‘മാർക്കോ’ പോലുള്ള വേഷങ്ങൾ ചെയ്യരുത്: ജഗദീഷിനോട് ബൈജു പറഞ്ഞു; അഭിമുഖം

Mail This Article
അഭിനയത്തിന്റെ കാര്യത്തിൽ രണ്ടു നടന്മാരാണ് ജഗദീഷിനെ ഉപദേശിച്ചത്. ഒന്നാമൻ സാക്ഷാൽ മമ്മൂട്ടി; രണ്ടാമൻ ബൈജു സന്തോഷ്. രണ്ടുപേരും സഹോദരതുല്യരാണ്. അതു കൊണ്ടു തന്നെ മൂത്ത സഹോദരന്റെ ഉപദേശം സ്വീകരിക്കാനാണ് തീരുമാനം. ‘മാർക്കോ’ കണ്ടിട്ടാണ് ബൈജു വിളിച്ചത്. ‘‘അണ്ണാ നിങ്ങളിനി ഇത്തരം വേഷങ്ങളൊന്നും ചെയ്യരുത്, മറ്റൊന്നും കൊണ്ടല്ല; നിങ്ങളെ ഇത്രയും ക്രൂരനായൊന്നും കാണാൻ എനിക്കിഷ്ടമല്ല’’. പല സിനിമകളിലും അനിയൻ വേഷത്തിൽ അഭിനയിച്ചിട്ടുള്ള ബൈജുവിനോട് അതേ വാത്സല്യത്തോടെ ജഗദീഷ് പറഞ്ഞു: ‘‘ അത് നിനക്ക് എന്നോടുള്ള ഇഷ്ടംകൊണ്ട് തോന്നുന്നതാ. ഇനിയും കുറച്ചു പടങ്ങൾ കൂടി വരുമ്പോൾ മാറിക്കൊള്ളും’’. മമ്മൂട്ടി ഉപദേശിച്ചത് വർഷങ്ങൾക്കു മുൻപ് ഒരു യാത്രയിലാണ്. ‘‘ഇങ്ങനെയൊക്കെ നടന്നാൽ മതിയോ കൂട്ടുകാരാ, ഒരു അവാർഡൊക്കെ വാങ്ങണ്ടേ..?’’ ഒരേ രീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്ത് മടുത്തിരിക്കുന്ന സമയമായിരുന്നു അത്. ‘‘ അതിന് നല്ല വേഷങ്ങൾ കിട്ടണ്ടേ മമ്മൂക്കാ, എന്നാലല്ലേ എന്തെങ്കിലും ചെയ്യാൻ പറ്റൂ’’ ജഗദീഷ് തന്റെ അവസ്ഥ വിശദീകരിച്ചു. ‘‘ അങ്ങനെ വേഷങ്ങൾ തനിയെ വന്നു കയറുകയൊന്നുമില്ല; നമ്മളും കൂടി ശ്രമിക്കണം’’ അതായിരുന്നു മമ്മൂട്ടിയുടെ ഉപദേശം.
മമ്മൂട്ടി പറഞ്ഞ കാര്യം ജഗദീഷ് വീട്ടിലും അവതരിപ്പിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് കോഴിക്കോട്ടുനിന്ന് സംവിധായകൻ രഞ്ജിത്ത് വിളിക്കുന്നത്. ‘‘ മച്ചുനാ, നിനക്ക് പ്രേക്ഷകരെ ഒന്നു ഞെട്ടിക്കണമെന്ന് തോന്നുന്നുണ്ടോ? എങ്കിൽ ഒരു പടമുണ്ട്...’’ കഥാപാത്രത്തിന്റെ സ്വഭാവം രഞ്ജിത്ത് വിശദീകരിച്ചു. ഇത്രയും വെല്ലുവിളിയുള്ള ഒരു വേഷം ഇതിനു മുൻപ് തേടിവന്നിട്ടില്ല; ഇതിനായാണ് കാത്തിരുന്നത്. എങ്കിലും തീരുമാനം പറയാൻ ജഗദീഷ് 10 മിനിറ്റ് സമയം ചോദിച്ചു. ഭാര്യയുടെയും മക്കളുടെയും അഭിപ്രായം അറിയണം. അവരുടെ അനുവാദം വേണം. അത്രയ്ക്ക് നീചനാണ് ‘ലീല’യിലെ തങ്കപ്പൻ നായർ. മൂന്നുപേരും സമ്മതം മൂളി. ‘ലീല’ തിയറ്ററിൽ വലിയ വിജയമായില്ലെങ്കിലും സിനിമക്കാർക്കിടയിൽ ചർച്ചയായി; പ്രത്യേകിച്ച് ജഗദീഷിന്റെ പ്രകടനം.
