ADVERTISEMENT

ലൂക്കാ സാറിന്റേതു വിചിത്രമായൊരു മരണമായിരുന്നു. അധ്യാപകനായിരുന്ന കാലത്ത് സിലബസുമായി ഒരു ബന്ധവുമില്ലാത്ത രീതിയിൽ പഠിപ്പിക്കുകയും കവിതയുടെ പല കാലങ്ങളിലെ പല കവരങ്ങൾ ചാടിമറിഞ്ഞു കുഞ്ചനിൽ‌ തുടങ്ങി നിരണം കവികളിലെത്തുകയും ചെയ്തിരുന്ന അദ്ദേഹം വിരമിച്ചതു വീട്ടിലെ വായനാമുറിയിലേക്കായിരുന്നു. ‘വൻകരയിൽ നിന്നു വേർപെട്ട മറ്റൊരു ഭൂഖണ്ഡം’ പോലെയായിരുന്നു അത്. ഒരു ദിവസം ജയിംസ് ജോയിസിന്റെ ‘യുലീസ്സസ്’ എന്ന പുസ്തകം അലമാരയിൽ നിന്നു വലിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു. വലിച്ചിട്ടും പുറത്തേക്കു പോരാതെ വന്നതോടെ നിലത്തു കുത്തിയിരുന്നു വലിച്ചു. ഒടുവിൽ റൂൾത്തടി കൊണ്ടു പൊക്കിയെടുക്കേണ്ടി വന്നു. പ്രയാസപ്പെട്ടാണെങ്കിലും ‘യുലീസ്സസ്’ കയ്യിലെത്തി. പക്ഷേ, നിലത്തുനിന്ന് അദ്ദേഹം എഴുന്നേൽക്കും മുൻപ് അതു സംഭവിച്ചു. 

‘ആദ്യ പുസ്തക ഭിത്തി ചെറുതായനങ്ങി. പിന്നെയൊരു ഹുങ്കാരത്തോടെയും പിറകെ റാക്കുകളും അടരുകളും അലമാരകളും അലകളലകളായും അദ്ദേഹത്തിനു മീതെ പതിച്ചു. മണൽ കൊട്ടാരം നിർമിച്ച രാജാവിനെപ്പോലെ അതിലടക്കം ചെയ്യപ്പെട്ടു’. ലൂക്കാ സാർ എന്ന വായനക്കാരനു ജീവിച്ചിരിപ്പുള്ളതോ മരിച്ചുപോയതോ ആയ ആരെങ്കിലുമായി സാമ്യമുണ്ടോ എന്നറിയില്ല. അത് എസ്. ഹരീഷിന്റെ ‘അപ്പൻ’ എന്ന കഥയിലെ വിചിത്രരീതികളുള്ള വായനക്കാരനാകുന്നു.

world-books-day2

ലൂക്കാസാറിന്റേതു പോലുള്ള അന്ത്യം സംഭവിച്ചിട്ടുള്ള വായനക്കാരുണ്ടോ എന്നറിയില്ലെങ്കിലും അതു പ്രതീകാത്മകമായി സത്യമാകുന്ന വായനക്കാരുണ്ട്. ലോകത്തിൽ നിന്നു തന്നെ നിശ്ശബ്ദം പിൻവാങ്ങി പുസ്തകങ്ങളിൽ അലയുകയും അഭയം തേടുകയും ചെയ്യുന്ന എത്രയോ പേരുണ്ട്. വായിക്കാത്ത ഒരു ദിവസം അവരെ അലട്ടുമെന്നല്ല, വേട്ടയാടുക തന്നെ ചെയ്യും. കൂലിപ്പണിയെടുത്തു പുസ്തകങ്ങൾ വാങ്ങുന്നവർ മുതൽ ദിവസവും നൂറുകണക്കിനു താളുകൾ വായിച്ചു തള്ളുന്ന വാറൻ ബഫെയെയും ചാർലി മംഗറിനെയും പോലുള്ള ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻമാർ വരെയുണ്ട്. തൊഴിലിന്റെ ഭാഗമായി വായിക്കുന്നവരുണ്ട്; കേവലാനന്ദത്തിനായി വായിക്കുന്നവരുണ്ട്. ആത്മഹത്യ ചെയ്യാതിരിക്കാൻ മാത്രം വായിച്ചുകൊണ്ടിരിക്കുന്നവരുമുണ്ട്. ലോകത്തെ തെളിച്ചത്തോടെ അറിയാൻ വായിക്കുന്നവരുണ്ട്. 

