ADVERTISEMENT

1959 ജൂലൈ 31. അന്നാണ് ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ (E.M.S. Namboodiripad) നേതൃത്വത്തിൽ അധികാരത്തിലേറിയ കേരളത്തിലെ ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കിയത്. മന്ത്രിസഭയുടെ പതനത്തിന് കാരണമായത് 1958ൽ ആരംഭിച്ച വിമോചനസമരമായിരുന്നു. സമരത്തിന് പല കാരണങ്ങളുണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി (Joseph Mundassery) അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനോടുള്ള ശക്തമായ എതിർപ്പായിരുന്നു. മന്ത്രി സ്ഥാനം നഷ്ടമായ മുണ്ടശ്ശേരി പിറ്റേന്നു പുലർച്ചെ തന്നെ വീട്ടുസാധനങ്ങൾ എടുത്ത് നാട്ടിലേക്ക് മടങ്ങി. പല രംഗത്തും പയറ്റിത്തെളിഞ്ഞ ആത്മവിശ്വാസം കൂട്ടുണ്ടായിരുന്നു.

നിയമസഭാ രാഷ്ട്രീയം കൈവിട്ട ശേഷം അദ്ദേഹം എഴുത്തിലും സാഹിത്യഅക്കാദമി പ്രവർത്തനങ്ങളിലും പ്രസംഗത്തിലും കൂടുതൽ സജീവമായി. ആത്മകഥയായ കൊഴിഞ്ഞ ഇലകളിൽ വിമോചന സമരത്തെക്കുറിച്ച് അൽപം ആക്ഷേപഹാസ്യത്തോടെ അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്. ‘എല്ലാതരം നിക്ഷിപ്ത താൽ‌പര്യങ്ങളും കോൺഗ്രസിന്റെ കുപ്പായത്തിൽ കയറിക്കഴിഞ്ഞപ്പോൾ സമരം വിമോചന സമരമായി. സമരക്കാർ ചെയ്തുകൂട്ടിയ എല്ലാതരം അക്രമങ്ങളും പിന്നെ അക്രമരഹിത സമരത്തിന്റെ മാതൃകകളായി. ബസ് തല്ലിപ്പൊളിക്കുക, സ്കൂളിനു തീവയ്ക്കുക, സർക്കാർ ഓഫിസുകൾ കയ്യേറുക,രാഷ്ട്രീയ പ്രതിയോഗികളെ കുത്തിക്കൊല്ലുക, ശവം മാന്തി തലയോട്ടികൾ വഴിനീളെ കെട്ടിത്തൂക്കുക...എന്നിങ്ങനെ പലതും’. ഇത്തരത്തിൽ ഏറെ സവിശേഷതകളുള്ളതിനാലാണ് മുണ്ടശ്ശേരിയും വിദ്യാഭ്യാസബില്ലും വിമോചനസമരവും പരസ്പരപൂരകങ്ങളായി കേരളചരിത്രത്തിലെ മഹാസംഭവങ്ങളായി മാറിയത്. അതെല്ലാം മുണ്ടശ്ശേരി ജീവിതത്തിൽ നിന്നു കൊഴിഞ്ഞുപോയ ഓരോ ഇലയിലും കുറിച്ചുവയ്ക്കുകയും ചെയ്തു. അധ്യാപകരുടെ മാഗ്നാകാർട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബിൽ അധ്യാപകർക്ക് മെച്ചപ്പെട്ട സേവന–വേതന വ്യവസ്ഥകൾ വിഭാവന ചെയ്യുന്നതായിരുന്നു. കേരളത്തിലെ പ്രധാന സർവകലാശാലകൾക്ക് പിൻബലമായതും ഈ ബില്ലുതന്നെ.

ജന്മനാടായ കണ്ടശ്ശാംകടവിൽ തന്നെയായിരുന്നു മുണ്ടശ്ശേരിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഊർജതന്ത്രത്തിൽ ബിരുദവും മലയാളം, സംസ്കൃതം എന്നിവയിൽ ബിരുദാനന്തരബിരുദവും നേടി സ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പടവുകൾ പലതു കയറി വിദ്യാഭ്യാസമന്ത്രി പദത്തിലെത്തി. സാഹിത്യ–സാംസ്കാരിക മേഖലകളിൽ വേരുറപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. അതിനിടയിൽ ഒട്ടേറെ ദുരിതങ്ങളും പ്രതിസന്ധികളും തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇന്റർമീഡിയറ്റിനു പഠിച്ചിരുന്ന കാലത്തോളം വിഷമം പിടിച്ച ഒന്ന് എന്റെ ജീവിതത്തിൽ പിന്നെ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം. ഒരു കോപ്പ കാപ്പിപോലും കുടിക്കാതെ അര മുറുക്കിക്കെട്ടി കഴിച്ച ദിവസങ്ങളുണ്ട്. ഇച്ഛാശക്തിയുടെ ബലത്തിൽ എല്ലാറ്റിനെയും അദ്ദേഹം സധൈര്യം നേരിട്ടു.

