ഗ്രാമത്തിന്റെ ഓർമ്മകളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളും അവരുടെ രസകരമായ ജീവിതവും

Mail This Article
വർണ്ണിട് ബേബിയും വിപ്ലവം സണ്ണിയും തെക്കേ പുഞ്ചയുടെ പടിഞ്ഞാറ് അറ്റത്തുള്ള തടിപ്പാലത്തിന് താഴെ പെട്ടിപ്പറ വച്ച് വെള്ളം പമ്പു ചെയ്യുന്നതിനു മുമ്പിൽ പരപരാ വെട്ടം വീണു തുടങ്ങിയപ്പോൾ വീശുവലയുമായി മീൻ വീശാൻ നിൽക്കുന്നു.. വേരിശ്ശേരി തുണിക്കട പാപ്പി പാലത്തിനു കീഴേ നീർക്കാംകുഴിയിട്ടു നീന്തി കുളിക്കുന്നു. പുഞ്ച കണ്ടത്തിന്റെ കിഴക്കേക്കരയിലുള്ള പുല്ലാഞ്ഞിക്കാടിനടുത്തുള്ള വെളിമ്പറമ്പിൽ വേലിപ്പരുത്തികളുടെ മറവിൽ കരള് ശേഖരനും നൈനാപിള്ളയും "വെളിക്കിരുന്ന്" ചില... ചില "കൊണതോഴങ്ങൾ" പറയുന്നു. "അവന്മാരൊന്നും ചേഴമുള്ളോരെ കരുതത്തില്ല ശേഖരാ..." "അവന്മാരുടെയൊക്കെ 'നാപെടാപ്പാട് ' വശക്കേടുകളാ ഇന്നലത്തെ അടിപിടിക്കു കാരണം...." ഇതിനിടെ വർണ്ണീട് ബേബി : "ഇന്നത്തെ പോലത്തേക്കിന് എന്തൊക്കെയുണ്ടെടാ... സണ്ണിയേ...?" "പഞ്ഞിപ്പുൽകഞ്ഞിയും മുതിര തോരനും ഇന്നത്തേക്ക് കുശാലായിട്ടുണ്ടാകും.." "അക്കി കുഞ്ഞുമോനും സംഘവും ആണ് റാസയ്കിടെ അടിപിടി ഉണ്ടാക്കിയത്" പാപ്പി.. "അത് അവരുടെ സ്ഥിരം പരിപാടിയാ..." ബേബി. "റാസയിൽ അടിപിടി ഇല്ലെങ്കിൽ എന്ത് റാസാ..? എന്തു പെരുന്നാൾ..!!" സണ്ണി. നൊകം കഴുത്തേൽ വച്ച് അമിച്ചു കൊടുക്കുന്നതുപോലെ ആയിരുന്നു കുഞ്ഞുമോൻ പാറാൻ പാപ്പിയെ തൊടയ്ക്കിടെയാക്കി "ചപ്രം ചിപ്രം" പെരുക്കിയത്..." "അതേതായാലും വളരെ കഷ്ടമായിപ്പോയി"
പാലത്തിനു മുകളിലൂടെ ഇലഞ്ഞി ദാവീദ് ഉടുമുണ്ട് ഉരിഞ്ഞ് പൊക്കിപ്പിടിച്ചുകൊണ്ട് നടന്നു കിഴക്കോട്ട് വരുന്നു. സ്ഥിരമായി ആകെ ഒരു വാക്കു മാത്രമേ സംസാരിക്കു.. "ഹയ്യ..! അറിഞ്ഞില്ല...." ഗുസ്തിവീരൻ ആയിരുന്നു. ഒരു മത്സരത്തിൽ മർമ്മത്തിന് എതിർകക്ഷി ഓർക്കാപ്പുറത്ത് ഒരു വീക്ക് വീക്കി. ബേബിയും സണ്ണിയും വലവീശൽ നിർത്തി പൂണിയിൽ, കിട്ടിയ മീനുമായി മുകളിൽ റോഡിൽ കയറി കിഴക്കോട്ട് നടന്നു. ബേബിയുടെ വീടിനു വാതുക്കൽ റാഹേലമ്മ മുറ്റം തൂത്ത് നിൽക്കുന്നു. റൗക്കയും പുറത്ത് ഞൊറിയിട്ടുടുത്ത മുണ്ടുമാണ് വേഷം. മീൻപൂണി റാഹേലമ്മയെ ഏൽപ്പിച്ച ബേബി വീടിനു പുറകുവശത്തേക്ക് പോയി.