പാപ്പിറസ് ചുരുളുകളിലും താളിയോലകളിലും നിന്നു കടലാസ്സിലേക്കും കിൻഡിൽ താളുകളിലേക്കുമുള്ള പുസ്തകത്തിന്റെ പകർന്നാട്ടങ്ങളിലെല്ലാം സ്വയം സമർപ്പിതരായ ഇത്തരം വായനക്കാരുണ്ടായിരുന്നു. അജ്ഞാതനായ ആദ്യ വായനക്കാരൻ തൊട്ടു തുടരുന്ന മഹാപരമ്പരയാണ് അത്. (ആരായിരുന്നിരിക്കും ലോകത്തെ ആദ്യ വായനക്കാരൻ? അതു തേടിപ്പോയാൽ ക്രിസ്തുവിനു നാലായിരം വർഷങ്ങൾക്കു മുൻപു സുമേറിയയിൽ നാം എത്തും. അവിടെയൊരു കളിമൺ പാളിയിൽ പത്ത് ആടുകളെയും ഒരു ചെമ്മരിയാടിനെയും സൂചിപ്പിക്കുന്ന ഏതാനും ലിഖിതങ്ങളുണ്ടായിരുന്നു. ഇതു വായിച്ചയാളെയാണ് ലോകത്തെ ആദ്യ വായനക്കാരനായി ചരിത്രം രേഖപ്പെടുത്തുന്നത്!).

വിശ്വനാഥനാകാൻ സൈന്യവുമായി ഇറങ്ങിയ അലക്സാണ്ടർ ചക്രവർത്തിക്ക് ഉറങ്ങുമ്പോൾ പോലും രണ്ടു സാധനങ്ങൾ അടുത്തുണ്ടാകണമെന്ന് നിർബന്ധമുണ്ടായിരുന്നു. ഒന്ന് ഒരു കഠാരയായിരുന്നു. ഓർക്കാപ്പുറത്ത് എത്തിയേക്കാവുന്ന ശത്രുവിനായി അദ്ദേഹം അതു കാത്തുവച്ചു. കയ്യെത്തും ദൂരത്ത് ഒരു പെട്ടിയും ഉണ്ടായിരുന്നു. പടയോട്ടത്തിനിടെ പിടിച്ചെടുത്ത ആ പെട്ടിക്കുള്ളിലുണ്ടായിരുന്നത് ഒരു ഇതിഹാസമായിരുന്നു–‘ഹോമറിന്റെ ഇലിയഡ്’. ഒരിക്കൽ സ്വന്തം ജീവിതവും ഇലിയഡ് പോലെ അനശ്വരമായ കാവ്യത്തിനു വിഷയമാകുന്നത് അദ്ദേഹം സ്വപ്നം കണ്ടു. പടയോട്ടങ്ങളേക്കാൾ ഹരമായിരുന്നു അലക്സാണ്ടറിനു വായന. പുസ്തകങ്ങൾ പരിമിതമായ അക്കാലത്ത് അദ്ദേഹം പലയിടങ്ങളിൽ നിന്നു പുസ്തകങ്ങൾ ശേഖരിച്ചുകൂട്ടി. അലക്സാണ്ട്രിയൻ തീരത്ത് അടുക്കുന്ന കപ്പലുകളിലെ പുസ്തകങ്ങൾ പകർപ്പെടുക്കുന്നതിനായി കൈമാറണമെന്നൊരു ഉത്തരവു തന്നെയുണ്ടായിരുന്നു. അവിടത്തെ വൻ ഗ്രന്ഥാലയത്തിൽ ഒരുകാലത്ത് അഞ്ചുലക്ഷത്തോളം ഗ്രന്ഥങ്ങളുണ്ടായിരുന്നെന്നു പറയപ്പെടുന്നു. ആ അക്ഷരാലയത്തെ പിൽക്കാലത്ത് അഗ്നി വിഴുങ്ങുകയായിരുന്നു. എന്നാൽ ചരിത്രത്തിൽ പുസ്തകാനുരാഗിയായ അലക്സാണ്ടർ മാത്രമല്ല, പുസ്തകവിരോധിയായ ചൈനീസ് ചക്രവർത്തി ഷിഹ് ഹുവാങ് തിയും ഉണ്ട്. തനിക്കു മുൻപു ചരിത്രമേ ഉണ്ടാകാൻ പാടില്ലെന്നു ശഠിച്ചിരുന്ന ആ വ്യാമോഹി തന്റെ ഭരണകാലത്തിനു മുൻപിറങ്ങിയ പുസ്തകങ്ങളെല്ലാം അഗ്നിക്കിരയാക്കാൻ ഉത്തരവിട്ടു. അമൂല്യമായ ഒട്ടേറെ പുസ്തകങ്ങളാണ് അങ്ങനെ ചാരമായത്. മരത്തിന്റെ പോടുകളിലും മറ്റും ഒളിപ്പിച്ചാണത്രേ ചില പുസ്തകങ്ങളെ രക്ഷപ്പെടുത്തിയത്. 

