ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

"റാസൽഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റയ്ക്കായിരുന്നു,"- അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിൽ ഷറഫുദ്ദീന്റെ ഗിരിരാജൻ കോഴി കയ്യടി നേടിയ ഈ ഡയലോഗ് പ്രേക്ഷകർ മറക്കാനിടയില്ല. അതിനു തുടർച്ചയായി പ്രത്യേക താളത്തിൽ ഒരു കൗണ്ടർ ഡയലോഗ് വരുന്നുണ്ട്. അതിങ്ങനെയാണ്, "ഏതു രാജകുമാരനാണ് ചേട്ടാ"? ആ ഡയലോഗ് പറഞ്ഞ സ്കൂൾ യൂണിഫോമിട്ടു നിൽക്കുന്ന മെലിഞ്ഞ പയ്യൻ പിന്നീട് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. പ്രേമം മുതൽ കോടി ക്ലബിൽ ഇടം നേടിയ പ്രേമലുവിൽ വരെയുണ്ട് ചിരിയുടെ രസതന്ത്രമറിയുന്ന ആ പയ്യൻസ്. നടനായും സംവിധായകനായും പ്രേക്ഷകരുടെ ഇഷ്ടം അൽത്താഫ് സലിം മന്ദാകിനി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളുമായി അൽത്താഫ് സലിം മനോരമ ഓൺലൈനിൽ.    

നായകവേഷം അപ്രതീക്ഷിതം

നായകനാവുക എന്നതൊന്നും എന്റെ പരിഗണനാ പട്ടികയിലുണ്ടായിരുന്നില്ല. മന്ദാകിനിയുടെ ടീം കഥ കേൾക്കാൻ നിർബന്ധിച്ചപ്പോൾ സമ്മതിച്ചതാണ്. കഥ കേട്ടപ്പോൾ എനിക്കു കംഫർട്ടബിൾ ആയ സംഭവമാണെന്നു തോന്നി. ഹ്യൂമറാണ് വിഷയം. എനിക്കു സേഫ് ആയി ചെയ്യാൻ പറ്റുന്നതാണ്. അങ്ങനെയാണ് ഞാൻ മന്ദാകിനിക്ക് യെസ് പറയുന്നത്. 

അഭിനയത്തിൽ തൃപ്തി

നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും പ്രേക്ഷകർക്ക് എന്നെ അറിയാം. നായകനായി ഒരു സിനിമ വരുമ്പോൾ ഞാൻ ചെയ്യുന്ന ആരോമൽ എന്ന കഥാപാത്രത്തിൽ എനിക്കു നല്ല ആത്മവിശ്വാസമുണ്ട്. ഞാൻ ആ കഥാപാത്രം ചെയ്തതിൽ സംതൃപ്തനാണ്. സിനിമ നല്ല രീതിയിൽ വന്നിട്ടുമുണ്ട്. ഇനി പറയേണ്ടത് പ്രേക്ഷകരാണ്. മന്ദാകിനി 100 ശതമാനവും സിറ്റുവേഷനൽ ഹ്യൂമറിൽ നെയ്തെടുത്തിരിക്കുന്ന കഥയും മുഹൂർത്തങ്ങളുമാണ്. ചെറിയൊരു പ്ലോട്ടിലാണ് സിനിമ സംഭവിക്കുന്നത്. പക്ഷേ, കഥാപാത്രങ്ങൾക്ക് വലിയ ഷിഫ്റ്റ് ഉണ്ടാകുന്നുണ്ട്.  

mandakini-trailer

ഹ്യൂമർ എന്റെ സേഫ് സോൺ

സിനിമയിൽ ഇതുവരെ ചെയ്തിട്ടുള്ളത് ചെറിയ കഥാപാത്രങ്ങളാണ്. നായകന്റെ സുഹൃത്തോ ഒപ്പമുള്ള ആളോ പോലെയുള്ള വേഷങ്ങൾ. ആ കഥാപാത്രങ്ങൾക്ക് അങ്ങനെ പ്രത്യേകിച്ചൊരു ക്യാരക്ടർ ആർക് ഒന്നും കാണില്ല. സ്ക്രീനിൽ വരിക, ചിരിപ്പിക്കുക, പോവുക എന്നതു മാത്രമാണ് പരിപാടി. പക്ഷേ, മന്ദാകിനിയിൽ മുഴുനീള വേഷമാണ്. ആ കഥാപാത്രത്തിന് ഒരു ക്യാരക്ടർ ഗ്രാഫ് ഉണ്ട്. ഇങ്ങനെ ഒരു അനുഭവം ആദ്യമായിട്ടാണ്. അതായിരുന്നു വെല്ലുവിളിയും. പക്ഷേ, എന്റെ സേഫ് സോണായ ഹ്യൂമറിൽ ആയതുകൊണ്ട് ഓകെ ആയിരുന്നു. അല്ലാതെ, ആരോമൽ എന്ന കഥാപാത്രമാകാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. 

നായകനായപ്പോൾ പഠിച്ചത്

ഒരു സിനിമയിൽ മുഴുനീള വേഷത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം തീർച്ചയായും സംവിധായകൻ എന്ന നിലയിൽ വലിയ പാഠമാണ്. അഭിനയിക്കുന്ന സമയത്തു മാത്രമല്ല, അതിനു മുൻപുള്ള സമയത്തും അവരെ എങ്ങനെ കംഫർട്ടബിൾ ആക്കാം എന്നൊരു ചിന്ത ഇപ്പോൾ മനസിലുണ്ട്. അഭിനയം എന്നു പറയുന്നത് ഒരു ക്രിയേറ്റീവ് പ്രോസസ് ആണല്ലോ. അവരെ എങ്ങനെ ബ്രീഫ് ചെയ്യണം, അവരുടെ ഏറ്റവും മികച്ച പ്രകടനം ലഭിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നൊക്കെ ഒരു അഭിനേതാവിന്റെ വീക്ഷണകോണിൽ നിന്നു മനസിലാക്കാൻ കഴിഞ്ഞു. ഞാനും അഭിനയിക്കുന്നതു കൊണ്ട് ഇതെല്ലാം എനിക്കു പെട്ടെന്നു കണക്ട് ആകും. പെർഫോമൻസ് ഓർഗാനിക് ആയി സംഭവിക്കണം. ബാക്കിയെല്ലാം സാങ്കേതികമാണ്. 

വരുന്നത് ഫഹദ് ചിത്രം

ഫഹദ് ഫാസിൽ നായകനാകുന്ന ഓടും കുതിര, ചാടും കുതിര സിനിമ സംവിധാനം ചെയ്യുകയാണ്. പാച്ചുവും അദ്ഭുതവിളക്കും സിനിമയ്ക്കു മുൻപ് സംസാരിച്ചിരുന്ന പ്രൊജക്ടാണ്. കൊച്ചിയിലാണ് ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്നത്. മിക്കവാറും സെറ്റിൽ നിന്നാകും മന്ദാകിനി കാണാൻ തിയറ്ററിലെത്തുക. 

English Summary:

Altaf Salim discusses his unexpected lead role in Mandakini and his journey from supporting actor to lead hero

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com