വിഷ്ണു ഉണ്ണികൃഷ്ണനു മുന്നില്‍ പ്രത്യക്ഷപ്പെട്ട ‘ഭഗവതി’; മോക്ഷ അഭിമുഖം

Mail This Article
കള്ളനും ഭഗവതിയും എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് ഒരു പുതുമുഖ നായിക കൂടി കടന്നു വരികയാണ്. ബംഗാളി സിനിമയിൽ തുടങ്ങി തെന്നിന്ത്യൻ സിനിമാലോകത്ത് ചുവടുറപ്പിക്കുന്ന മോക്ഷ. ഒടിടിയിൽ മലയാള സിനിമകൾ കണ്ട് ആവേശം കൊണ്ടിരുന്നപ്പോഴൊന്നും മോക്ഷ ഓർത്തിരുന്നില്ല, ഒരിക്കൽ താനും മലയാളം സിനിമയിലെത്തുമെന്ന്! ആദ്യ മലയാള സിനിമയുടെ വിശേഷങ്ങളുമായി മോക്ഷ:
മലയാള സിനിമ എന്നും ഇഷ്ടം
എനിക്ക് മലയാളം സിനിമകൾ ഇഷ്ടമാണ്. എന്റെ അച്ഛൻ മലയാളം സിനിമയുടെ വലിയ ആരാധകനാണ്. ഒടിടിയിൽ വരുന്ന സിനിമകൾ ഞങ്ങൾ കാണാറുണ്ട്. പ്രേമം, കുമ്പളങ്ങി നൈറ്റ്സ്, ബാംഗ്ലൂർ ഡെയ്സ്, മാലിക്, ദൃശ്യം തുടങ്ങിയ സിനിമകളൊക്കെ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിൽ ആണ് എന്റെ പ്രിയതാരം. അതുകൊണ്ട് മലയാളത്തിൽ നിന്ന് ഓഫർ ലഭിച്ചപ്പോൾ വലിയ ആവേശമായിരുന്നു. മലയാളത്തിലെ പോലെ റിയലിസ്റ്റിക് അഭിനയശൈലിയാണ് ബംഗാളിയിലും പിന്തുടരുന്നത്. അത് കാര്യങ്ങൾ എളുപ്പമാക്കി. ഭാഷയുടെ കാര്യത്തിൽ മാത്രമേ എനിക്കൊരു മാറ്റം തോന്നിയുള്ളൂ.

തെന്നിന്ത്യയിൽ പേരുമാറ്റം

ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ചിരുന്നു. ഭരതനാട്യം, കഥക്, ഒഡീസി എന്നിവയെല്ലാം പരിശീലിച്ചിട്ടുണ്ട്. സിനിമയിൽ വരുന്നതിന് മുമ്പ് ബാറാക്ക്പൂറിലെ സെന്റ്.അഗസ്റ്റിൻ ഡേ സ്കൂളിൽ അധ്യാപിക ആയിരുന്നു. അതേ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഡാൻസ് ക്ലാസും എടുത്തിരുന്നു. റിങ്കോ ബാനർജി സംവിധാനം ചെയ്ത കർമ എന്ന ബംഗാളി സിനിമയിലാണ് ആദ്യം ഒരു കേന്ദ്ര കഥാപാത്രം ചെയ്തത്. ഒരു കാർണിവലിൽ വച്ച് എന്നെ കണ്ട സംവിധായകൻ നേരിട്ട് ഓഡിഷന് വിളിക്കുകയായിരുന്നു. അതിനു മുമ്പ് ചില ബംഗാളി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. അതിനുശേഷം ഒരു തമിഴ് സിനിമയിലും നാലു തെലുങ്കു സിനിമകളിലും അഭിനയിച്ചു. തെന്നിന്ത്യൻ സിനിമകളിൽ അവസരം ലഭിച്ചപ്പോഴാണ് പേര് മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചത്. എന്റെ യഥാർഥ പേര് പ്രീത സെൻ ഗുപ്ത എന്നാണ്. തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചു തുടങ്ങിയതോടെ 'മോക്ഷ' എന്ന പേര് സ്വീകരിച്ചു.