world-books-day5

അബ്ദുൽ കാസിം ഇസ്മായിലെന്ന പേർഷ്യൻ ഭരണാധികാരിയെപ്പോലെ പുസ്തകാനുരാഗികളായ വായനക്കാരുടെ ഒരു നിരയെത്തന്നെ ചരിത്രത്തിൽ കാണാം. മറ്റെന്തിനേക്കാളും പുസ്തകാവേശിതരായവർ. ഒരു ലക്ഷത്തിലേറെ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു. കൊട്ടാരം വിട്ടു ദീർഘയാത്ര ചെയ്യേണ്ടി വരുമ്പോൾ പുസ്തകങ്ങളെ പിരിയാൻ അദ്ദേഹത്തിനു മനസ്സു വന്നിരുന്നില്ല. അതുകൊണ്ട് എല്ലായിടത്തും ഈ പുസ്തകങ്ങളും കൂടെപ്പോകാൻ തുടങ്ങി. പുസ്തകങ്ങൾ ചുമക്കാൻ മാത്രം നൂറുകണക്കിന് ഒട്ടകങ്ങൾ. തിരിച്ചുവീട്ടിലെത്തുമ്പോൾ പുസ്തകങ്ങൾ ക്രമം തെറ്റാതെ തിരിച്ച് അടുക്കിവയ്ക്കണമല്ലോ. അതുകൊണ്ട് അക്ഷരമാലാ ക്രമത്തിലായിരുന്നു ഒട്ടകസഞ്ചാരം. 

