അമ്പലനടയിലെ ‘ക്ലൈമാക്സ്’ ഷൂട്ട് ചെയ്യാൻ 24 ദിവസം, ഒരു മാസത്തോളം ഒരേ കോസ്റ്റ്യൂം: സിജു സണ്ണി അഭിമുഖം
Mail This Article
തിയറ്ററുകളിൽ ചിരിയുടെ വെടിക്കെട്ടുമായി എത്തിയ ‘രോമാഞ്ചം’ എന്ന സിനിമയിൽ മുകേഷ് എന്ന കഥാപാത്രമായെത്തിയ പുതുമുഖ താരമായിരുന്നു സിജു സണ്ണി. കോളജ് ഹോസ്റ്റലിലോ, ബാച്ചിലേഴ്സായി താമസിച്ച വീട്ടിലോ, ക്യാംപുകളിലോ അങ്ങനെ എവിടെയെങ്കിലും മുകേഷിനെ പോലെ ഒരു സഹപാഠിയെ കാണാത്തവരുണ്ടാകില്ല. ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന രണ്ടാമത്തെ ചിത്രത്തിൽ ബേസിൽ ജോസഫിന്റെ സുഹൃത്തായ ഷംസുവായും മിന്നുംപ്രകടനമാണ് സിജു കാഴ്ചവച്ചത്. ഗുരുവായൂർ അമ്പലത്തിലെ കല്യാണ സീനുകളിൽ ഇടി കൊണ്ടും കൊടുത്തും സുഹൃത്തിന് വേണ്ടി പാര പണിഞ്ഞും മലയാള സിനിമയിൽ കഴിവുറ്റ മറ്റൊരു പുതുമുഖതാരമായി സ്ഥാനം പിടിക്കുകയാണ് സിജു. ബേസിൽ ജോസഫ് നായകനാകുന്ന ‘മരണമാസി’ലൂടെ തിരക്കഥാകൃത്തിന്റെ കുപ്പായവും തനിക്കിണങ്ങും എന്ന് തെളിയിക്കാനൊരുങ്ങുകയാണ് സിജു സണ്ണി. ഗുരുവായൂർ അമ്പലനടയിലെ ‘കല്യാണ’ വിശേഷങ്ങളുമായി സിജു സണ്ണി മനോരമ ഓൺലൈനിൽ എത്തുന്നു.
പ്രേക്ഷകനെ രോമാഞ്ചം കൊള്ളിച്ച ‘രോമാഞ്ച’ത്തിലെ മുകേഷ്
എന്റെ ആദ്യ സിനിമ രോമാഞ്ചം ആണ്. അതിൽ മുകേഷ് എന്ന കഥാപാത്രമാണ് ചെയ്തത്. ‘രോമാഞ്ചം’ ഒരു ഭാഗ്യ ചിത്രം തന്നെയാണ്. ഒരു തുടക്കക്കാരൻ ഒട്ടും പ്രതീക്ഷിക്കാത്ത സ്വീകാര്യതയാണ് രോമാഞ്ചത്തിൽ ലഭിച്ചത്. ഒരുവീട്ടിൽ ഒരുമിച്ചു താമസിക്കുന്ന കൂട്ടുകാർക്കിടയിൽ തീരെ വൃത്തിയില്ലാത്ത, ഒരു ഉത്തരവാദിത്തവും ഇല്ലാത്ത ആളാണ് മുകേഷ്. ആകെയുള്ള രണ്ടു ലുങ്കി നനയ്ക്കാതെ, ഷർട്ട് ഇടാതെ, നഖം വെട്ടാതെ നടക്കുന്ന, ഏതു സാഹചര്യത്തിലും കിടക്കുന്ന ഒരാൾ. ‘‘നീ ഇനി മുതൽ വീട്ടിൽ ഷർട്ട് ഇടാതെ നടന്നോളൂ, സിനിമ ചെയ്യാറാകുമ്പോഴേക്കും അത് ശീലമാകും’’ എന്നു പറഞ്ഞു. അങ്ങനെ അന്നുമുതൽ ഞാൻ ഒരു ഉഴപ്പനായി ജീവിക്കാൻ തുടങ്ങി. മുടി വെട്ടാതെ, നഖം വെട്ടാതെ, ഷർട്ട് ഇടാതെ നടക്കുന്ന എന്നെ കണ്ടിട്ട് വീട്ടിൽ പോലും എല്ലാവർക്കും വെറുപ്പായിത്തുടങ്ങി. എനിക്കെന്തെങ്കിലും പറ്റിയതാണോ എന്ന അവരുടെ പേടി കണ്ടിട്ട് ഞാൻ പറഞ്ഞു, ‘‘ഇതൊരു സിനിമയ്ക്കു വേണ്ടിയുള്ള തയാറെടുപ്പാണ്’’. വീട്ടുകാരോടു മാത്രമേ പറഞ്ഞുള്ളൂ സുഹൃത്തുക്കളോടോ നാട്ടുകാരോടോ പറഞ്ഞില്ല. അവരുടെ വിചാരം എനിക്കെന്തോ കാര്യമായി സംഭവിച്ചു എന്നുതന്നെ ആയിരുന്നു. എന്റെ കഥാപാത്രം ഒരുപക്ഷേ എന്നിൽ നിന്ന് മാറിപ്പോയേക്കുമോ എന്ന പേടി കാരണമാണ് ആരോടും പറയാതിരുന്നത്. എന്നാലും വീട്ടുകാര്‍ പറഞ്ഞത് ‘‘എടാ, ഒരു സിനിമയിൽ അഭിനയിക്കാൻ പോകുവല്ലേ, മുടിയൊക്കെ വെട്ടി വൃത്തിയാക്കിയിട്ട് പോ’’ എന്നാണ്.
വിപിൻ ദാസ് പറഞ്ഞു മുകേഷിനെപോലെ അല്ല ഷംസു
എന്റെ രണ്ടാമത്തെ സിനിമയാണ് "ഗുരുവായൂർ അമ്പലനടയിൽ." രോമാഞ്ചം കഴിഞ്ഞ് എനിക്ക് വന്നുകൊണ്ടിരുന്നതെല്ലാം അതിലെ കഥാപാത്രത്തോട് സാമ്യമുള്ളവ ആയിരുന്നു. അതുകൊണ്ട് ഒരു വ്യത്യസ്തമായ കഥാപാത്രം വരുമോ എന്ന് നോക്കി ഇരിക്കുമ്പോഴാണ് വിപിൻ ചേട്ടൻ വിളിച്ചത്. ചേട്ടൻ വിളിച്ചിട്ട് "ഡാ ഞാൻ ഒരു സിനിമ ചെയ്യുന്നു, ബേസിലിന്റെ കൂട്ടുകാരന്റെ കഥാപാത്രമാണ്, ഷംസു എന്നാണ് പേര്, നീ ചെയ്യണം" എന്ന്. എന്നെ വിളിച്ചപ്പോഴേ പറഞ്ഞത് ‘രോമാഞ്ച’ത്തിലെ കഥാപാത്രത്തെപോലെ അല്ല എന്നാണ്. അങ്ങനെയാണ് ഞാൻ ഷംസുവിലേക്ക് എത്തിയത്. വിപിൻ ദാസ് ചേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒരു സംവിധായകൻ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹം സൂപ്പറാണ്.
