ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സപ്തതിയിലേക്കുളള യാത്രയിലാണ് ജഗദീഷ് എന്ന് പറഞ്ഞാല്‍ ഒരുപക്ഷേ പലരും നെറ്റിചുളിക്കും. 1955ല്‍ ജനിച്ച ജഗദീഷിന് ഈ വര്‍ഷം 70 വയസ് പൂര്‍ത്തിയാകുകയാണ്. ഇന്നും കാഴ്ചയിലും നടപ്പിലും എടുപ്പിലുമെല്ലാം ഗോഡ്ഫാദറിലെ അപ്പുക്കുട്ടനില്‍ നിന്നും ഹരിഹര്‍ നഗറിലെ മായിന്‍കുട്ടിയില്‍ നിന്നും കാര്യമായ മാറ്റങ്ങളില്ല ജഗദീഷിന്. പി.വി.ജഗദീഷ് കുമാര്‍ എന്നതാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം. പേരിലെ കുമാരന്‍ ഇന്നും ജഗദീഷിന്റെ രൂപഭാവങ്ങളില്‍ മാത്രമല്ല മനസിലുമുണ്ട്. ‌

ഇപ്പോള്‍ അദ്ദേഹം അഭിനയിക്കുന്നതിലേറെയും അച്ഛന്‍ വേഷങ്ങളാണ്. അതിനായി നരയിട്ടും മേക്കപ്പ് ചെയ്തും കൃത്രിമമായി വൃദ്ധനാക്കേണ്ട സ്ഥിതിയാണ്. അത്രയ്ക്ക് ചെറുപ്പമാണ് യഥാർഥ ജഗദീഷ്. ചാനല്‍ റിയാലിറ്റി ഷോകള്‍ ശ്രദ്ധിച്ചാലറിയാം എന്തൊരു എനര്‍ജിയാണ് അദ്ദേഹത്തിന്റെ സംസാരത്തിനും ശരീരഭാഷയ്ക്കുമെല്ലാം. ഇത്രയധികം ഊര്‍ജ്ജസ്വലനായിരിക്കാന്‍ ഈ മനുഷ്യന് എങ്ങനെ കഴിയുന്നു എന്ന് ആലോചിച്ച് തല പുകയ്‌ക്കേണ്ടതില്ല. ജഗദീഷ് എന്നും അങ്ങനെയായിരുന്നു.. ജീവിതത്തെ അങ്ങേയറ്റം ഉന്മേഷത്തോടെയും ഉത്സാഹത്തോടെയും നോക്കി കാണുന്ന മനുഷ്യന്‍. എവിടെ തുടങ്ങി എന്നതല്ല എവിടെ എത്തി എന്നതാണ് ഒരു മനുഷ്യനെ വിലയിരുത്തുന്ന അളവുകോല്‍ എങ്കില്‍ ജഗദീഷിന്റെ സ്ഥാനം ഒരു ശരാശരി മലയാളിക്ക് ചിന്തിക്കാവുന്നതിനപ്പുറം ഉയരെയാണ്. കണ്ണുചിമ്മിയാല്‍ മാഞ്ഞു പോകുന്ന റോളില്‍ തുടങ്ങിയ ജഗദീഷ് സഹനടനായി ഹാസ്യനടനായി ഉപനായകനായി നായകനായി (30 ഓളം ഹിറ്റ് സിനിമകളില്‍) ക്യാരക്ടര്‍ നടനായി വില്ലനായി ജ്യേഷ്ഠനായി അച്ഛനായി...അങ്ങനെ പരിധികളും പരിമിതികളുമില്ലാത്ത തലത്തിലേക്ക് അനവരതം സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.

എന്നും ഇടത്തരക്കാരന്‍

ജഗദീഷ് എന്നും പറയാറുളള ഒരു കാര്യമുണ്ട്. ഒരു രൂപ ചിലവഴിക്കും മുന്‍പ് ഞാന്‍ നൂറുവട്ടം ആലോചിക്കും. അതു വേണോയെന്ന്. അതിന് കാരണം ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചു എന്നതാണ്. അധ്യാപകനായ പിതാവിന്റെയും വീട്ടമ്മയായ അമ്മയുടെയും ആറ് മക്കളില്‍ അഞ്ചാമനായി ജനിച്ച ഒരാള്‍ക്ക് അതൊക്കെ ആലോചിച്ചേ മതിയാവുമായിരുന്നുളളു. നൂറുകണക്കിന്  സിനിമകളില്‍  അഭിനയിച്ച് സൂപ്പര്‍ഹിറ്റുകള്‍ തുടര്‍ച്ചയായി സൃഷ്ടിച്ച് തിളങ്ങി നില്‍ക്കുന്ന കാലത്തും ജഗദീഷ് ആഢംബര ജീവിതത്തില്‍ അഭിരമിച്ചില്ല. വില കൂടിയ കാറുകളും വസ്ത്രങ്ങളും  വാങ്ങിക്കൂട്ടിയില്ല. നമ്മളില്‍ ഒരാള്‍ എന്ന് പല നടന്മാരെക്കുറിച്ചും ഭംഗിവാക്ക് പറയാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ജഗദീഷിനെ പോലെ ആ വിശേഷണത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരാള്‍ വേറെയില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണ്ടുപരിചയിച്ച ഏതോ ഗുമസ്തനെ പോലെ വളരെ സാധാരണക്കാരനായ ഒരു ഇടത്തട്ടുകാരന്റെ രൂപഭാവങ്ങളാണ് ജഗദീഷിലെ നടന്റെ ശക്തിയും ദൗര്‍ബല്യവും. 

jagadish-in-harihar-nagar

ആക്ഷന്‍രംഗങ്ങളില്‍ നമുക്ക് അദ്ദേഹത്തെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. പക്ഷെ സ്ഥലത്തെ പ്രധാന പയ്യന്‍സായും ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടനായും ഗോഡ്ഫാദറിലെ മായിന്‍കുട്ടിയായും അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരാളെയും സങ്കല്‍പ്പിക്കാന്‍ കഴിയില്ല. മലയാളത്തിലെ ഔട്ട്‌സ്റ്റാന്‍ഡിംഗ് ആക്‌ടേഴ്‌സിന്റെ നിരയില്‍ ആരും ജഗദീഷിനെ കണക്കാക്കിയിട്ടില്ല. എന്നാല്‍ ജഗദീഷിന്റെ അത്ര സ്വാഭാവികതയോടെ അദ്ദേഹം ചെയ്ത വേഷങ്ങളില്‍ പലതും മറ്റൊരാള്‍ക്ക് ചെയ്യാനുമാവില്ല. സമകാലികരായ പല അഭിനേതാക്കളും സ്വന്തം ശൈലിയുടെ തടവുകാരായി പരിമിതപ്പെട്ടപ്പോള്‍ ജഗദീഷ് തനിക്ക് അനായാസമായി വൈവിധ്യം കൊണ്ടുവരാന്‍ കഴിയുമെന്ന് തെളിയിച്ചു. മായിന്‍കുട്ടിയില്‍ നിന്ന് ലീലയിലെ തങ്കപ്പന്‍ നായരിലേക്കുളള ദൂരം അളന്ന് തിട്ടപ്പെടുത്താവുന്നതിനും അപ്പുറത്താണ്. 

കൊമേഡിയനില്‍ നിന്ന് നായകനിലേക്ക്

കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം റാങ്കോടെ പാസായ ജഗദീഷ് ബാങ്ക് ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് കോളജ് അദ്ധ്യാപകനായി. അപ്പോഴും ജഗദീഷിന്റെ മനസ് ഏതാണ്ട് പൂര്‍ണ്ണമായി തന്നെ സിനിമയിലായിരുന്നു. അധ്യാപനത്തിനൊപ്പം  അവസരങ്ങള്‍ക്കായി ശ്രമങ്ങള്‍ തുടര്‍ന്നു. 1984-ല്‍ ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലുടെ അഭിനയരംഗത്തേക്കും പ്രവേശിച്ചു.

പ്രിയദര്‍ശന്‍ അടക്കം  പ്രമുഖ സംവിധായകരുടെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവാകുന്നത് ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രമാണ്. തനിക്ക് മാത്രം കഴിയുന്ന ശൈലിയില്‍ ആ കഥാപാത്രത്തിന് അദ്ദേഹം മിഴിവേകി. ഗോഡ് ഫാദറിലെ മായന്‍കുട്ടി കൂടി ഹിറ്റായതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