ലൂക്കാ സാറിൽ നിന്നാണല്ലോ തുടങ്ങിയത്. അപ്പോൾ പ്രഭാകരനെന്ന മറ്റൊരു ഗംഭീര വായനക്കാരനെയും ഓർക്കാതെ വയ്യ. ഉണ്ണി ആർ. എഴുതിയ ‘എന്റെയാണെന്റെയാണീക്കൊമ്പനാനകൾ’ എന്ന കഥയിൽ നിന്നാണ് പ്രഭാകരൻ വരുന്നത്. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ പുസ്തകങ്ങൾ വാങ്ങിക്കൂട്ടാനും വായിക്കാനും ചെലവിട്ട, മറ്റൊരിടത്തും വിജയിക്കാനാകാത്ത ആളായിരുന്നു പ്രഭാകരൻ. ഭാര്യയുടെ അധ്വാനം കൊണ്ടു കുടുംബം കഴിഞ്ഞുപോകുന്നു. അൻപതാം വയസ്സിൽ പ്രഭാകരന് ബോധോദയമുണ്ടാകുന്നു–‘പുസ്തകങ്ങൾ കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല’. അതു വിൽക്കാൻ അയാൾ തീരുമാനിക്കുന്നു. പുസ്തകങ്ങൾ ഇരിക്കുന്ന മുറിയിലേക്കു കടക്കാൻ പോലും ഭയക്കുന്ന ഭാര്യ പത്മിനി പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. ഇത്രകാലത്തെ സമ്പാദ്യമല്ലേ, അതു വിൽക്കണോ? എന്നാൽ പ്രഭാകരൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ആക്രിക്കച്ചവടം ചെയ്യുന്ന മുഹമ്മദിനോടു പ്രഭാകരൻ കാര്യം പറയുന്നു. അയാൾ കൊണ്ടുവന്ന ഡോക്ടർക്ക് രണ്ടേകാൽ ലക്ഷത്തിനു പുസ്തകങ്ങളും ഈട്ടിത്തടി കൊണ്ടുള്ള അലമാരകളും വിൽക്കുന്നു. വാങ്ങിയ ഡോക്ടർ വായനക്കാരനൊന്നുമല്ല, പക്ഷേ പഴയതെന്തും വില കൊടുത്തു വാങ്ങും.

world-books-day1

പുസ്തകങ്ങൾ വിറ്റപ്പോഴാണ് മുറിക്ക് ഇത്ര വലുപ്പമുണ്ടെന്നു തന്നെ പ്രഭാകരനു മനസ്സിലായത്. ‘‘ഒരു വായനക്കാരന്റെ മരണം ആഘോഷിക്കുന്നതു പോലെയാണ് പ്രഭാകരൻ പിന്നീടുള്ള രണ്ടു ദിവസങ്ങളിലും കഴിഞ്ഞത്. ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളാണ് വായനക്കാർ. എഴുത്തുകാരന് പണവും പ്രശസ്തിയും ലഭിക്കുന്നു. വായനക്കാരനോ? പണം നഷ്ടപ്പെടുന്നു. ഉറക്കം നഷ്ടപ്പെടുന്നു. മുറിയിലെ സ്ഥലം നഷ്ടപ്പെടുന്നു. കുടുംബസമാധാനം നഷ്ടപ്പെടുന്നു. ഒരാളും വായനക്കാരനെ അറിയുന്നില്ല’’. 