സീനിയർ താരങ്ങളോടൊപ്പം
രോമാഞ്ചം കഴിഞ്ഞ് എനിക്ക് കുറച്ചുനാൾ ബ്രേക്ക് വന്നതുപോലെ തോന്നുന്നത് ഗുരുവായൂർ അമ്പലനടയിൽ ഷൂട്ടിങ് കുറച്ചുനാൾ നീണ്ടുപോയതുകൊണ്ടാണ്. രാജു ചേട്ടന്റെ (പൃഥ്വിരാജ്) കാലിന് ഒരു പരിക്ക് പറ്റിയിട്ട് അദ്ദേഹം വിശ്രമത്തിൽ ആയതുകാരണം ഷൂട്ടിങ് കുറച്ചുനാൾ മാറ്റി വെക്കേണ്ടി വന്നിരുന്നു. രോമാഞ്ചത്തിൽ സൗബിക്ക, അർജുൻ അശോകൻ ഒഴിച്ചുള്ള ഞങ്ങളെല്ലാം പുതിയ നടൻമാർ ആയിരുന്നു. പക്ഷേ ഗുരുവായൂർ വന്നപ്പോഴേക്കും ബേസിൽ ഏട്ടൻ, രാജുച്ചേട്ടൻ, അനശ്വര, നിഖില, ബൈജു ചേട്ടൻ, ജഗദീഷ് ഏട്ടൻ, രേഖ ചേച്ചി, അങ്ങനെ സീനിയർ ആയ കുറേ താരങ്ങളോടൊപ്പം ആയിരുന്നു ഞങ്ങൾ. അഭിനയപരിചയമുള്ള താരങ്ങളോടൊപ്പം അഭിനയിക്കാൻ കഴിയുന്നത് വളരെ നല്ലതാണ് കാരണം അവരിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാൻ ഉണ്ടാകും.
‘ഫാമിലി സ്റ്റാർ’ ബേസിൽ ജോസഫ്
ബേസിലേട്ടനെ ഞങ്ങൾ ഫാമിലി സ്റ്റാർ എന്നാണ് വിളിക്കുന്നത്. രോമാഞ്ചം വന്നപ്പോൾ അദ്ദേഹം കണ്ടിട്ട് എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഗുരുവായൂരിന്റെ സെറ്റിൽ എത്തിയപ്പോൾ ബേസിലേട്ടൻ ഞങ്ങൾ പുതുമുഖങ്ങൾക്ക് ഒരുപാട് ഫ്രീഡം തന്നിരുന്നു. ഞങ്ങളെ സ്നേഹിച്ച് വഷളാക്കി എങ്കിലേ ഉള്ളൂ. ചില ഇന്റർവ്യൂകളിൽ കാണുന്നതുപോലെ തന്നെയാണ് സെറ്റിലെയും പെരുമാറ്റം. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുന്നത് തമ്മിൽ അത്രയ്ക്ക് ഇഷ്ടമുള്ളതുകൊണ്ടും സ്വാതന്ത്ര്യം ഉള്ളതുകൊണ്ടുമാണ്. ഞാനും സാഫ് ബോയുമാണ് എപ്പോഴും ബേസിലേട്ടന്റെ കൂടെ ഉണ്ടാവുക. ഇൻസ്റ്റാഗ്രാമിൽ ആമിനതാത്ത എന്ന കഥാപാത്രം ചെയ്തു പ്രശസ്തനായ സാഫ് ബോയ് ആണ് ബേസിലേട്ടന്റെ അനുജന്റെ വേഷം ചെയ്തത്.
ഞങ്ങളോട് വലിയ സ്നേഹത്തിലാണ് പെരുമാറിയത്. ഇടയ്ക്കിടെ ഞങ്ങളോട് പിണങ്ങും. പക്ഷേ അതൊക്കെ സ്നേഹത്തിൽ നിന്ന് വരുന്നതാണ്. സെറ്റിൽ വന്നാൽ കളിയും ചിരിയുമായി ഓടിച്ചാടി അങ്ങോട്ടും ഇങ്ങോട്ടും നടക്കും അതിന്റെ കൂട്ടത്തിൽ ഞങ്ങളും. ബേസിലേട്ടനോടൊപ്പമുള്ള സീൻ ഞങ്ങൾ ഒരുമിച്ചിരുന്ന് പ്ലാൻ ചെയ്യും. അപ്പൊ അദ്ദേഹം പറയും എടാ നീ ഈ ഡയലോഗ് ഇങ്ങനെ ഒന്ന് പറഞ്ഞുനോക്ക് അപ്പൊ ഞാൻ ഇങ്ങനെ പറയാം, അദ്ദേഹത്തിന് ഈ റിഹേഴ്സലിന്റെ ആവശ്യമില്ല പക്ഷെ കൂടെയുള്ളവരെയും ടെൻഷൻ ഇല്ലാതെ അഭിനയിക്കാൻ അദ്ദേഹം പ്രാപ്തനാക്കും. അത് നമുക്ക് നല്ല ആത്മവിശ്വാസം തരും. പിന്നെ ക്യാമറക്ക് മുന്നിൽ നിൽക്കുമ്പോൾ ഒരു ടെൻഷനും ഉണ്ടാകില്ല. ബേസിലേട്ടൻ അടിപൊളി ആണ്. ബേസിലേട്ടനെ കുടുംബപ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹത്തെ സ്‌ക്രീനിൽ കാണുമ്പൊൾ തന്നെ കയ്യടിയും ചിരിയും തുടങ്ങും.
