ADVERTISEMENT

കയ്യിലിരുന്ന ഗ്ലാസ്സിലെ മദ്യം ഒറ്റവലിക്കു കുടിച്ചിട്ട് ജോൺ പറഞ്ഞു. "ടാ... സേവി... നീ സിനിയെ ഒന്ന് വിളിച്ചേ.. അവൾ നഴ്സ് അല്ലേടാ.. നീ അവളെ വിളിച്ചൊന്നു ചോദിച്ചേ ഈ പ്രേതത്തെ കണ്ടിട്ടുണ്ടോന്നു ഒന്ന് ചോദിക്കടാവേ... ഇജ്ജാതി സാധനൊക്കെ ഉണ്ടോ എന്ന് ഒന്നറിയാൻ ഒരു മോഹം." "പിന്നെ അവൾക്കവിടെ പ്രേതത്തിന്റെ കണക്കെടുപ്പാണല്ലോ പണി. ഒന്ന് പോയേ" സേവി മുഖം തിരിച്ചു. ജോൺ (ജോപ്പൻ), ജോൺസ് (ജിൻസ്), സേവ്യർ (സേവി). ഇവര് മൂന്ന് പേരും ചേട്ടനനിയൻ മക്കളാണ്. ജോപ്പനും ജിൻസും ഇരട്ടകൾ. സേവിയുടെ അപ്പന്റെ അനിയന്റെ മക്കൾ. സ്ഥിരമായി എല്ലാ ശനിയാഴ്ചയും ഇവർ മൂന്നുപേരും ഇങ്ങനെ ഒത്തു കൂടും. "ഒരു പ്രേതം! ഒന്ന് പോയേ.. പ്രേതോം ഇല്ലാ ഒരു മണ്ണാംകട്ടേം ഇല്ല. ടാ ജിൻസേ നീ ഈ കുരിശിനേം കൊണ്ട് വീട് പറ്റാൻ നോക്ക്. ഞാൻ പോണു ഇനി ചെന്നില്ലേൽ സിനി വീട്ടിൽ കേറ്റില്ല." "ഹാ.. നീ ഇങ്ങനെ ദേഷ്യപ്പെടല്ലേടാ നിനക്ക് പേടിയാണേൽ വേണ്ട സേവിച്ചാ.. ഞാൻ ചോദിക്കാം അവളോട്‌. അല്ലേൽ വാ നമുക്ക് വീട്ടിൽ പോയി സിനിയെ കാണാം. അല്ലെങ്കിൽ വാ നമുക്ക് സെമിത്തേരി വരെ പോവാം."

ജോപ്പൻ പിന്നേം അവന്റെ അടുത്തേക്ക് ചെന്നു. "നീ എന്തിനാടാ ഇങ്ങനെ പേടിക്കണേ. ഞാൻ ഇല്ലേ കൂടെ." "അതാ എന്റെ പേടി. നീ മാറിക്കേടാ... നിന്നോടാ പറഞ്ഞെ ഇവനേം കൊണ്ട് പോവാൻ.. സേവിച്ചൻ ജിൻസിനു നേരെ കയർത്തു. കുടിച്ച വയറ്റിൽ കിടക്കണം അല്ലാതെ ഇങ്ങനെ ഓരോന്ന്.. എപ്പോളും ഉള്ളതാ ഇവന് ഓരോരോ വട്ട്. ഇതിപ്പോ വല്ലാത്ത ഒരു മോഹം തന്നെ." "ഇങ്ങേർക്ക് പേടിയാണേൽ അത് പറ. അല്ലാതെ വെറുതെ ജോപ്പനെ പേടിപ്പിക്കാതെ." ഇത് പറഞ്ഞത് ജിൻസ് ആണ്. "ദേ.. രണ്ടു ഇരട്ട പരട്ടകളും കൂടി എനിക്കിട്ടു വെക്കല്ലേ.. ഒറ്റയ്ക്ക് പാതിരാത്രി ഹൈറേഞ്ച് പിടിക്കണവനാ ഈ ഞാൻ. എന്നോടോ ബാല.. നിനക്കൊക്കെ പേടിയാണേൽ അത് പറ". "ഞങ്ങൾക്ക് പേടി!" അവര് രണ്ടുപേരും ഒരുമിച്ചു പറഞ്ഞു. "ടാ സേവി ദൈവം ഉണ്ടേൽ പ്രേതോം ഉണ്ടെടാ. നീ അവളെ വിളിക്കു ഞാൻ ചോദിക്കാം കാര്യം. ആശുപത്രിയിലും സെമിത്തേരിയിലുമാ ഇവറ്റോൾടെ താമസം" ''ഒട്ടും പറ്റാണ്ടാവുമ്പോൾ നാട്ടിൽ ഇറങ്ങി ചോരക്കുടിക്കും"  ജിൻസ് കൂട്ടിച്ചേർത്തു. അപ്പോൾ എവിടുന്നോ ഒരു പട്ടി ഓരി ഇട്ടു. "കേട്ടില്ലേ... നീ.. ഇത് അതാ... ഉറപ്പാ.." ജോപ്പൻ ജിൻസിനെ കെട്ടിപിടിച്ചു. അപ്പോളാണ് സേവി പറഞ്ഞത്. "അങ്ങനെയാണോ എന്നാൽ നമുക്ക് നാളെ രാത്രി പള്ളി സെമിത്തേരിയിൽ അന്തി ഉറങ്ങിയാലോ. അവൾക്കാണേ നാളെ നൈറ്റും തുടങ്ങും. സമ്മതിച്ചോ. പക്ഷേ ഒരു തുള്ളി മദ്യം കഴിക്കാൻ പാടില്ല." സേവിയുടെ ഈ വെല്ലു വിളി തെല്ലൊരു ഭയത്തോടെ ആണെങ്കിലും അവർ സമ്മതിച്ചു.

പിറ്റേന്ന് ബിസ്സിനസ്സ് ആവശ്യമെന്ന് പറഞ്ഞ് മൂന്നുപേരും വീട്ടിൽ നിന്ന് ഇറങ്ങി. ഇരുട്ടുകൂടുന്നതിനനുസരിച്ച് ജോപ്പനും ജിൻസിനും പേടി കൂടി വന്നു. അങ്ങനെ കപ്പിയാർ സെമിത്തേരിയുടെ ഗേറ്റ് പൂട്ടുന്നത് വരെ അവർ പുറത്ത് കാത്തിരുന്നു. അപ്പോഴേക്കും ഏതാണ്ട് എട്ടു മണിയായിരുന്നു. എട്ടരയോടെ അവർ സെമിത്തേരിയുടെ മതിൽ ചാടി കടന്നു. ജോപ്പന്റെ കയ്യിലുള്ള ചെറിയ ഒരു ബാഗ് കണ്ടു കൊണ്ട് സേവി പറഞ്ഞു. "ഡാ മോനേ.. കള്ള് കൊണ്ടുവരരുതെന്നു ഞാൻ പറഞ്ഞതല്ലേ" "അയ്യടാ.. കള്ള്.. ഇത് നല്ല കപ്പയും ബീഫും ആണ്. വിശന്നാൽ കഴിക്കേണ്ടേ മോനേ" അവർ മൂന്ന് പേരും ചിരിച്ചു. കുടുംബക്കല്ലറ ലക്ഷ്യമാക്കി മൂന്നുപേരും നടന്നു. ഭക്ഷണത്തിനു ശേഷം ഓരോ കല്ലറയുടെയും മുകളിലായ് ഉറങ്ങാൻ കിടന്നു. സേവിച്ചൻ തന്റെ അപ്പന്റെ കല്ലറയുടെ മുകളിലും ജോപ്പനും ജിൻസും ഒരുമിച്ചു അപ്പാപ്പന്റെ കല്ലറയുടെ മുകളിലും കിടന്നു. പതിഞ്ഞ സ്വരത്തിൽ ജോപ്പൻ പറഞ്ഞു. ''ടാ.. ജിൻസേ.. നിനക്ക് പേടിണ്ടോടാ..'' "പിന്നില്ലാതെ നിങ്ങൾക്കിതിന്റെ വെല്ല കാര്യോം ഉണ്ടായിരുന്നോ.'' ജിൻസ് ജോപ്പനെ കെട്ടിപിടിച്ചു. ''ശ്.. മിണ്ടാതിരിക്കുന്നെ അവൻ കേക്കും. അവനു പേടി ഒന്നുല്ലടാ ജിൻസേ...'' ''മ്മ്മ്... പേടി സേവി രണ്ടാമത് ജനിക്കണം." ഇതെല്ലാം കേട്ടുകൊണ്ട് കിടന്ന സേവി മനസ്സിൽ പറഞ്ഞു. അപ്പന്റെ കല്ലറയിൽ വിരിച്ചിരുന്ന ഗ്രാനേറ്റിന്റെ തണുപ്പ് കവിളിൽ തട്ടിയപ്പോൾ സേവിയുടെ കണ്ണുകൾ നിറഞ്ഞു. "കൂടെ ഉണ്ടായിരുന്നപ്പോൾ അടുത്ത് ഒന്ന് കിടക്കാൻ എത്ര കൊതിച്ചു എന്നറിയോ എന്റെ അപ്പേ... ഇല്ല.. അതൊന്നും അപ്പ അറിഞ്ഞിട്ടുണ്ടാവില്ല. അപ്പക്ക് ബിസ്സിനസ്സ് ആയിരുന്നല്ലോല്ലേ വലുത്. കുറേ സ്വത്ത് അതുണ്ടായിട്ടെന്തിനാ ഒരു മകന് കിട്ടേണ്ട ഒരു സ്നേഹവും ഞാൻ അനുഭവിച്ചിട്ടില്ല. എന്തിനായിരുന്നു അപ്പേ.. ബിസ്സിനസ്സിൽ നഷ്ട്ടം വരുമ്പോൾ തല്ലി ചതക്കാൻ ഉള്ള രണ്ടുപേർ ഞാനും എന്റെ അമ്മച്ചിയും അല്ലേ? ഇനി പറഞ്ഞിട്ട് എന്നാ കാര്യം. ഇവിടെ വന്നുകൂടെ കിടക്കാനാവും എന്റെ യോഗം." സേവി പതിയെ നിദ്രയിലാണ്ടു.

കുറച്ചു നാളുകൾക്ക് ശേഷം മഴ കണ്ണുനീർ എന്ന പോൽ ഭൂമിയിലേക്ക് ഇറ്റു വീണുകൊണ്ടിരിന്നു. മഴ തന്നെ സ്നേഹിച്ചവനെ അവസാനമായി ഒന്ന് കാണാൻ വേണ്ടി വന്നതാവും. സേവി ഓർത്തു. ഡോക്ടർ കോശിയുടെ മരണാന്തര ചടങ്ങിൽ പങ്കെടുക്കുകയാണ് സേവിയും സിനിയും. അവിടെ നിന്ന ആരോ പറഞ്ഞു കേട്ടു. "ലിഫ്റ്റിന്റെ ഉള്ളിൽ വച്ച് മരിച്ചുന്നാ അറിഞ്ഞേ. അറ്റാക്ക് ആയിരുന്നെന്നു. ആർക്കറിയാം സത്യം. കൂടെ ആരും ഇല്ലായിരുന്നു എന്നല്ലേ പറഞ്ഞെ." അയാൾ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി. "സേവിച്ചാ.." ആരോ പിറകിൽ നിന്നും വിളിച്ചു. "പീറ്ററേട്ടനാണ്" സിനി സേവിയോട് പറഞ്ഞു. പീറ്റർ, ഡോക്ടർ മാത്യുസ് കോശിയുടെ സഹായി. എപ്പോളും കൂടെ കാണും. വർഷങ്ങളായിട്ടുള്ള കൂട്ടാണ്. ഒറ്റക്കായി പോയതിന്റെ വിഷമം ആ മുഖത്തുനിന്നു വായിച്ചെടുക്കാം. സേവിയെ കണ്ടതും അയാൾ  വിങ്ങിപ്പൊട്ടി. "സേവികുഞ്ഞേ.. നമ്മുടെ കോശിസാറ്. നിങ്ങളുടെ ഒക്കെ കാര്യം എന്നും പറയും. സേവികുഞ്ഞിനെ കാണാൻ അങ്ങോട്ടു വരാൻ ഇരിക്കയായിരുന്നു അപ്പോളാ." "എന്ത് പറ്റീതാ പീറ്ററേട്ടാ? ഡോക്ടർക്ക് പെട്ടന്നിങ്ങനെ വരാൻ." "അത് കുഞ്ഞേ കോശി സാറിന്.." അയാൾ വാക്കുകൾ കിട്ടാതെ പതറി. "അത്.. അത് പേടികാരണം പോയതാ സാറ്. ഞാൻ ഒറ്റക്കാക്കാൻ പാടില്ലായിരുന്നു എന്റെ തെറ്റാ..." അയാൾ സേവിയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു. പേടിയോ?? അതും അദ്ദേഹത്തെ പോലെ വളരെ ധൈര്യമുള്ള ഒരു മനോരോഗ ഡോക്ടർക്ക്! സേവിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. സേവി പഴയ ഓർമകളിലേക്ക് യാത്രയായി. 