പുസ്തകങ്ങൾ വിറ്റു മൂന്നാം ദിവസം രാത്രി ഉറക്കം വിട്ടുണർന്ന പ്രഭാകരൻ മൂത്രമൊഴിക്കാൻ പോയി. പിന്നീട് ഉറക്കം വന്നില്ല. അത്തരം സന്ദർഭങ്ങളിൽ പുസ്തകങ്ങൾ വച്ചിരിക്കുന്ന മുറിയിൽ പോയി എന്തെങ്കിലും വായിക്കുകയാണ് പതിവ്. അന്നും അയാൾ അവിടേക്കു ചെന്നു. മുറിയിലെ ലൈറ്റിട്ടതും അയാൾ ഉലഞ്ഞുപോയി. ഭാര്യ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. പുസ്തകങ്ങൾ എങ്ങനെയും തിരിച്ചുവാങ്ങണം, പ്രഭാകരൻ ഉറപ്പിക്കുന്നു. വാങ്ങിയ തുക പലിശ സഹിതം തിരിച്ചുകൊടുത്തിട്ടായാലും പുസ്തകങ്ങൾ മടക്കിവാങ്ങിയേ മതിയാകൂ. അയാൾ മുഹമ്മദിനെ സമീപിക്കുന്നു. ‘റോങ് ഏർപ്പാട്’ ആണെങ്കിലും താൻ ശ്രമിക്കാമെന്നു പറഞ്ഞ് അയാൾ പ്രഭാകരനെ മടക്കി അയയ്ക്കുന്നു. എന്നാൽ ഡോക്ടർ സമ്മതിക്കുന്നില്ലെന്നു മുഹമ്മദ് പറഞ്ഞതോടെ നേരിട്ട് ഡോക്ടറുടെ വീട്ടിലേക്ക് എത്തുകയാണ് പ്രഭാകരൻ. വലിയൊരു മുറിയിൽ തന്റെ പുസ്തകങ്ങൾ കാണുന്നു. അതിലൊരു പുസ്തകമെടുത്ത് ആദ്യ വാചകങ്ങൾ വായിക്കുന്നു. അപസ്മാരരോഗിയുടേതു പോലുള്ള പ്രഭാകരന്റെ ചലനങ്ങൾ നോക്കിനിൽക്കുന്ന ഡോക്ടറോട് പുസ്തകങ്ങളെക്കുറിച്ചും വായനയെക്കുറിച്ചും അയാൾ സംസാരിക്കുന്നു. ഒടുവിൽ പ്രഭാകരൻ നാവിൻതുമ്പിൽ നിന്ന് ആ വാചകം പുറത്തെടുത്തു:‘എനിക്കെന്റെ പുസ്തകങ്ങൾ വേണം’. ഡോക്ടർ അതിനു കൂട്ടാക്കുന്നില്ല. ‘എന്റെയാണ്’ എന്ന് ഇടറുന്ന ശബ്ദത്തിൽ പറഞ്ഞ് പുസ്തകങ്ങളിലേക്കു മുഖം ചേർക്കുന്ന പ്രഭാകരൻ കഴുത്തിൽ ഒരു ലോഹത്തണുപ്പ് അറിയുന്നു. പഴയ സാധനങ്ങൾ ശേഖരിക്കുന്ന കൂട്ടത്തിൽ ഡോക്ടർക്കു കിട്ടിയ തോക്കായിരുന്നു അത്. വില്ലി എന്ന സായ്പിന്റേതായിരുന്നു അത്.

world-books-day3

പ്രഭാകരനെ അൽപനേരം കൂടി അവിടെനിൽക്കാൻ അനുവദിച്ചുകൊണ്ട് ഡോക്ടർ തോക്കുമായി മുറിക്കു പുറത്തിറങ്ങി. കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്: ‘ഒരിന്ദ്രജാലക്കാരന്റെ അടിമയെപ്പോലെ ഡോക്ടർക്കു പിന്നാലെ വീടിനു പുറത്തേക്കു നടക്കുമ്പോൾ പ്രഭാകരൻ മറ്റൊന്നുമറിഞ്ഞില്ല. എന്നാൽ, തനിക്കു മാത്രമായി ഡോക്ടർ തന്ന നിമിഷത്തിൽ മോഷ്ടിച്ചെടുത്ത ഒരു പുസ്തകം അടിവയറിലേക്ക് അതിന്റെ ചൂടും മിടിപ്പും വിയർപ്പും പടർത്തുന്നതു മാത്രം പ്രഭാകരൻ അറിഞ്ഞു’. സ്വന്തമായിരുന്ന പുസ്തകശേഖരത്തിൽ നിന്ന് ഒടുവിൽ ഒരു പുസ്തകം മോഷ്ടിക്കേണ്ടി വരുന്ന വായനക്കാരന്റെ ഗതികേട്! ഒരു മരം കാടാകുന്നതിലും ദുഷ്കരമാണ് ഒരു പുസ്തകം ഗ്രന്ഥശാലയാകുന്നത്. 