പൃഥ്വിരാജ് പറഞ്ഞു, ‘‘എടാ മോനേ ഇങ്ങനെ ചെയ്തുനോക്കൂ’’
പൃഥ്വിരാജിനൊപ്പം എനിക്ക് അധികം കോമ്പിനേഷൻ സീൻ ഇല്ല. അമ്പലത്തിലെ സീനിൽ ആണ് കൂടുതലായി ഉള്ളത്. അത് ഒരുപാട് പേര് ഉള്ള ഒരു കല്യാണ സീൻ ആയിരുന്നു. നമ്മുടെ സീനിയർ താരങ്ങളോടൊപ്പം ആയിരത്തി അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകൾ ഉണ്ട് അതിനിടയിൽ ആർക്കും ആരോടും സംസാരിക്കാൻ കഴിയില്ല. ഇടയിൽ കിട്ടിയ ഇടവേളയിൽ നമ്മളോട് രാജുവേട്ടൻ നല്ല സൗഹൃദത്തോടെ പെരുമാറി. സീൻ എടുക്കുമ്പോൾ, എടാ മോനെ ഇങ്ങനെ ചെയ്തു നോക്ക് അങ്ങനെ ഒക്കെ പറഞ്ഞു തരും. വളരെ ബുദ്ധിമുട്ടി ചെയ്ത ഷോട്ടുകളാണ് അമ്പലത്തിലേത്. വളരെ ചെറിയ സമയത്തിനുള്ളിൽ പ്ലാൻ ചെയ്തതെല്ലാം ചെയ്യണം കാരണം ലൈറ്റ് പോയിക്കഴിഞ്ഞാൽ പിന്നെ ചെയ്യാൻ പറ്റില്ല. രാജുച്ചേട്ടൻ എന്നെ ചവിട്ടുന്ന ഒരു സീൻ ഉണ്ട്. രണ്ടുമൂന്നു പ്രാവശ്യം ചവിട്ടി കഴിഞ്ഞപ്പോൾ, എനിക്ക് ടെൻഷൻ ആയി. കാരണം എന്റെ ടൈമിങ് ശരിയാകുന്നില്ല. രാജു ചേട്ടൻ പറഞ്ഞു പ്രശ്നം ഒന്നും ഇല്ല, നമുക്ക് ഇനിയും എടുക്കാം എന്ന് പറഞ്ഞ് നമ്മളെ കൂൾ ആക്കും.