സേവിയും ഭാര്യ സിനിയും മനഃശാസ്ത്ര ഡോക്ടർ മാത്യു കോശിക്കു മുന്നിലാണ്. ഡോക്ടർ പറഞ്ഞു തുടങ്ങി.. "സേവി നിനക്ക് ഒരു കുഴപ്പവും ഇല്ല. പേടിച്ചതിന്റെ ഷോക്ക് ആയിരുന്നു. എല്ലാം മാറി. ഇനി മരുന്നുകൾ ഒന്നും തന്നെ വേണ്ട. ഇപ്പോൾ എല്ലാം ഓക്കെയാണ്. പ്രേതം അത് ഒരു സൂപ്പർ നാച്ചുറൽ സ്പിരിറ്റ്‌ ആണ് സേവീ. ഉണ്ടെങ്കിൽ ഉണ്ട്‌ ഇല്ലെങ്കിൽ ഇല്ല. വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം അല്ലേൽ വേണ്ട. അത്രേ ഉള്ളു." അങ്ങനെ പറഞ്ഞു കൊണ്ട് ഡോക്ടർ തന്റെ കൈ മേശയിൽ ശക്തിയായി ഇടിച്ചു. പെട്ടെന്ന് ആയോണ്ട്  സേവിയും സിനിയും  പേടിച്ചു ഡോക്ടറെ നോക്കി.. "ദേ ഇത്രേം ഉള്ളു മനുഷ്യൻ എത്ര പറഞ്ഞാലും ധൈര്യം കാട്ടിയാലും എല്ലാവരുടെ ഉള്ളിലും ഉണ്ട്‌ പേടി. അപ്രതീക്ഷിതമായി ചിലതു കാണുമ്പോളോ നടക്കുമ്പോളോ മനസ്സിന്റെ സമനില കൂടിയങ്ങുപോവും. അത്രേയുള്ളൂ. ഇനി നീ ഇങ്ങോട്ടേക്ക് വരുകയേ വേണ്ട. കാണണം എന്ന് തോന്നാണേൽ ഞങ്ങൾ അങ്ങോട്ടേക്ക് വരൂന്നേ... അല്ലേ പീറ്ററേട്ടാ.." ഡോക്ടർ പീറ്ററെ നോക്കികൊണ്ട്‌ ചോദിച്ചു. "അതെ അതെ അതാ നല്ലത്.." പീറ്റർ ചിരിച്ചുകൊണ്ട് മറുപടി നൽകി. പീറ്ററോടും സിനിയോടും പുറത്തുനിക്കാൻ പറഞ്ഞിട്ട് ഡോക്ടർ സേവിയോട് സംസാരിച്ചു. "സേവി നിനക്ക് ഒരു കുഴപ്പവും ഇല്ല. പിന്നെ ഈ ഒരു വർഷക്കാലം ഉണ്ടായിരുന്ന ചികിത്സ. അത് നിനക്ക് വേണ്ടത് ഒരു അപ്പന്റെ സ്നേഹവും കരുതലും ആയിരുന്നു. അതിന്റെ എല്ലാവിധ പ്രശ്നങ്ങളും നിനക്കുണ്ടായിരുന്നു. അല്ലാതെ നീ എല്ലാരും നിന്നെ വിളിക്കുന്ന പോലെ ഒരു ഫോബിയ സേവി അല്ല. നിനക്ക്  പേടിയില്ല ആരെയും. പിന്നെ അന്ന് സെമിത്തേരിയിൽ നടന്നത്. മദ്യം കഴിക്കരുത് എന്ന് പറഞ്ഞ നീ തന്നെ നിന്റെ അപ്പനോടുള്ള പേടി ഉള്ളത് കൊണ്ട് കുടിച്ചിരുന്നു. അത് നീ നിന്റെ കൂടെ വന്ന സഹോദരങ്ങളിൽ നിന്നു മറച്ചും വെച്ചു. നീ അവിടെ കണ്ടത് നിന്റെ അപ്പനെ അല്ല എന്ന് നിനക്കുറപ്പുണ്ട്. പക്ഷേ കുട്ടികാലം മുതൽ നീ അനുഭവിച്ച സങ്കടങ്ങളും വേദനകളും ഉപബോധമനസ്സിൽ ഉണ്ടാക്കിയിരുന്ന മുറിവ് അതാണ് ഒരു നിമിഷം നീ അവിടെ പതറി പോയത്"

ഡോക്ടർ ഒന്ന് നിർത്തി അലിവോടെ സേവിയെ നോക്കി.. തുടർന്നു.. "ഇവിടെ വന്നത് മുതൽ ഞാൻ ആയി നിന്റെ അപ്പൻ. എന്നെ കാണുമ്പോൾ മാത്രം രോഷാകുലനാവുന്ന നിന്റെ മനസ്സ് ഞാൻ പീറ്ററേട്ടനിലൂടെ വായിച്ചറിഞ്ഞു. പിന്നീട് അദ്ദേഹം വഴി ഞാൻ നിനക്ക് സ്നേഹം ഉള്ളൊരു അപ്പനായിമാറി. വന്നു ഒരു ആറു മാസം കൊണ്ട് തന്നെ നീ നോർമൽ ആയി. വീട്ടിലേക്കു വിടാമായിരുന്നിട്ടും ഞാൻ ഇത്രയും നാൾ ഇവിടെ നിർത്തിയത് നിന്റെ ഉള്ളിൽ ഇനി ഒരു ഭയവും കടന്നു കൂടാതിരിക്കാനാണ്. പിന്നെ ഞാൻ നിന്നെ പോലെ.." പെട്ടെന്ന്  ഡോക്ടർ പറഞ്ഞു തീരുന്നതിനു മുന്നേ പീറ്ററേട്ടൻ കടന്നു വന്നു. "മറന്നോ ഇന്ന് നമുക്ക് പള്ളിവരെ ഒന്ന് പോണം. അച്ഛൻ ചെല്ലാൻ പറഞ്ഞതാണ്. സമയം കളയേണ്ട. ഇപ്പോളെ വൈകി." "ഹാ.. നേരാണ് ഞാനതു മറന്നു. പോവാം ഇവരിറങ്ങിട്ടു ആവട്ടെ." അവർ ഇറങ്ങിയതും ഡോക്ടർ തന്നെ തന്നെ നോക്കി നിന്ന പീറ്ററിനെ നോക്കി ഒന്ന് ചിരിച്ചു.. വിഷാദം കലർന്ന ചിരി "താൻ വന്നത് നന്നായി. അല്ലേൽ ഞാൻ ഇപ്പം എല്ലാം പറഞ്ഞേനേ.. അവന്റെ അമ്മക്ക് വേണ്ടി ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ? കൂടെ കൂട്ടാനോ പറ്റിയില്ല.. പാവം.. ഒരുപാട് അനുഭവിച്ചു" ഡോക്ടർ കസേരയിലേക്ക് ചാരി കണ്ണുകൾ അടച്ചു. മിഴിക്കോണിൽ കണ്ണുനീർ പൊടിഞ്ഞത് പീറ്റർ സങ്കടത്തോടെ നോക്കി നിന്നു.