തൃശൂർ സെന്റ്തോമസ് കോളജിൽ അധ്യാപകൻ, മദ്രാസ്,തിരുവിതാംകൂർ,കേരള സർവകലാശാലകളിൽ സെനറ്റ് അംഗം, നിയമസഭാംഗം, പ്ലാനിങ് ബോർഡ് അംഗം, കേന്ദ്ര–കേരള സാഹിത്യഅക്കാദമികളിൽ അംഗം, കൊച്ചി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ, സമസ്തകേരള സാഹിത്യ പരിഷത്ത് അധ്യക്ഷൻ, മംഗളോദയം, കേരളം, നവജീവൻ തുടങ്ങിയവയുടെ പത്രാധിപർ, പുരോഗമന സാഹിത്യ പ്രസ്ഥാനം, സാഹിത്യപരിഷത്ത് എന്നിവയുടെ പ്രസിഡന്റ്, പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ പ്രവർത്തിച്ചു.

podcast-literature-athmakathayanam-column-by-dr-mk-santhosh-kumar-on-joseph-mundassery
പ്രഫ.ജോസഫ് മുണ്ടശ്ശേരി‌

ഭാഷാപണ്ഡിതൻ, ചിന്തകൻ, വാഗ്മി, നിരൂപകൻ, മന്ത്രി തുടങ്ങിയ നിലകളിലെല്ലാം തിളങ്ങിയ മുണ്ടശ്ശേരി ‘ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങാത്ത പേനയും’ കൊണ്ട് സാംസ്കാരിക സ്വാതന്ത്ര്യത്തിന്റെ കാവലാളായി മാറി. സാംസ്കാരിക സ്വാതന്ത്ര്യം അടിയറ വയ്ക്കാൻ തയാറാകാത്തതിനെ തുടർന്നായിരുന്നു അധ്യാപകവൃത്തിയിൽ നിന്നുള്ള രാജി.

കൊച്ചി പ്രജാമണ്ഡലം വഴിയാണ് മുണ്ടശ്ശേരി രാഷ്ട്രീയ രംഗത്തെത്തുന്നത്. 1948–ൽ കൊച്ചിയിലെ അർത്തുക്കരയിൽ നിന്നും 1954–ൽ ചേർപ്പിൽ നിന്നും തിരു–കൊച്ചി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1957ൽ മണലൂരിൽ നിന്ന് മത്സരിച്ചു ജയിച്ചതോടെയാണ് ഇഎംഎസ് മന്ത്രിസഭയിൽ മന്ത്രിയായത്. 1960ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റു. 1970–ൽ തൃശൂരിൽ നിന്ന് മത്സരിച്ചു വീണ്ടും നിയമസഭയിലെത്തി.

കൊച്ചി മഹാരാജാവിൽ നിന്ന് സാഹിത്യനിപുണൻ എന്ന ബിരുദം നേടിയ ആദ്യ ക്രിസ്ത്യാനി മുണ്ടശ്ശേരിയായിരുന്നു. മലയാള വിമർശന സാഹിത്യത്തെ ചൈതന്യവത്താക്കിയ അദ്ദേഹം കാളിദാസന്റെ മേഘസന്ദേശത്തെക്കുറിച്ചുള്ള പഠനങ്ങളിലൂടെ ഏറെ പെരുമ നേടി. എം.പി.പോൾ, കുട്ടികൃഷ്ണമാരാർ, നാലപ്പാടൻ, ചങ്ങമ്പുഴ, തകഴി,ജി.ശങ്കരക്കുറുപ്പ്, പി.കേശവദേവ്, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയവരുമായുള്ള ബന്ധവും സാഹിത്യ അക്കാദമി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായുള്ള ശ്രമങ്ങളും അദ്ദേഹത്തിന്റെ യശസ്സ് കൂട്ടുന്നതിന് ഉപകരിച്ചു.

പ്രഫ.ജോസഫ് മുണ്ടശ്ശേരി‌

ജനനം:1903 ജൂലൈ 17ന് തൃശൂരിലെ കണ്ടശ്ശാങ്കടവിൽ

ഭാര്യ: കത്രീന

മരണം: 1977 ഒക്ടോബർ 25

literature-channel-athmakathayanam-column-by-dr-mk-santhosh-kumar-on-joseph-mundassery
പ്രഫ.ജോസഫ് മുണ്ടശ്ശേരി‌

പ്രധാനകൃതികൾ: 

കരിന്തിരി, മാനദണ്ഡം, മാറ്റൊലി, രൂപഭദ്രത, കാലത്തിന്റെ കണ്ണാടി, രാജരാജന്റെ മാറ്റൊലി, മനുഷ്യകഥാനുഗായികൾ, നാടകാന്തം കവിത്വം, കൊഴിഞ്ഞ ഇലകൾ, പാറപ്പുറത്തുവിതച്ച വിത്ത്, പ്രഫസർ, കൊന്തയിൽ നിന്ന് കുരിശിലേക്ക്, ഉപന്യാസദീപിക,അന്തരീക്ഷം, പ്രയാണം, കാവ്യപീഠിക, പ്രഭാഷണാവലി, വായനശാലയിൽ, ഒറ്റനോട്ടത്തിൽ, നീണ്ടകത്തുകൾ, പാശ്ചാത്യ സാഹിത്യ സമീക്ഷ.

 

Content Summary : Athmakathayanam Column  by Dr. M. K. Santhoshkumar on Joseph Mundassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com