സ്വന്തം മനസ്സിനെ മാത്രം ശ്രദ്ധിക്കൂ: നൊബേൽ ലഭിക്കാത്തവർക്ക് ജേതാവിന്റെ ഉപദേശം
Mail This Article
ഭൂമിയിലെ എഴുത്തുകാരെല്ലാം നൊബേൽ സമ്മാനം കിട്ടാൻ ആഗ്രഹമുള്ളവരാണ്. ഒരുപക്ഷേ പലരും ഇത് അംഗീകരിച്ചുതരില്ല എന്നു പറഞ്ഞിട്ടുണ്ട് വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ആ പുരസ്കാരം ലഭിച്ച പാബ്ലോ നെരൂദ.
പല വർഷങ്ങളിലും നെരൂദയുടെ പേര് പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഒടുവിൽ അദ്ദേഹവും ആ പ്രതീക്ഷയുടെ ഭാരം പേറിത്തുടങ്ങി. 1963 ൽ റേഡിയോകൾ ഉൾപ്പെടെ ലോകമെങ്ങുമുള്ള മാധ്യമങ്ങൾ നൊബേൽ നെരൂദയ്ക്കു തന്നെ എന്നുറപ്പിച്ചു. എല്ലാ ഒരുക്കങ്ങളും നടത്തി നെരൂദയും കാത്തിരിപ്പിലായി. സ്വതസിദ്ധമായ കുസൃതിയോടെയാണ് അതിനെക്കുറിച്ച് അദ്ദേഹം ആത്മകഥയിൽ എഴുതിയത്.
മാറ്റിൽഡേയും ഞാനും വീടിന്റെ പ്രതിരോധം ശക്തമാക്കി. ചുവന്ന വീഞ്ഞും ഭക്ഷണവും സമൃദ്ധമായി ശേഖരിച്ച് പടിയടച്ച് ആമത്താഴിട്ടു പൂട്ടി. വാർത്താലേഖകർ പാഞ്ഞെത്തി. പക്ഷേ, ഞങ്ങൾ അവരെ അകറ്റിനിർത്തി. കൂറ്റൻ ചെമ്പുതാഴിട്ട ഗേറ്റ് കടക്കാൻ അവർക്കായില്ല...
എന്നാൽ അത്തവണ ഒരു ഗ്രീക്ക് കവിക്കായിരുന്നു പുരസ്കാരം. സെഫരിസ്. നെരൂദ അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടേയുണ്ടായിരുന്നില്ല. അന്നു വൈകിട്ട് കവിയുടെ വീട്ടിൽ ആഘോഷിക്കാൻ എത്തിക്കാൻ സ്വീഡന്റെ അംബാസഡറും കേട്ടിട്ടില്ലായിരുന്നു. നെരൂദയും കുടുംബവും അംബാസഡറിനൊപ്പം കിട്ടാത്ത പുരസ്കാരം ആഘോഷിച്ചു. കുടിച്ചു മറിഞ്ഞു എന്നാണ് നിഷ്കളങ്കമായ കുസൃതിയോടെ കവി എഴുതിയത്.
ഇത്തവണ യോൻ ഫോസെ എന്ന നോർവീജിയൻ എഴുത്തുകാരന് പുരസ്കാരം ലഭിച്ചപ്പോൾ നെരൂദയെപ്പോലെ കുറച്ച് എഴുത്തുകാരെങ്കിലും നിരാശരായിട്ടുണ്ടാകും. വായനക്കാരും. പല പേരുകൾ പരാമർശിക്കപ്പെട്ട് ഒടുവിൽ സൽമാൻ റുഷ്ദിയുടെ പേരിനായിരുന്നു ഇത്തവണ ചർച്ചകളിൽ മുൻതൂക്കം. യുഎസിലെ ഒരു വേദിയിൽ പരസ്യമായി ആക്രമിക്കപ്പെട്ടതിന്റെ കൂടി പശ്ഛാത്തലത്തിൽ പുരസ്കാരം റുഷ്ദിക്കു തന്നെ എന്നു പലരും ഉറപ്പിച്ചിരുന്നു. ഊഹാപോഹങ്ങൾ എഴുതുകയും ചെയ്തു. എന്നാൽ, യോൻ ഫോസെയുടെ പേര് ഞെട്ടലോടെ ഒടുവിൽ സ്വീകരിക്കേണ്ടിവന്നു. എന്നാൽ, ഞെട്ടൽ തോന്നാത്ത ഒരാളുണ്ടായിരുന്നു. എന്നു മാത്രമല്ല കാത്തിരുന്നു ലഭിച്ചതിന്റെ ആശ്വാസം പോലും ആ വ്യക്തിക്ക് ഉണ്ടായി. അതു സാക്ഷാൽ യോൻ ഫോസെ തന്നെയായിരുന്നു. അദ്ദേഹമത് തുറന്നുപറയുകയും ചെയ്തു.