‘ലീല’ കണ്ടിട്ട് മമ്മൂട്ടി വിളിച്ചിരുന്നോ?
വിളിച്ചെന്നു മാത്രമല്ല, പിന്നീട് അദ്ദേഹം നിർമിച്ച ‘റോഷാക്കി’ൽ അതിനെക്കാൾ ഗംഭീരമെന്നു പറയാവുന്ന വേഷവും തന്നു. സംവിധായകൻ നിസാം ബഷീറും എഴുത്തുകാരൻ സമീറും കൂടി എന്നെ കാണാൻ വരുമ്പോൾ ‘ലീല’യിലെ അഭിനയത്തെപ്പറ്റിയാണ് പറഞ്ഞത്. എന്നിൽനിന്ന് എന്ത് വേണമെന്ന് അവർക്ക് കൃത്യതയുണ്ടായിരുന്നു. എന്നെക്കൊണ്ട് പറ്റുന്നതു പോലെ ആ വേഷം മികച്ചതാക്കാൻ പറ്റിയെന്നാണ് വിശ്വാസം. ‘റോഷാക്ക്’ തിയറ്ററിലും നിറഞ്ഞോടി. അതോടെ, ഏതു വേഷവും ചെയ്യാമെന്ന ആത്മവിശ്വാസമായി.
മോഹൻലാൽ ഇങ്ങനെ അഭിപ്രായമൊന്നും പറയാറില്ലേ?
ലാൽ മറ്റൊരു രീതിയിലാണ് ഇടപെടുന്നത്. ഒരു അവാർഡ് ചടങ്ങിൽ എനിക്കൊപ്പം ലാലും ഉണ്ടായിരുന്നു. ‘റോഷാക്കി’ലെ അഭിനയത്തിനായിരുന്നു എനിക്ക് അവാർഡ്. ഞാൻ അടുത്തെത്തിയപ്പോൾ, എന്നെ ചേർത്തു പിടിച്ച് ചെവിയിൽ ചോദിച്ചു ‘‘ നേരിന്റെ വിളി വന്നോ?’’ ഞാൻ ആകാംക്ഷയോടെ ലാലിനെ നോക്കി. ‘‘ ഇതുപോലെ മിന്നിക്കാൻ പറ്റിയ ക്യാരക്ടർ റോളാ...’’ ലാൽ സ്നേഹത്തോടെ പുറത്തുതട്ടി. അങ്ങനെയാണ് ജീത്തു ജോസഫിന്റെ ‘നേരി’ൽ മുഹമ്മദ് എന്ന കഥാപാത്രം കിട്ടുന്നത്. പടം ഇറങ്ങിക്കഴിഞ്ഞും പടത്തിന്റെ പ്രമോഷൻ സമയത്തുമെല്ലാം ലാൽ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ‘ഗരുഡ’നിൽ അഭിനയിക്കുമ്പോൾ സുരേഷ് ഗോപിയിൽനിന്നും ലഭിച്ചിരുന്നു ഇതുപോലെ നല്ല വാക്കുകൾ. ‘‘ജഗദീഷ് പഴയ ജഗദീഷൊന്നുമല്ല, സൂക്ഷിച്ചോ’’ എന്നൊക്കെ ഇടയ്ക്കു പറയും. ജയറാമിനൊപ്പം ‘ഓസ്‌ലർ’ ചെയ്യുമ്പോഴും ഇതേ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. എത്രയോ കാലമായ സൗഹൃദമല്ലേ ഇതെല്ലാം.
ഓസ്‌ലറിലെ ഡോ. സേവി പുന്നൂസിന്റെ ചലനങ്ങളും സംഭാഷണങ്ങളും പ്രത്യേക രീതിയിലായിരുന്നല്ലോ?
