ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

‘തമാശ’, ‘ഭീമന്റെ വഴി’ എന്നീ രണ്ടു സിനിമകൾ മതി അഷറഫ് ഹംസ എന്ന സംവിധായകനെ പരിചയപ്പെടുത്താൻ! മുഖ്യധാരാ സിനിമകളിലൂടെ കൃത്യമായി പുരോഗമനപരമായ രാഷ്ട്രീയവും പറയാമെന്നു സ്വന്തം ചലച്ചിത്രാവിഷ്കാരത്തിലൂടെ അഷ്റഫ് ഹംസ തെളിയിച്ചിട്ടുണ്ട്. തർക്കങ്ങളേക്കാൾ ആവിഷ്കാരത്തിൽ വിശ്വസിക്കുന്ന അഷ്റഫ് ഹംസയുടെ ഏറ്റവും പുതിയ ചിത്രം സുലൈഖ മൻസിൽ പെരുന്നാൾ റിലീസായി പ്രേക്ഷകർക്കു മുമ്പിലെത്തുമ്പോൾ സിനിമയുടെ വിശേഷങ്ങളുമായി എഴുത്തുകാരനും സംവിധായകനുമായ അഷ്റഫ് ഹംസ മനോരമ ഓൺലൈനിൽ. 

 

ട്രെയിലർ ഇപ്പോഴില്ല

 

സിനിമയുടെ ട്രെയിലർ ഇറക്കിയിട്ടില്ല. ടീസർ മാത്രമേ റിലീസിനു മുമ്പ് പുറത്തിറക്കുന്നുള്ളൂ. രണ്ടു പാട്ടുകൾ ഇതിനോടകം വന്നു കഴിഞ്ഞു. അതിലൂടെ സിനിമയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു. പിന്നെ, പ്രേക്ഷകരിലേക്ക് സിനിമയെക്കുറിച്ചുള്ള എന്തെങ്കിലും ഒരു കണ്ടന്റ് കൂടി എത്തിക്കണമെന്നു തോന്നിയതുകൊണ്ട് ടീസർ റിലീസ് ചെയ്തു.

 

ഡോക്യുമെന്റേഷനല്ല, ഡീറ്റെയ‌്‌ലിങ് മാത്രം

 

മുസ്‌ലിം കല്യാണത്തിന്റെ പശ്ചാത്തലത്തിൽ ഒരു കഥ പറഞ്ഞാൽ നന്നാകുമെന്ന് ചെമ്പൻ എപ്പോഴും പറയാറുണ്ട്. കാരണം, അത്തരം വിവാഹങ്ങളുടെ ഡീറ്റെയ്‌ലിങ് അങ്ങനെ വന്നിട്ടില്ല. പലർക്കും അതിനെക്കുറിച്ച് അറിയില്ല. അങ്ങനെ കോവിഡു സമയത്ത് വന്ന ആലോചനയാണ് വളർന്ന് സുലൈഖ മൻസിലിൽ എത്തി നിൽക്കുന്നത്. ചെമ്പന്റെ ചോദ്യങ്ങളാണ് ഈ സിനിമയ്ക്കുള്ള പ്രേരണ. എങ്ങനെ ഒരു വിവാഹം നടക്കണം എന്നു ഞാൻ ആഗ്രഹിക്കുന്ന തരത്തിലാണ് സിനിമയിൽ വിവാഹം നടക്കുന്നത്. ഇതൊരു ഡോക്യുമെന്റേഷൻ അല്ല. എന്നാൽ ഇതു സത്യസന്ധമായ ആവിഷ്കാരമാണ്. ഒരു മറയിട്ട് രണ്ടു സ്ഥലത്ത് ഭക്ഷണം നൽകുന്നു എന്നതിനെക്കാൾ ഗൗരവമുള്ള വിഷയമാണ് സ്ത്രീ–പുരുഷ ബന്ധത്തിലുള്ള മറ എന്നത്. അതിനു വ്യക്തത ഉണ്ടായെങ്കിലേ ഈ മറയ്ക്കൊക്കെ പ്രസക്തിയുള്ളൂ.

 

സുഹൃത്തുക്കൾ ഒത്തുചേരുമ്പോൾ

 

കല്യാണത്തെ അടിസ്ഥാനമാക്കിയൊരു സിനിമയെന്ന ചർച്ച വന്നപ്പോൾ, എനിക്കു പരിചിതമായ പൊന്നാനിയുടെ പശ്ചാത്തലത്തിൽ ചെയ്യാമെന്നു തോന്നി. അവിടെ സിനിമയുമായി ബന്ധപ്പെട്ട എന്റെ ഒരുപാട് സുഹൃത്തുക്കളുണ്ട്. ക്യാമറ ചെയ്ത കണ്ണൻ പട്ടേരി, കോസ്റ്റ്യൂം ചെയ്ത ഗഫൂർ മുതൽ ലുക്മാൻ ഉൾപ്പടെയുള്ള പലരും എന്റെ നാടിന്റെ ചുറ്റുവട്ടത്തുള്ളവരാണ്. സിനിമയ്ക്കു മുമ്പെ ഞങ്ങൾ സുഹൃത്തുക്കളാണ്. പൊന്നാനിയിലുണ്ടാകുന്ന കല്യാണം എന്നു പറയുമ്പോൾ എല്ലാവർക്കും ഒരേ പോലെ കണക്ട് ആവുകയും അവരുടെ പങ്കാളിത്തം ഉറപ്പു വരുത്താനും കഴിയും. അങ്ങനെ ‍ഡിസൈൻ ചെയ്തതാണ്.  