പാലം മുതൽ താഴെകര കള്ള് ഷാപ്പ് വരെ നിരത്തിന് ഇരുവശത്തും തൊട്ടു തൊട്ടു ചെറിയ ചെറിയ വീടുകളാണ്. സണ്ണി കരയം വട്ടത്തേക്ക് നടന്നു. വീട്ടിൽ ചെന്നപ്പോൾ പെണ്ണുമ്മ മുണ്ടും ജമ്പറും ധരിച്ച് പശുവിന് കൊടുക്കാൻ തുറവിൽ നിന്നും കച്ചി വലിച്ചെടുക്കുന്നു. "ചങ്കാഴി മീനുണ്ടോ... സണ്ണി..?" പെണ്ണമ്മചേടത്തി സണ്ണിയോട് ചോദിച്ചു. നീ ആ ചിരിതപ്പണിക്കത്തിടവിടെ പോയി ചുണ്ണാമ്പു വാങ്ങി വാ.. പുഞ്ചയിൽ കച്ചവടത്തിന് വെറ്റമിനൊപ്പം കൊടുക്കാൻ ചുണ്ണാമ്പില്ല.. പോണ വഴി ആശാരിപ്പറമ്പിൽ കയറി പപ്പു ആശാരിയെ ഇങ്ങോട്ട് പറഞ്ഞു വിടണം. തേവപുലയനെ പുഞ്ചയിലേക്കും പറഞ്ഞു വിടണം..."
ഗ്രാമത്തിലെ മനുഷ്യർ ഒട്ടൊക്കെ "പൊത്തു വെരുത്തം" ജീവിക്കുന്ന സാധാരണക്കാരാണ്. ചന്തയിലെ പച്ചക്കറി കച്ചവടം, അരി കച്ചവടം, കൊലക്കച്ചവടം തുടങ്ങിയവയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഒട്ടുമിക്ക വീട്ടുകാരും കഴിയുന്നത്. കർക്കടക മഴയ്ക്കു മുമ്പായി വീടുകളൊക്കെ ഓല മേയാൻ കുറെ ആണും പെണ്ണും കൂടും. കുറേപേർ മത്സ്യ കച്ചവടം ചെയ്യും. വിൽപ്പനയിൽ സഹായിക്കാൻ തയാറായി നിൽക്കുന്ന ഒരു കൂട്ടം ആളുകളും ചേർന്ന് മത്സ്യ വില്‍പന നടത്തുന്നത് ഒരു വരുമാനമാർഗമാണ്. ചന്തയ്ക്ക് അടുത്തുള്ള ചുമടു താങ്ങിയുടെ ചുവട്ടിലും കളിത്തട്ടിന് അടുത്തുമായി കുഞ്ഞമ്മിണിയും ശാരദയും, രാവിലെ പന്തളത്ത് ചന്തയിൽ നിന്നും കൊണ്ടുവരുന്ന പച്ചക്കറി കച്ചവടം നടത്തുന്നു.. ഔസേപ്പിന്റെ കൊപ്രപ്പുരയാണ് ഗ്രാമത്തിലെ തേങ്ങാ ശേഖരിക്കുന്ന കൂടം. തേങ്ങാ രണ്ടായി മുറിച്ച് ഉണക്കി കൊപ്ര ആക്കി ചാക്കുകളിൽ ശേഖരിച്ച് ആലപ്പുഴയിൽ ഉള്ള എണ്ണമില്ലിൽ കൊണ്ടെത്തിക്കും. ആശുപത്രിപ്പടിയിൽ എണ്ണയാട്ടുമിൽ സ്ഥാപിച്ചതോടുകൂടി അവിടെയാണ് കൊപ്ര കൊടുക്കുക. ഗോതമ്പും പൊടിക്കാനും അരയ്ക്കാനുമുള്ള ആട്ടുയന്ത്രങ്ങൾ ഉണ്ട്.
