അങ്ങനെ പി. പേരിന്റെ കൂടെ
Mail This Article
ആദ്യകാലത്ത് പി.വൽസല എഴുതിയിരുന്നത് വൽസല എന്ന പേരിലാണ്. അപ്പോഴാണ് മറ്റൊരു വൽസല കൂടി നോവലെഴുത്തുമായി രംഗപ്രവേശം ചെയ്തത്. പ്രശസ്ത നോവലിസ്റ്റ് വൈക്കം ചന്ദ്രശേഖരൻനായരായിരുന്നു അത്. വൽസല എന്ന തൂലികാനാമത്തിൽ അദ്ദേഹം നോവലുകൾ എഴുതിയിരുന്നു. വൈക്കം ഭാര്യയുടെ പേരായ വൽസല ഇടയ്ക്കൊക്കെ തൂലികാനാമമാക്കിയതാണ്.
നോവലിസ്റ്റ് കെ.സുരേന്ദ്രനാണ് വൽസലയോട് പറഞ്ഞത് എഴുത്തിന് ആധികാരികത വരണമെങ്കിൽ ഇനിഷ്യൽ കൂടി ചേർക്കണമെന്ന്. അങ്ങനെ വൽസല പി.വൽസല ആയി. പറക്കുളത്തിൽ എന്നത് വൽസലയുടെ വീടിനു ചുറ്റുമുള്ള പ്രദേശത്തിനു പറഞ്ഞിരുന്ന പേരായിരുന്നു. അതിന്റെ ചുരുക്കമാണ് പി.
വർഗീസും വയനാട്ടിലെ സായുധ വിപ്ലവവും
വൽസല രാവിലത്തെ പത്രം എടുത്തുനോക്കിയപ്പോൾ കണ്ടത്, നക്സൽ വർഗീസ് വെടിയേറ്റു മരിച്ചു എന്ന വാർത്തയാണ് ആഗ്നേയമെന്ന നോവലിന്റെ ആദ്യചിന്തകൾ തീപ്പൊരിയായി വന്നുവീണത് അപ്പോഴാണ്. എന്നാൽ ജീവിതത്തിലൊരിക്കൽ മാത്രമാണ് വൽസല വർഗീസിനെ നേരിട്ടു കണ്ടത്. കാളിന്ദി നദിയുടെ (തിരുനെല്ലി) തീരത്തുവച്ച് 1967ലെ തന്റെ ആദ്യ വരവിൽ. അന്നുതന്നെ വയനാട്ടിലുണ്ടാവാൻപോകുന്ന സായുധവിപ്ലവത്തെക്കുറിച്ച് താൻ മുൻകൂട്ടി കണ്ടിരുന്നുവെന്ന് പിൽക്കാലത്ത് വൽസല പറഞ്ഞിട്ടുണ്ട്. തീപ്പൊരി വിപ്ലവമെന്ന നിലയിൽ നക്സലിസത്തെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് ആഗ്നേയം എന്ന പേര് ഉണ്ടായത്.