 

അഷ്റഫ് ഹംസയുടെ നായകനും നായികയും

 

ഞാനെഴുതുന്ന നായകന്മാർ പൊതുവെ അതിമാനുഷികരല്ല. ഭയങ്കര സുന്ദരനല്ല, അത്ര സത്യസന്ധനല്ല! നമ്മളെയൊക്കെപ്പോലെയുള്ള ഒരാൾ. എല്ലാവർക്കും അവരവർ ഹീറോ ആയിട്ടുള്ള സ്റ്റോറി ഉണ്ടാകും. അത്തരം കഥകളാണ് ഞാൻ പറയാൻ ശ്രമിക്കുന്നത്. ബോധപൂർവം അങ്ങനെയൊരു നായകനെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നതല്ല. ഊതിപ്പെരുപ്പിച്ച നായകസങ്കൽപം എനിക്കില്ല. എഴുത്തിന്റെ സമയത്ത്, എനിക്ക് അത്തരം നായകരെ ഇഷ്ടമില്ലാത്തതുകൊണ്ട്, അങ്ങനെ ഹീറോയിസം കാണിക്കുന്ന നായകന്മാരെ വേണ്ടാ എന്നു വയ്ക്കാറുണ്ട്. 

 

നായികമാരുടെ കാര്യത്തിൽ എനിക്കു തിരിച്ചാണ് തോന്നാറുള്ളത്. സിനിമയിൽ സ്ത്രീകൾ പ്രണയിക്കാൻ മാത്രമായി മതിയോ എന്നൊരു ചിന്ത എപ്പോഴുമുണ്ടാകാറുണ്ട്. ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ എന്റെ ഭാര്യയും ഉമ്മയും അടങ്ങുന്ന സ്ത്രീകളും സ്ത്രീ സുഹൃത്തുക്കളും എന്നെ പിന്തുണയ്ക്കുകയും ഉപദേശിക്കുകയും നന്നാക്കിയെടുക്കുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായി ഞാനൊരു കഥ പറയുമ്പോൾ അതെല്ലാം വന്നു പോകുന്നതാണ്. എന്റെ നിത്യജീവിതത്തിൽ സ്ത്രീകൾക്ക് നല്ല പ്രാധാന്യമുണ്ട്. അതു എഴുത്തിലും പ്രതിഫലിക്കുന്നു എന്നു മാത്രം! 

 

അനാർക്കലിയെ കണ്ടെത്തിയത്

 

അനാർക്കലി പാട്ടു പാടുന്ന വിഡിയോ കണ്ടിട്ടാണ് കാസ്റ്റ് ചെയ്തത്. അതിനു മുമ്പ് എനിക്ക് അവരെ പരിചയമില്ല. അവർ ചെയ്തിട്ടുള്ള സിനിമകൾ കണ്ടിരുന്നില്ല. നായികയെ കണ്ടെത്താൻ കഴിയാതെ വട്ടം കറങ്ങുന്ന സമയത്താണ് ഇൻസ്റ്റഗ്രാമിൽ അനാർക്കലിയുടെ വിഡിയോ ശ്രദ്ധയിൽ പെടുന്നത‌ും അവരെ വിളിക്കുന്നതും. നല്ലൊരു ആർടിസ്റ്റാണ് അനാർക്കലി. അത്രയും അർബൻ ആയൊരു പെൺകുട്ടി മലബാറിലെ സാധാരണ മുസ്ലിം പെൺകുട്ടിയായി വരുന്നതിന്റെ സർപ്രൈസ് എലമെന്റ് ഓർത്തിരുന്നില്ല. അത് പ്രതീക്ഷിച്ചായിരുന്നില്ല കാസ്റ്റിങ് നടത്തിയത്. യാദൃച്ഛികമായി സംഭവിച്ചതാണ്. 