സത്യമാണ്. ഡോ. സേവിയുടെ നടത്തത്തിന് ജഗദീഷിന്റെ നടത്തത്തിന്റെ അത്രയും വേഗം വേണ്ട. അയാൾ കുറച്ചുകൂടി ക്ഷീണിതനാണ്. അതനുസിച്ച് നടത്തം ക്രമീകരിച്ചതാണ്. ഷൂട്ട് നടക്കുന്ന സമയത്ത് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഒരു കാര്യമേ എന്നോട് ആവശ്യപ്പെട്ടുള്ളു. ‘‘ മമ്മുക്കയുമായുള്ള കോംബിനേഷൻ സീനിൽ, അദ്ദേഹത്തിന്റെ കണ്ണിൽ നോക്കി വേണം സംസാരിക്കാൻ’’. മമ്മൂക്കയുടെ കണ്ണിൽ നോക്കി അഭിനയിക്കാൻ ഇത്തിരി ബുദ്ധിമുട്ടാ. പക്ഷേ, എന്റെ കഥാപാത്രം അങ്ങനെ ചെയ്യണം. കാരണം, കൊടുംക്രൂരത ചെയ്തിട്ടും ഒട്ടും കുറ്റബോധമില്ലാത്തയാളാണ്. താൻ ഒരിക്കൽ പിടിക്കപ്പെടുമെന്നോ ശിക്ഷിക്കപ്പെടുമെന്നോ അയാൾ വിശ്വസിക്കുന്നില്ല. അതുകൊണ്ട് തല താഴ്ത്താതെ കണ്ണിൽ നോക്കി തന്നെയാണ് അയാൾ സംസാരിക്കുന്നത്.
ഇതിനിടയിൽ പഴയതുപോലെ നർമ സ്വഭാവമുള്ള ഒരു വേഷം ചെയ്തല്ലോ? ഗുരുവായൂരമ്പലനടയിൽ’?
നർമ സ്വഭാവമുണ്ടെങ്കിലും പണ്ട് ചെയ്ത കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമാണത്. ‘ഇൻ ഹരിഹർനഗറി’ലേയും ‘ഗോഡ് ഫാദറി’ലേയും പോലെ ശബ്ദമുയർത്തി സംസാരിക്കുന്ന ചെറുപ്പക്കാരൻ പൂവാലനല്ല സുദേവൻ. അയാൾക്ക് കുടുംബത്തിന്റെ ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടുതന്നെ സംസാരത്തിലും മറ്റും മിതത്വം വരും. സ്വാഭാവികമായ തമാശകളാണ് സുദേവനിൽനിന്ന് വരേണ്ടത്. ‘വാഴ’യിലും ‘ഹലോ മമ്മി’യിലും ഇതുപോലെ തന്നെ അച്ഛൻ വേഷങ്ങളാണ്. പക്ഷേ, രണ്ടും വ്യത്യസ്തങ്ങളാണ്. ‘കിഷ്കിന്ധാകാണ്ഡ’ത്തിലെ സുമദത്തന്റെ നോട്ടത്തിൽ കുറച്ചു ദുരൂഹതയുണ്ട്. ഒരു ഭൂതകാലം അയാൾ കണ്ണിൽ ഒളിപ്പിക്കണം. കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച പുതിയ ചിത്രമായ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ യിലെ വേഷവും പ്രതീക്ഷയുള്ളതാണ്.
തൊണ്ണൂറുകളിലെ നായകനോട് പുതിയ നായകന്മാരുടെ സമീപനം എങ്ങനെയാണ്?
കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ആസിഫ്, ടൊവിനോ, ബേസിൽ, ഉണ്ണി മുകുന്ദൻ, ഷറഫുദ്ദീൻ ഇവരെല്ലാം വളരെ അടുപ്പവും സ്നേഹവും ഉള്ളവരാണ്. പടങ്ങൾ കഴിഞ്ഞാലും വിളിക്കും. കഥാപാത്രത്തെപ്പറ്റി സംസാരിക്കും. എന്നെ സംബന്ധിച്ച് ഓരോ സിനിമയും എനിക്ക് ഓരോ ക്യാംപസാണ്. എന്നെക്കാൾ ഇളയവരായ സംവിധായകരും എഴുത്തുകാരുമാണ് എന്റെ അധ്യാപകർ. അവർ പറയുന്നതു കേട്ട് പെർഫോം ചെയ്യുന്ന വിദ്യാർഥി മാത്രമാണ് ഞാൻ. എങ്കിലും അനുഭവസമ്പത്തുള്ള ആളെന്ന നിലയിൽ പലരും അഭിപ്രായങ്ങൾ ചോദിക്കാറുണ്ട്. ചോദിച്ചാൽ മാത്രം പറയും. നാൽപതോളം സിനിമകളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങളുടെ നായികമാർക്കൊപ്പം നായകനായി. ആറ് സിനിമകളിൽ ഉർവശിയായിരുന്നു നായിക. അതൊക്കെ ഒരു ഭാഗ്യമായി മാത്രം ഞാൻ കരുതുന്നു. അന്നേ എനിക്കറിയാമായിരുന്നു വീണ്ടും ചെറിയ വേഷങ്ങളിലേക്കു തിരിച്ചുവരണമെന്ന്. ആ സമയത്തുതന്നെയാണ് ‘ബട്ടർഫ്ലൈ’സിൽ മോഹൻലാലിനൊപ്പവും ‘ജാക്ക്‌പോട്ടി’ൽ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചത്.