പുറത്തു ജോപ്പനും ജിൻസും ഉണ്ടായിരുന്നു. അവർ കരഞ്ഞു കൊണ്ട് വന്നു സേവിയെ കെട്ടിപിടിച്ചു. "ഡാ.. സേവി ഞങ്ങൾ കാരണം നീ.. പൊറുക്കെടാ.." ജോപ്പൻ വിങ്ങിപൊട്ടി. "ശേ... പോടാ സാരമില്ല.. അതെല്ലാം ഞാൻ മറന്നു. എന്റെ ഉള്ളിൽ ആവശ്യമില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു അത് ഒക്കെ പോയി. ഇനി പുതിയ സേവി. നിങ്ങളു വിഷമിക്കല്ലേ.'' സേവി അവരെ കെട്ടിപിടിച്ചു. തിരികെ വീട്ടിലേക്കു പോവുമ്പോൾ അന്ന് നടന്ന സംഭവങ്ങൾ ഓരോന്നും ഇന്നലെ കഴിഞ്ഞപോലെ ജോപ്പൻ ഓർത്തെടുത്തു. കല്ലറയ്ക്കു മുകളിൽ ഉറങ്ങാൻ കിടന്ന അവർ നന്നായിയുറങ്ങി. പുതച്ചു മൂടി കിടന്നുറങ്ങിയ ജോപ്പന്  അപ്പോളാണ് മൂത്ര ശങ്ക വന്നത്. ബീഫിന് എരിവ് കൂടുതലായത് കൊണ്ട് നല്ലരീതിയിൽ വെള്ളം കുടിച്ചു. കാര്യസാധ്യത്തിന് പോവുമ്പോൾ ജിൻസിനേം കൂട്ടി. ഇനി സേവി കണ്ണ് തുറന്നു നോക്കുമ്പോൾ തങ്ങളെ കണ്ടില്ലെങ്കിൽ പേടിക്കേണ്ട എന്ന് വെച്ചു. മുഖത്തു ടോർച്ചു തെളിച്ചു വെച്ചു സേവിയെ വിളിച്ചതാണ് ജോപ്പൻ. കുറച്ചു നേരം ജോപ്പനെ തന്നെ നോക്കിനിന്ന സേവി ഒരലർച്ചയോടെ പറഞ്ഞു തുടങ്ങി. "വേണ്ടപ്പാ.. തല്ലേണ്ട.. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല അപ്പേ.. വേണ്ട അമ്മച്ചി.. അമ്മച്ചി പാവാ തല്ലേണ്ടപ്പേ.." എന്നും പറഞ്ഞു കൊണ്ട് സേവി ഓടി. ഓടുന്നതിനിടയിൽഎവിടെയോ തട്ടിവീണ സേവികാണുന്നത് ഇരുട്ടത്തു അലറി വിളിച്ചു ടോർച്ചുമായി തനിക്കരികിലേക്ക് ഓടി വരുന്ന ഇരുണ്ട രൂപത്തെയാണ്. "വേണ്ട അപ്പേ..."

അപ്പോൾ നഷ്ടമായ സ്വബോധം തിരികെ സേവിക്കു രണ്ടു ദിവസം കഴിഞ്ഞാണ് കിട്ടിയത്. ആശുപത്രിയിൽ നിന്ന് വീട്ടിൽ വന്നു കഴിഞ്ഞു ആരോടും മിണ്ടാതെ ഒരു മുറിയിൽ തന്നെ ഇരുപ്പായി. കുറേ നേരം വിളിച്ചാൽ പിന്നെ ദേഷ്യവും. ജോലിക്കും പോവാതെയായി. നിർബന്ധിച്ചു വിളിച്ചു പുറത്തേക്കു കൊണ്ടുപോയാൽ നാട്ടുകാരുടെ വക വേറെയും. ചുരുക്കി പറഞ്ഞ നാട്ടിൽ ഫോബിയ സേവി എന്നായി ഇരട്ട പേര്. എല്ലാം കൂടെ ആയപ്പോൾ സേവിക്കു മനോനില തന്നെ തെറ്റി. ഒടുവിൽ മെന്റൽ ഹോസ്പിറ്റലിൽ കലാശിച്ചു. ഡോക്ടർ മാത്യു കോശിക്കരികിൽ! സേവിയുടെ മനസ്സിനെ ബാധിച്ചത് തന്റെ പിതാവിനോടുള്ള പേടി ആണ് എന്ന് മനസ്സിലാക്കിയ അദ്ദേഹം ഒരുപാടു ബുദ്ധിമുട്ടി. സേവി തന്റെ അപ്പന്റെ സ്ഥാനത്തു തന്നെയാണ് കാണുന്നത് എന്ന സത്യം മനസ്സിലാക്കി ഡോക്ടർ ഒരു പിതാവ് മകനോടെന്നപോൽ അയാളുമായി അടുത്തു. ഒരു വർഷക്കാലം അവർ രണ്ടു പേരും പരസ്പരം നന്നേ അടുത്തു. രണ്ടു പേരുടെ ജീവിതത്തിലും ഉണ്ടായിട്ടുള്ള ചെറിയ കാര്യങ്ങൾ പോലും അന്യോന്യം പങ്കുവെച്ചു. എന്നിരുന്നാലും ഇടയ്ക്ക് അവർക്കിടയിൽ ചിലകാര്യങ്ങളിൽ ഒരു തടസ്സംപോൽ പീറ്റർ ഉണ്ടായിരുന്നു. പള്ളിയിൽ നിന്നു സെമിത്തേരിയിലേക്ക് അടക്കിനായ് എടുത്ത അദ്ദേഹത്തിന്റെ ജീവനറ്റ മുഖം സേവി ഒരു നോക്ക് കണ്ടു. മൃതുവായ് ആ നെറ്റിയിൽ ഒരു മുത്തം നൽകി. അടക്കു കഴിഞ്ഞു പോകാം എന്ന് പറഞ്ഞ സിനിയോട് ഇന്നൊരുദിവസം ഇവിടെ നിക്കണം എന്ന് സേവി പറഞ്ഞു. തെല്ലൊരു ഭയത്തോടെയെങ്കിലും സിനി സമ്മതിച്ചു.