പി.വി. ഷാജികുമാർ കറുത്ത ഹാസ്യത്തിൽ കരുപ്പിടിപ്പിച്ച ‘മരണമുണ്ടാക്കിക്കളിക്കാം’ എന്ന കഥയിൽ മരിച്ചെന്നു പോലും സമ്മതിക്കാൻ കൂട്ടാക്കാത്ത വായനക്കാരനായ ഒരു കഥാപാത്രമുണ്ട്. ‘മരണം ഒരു യാഥാർഥ്യം തന്നെയാണ്. അത് അംഗീകരിച്ചേ മതിയാകൂ’ എന്ന സുഹൃത്തിന്റെ മഹദ് വചനമൊന്നും അയാളെ ഏശുന്നില്ല. ഒടുവിൽ തടിച്ച മുളക്കഷ്ണങ്ങൾ കൊണ്ട് ചിതയിലേക്കു തള്ളുന്നതോടെ പ്രതിരോധം വിഫലമാകുന്നു. ചിതയ്ക്കു തീകൊളുത്തുമ്പോൾ കൂടിനിന്നവരിലൊരാൾ പറയുന്ന വാചകമുണ്ട്: ‘ഒരുപാടു വായിച്ചിരുന്ന തലയല്ലേ, അങ്ങനെയൊന്നും കത്തിത്തീരില്ല’. അത്തരമൊരു വാചകം കൊതിക്കാത്ത ഏതു പുസ്തകപ്രേമിയാണുള്ളത്?. മരണാനന്തരം അത്തരമൊരു വാചകം കുറിക്കപ്പെടാൻ മാത്രമാകും അയാൾ നിഷ്ഠയോടെ പുസ്തകങ്ങൾ വായിച്ചുതള്ളിയതത്രയുമെന്നു തോന്നിപ്പിക്കും വിധം മോഹിപ്പിക്കുന്നതാണ് അത്.

world-books-day4

പുസ്തകങ്ങൾ അങ്ങനെയാണ്. ചിലപ്പോൾ നമ്മെ നിരാശയുടെയും നിരർഥകതയുടെയും തുരുത്തുകളിലേക്കു നാടുകടത്തും. വായിച്ചുതീർത്ത ദിനങ്ങളും പുസ്തകശാലകളിൽ കുടഞ്ഞിട്ട കീശകളും പാഴായെന്ന വ്യർഥതാബോധം പിടികൂടും. നമ്മുടെ കാലശേഷം പ്രിയപ്പെട്ട പുസ്തകങ്ങൾക്ക് എന്തു സംഭവിക്കുമെന്ന വേവലാതി പിടികൂടും. പുസ്തകങ്ങളിൽ നിന്നു മുഖംതിരിച്ചു നടക്കും. പക്ഷേ പ്രാക്തന ഗന്ധങ്ങളും സ്പർശവും കാത്തുവച്ച് അവ നമ്മളെ തിരിച്ചുവിളിക്കും. അത് ഏറെക്കാലം തടുക്കാൻ ഒരു വായനക്കാരനും ആകില്ല. ഒടുവിൽ ഒരു ദിനം വീണ്ടും പുസ്തകങ്ങളിലേക്കു മുഖമാഴ്ത്തുന്നു. അതുവരെ കാണാത്ത ഒരു മിന്നൽ, കേൾക്കാത്ത മുഴക്കം..താളുകൾക്കിടയിൽ പ്രത്യക്ഷമാകുന്നു. വീണ്ടും പുസ്തകാനുരാഗത്തിന്റെ ദിനങ്ങൾ തുടങ്ങുകയായി. അതെ, ബോർഹസ് സങ്കൽപ്പിച്ചതു ശരിയാണ്, സ്വർഗം ഒരുതരത്തിലുള്ള വായനശാലയാണ്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com