നാലുമണി കഴിയുമ്പോൾ അന്തിച്ചന്ത ശബ്ദമുഖരിതമാകും. മത്സരിച്ചുള്ള മത്സ്യ വിൽപനയും റാഹേലമ്മ കൊണ്ടുവരുന്ന മുറുക്കും അരിയുണ്ടയും കപ്പലണ്ടി വറുത്തതും ഒപ്പം പേട്ടുകാലൻ കുറുപ്പിന്റെ വറുത്ത കപ്പലണ്ടിയും നാട്ടുകാർ വാങ്ങുന്ന പലഹാരങ്ങളായി കച്ചവടത്തിന് ഉണ്ടായിരിക്കും. ശവക്കോട്ടയുടെ അരികുപറ്റി ഒഴുകുന്ന തോടിന്റെ വശങ്ങളിലെ വരമ്പുകളിൽ കടലാവണക്കും കൈതയും നായങ്കണയും കൂട്ടമായി വളർന്ന് ഗ്രാമക്കാഴ്ചയ്ക്ക് പച്ചപ്പ് നൽകുന്നു. തോടിനു വശങ്ങളിലുള്ള പാടത്തും പറമ്പുകളിലും മുതിര, പയർ, പഞ്ഞപ്പുല്ല്, എള്ള് എന്നിവ കൃഷി ചെയ്തു വരുന്നു. നുകം കഴുത്തിൽ വെച്ച് അമിച്ച ഉഴവുകാളകളെ കലപ്പ കെട്ടി പൂട്ടാൻ തുടങ്ങുമ്പോൾ കേൾക്കുന്ന പൂട്ടുപാട്ട് താള ബോധത്തിൽ ആനന്ദം നൽകുന്നവയാണ്. മഴക്കാലം എത്തുന്നതിനു മുമ്പായി പുരയിടങ്ങളിലെ കയ്യാല വെട്ട് ജോലി ഒരു വരുമാനമാർഗമാണ്.
ഗ്രാമത്തിലെ എൽ എം പി ഡോക്ടറും ആയുർവേദ വൈദ്യനായ കുഞ്ഞിരാമൻ വൈദ്യനും ആണ് ചികിത്സാ ഭിഷഗ്വരന്മാർ. അതിരാവിലെ കുഞ്ഞിരാമൻ വൈദ്യന്റെ വീട്ടുമുറ്റത്ത് ഒരുപറ്റം ആളുകൾ ചികിത്സ കിട്ടാൻ കാത്തു നിൽക്കുന്നുണ്ടാവും. അദ്ദേഹം നൽകുന്ന സൗജന്യ ചികിത്സയ്ക്കും മരുന്നിനും കുഴമ്പിനും വേണ്ടി കാത്തു നിൽക്കുന്നവർ! ജമ്പറും മുണ്ടും ധരിച്ച സ്ത്രീകളും തോർത്തും രണ്ടാം തോർത്തും ധരിച്ച വൃദ്ധന്മാരും ഒക്കെ അദ്ദേഹത്തിന്റെ ചികിത്സ തേടിയെത്തുന്നുണ്ട്. പാടത്ത് പണി ചെയ്യുന്നവർക്ക് സന്ധ്യ ആകുമ്പോൾ "ചങ്കാഴി" നെല്ലാണ് പണിക്കൂലി. അതുകൊണ്ട് പാവങ്ങളായ വീട്ടുകാർ "പൊത്തു വെരുത്തം" ജീവിക്കുന്നു. സൂര്യൻ എരിഞ്ഞടങ്ങുമ്പോൾ അന്തിച്ചന്തയ്ക്ക് അരികെയുള്ള ദേവയാനി അമ്മയുടെ കള്ളുഷാപ്പിൽ നല്ല തിരക്കാണ്. പിഞ്ഞാണകോപ്പയിൽ കൊടുക്കുന്ന കള്ളും കിണ്ണത്തിൽ കപ്പപ്പുഴുക്കും മീൻ അച്ചാറും! ഗ്രാമത്തിന്റെ ലഹരിയാണ്; ആ കള്ള് ഷാപ്പ്. തുടർന്ന് കേൾക്കുന്ന ഗ്രാമ വീടുകളിലെ തെറി വിളിയും അടി കലശലും നിത്യ കാഴ്ച!
പനമരത്തിന്റെ കീഴിലുള്ള ചെറിയ ഓലപ്പുരയാണ് കൃഷ്ണനാശാന്റെ എഴുത്തോലപ്പുരപള്ളിക്കൂടം. പറമ്പുകളിൽ കറുകപ്പുല്ല് വളർന്നു പന്തലിച്ചു കിടക്കുന്നിടത്താണ് കുട്ടികളുടെ കളിസ്ഥലം. പറങ്കിമാവുകളിലെ പറങ്കിപ്പഴവും ആഞ്ഞിലിച്ചക്കയും കുട്ടികളുടെ ഇഷ്ടഭോജ്യം! ഈ ചെറു ഗ്രാമ കാഴ്ചയോർമ്മകളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ തികച്ചും ഭാവനയിൽ ഉള്ള വർണ്ണക്കാഴ്ചകൾ നൽകുന്നു.