സംവിധായകന്റെ മലയാളം ട്യൂഷൻ
ഭാഷ മാത്രമായിരുന്നു ഏക വെല്ലുവിളി. സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയൻ സർ അക്കാര്യത്തിൽ സഹായിച്ചു. മൂന്നു മാസം മുമ്പ് തന്നെ ഡയലോഗുകൾ അദ്ദേഹം പഠിക്കാൻ തന്നു. ഡയലോഗുകളുടെ അർഥം, പറയേണ്ട രീതി അദ്ദേഹം റെക്കോർഡ് ചെയ്ത് അയച്ചു തരുമായിരുന്നു. അതിനു ശേഷം എട്ടു ദിവസത്തെ വർക്ക്ഷോപ് ഉണ്ടായിരുന്നു. കൂടാതെ, മലയാളത്തിൽ സഹായിക്കാൻ അദ്ദേഹത്തിന്റെ അസിസ്റ്റന്റ്സിൽ ഒരാളായ സുലു ചേച്ചിയെ ഏർപ്പാടാക്കിയിരുന്നു. വിജയൻ സർ പെർഫെക്ഷനിസ്റ്റ് ആണ്. ഡയലോഗ് പറയുമ്പോൾ വാചകം എവിടെ നിറുത്തണം, ഏതൊക്കെ വാക്കുകൾ കൂട്ടിപ്പറയണം എന്നതിലൊക്കെ അദ്ദേഹത്തിന് നിഷ്കർഷയുണ്ടായിരുന്നു. അത് ശരിയാകുന്നതു വരെ അദ്ദേഹം ടേക്ക് പോകും.
'തലക്കന'മുള്ള വേഷം
കോസ്റ്റ്യൂമും മേക്കപ്പും വലിയ വെല്ലുവിളിയായിരുന്നു. സിനിമയിൽ എന്റെ കഥാപാത്രം ചില രംഗങ്ങളിൽ ഒരു കിരീടം വയ്ക്കുന്നുണ്ട്. എകദേശം നാലുകിലോയോളം ഭാരമുണ്ട് അതിന്. ഭഗവതിയുടെ കഥാപാത്രമായതുകൊണ്ട് നല്ല നീളവും കനവുമുള്ള മുടിയും വേണ്ടി വന്നു. ആ വിഗിനും നല്ല ഭാരമായിരുന്നു. ആഭരണങ്ങളും വേഷവുമെല്ലാം കൂടി വന്നപ്പോൾ ഒരു പത്തു കിലോ കൂടിയ പോലെയായിരുന്നു. ഇതെല്ലാം ധരിച്ച്, ഒരു ബുദ്ധിമുട്ടു പോലും പുറത്തു കാണിക്കാതെ പുഞ്ചിരിയോടെയും ശാന്തതയോടെയും അഭിനയിക്കണം. അതൊരു വെല്ലുവിളിയായിരുന്നു.
ലളിതം സുന്ദരം
മലയാളം സിനിമയുടെ സെറ്റിൽ എന്നെ ആകർഷിച്ച ഘടകം ഇവിടത്തെ ലാളിത്യം ആണ്. വാണിജ്യ സിനിമ ഇത്ര റിയലിസ്റ്റിക്കായി എടുക്കാമെന്ന് ഇന്ത്യൻ സിനിമയെ പഠിപ്പിച്ചത് മലയാളം ഇൻഡസ്ട്രിയാണ്. അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും എല്ലാം വളരെ സൗഹാർദ്ദത്തോടെയാണ് പെരുമാറിയത്. സീനിയറായ ആർടിസ്റ്റുകൾക്കൊപ്പമാണ് ഞാൻ അഭിനയിച്ചതെങ്കിലും എല്ലാവരും എന്നെ അവർക്കൊപ്പം കൂട്ടി. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ എന്നിവരൊക്കെ നന്നായി സപ്പോർട്ട് ചെയ്തു. അവർ ക്യാമറയ്ക്കു മുമ്പിൽ അഭിനയിക്കുകയാണെന്ന് തോന്നിയതേയില്ല. അനായാസമായിട്ടാണ് അവർ കഥാപാത്രമായി മാറുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്റെ ഡയലോഗ് ഡെലിവറി എടുത്തു പറയണം. അത്രയും സ്വാഭാവികമായിരുന്നു അദ്ദേഹത്തിന്റെ രീതി. കോംബിനേഷൻ സീനുകൾ ഒട്ടും ടെൻഷനില്ലാതെ ചെയ്യാൻ അത് സഹായിച്ചു. തമിഴിലും തെലുങ്കിലും ഇനി സിനിമകൾ റിലീസ് ചെയ്യാനുണ്ട്. മലയാളത്തിലും നല്ല പ്രൊജക്ടുകൾ ചെയ്യാൻ താൽപര്യമുണ്ട്.