ADVERTISEMENT

വേദനിക്കുന്നവരുടെ ഒപ്പം നിൽക്കാനും അനീതിക്കെതിരെ പോരാടാനും അധർമങ്ങളെ തുറന്നുകാട്ടാനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഇനിയും പോരാടുമെന്ന് പ്രമുഖ എഴുത്തുകാരനായ അംബികാസുതൻ മാങ്ങാട്. ആറാം ക്ലാസ്സിലെഴുതിയ കഥയുടെ പേരായ ജീവിതപ്രശ്‌നങ്ങൾ തന്നെയാണ് അൻപതുവർഷക്കാലമുള്ള തന്റെ മൊത്തം എഴുത്തുകൾക്ക് നൽകാവുന്ന തലക്കെട്ടെന്നും നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിലെ മീറ്റ് ദ ഓഥർ സെഷനിൽ അദ്ദേഹം പറഞ്ഞു.

എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിത യാഥാർഥ്യങ്ങളാണ് എൻമകജെ. അതൊരു നോവലല്ല, നീറ്റലാണ്. എഴുതിക്കഴിഞ്ഞപ്പോൾ മനസ്സു തളർന്നുപോയി. അതിനാലാണ് പിന്നീട് എഴുതേണ്ട എന്നുപോലും വിചാരിച്ചത്. രചനയിലെ കഥാപാത്രങ്ങളുടെ മരണവീടുകളിൽ പോകേണ്ട നിർഭാഗ്യമുണ്ടായി. തുടർന്ന്   അവിടത്തെ ജനതയ്ക്കായുള്ള പോരാട്ടമായിരുന്നു നീണ്ടപത്തുവർഷം. ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനതിന്ന കാലയളവായിരുന്നു അത്.

പ്രകൃതിക്ക് മനുഷ്യനെ ആവശ്യമില്ല. എന്നാൽ മനുഷ്യ നിലനിൽപ്പിന് പ്രകൃതി അനിവാര്യതയാണ്. പ്രകൃതിയുമായുള്ള പൊക്കിൾക്കൊടി ബന്ധം എവിടെ അവസാനിപ്പിച്ചോ അവിടെ നിന്നുമാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. പ്രകൃതിയെ നേരായ ദിശയിൽ കൊണ്ടു പോകാനായില്ലെങ്കിൽ ആഗോളതാപനം ഉൾപ്പെടെയുള്ള വിപത്തുകൾ നേരിടേണ്ടിവരും. അത്തരത്തിലൊന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥന കൊണ്ടാണ്  ആശങ്കകൾ രചനകളായി പുറത്തുവരുന്നത്. അവയൊക്കെ ഇപ്പോൾ  പരിഹസിക്കപ്പെട്ടേക്കാം. നാളെ  അവ ശരിയെന്നു ബോധ്യപ്പെടും. അതിന് ഉദാഹരണങ്ങളാണ് അക്കേഷ്യമരങ്ങൾ അപകടമാണെന്ന സന്ദേശമുൾക്കൊള്ളുന്ന കണ്ണുരോഗവും ജീവിക്കാൻ ഓക്‌സിജൻ കിറ്റ് വേണ്ടിവരുമെന്ന് ഊന്നിപ്പറഞ്ഞ പ്രാണവായുവും ഉൾപ്പെടെയുള്ള കഥകൾ. രണ്ടു മത്സ്യങ്ങൾ, ചിന്നമുണ്ടി, നീരാളീയൻ തുടങ്ങിയ കഥകളും ഇത്തരം സന്ദേശങ്ങൾ ഉൾക്കൊള്ളുന്നു.  

പുസ്തകവീട് അടക്കം ഗുരു ശിഷ്യ ബന്ധത്തെക്കുറിക്കുന്ന നാൽപതോളം കഥകൾ എഴുതിയിട്ടുണ്ട്. ഭാഷാ സമൃദ്ധിയുള്ള നാടാണ് കാസർഗോട്. നാട്ടുഭാഷയെ തിരിച്ചു പിടിക്കുക രാഷ്ട്രീയ പ്രതിരോധമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീകല മുല്ലശേരിയാണ് സംഭാഷണം നയിച്ചത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com