കഴിഞ്ഞ വർഷം ഫോസെയുടെ 'എ ന്യൂ നെയിം' എന്ന പുസ്തകം നാഷണൽ ബുക് അവാർഡിനു പരിഗണിച്ചിരുന്നു. അന്ന് ഒരു ഓൺലൈൻ മാസിക ഫോസെയുമായി സംസാരിക്കുകയുണ്ടായി. സാഹിത്യ ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ച ഉപദേശം എന്തെന്ന ചോദ്യത്തിന് മറയില്ലാതെ അദ്ദേഹം മറുപടിയും പറഞ്ഞു. അതിപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്; നൊബേൽ പുരസ്കാര പ്രഭയിൽ.
ജീവിതത്തിൽ ഞാൻ മനസ്സിലാക്കിയ ഏറ്റവും മികച്ച പാഠം സ്വന്തം മനസ്സിനെ ശ്രദ്ധിക്കുക എന്നതാണ്. മറ്റാരും പറയുന്നതല്ല കേൾക്കേണ്ടത്, സ്വന്തം ശബ്ദമാണു കേൾക്കേണ്ടത്. എന്റെ ആദ്യത്തെ നോവൽ പുറത്തുവന്നപ്പോൾ മിക്കവരെ അതേക്കുറിച്ചു മോശമായാണ് എഴുതിയത്. ഞാനന്ന് വേട്ടയാടപ്പെട്ടു. അന്ന് വിമർശകരുടെ വാക്കുകൾക്കു ഞാൻ ചെവി കൊടുത്തിരുന്നെങ്കിൽ എന്നേ എഴുത്ത് നിർത്തേണ്ടതായിരുന്നു. പകരം എനിക്കറിയാവുന്ന ജോലി വൃത്തിയായി ഞാൻ ചെയ്തു. അന്നു മുതൽ, മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കരുതെന്ന പാഠം കൃത്യമായി പാലിക്കുന്നു.
ഇതിനു തീർച്ചയായും രണ്ടു വശമുണ്ട്. കുറച്ചു നാളുകളായി എന്റെ പുസ്തകങ്ങൾ നന്നായി സ്വീകരിക്കപ്പെടുന്നു. പുരസ്കാരങ്ങളും ലഭിക്കുന്നു. എന്നാൽ അതൊന്നും എന്നെ സ്വാധീനിക്കരുതെന്ന കാര്യത്തിൽ നിർബന്ധമുണ്ട്. നല്ലതോ ചീത്തയോ ആയ പ്രതികരണം. അതെന്തുമാകട്ടെ. എനിക്കറിയാവന്നത് നന്നായി ചെയ്യുക. എന്റെ നാടകങ്ങൾ വലിയ വിജയങ്ങളായിരുന്നു. ധാരാളമായി അരങ്ങിൽ അവതരിക്കപ്പെടുകയും ചെയ്തു. എന്നാൽ ഇനി നാടകങ്ങൾ എഴുതണ്ട എന്നു ഞാൻ തീരുമാനിച്ചു. വർഷങ്ങളായി ആ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു: ഫോസെ പറഞ്ഞു.
1960 കളുടെ തുടക്കത്തിൽ തന്നെ കാത്തിരിപ്പ് തുടങ്ങിയ നെരൂദയ്ക്ക് 1971 ലാണ് നൊബേൽ ലഭിച്ചത്. എന്നാൽ കാത്തിരുന്നിട്ടും ലഭിക്കാതിരുന്നവരുടെ നിരയാണു കൂടുതൽ. അവരുടെ നിരാശയ്ക്കും മുകളിലൂടെ ഫോസെയുടെ വാക്കുകൾ പ്രതിധ്വനിക്കുന്നു:
സ്വന്തം ശബ്ദത്തെ മാതം ശ്രദ്ധിക്കുക. മറ്റെല്ലാം അവഗണിക്കുക.