അഭിനന്ദനങ്ങളല്ലാതെ വിമർശനങ്ങൾ ശ്രദ്ധിക്കാറില്ലേ?
തീർച്ചയായും. ഒരിക്കൽ ഒരു യുട്യൂബർ എന്നെ നിർദയമായി വിമർശിച്ചു. ആദ്യം എനിക്കു വിഷമം തോന്നി. മക്കളെ വിളിച്ച് പറയുകയും ചെയ്തു. എന്നാൽ, മറ്റൊരു സിനിമ ഇറങ്ങിയപ്പോൾ ഇതേ ആൾ എന്നെ പുകഴ്ത്തി സംസാരിച്ചു. അതിൽനിന്ന് മനസ്സിലായി, അയാൾക്ക് എന്നോട് പ്രത്യേകിച്ച് വൈരാഗ്യമൊന്നുമില്ലെന്ന്. എന്റെ അഭിനയം ഇഷ്ടപ്പെട്ടില്ല; അത്ര തന്നെ. അടുത്ത പടത്തിൽ ഇഷ്ടമായപ്പോൾ പ്രശംസിക്കുകയും ചെയ്തു. കൂടുതൽ ആളുകൾക്ക് ഇഷ്ടപ്പെടുന്ന നടനായി നിലനിൽക്കുക എന്നതാണ് ആഗ്രഹം.
അദ്ഭുതപ്പെടുത്തിയ അഭിനന്ദനം ഏതെങ്കിലും ഉണ്ടായിട്ടുണ്ടോ?
ഐഎഫ്എഫ്കെയിൽ ഞാൻ അഭിനയിച്ച അപ്പുറം (ദി അദർ സൈഡ്) എന്ന ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇന്ദു ലക്ഷ്മി എന്ന പുതുമുഖമാണ് ഡയറക്ടർ. വളരെ വ്യത്യസ്തമായ വേഷമാണ് അതിൽ. പടം കണ്ടിട്ട് സംവിധായകൻ സിബി മലയിൽ എന്നെ അഭിനന്ദിച്ചപ്പോൾ സന്തോഷം തോന്നി. എന്നാൽ, അതിനെക്കാളും സന്തോഷം തോന്നിയത് മകൾ സൗമ്യ മീഡിയയോട് സംസാരിക്കുന്നതു കണ്ടപ്പോഴാണ്. അവൾ അവളുടെ അമ്മ രമയെപ്പോലെ തന്നെയാണ്. ഒരിക്കലും മീഡിയയുടെ മുൻപിൽ വരാത്തയാളാണ്. അച്ഛന്റെ പ്രകടനം അത്രമേൽ ഇഷ്ടപ്പെട്ടതുകൊണ്ടാവും മുന്നോട്ടുവന്ന് അഭിപ്രായം പറഞ്ഞതെന്ന് ഞാൻ കരുതുന്നു.
എല്ലാ ഉത്തരങ്ങളും ചെന്നെത്തുന്നത് കുടുംബത്തിലേക്കാണല്ലോ?
അതെ. മൂത്ത മകൾ ഡോ. രമ്യയും കുടുംബവും ചെന്നൈയിലാണ്. അവളുടെ ഭർത്താവ് അവിടെ പൊലീസ് അഡിഷനൽ കമ്മിഷണറാണ്. രണ്ടാമത്തെയാളാണ് സൗമ്യ. അവളും ഭർത്താവും തിരുവനന്തപുരത്ത് ഡോക്ടർമാരാണ്. ‘രേഖാചിത്രം’ ഇറങ്ങിയ സമയത്ത് തമിഴ്നാട്ടിൽ പൊങ്കലിന്റെ അവധിയായിരുന്നു. അതുകൊണ്ട് ഞങ്ങളെല്ലാവരും കൂടി ചെന്നൈയിൽ ഒത്തുകൂടി; ചെറിയൊരു കുടുംബസംഗമം. കൂടെ രമയില്ലെന്നൊരു സങ്കടം മാത്രം ബാക്കിയുണ്ട്.