jagadish-in-harihar-nagar2

നടന്‍ എന്ന നിലയില്‍ തിരക്കേറിയതോടെ അധ്യാപകവൃത്തിയില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്ത് അഭിനയരംഗത്ത് പൂര്‍ണ്ണശ്രദ്ധ കേന്ദ്രീകരിച്ചു. മുഖ്യധാരാ നായകന്മാരുടെ ഡേറ്റ് കിട്ടാന്‍ വൈഷമ്യം നേരിട്ടപ്പോള്‍ എന്തുകൊണ്ട് വലിയ ജനപ്രീതിയുളള ജഗദീഷിനെയും സിദ്ദിക്കിനെയും നായകനിരയില്‍ പരീക്ഷിച്ചു കൂടാ എന്ന് നിര്‍മ്മാതാക്കള്‍ ചിന്തിച്ചു തുടങ്ങി. ജഗദീഷ്- സിദ്ദിക്ക് ജോടി നായകന്മാരായി എത്തിയ മിമിക്‌സ് പരേഡ് 100 ദിവസം തീയറ്ററില്‍ കളിച്ചതോടെ ജഗദീഷിനെ നായകനാക്കി നിരവധി സിനിമകള്‍ പുറത്തു വന്നു. കാസര്‍കോട് കാദര്‍ഭായ്, കുണുക്കിട്ട കോഴി, ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ്, ജൂണിയർ മാന്‍ഡ്രേക്ക് എന്നിവയെല്ലാം വിജയം കണ്ടതോടെ ലോബജറ്റ് സിനിമകളിലെ മിനിമം ഗ്യാരണ്ടി ഹീറോയായി ജഗദീഷ് പ്രകീര്‍ത്തിക്കപ്പെട്ടു.

പ്രാരംഭഘട്ടത്തില്‍ ഹാസ്യരസപ്രധാനമായ സിനിമകളില്‍ മാത്രം നായക നിരയില്‍ കണ്ട ജഗദീഷ് സ്ത്രീധനം, വെല്‍ക്കം ടു കൊടൈക്കനാല്‍ പോലെ വേറിട്ട ചിത്രങ്ങളിലും നായകനായി ഹിറ്റുകള്‍ നല്‍കി. സുരേഷ്‌ഗോപിയെ സൂപ്പര്‍താരമാക്കിയ ഷാജി കൈലാസ്-രഞ്ജിപണിക്കര്‍ ടീം ജഗദീഷിനെ നായകനാക്കി ഒരുക്കിയ പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നു സ്ഥലത്തെ പ്രധാന പയ്യന്‍സ്. ഒരു പത്രക്കാരന്‍ പയ്യനില്‍ നിന്ന് സംസ്ഥാന ആഭ്യന്തര മന്ത്രിയിലേക്കുളള വളര്‍ച്ചയുടെ കഥ പറഞ്ഞ ആ സിനിമയും വന്‍വിജയം കൊയ്തു. അഭിനയത്തിനപ്പുറം ക്രിയാത്മകമായ കഴിവുകള്‍ കൂടി ചേര്‍ന്നതായിരുന്നു ജഗദീഷിന്റെ കലാജീവിതം. പഠനകാലത്ത് റേഡിയോ നാടകങ്ങളും മറ്റും എഴുതിയിരുന്ന അദ്ദേഹത്തിന്റെ കഥയെ ആധാരമാക്കിയാണ് സിബി മലയില്‍ തന്റെ ആദ്യ സിനിമയായ മുത്താരംകുന്ന് പി.ഒ ഒരുക്കുന്നത്. ഗുസ്തിക്കാരുടെ കഥ പറഞ്ഞ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയതാകട്ടെ ശ്രീനിവാസനും. വന്‍ഹിറ്റായിരുന്നു ഈ ചിത്രം. ‌‌

പിന്നീട് പ്രിയദര്‍ശന്റെ മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു രൂപപ്പെട്ടതും ജഗദീഷിന്റെ കഥയിലാണ്. ജഗദീഷ് തൊട്ടതെല്ലാം വിജയത്തിന്റെ നെറുകയിലെത്തി. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന പടം ചെയ്യാന്‍ തീരുമാനിച്ച ഫാസില്‍ കാവ്യഭംഗിയുളള ഈ സിനിമയ്ക്ക് ആര് സംഭാഷണം എഴുതും എന്നാലോചിച്ച് തലപുകച്ചു. അത്തരം സിനിമകള്‍ എഴുതുന്നതില്‍ പ്രത്യേക വൈഭവമുളള ആളാണ് ഫാസില്‍. എന്നാല്‍ തന്നില്‍ നിന്ന് വേറിട്ട് കൂടുതല്‍ മികവോടെ സംഭാഷണ രചന നിര്‍വഹിക്കാന്‍ ശേഷിയുളള ഒരാള്‍ വേണം. ആ അന്വേഷണം അവസാനിച്ചത് ജഗദീഷിലാണ്. മണിവത്തൂരിലെ ആയിരം ശിവരാത്രികളുടെ രചനയില്‍ ജഗദീഷിനുളള പങ്ക് ഇന്നും പലര്‍ക്കും അറിയില്ല. എന്നാല്‍ സിനിമയുടെ ടൈറ്റിലില്‍ വ്യക്തമായി എഴുതി കാണിക്കുന്നുണ്ട്. സംഭാഷണം : ജഗദീഷ്.