ഒരു മാസത്തോളം ഒരേ കോസ്റ്റ്യൂം
അമ്പലത്തിലെ ഷോട്ടുകൾ എടുത്തത് വളരെ പണിപ്പെട്ടാണ്. ഗുരുവായൂർ അമ്പലത്തിൽ ഇപ്പോൾ ഷൂട്ടിങ്ങിനു അനുമതി ഇല്ല. അനുമതി കിട്ടിയാലും അവിടുത്തെ തിരക്കിനിടയിൽ നമുക്ക് ഷൂട്ട് ചെയ്യാൻ പറ്റില്ല. അതുകൊണ്ടു കളമശേരിയിൽ ഒരു സെറ്റ് ഇട്ടാണ് ഷൂട്ട് ചെയ്തത്. പ്രൊഡക്‌ഷൻ ഡിസൈനർ സുനിൽ ഏട്ടന്റെ കരവിരുതാണ് ആ സെറ്റ്. ഗുരുവായൂരിലെ മണ്ഡപത്തിന്റെയും മറ്റും അളവുകൾ എടുത്ത് അതെ അളവിൽ ആണ് സെറ്റിട്ടത്. ഒറ്റ ദിവസത്തെ കാര്യമാണ് ഈ 24 ദിവസം കൊണ്ട് ചെയ്തത്. സ്ക്രീനിങ് കാണുമ്പൊൾ ഒരു ദിവസത്തെ കാര്യമാണെങ്കിലും അത്രത്തോളം ഷോട്ട് എടുത്തിട്ടാണ് അത്രയും കാണിക്കുന്നത്. പ്രോപ്പർട്ടി കോസ്റ്റ്യൂം ഒന്നും മാറാൻ പാടില്ല, ഈ 24 ദിവസം ഒരേ കോസ്റ്റ്യൂം ആണ്.
ഒരു വസ്ത്രത്തിന്റെ രണ്ടുമൂന്നു ജോഡി ഉണ്ടാകും. അനശ്വര വിവാഹവേഷത്തിൽ ആണ് നിൽക്കുന്നത് അവരുടെ വസ്ത്രവും ആഭരണങ്ങളും ഒക്കെ ഇടയാതെ ഇരിക്കണമല്ലോ. അനശ്വര, നിഖില ഒക്കെ ഒരേ വസ്ത്രങ്ങളും കുറെ ആഭരണങ്ങളും ഇത്രയും ദിവസം ഇടേണ്ടി വന്നു. ഓരോ ദിവസം ഷൂട്ട് കഴിയുമ്പോൾ കോസ്റ്റ്യൂം ഡിപ്പാർട്മെന്റ് നമ്മുടെ ഡ്രസ്സ് കൊണ്ടുപോയി അലക്കി തേച്ച് കൊണ്ടുവരും. ഇവിടെ ഷൂട്ട് നടക്കുമ്പോൾ അവർ അവിടെ ഇത്രയുംപേരുടെ വസ്ത്രത്തിന്റെ കാര്യം നോക്കുകയാവും. വിപിൻ ദാസ് ചേട്ടന്റെ ഭാര്യ അശ്വതി തന്നെയാണ് കോസ്റ്റ്യൂം ചെയ്തത്. രാജു ചേട്ടന്റെ ഷർട്ടുകൾ ശ്രദ്ധിച്ചാൽ അറിയാം വളരെയധികം പ്രത്യേകത ഉള്ളതാണ്. ആർട്ടിസ്റ്റുകളെക്കാൾ ഓരോ ഡിപ്പാർട്മെന്റിലേ ജോലി നോക്കുന്ന ക്രൂ ഉണ്ടാകും. വലിയൊരു കുടുംബം ആയിരുന്നു അത്. തമിഴ് നടൻ യോഗി ബാബു വലിയ സൗഹൃദത്തോടെ പെരുമാറി, ഞങ്ങൾ സെറ്റിൽ ക്രിക്കറ്റ് കളി ഒക്കെയായിരുന്നു. അവിടുത്തെ ഷൂട്ടിങ് അനുഭവങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല.
അഭിനയിച്ച രണ്ടു സിനിമയും ഹിറ്റ് ആയതിൽ സന്തോഷമുണ്ട്
നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. നാട്ടിൽ ഉള്ളവരൊക്കെ വിളിക്കാറുണ്ട്. കഥാപാത്രം നന്നായി എന്ന് പറയുമ്പോൾ സന്തോഷമുണ്ട്. ഞാൻ ചെയ്ത രോമാഞ്ചവും ഇതും ഹിറ്റ് ആയി, നമ്മൾ ചെയ്ത കഥാപാത്രം ഹിറ്റ് ആകുന്നു എന്നതിലുപരി സിനിമ മുഴുവൻ ഹിറ്റ് ആകുമ്പോഴാണല്ലോ നമ്മളും വിജയിക്കുക. ഇപ്പോൾ ആളുകൾ എന്നെ തിരിച്ചറിയുന്നുണ്ട്. തീയറ്റർ വിസിറ്റിനൊക്കെ പോകുമ്പോൾ എല്ലാവരും സ്നേഹം പ്രകടിപ്പിക്കും. ഹിറ്റ് സിനിമകളുടെ ഭാഗമാകുന്നത് വളരെ ആത്മവിശ്വാസം തരുന്ന കാര്യമാണ്.
