞ്ഞു. ആദിവാസികളെ അക്ഷരം പഠിപ്പിച്ചതിനും അവർക്കുവേണ്ടി ശബ്ദമുയർത്തിയതിനും ജന്മികളുടെ എതിർപ്പും അക്രമങ്ങളും ഉണ്ടായി. പൊലീസിന്റെ അടിയേറ്റ് പല്ല് നഷ്‌ടപ്പെട്ടതാണ് ആദ്യത്തെ അവാർഡെന്നു ദയാബായി പറയുന്നു.

daya-bai

 

കൊച്ചുകൊട്ടാരം പ്രൈമറി സ്കൂൾ, വിളക്കുമാടം സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ബിഹാറിലെ ഹസാരിബാഗ് കോൺവെന്റിൽ കന്യാസ്ത്രീയാകാൻ ചേർന്നെങ്കിലും പരിശീലനം പൂർത്തിയാക്കുന്നതിനു മുൻപ് സാമൂഹിക സേവനത്തിനിറങ്ങി. കുറച്ചുകാലം ബിഹാറിൽ അധ്യാപികയായി. ബിഎസ്‍സി , എംഎസ്ഡബ്യു, എൽഎൽബി ബിരുദങ്ങൾ നേടി. ബംഗ്ലദേശ് യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്നവരെയും ഭോപ്പാൽ ദുരന്തത്തിന് ഇരയായവരെയും സഹായിക്കാൻ രംഗത്തിറങ്ങി. വർഷങ്ങളായി മധ്യപ്രദേശിലെ ഗോത്രവർഗക്കാരായ ഗോണ്ടുകളോടൊപ്പം ജീവിച്ച് അവരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നു. കേരളത്തിൽ ചെങ്ങറയിലെയും മുത്തങ്ങയിലെയും സമരങ്ങൾക്കും എൻ‌ഡോസൾഫാൻ ദുരിതബാധിതരുടെ സമരങ്ങൾക്കും പിന്തുണയുമായി ദയാബായി എത്തിയിരുന്നു.

 

ദയാബായി

ജനനം: 1941 ഫെബ്രുവരി 22ന് പാലായിലെ പൂവരണിയിൽ

യഥാർഥ പേര് : മേഴ്സി മാത്യു

പിതാവ്: പുല്ലാട്ട് മത്തായി

മാതാവ്: ഏലിക്കുട്ടി

 

പ്രധാന ബഹുമതികൾ: ഗാന്ധി പീസ് പ്രൈസ്,സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രഥമ ഗുഡ് സമരിറ്റൻ ദേശീയ അവാർഡ്, സ്വിറ്റ്സർലൻഡിലെ കേളീ വുമൺ ഓഫ് ദി ഇയർ അവാർഡ്, അയോധ്യ രാമായൺ ട്രസ്‌റ്റിന്റെ ജനനി ജാഗ്രതി അവാർഡ്, വനിത വുമൺ ഓഫ് ദി ഇയർ അവാർഡ്, മികച്ച സാമൂഹിക പ്രവർത്തകയ്‌ക്കുള്ള ധർമഭാരതി പുരസ്‌കാരം, ദ് സ്‌പിരിറ്റ് ഓഫ് അസ്സിസി ദേശീയ പുരസ്‌കാരം, വിജിൽ ഇന്ത്യ മൂവ്‌മെന്റിന്റെ മനുഷ്യാവകാശ അവാർഡ്,ഫാ. വടക്കൻ സ്മാരക പുരസ്കാരം, കെ.വി.സുരേന്ദ്രനാഥ് സ്‌മാരക പുരസ്‌കാരം, സ്ത്രീ ശക്തി അവാർഡ്.

 

Content Summary : Athmakathayanam Column by Dr. M. K. Santhosh Kumar on Daya Bai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com