 

പാട്ടുകളുടെ തിരഞ്ഞെടുപ്പിനു പിന്നിൽ

 

മലബാറിലെ ആഘോഷങ്ങളുടെ ഓളം വരുന്നത് മാപ്പിളപ്പാട്ടിന്റെ ട്രാക്കിലാണ്. മുസ്ലിം വിവാഹത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുമ്പോൾ ആ മൂഡ് തന്നെ പാട്ടിലും പിടിക്കാമെന്നു തോന്നി. അത്തരം പാട്ടുകളാണ് ഒരുക്കിയത്. ടി.കെ കുട്ടിയാലിയുടെ വരികൾ ഈ സിനിമയിലെ പാട്ടിൽ ഉപയോഗിക്കുന്നുണ്ട്. പിന്നെ സലിം കോടത്തൂർ വരുന്നുണ്ട്. ജിൽ ജിൽ എന്ന പാട്ട് ടി.കെ. കുട്ടിയാലിയുടെയാണ്. അദ്ദേഹം വലിയൊരു കവിയാണെന്നു എനിക്കു തോന്നിയിട്ടുണ്ട്. എന്നാൽ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഒരിക്കലും ആഘോഷിക്കപ്പെട്ടിരുന്നില്ല. സാധാരണ ജോലി ചെയ്തു മരിച്ചു പോയ ഒരു വ്യക്തി ആയിരുന്നു അദ്ദേഹം. പാട്ടിന്റെ സൗഭാഗ്യങ്ങളൊന്നും അനുഭവിക്കാൻ പറ്റാതെ പോയ വലിയ മനുഷ്യനായിരുന്നു. അതുകൊണ്ട് ഈ പാട്ട് എടുത്തു എന്നല്ല. ഞങ്ങളുടെ ഉള്ളിൽ ഏറ്റവും ഓളം ഉണ്ടാക്കിയ പാട്ടിലേക്കെത്തി എന്നു മാത്രം. എന്തുകൊണ്ടാണ് ടി.കെ കുട്ടിയാലി മുഖ്യധാരയിൽ ചർച്ച ചെയ്യപ്പെടാത്തത് എന്നു തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളുടെ സാധ്യത എല്ലാവരെയും അറിയിക്കണമെന്നു തോന്നി. ഇക്കാര്യങ്ങൾ വളരെ പെട്ടെന്ന് മനസിലാകുന്ന വ്യക്തിയാണ് സംഗീത സംവിധായകൻ വിഷ്ണു വിജയ്. മനോഹരമായി ആ പാട്ടിനെ വിഷ്ണു സമീപിച്ചിട്ടുണ്ട്. അതിലേക്ക് മുഹ്സിന്റെ വരികളും ചേർത്തു. ഇത്തരം കാര്യങ്ങളിൽ എന്നേക്കാൾ ധാരണയുള്ള വ്യക്തിയാണ് മുഹ്സിൻ. 

 

തർക്കിക്കാനല്ല ഈ സിനിമ

 

ഈ സിനിമ കണ്ടു കഴിയുമ്പോൾ തീർച്ചയായും ചെമ്പനെ വളരെ ഇഷ്ടത്തോടെ ഓർക്കാൻ പറ്റും. ക്യൂട്ട് ആയ ലുക്മാനെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് ലുക്മാനോട് ഒരു പ്രേമമൊക്കെ തോന്നിയേക്കാം. ചെമ്പൻ, ലുക്മാൻ, അനാർക്കലി– ഇവരെയായിരിക്കും സിനിമ കണ്ടു കഴിയുമ്പോൾ‌ നിങ്ങളുടെ മനസിൽ നിൽക്കുക. ഇവർ തീർച്ചയായും നിങ്ങളെ സർപ്രൈസ് ചെയ്യിപ്പിക്കും. ഒട്ടും മുഷിച്ചലില്ലാതെ ഈ സിനിമ കാണാൻ സാധിക്കും. എന്റെ രണ്ടു സിനിമകൾ കണ്ടതിന്റെ പ്രതീക്ഷയിലാണ് മൂന്നാമത്തെ സിനിമ കാണാൻ വരുന്നതെങ്കിൽ തീർച്ചയായും നിങ്ങൾ പ്രതീക്ഷിക്കുന്നത് സിനിമയിലുണ്ട്. അതെന്തായാലും ഉണ്ട്. ഇത്രയും കളറാകുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ചാൽ ഒട്ടും ദാരിദ്ര്യത്തിലോ അറിവില്ലായ്മയിലോ അല്ല ജീവിക്കുന്നത് എന്നു പറയാൻ തന്നെയാണ്. തർക്കിക്കുന്നതിനെക്കാൾ നല്ലത് നമ്മൾ നമ്മെ കാണിച്ചു കൊടുക്കുന്നതാണ്. അതിലാണ് ഞാൻ വിശ്വസിക്കുന്നത്. ഞാനെല്ലാ സിനിമയിലും അവതരിപ്പിച്ചു കാണിക്കാനാണ് ശ്രമിക്കുന്നത്. തർക്കിക്കാനില്ല. ഇതിനകത്തും അങ്ങനെയൊരു അവതരണമുണ്ട്. ഇനി നിങ്ങൾ കണ്ടിട്ടു പറയൂ. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com