നമ്മുടെ അമ്പാൻ പൊളി അല്ലേ
രോമാഞ്ചം കഴിഞ്ഞപ്പോഴേ ജിത്തു ചേട്ടൻ ആവേശത്തിന്റെ കാര്യം പറഞ്ഞിരുന്നു. എനിക്ക് പറ്റുന്ന കഥാപാത്രം അതിൽ ഇല്ലായിരുന്നു. ജിത്തു ചേട്ടൻ പറഞ്ഞു, എടാ കോളജ് പിള്ളേരെ ഒക്കെയാണ് വേണ്ടത്. ഞാൻ പോയി താടിയും മീശയും ഷേവ് ചെയ്‍തിട്ട് ഒരു പടം അയച്ചുകൊടുത്തു, അതിനു ജിത്തു ചേട്ടൻ പറഞ്ഞ മറുപടി നല്ല തമാശ ആയിരുന്നു. ഞാൻ ഇല്ലെങ്കിലും ‘ആവേശം’ ഞങ്ങൾ ആവേശത്തോടെയാണ് കാത്തിരുന്നത്. നമ്മുടെ കുടുംബത്തിലെ സിനിമയല്ലേ. ആവേശത്തിൽ നമ്മുടെ അമ്പാൻ പൊളിയല്ലേ. സജിൻ ഷൂട്ടിങ്ങിനിടയിൽ ലുക്കിന്റെ പടങ്ങൾ ഒക്കെ അയക്കുമായിരുന്നു. പക്ഷേ സിനിമകണ്ടപ്പോൾ അമ്പാനെ കണ്ടിട്ട് ഞാൻ ഞെട്ടിപോയി. അമ്പാൻ എന്താണ് അടുത്തതായി ചെയ്യാൻ പോകുന്നത് എന്നാണ് ഞാൻ ശ്രദ്ധിച്ചത്. ഞാൻ പടം കണ്ടിട്ട് ആദ്യം വിളിച്ചത് അമ്പാനെ ആണ്, ഞാൻ പറഞ്ഞു ഈ ഒരൊറ്റ പടം കൊണ്ട് ഞാൻ നിങ്ങളുടെ ഫാൻ ആയി.
ബേസിലിന്റെ മരണമാസിലൂടെ തിരക്കഥാകൃത്താകുന്നു
ഗുരുവായൂരിന്റെ ഇടവേളക്കിടയിൽ ഞാൻ വാഴ, പരാക്രമം എന്നിങ്ങനെ രണ്ടു സിനിമകൾ ചെയ്തു. ഞാൻ സ്ക്രിപ്റ്റ് എഴുതുന്ന ഒരു സിനിമ വരുന്നുണ്ട്. മരണമാസ് എന്നാണ് പേര്. ബേസിൽ ജോസഫ് ആണ് നായകൻ. ഉടൻ തന്നെ ഷൂട്ട് തുടങ്ങും. ബേസിലേട്ടന്റെ അസ്സിസ്റ്റന്റ് ആയിരുന്ന ശിവപ്രസാദ് ആണ് സംവിധാനം ചെയ്യുന്നത്. നടൻ ടൊവിനോ തോമസ് ആണ് സിനിമ നിർമിക്കുന്നത്. ഞാൻ അഭിനയിക്കുന്നുണ്ട്, പിന്നെ രാജേഷ് മാധവൻ, സുരേഷ് കൃഷ്ണ എന്നിവരുമുണ്ട്.