രാത്രി പന്ത്രണ്ട് മണി. സേവി ഡോക്ടർ കോശിയുടെ കല്ലറക്കുമുകളിൽ മാനം നോക്കി ഇരുപ്പാണ്. തന്നെ നോക്കി ഒരു കുഞ്ഞു താരകം മിന്നുന്നതായി അവനു തോന്നി. "ഓഹ്ഹ്ഹ്... അപ്പോളേക്കും അങ്ങോട്ട് എത്തി. ചെന്നെപ്പോളേക്കും ദൈവം പിടിച്ച് നക്ഷത്രാക്കിയോ ഇങ്ങേരെ. സേവിക്കു ഒരു കാര്യം ചോദിക്കാനുണ്ട്. നിങ്ങളെന്തിനാ എന്നോട് കള്ളം പറഞ്ഞെ അല്ലെങ്കിൽ ഒളിച്ചു വെച്ചേ? ക്ലസ്ട്രോഫോബിയ... ഭയം.. അടച്ചിട്ട സ്ഥലങ്ങളിൽ തനിയെ ആകുമ്പോൾ ഉണ്ടാവുന്ന ഭയം. അല്ലേ..? എന്നോട് പറഞ്ഞു പീറ്ററേട്ടൻ. ലിഫ്റ്റിൽ പെട്ടെന്ന് കറന്റ്‌ പോയപ്പോൾ പറ്റിതാണെന്നു. കുഞ്ഞിനാൾ മുതൽ കൂടെ ഉണ്ടായിട്ടും ഒരു നിമിഷം കൂടെ ഇല്ലാതായി പോയതിന്റെ സങ്കടം സഹിക്കാൻ മേലാണ്ടു കിടപ്പുണ്ട് ആ പാവം ഡോക്ടറുടെ കട്ടിലിന്റെ താഴെ. എന്നോടേലും പറയായിരുന്നു. അതിനു ഡോക്ടർക്കു ഇങ്ങനെ ഒരു അസുഖാന്നറിഞ്ഞാൽ രോഗികൾ പേടിച്ചാലോല്ലേ." സേവി മുകളിലേക്കു നോക്കി കൈ കൂപ്പി. "ദേ നിങ്ങൾ എന്റെ മനസ്സിൽ നിന്നു നീക്കം ചെയ്ത പേടി ആണ് എന്നെ ഇവിടെ  ഇന്നെത്തിച്ചത്. എനിക്കെന്റെ അപ്പനെ പേടിയില്ല. ഞാൻ ഇന്ന് ഇവിടെ ഉറങ്ങും. സേവി കുടിച്ചിട്ടില്ല. ഒരപ്പന്റെ സ്നേഹം തന്നു സ്നേഹിച്ചതിനുള്ള സമ്മാനമായി.'' നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു സേവി ആ കല്ലറക്ക് മുകളിലായി കൈകൾ ഇരുവശത്തേക്ക് വിരിച്ചു വെച്ചു കമഴ്ന്നു കിടന്നു. എന്റെ കണ്ണുനീരിന്റെ ചൂട് ആത്മാവിൽ സ്പർശിക്കുന്നുണ്ട് എന്ന് എനിക്കറിയാം. വിതുമ്പലോടെ സേവി പതിയെ വിളിച്ചു.. ''അപ്പാ..." ഭയപ്പാടകന്ന പുതിയൊരു പുലരിയിലേക്ക് കൺതുറക്കാൻ സേവി നിദ്രയെ പുൽകി.

English Summary:

Malayalam Short Story Written by Neethu Krishna

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com