സി.ബി.ഐ ഡയറിക്കുറിപ്പ് പോലുളള തകര്‍പ്പന്‍ ഇന്‍വസ്റ്റിഗേഷന്‍ സിനിമകള്‍ ഹിറ്റായതിന്റെ തിളക്കത്തില്‍ നില്‍ക്കെ കെ.മധു അധിപന്‍ എന്ന തന്റെ മോഹന്‍ലാല്‍ ചിത്രത്തിന് തിരക്കഥ എഴുതാനായി തെരഞ്ഞെടുത്തത് ജഗദീഷിനെയാണ്. ആ സിനിമ വിജയിച്ചു എന്ന് മാത്രമല്ല അപാരമായ റിപ്പീറ്റ് വാല്യൂ ഉളള ചിത്രമെന്ന് വിലയിരുത്തപ്പെടുന്ന അധിപനിലെ പല സീനുകളും ഇന്നും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഒരിക്കല്‍ ജഗദീഷിലെ തിരക്കഥാകൃത്തും പരാജയത്തിന്റെ രുചിയറിഞ്ഞു. 2010 ല്‍ വിജി തമ്പി സംവിധാനം ചെയ്ത ഏപ്രില്‍ ഫൂള്‍ ജഗദീഷ് രചന നിര്‍വഹിച്ച് നായകനായി അഭിനയിച്ച പടമായിട്ടും ഹിറ്റായില്ല. 

മമ്മൂട്ടിയെ നായകനാക്കി ഒരു പടം സംവിധാനം ചെയ്യാന്‍ അദ്ദേഹം പദ്ധതിയിട്ടിരുന്നുവെങ്കിലും യാഥാര്‍ത്ഥ്യമായില്ല. 

രാഷ്ട്രീയത്തില്‍ പാളി

സിനിമയില്‍ തിരക്കുളളപ്പോഴും തിരക്കില്ലാത്തപ്പോഴും കുടുംബത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ പരിഗണന. ഫോറന്‍സിക് പ്രൊഫസറായ ഭാര്യ ഡോ. രമയും ജഗദീഷും തമ്മില്‍ അഗാധമായ ആത്മബന്ധം തന്നെ നിലനിന്നിരുന്നു. രോഗബാധിതയായി അവരുടെ അകാലമരണം സംഭവിച്ചതിന്റെ ദുഖം ഇന്നും അദ്ദേഹത്തെ വേട്ടയാടുന്നു. രണ്ട് പെണ്‍മക്കളാണ് ഈ ദമ്പതികള്‍ക്ക്. രണ്ടു പേരും ആതുരശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കുന്നു.

jagadish-actor-2

അടിസ്ഥാനപരമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് ആഭിമുഖ്യമുളള ആളാണ് ജഗദീഷ്. തന്റെ സമകാലികരും സഹപ്രവര്‍ത്തകരില്‍ ചിലരും സി.പി.എം-ബി.ജെ.പി വക്താക്കളായി രംഗത്ത് വന്നപ്പോഴും ജഗദീഷിന്റെ നിലപാടില്‍ മാറ്റം വന്നില്ല.  2016–ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ പത്തനാപുരം നിയോജക മണ്ഡലത്തില്‍ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി അദ്ദേഹം മത്സരിച്ചു. എതിര്‍സ്ഥാനാർഥികളായി വന്നത് കെ.ബി.ഗണേഷ് കുമാറും ഭീമന്‍ രഘുവും. മൂന്ന് സിനിമാ താരങ്ങള്‍ ഒരേ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുക എന്ന  അപൂര്‍വതയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് തിരഞ്ഞെടുപ്പു രംഗത്ത് കന്നിക്കാരനായ ജഗദീഷിന്റെ സാന്നിധ്യമായിരുന്നു. നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയത്തില്‍ ഹിറ്റടിക്കാന്‍ വിജയങ്ങളുടെ സഹയാത്രികന് കഴിഞ്ഞില്ല. സിറ്റിംഗ് എം.എല്‍.എയായ ഗണേഷ്‌കുമാര്‍ തന്നെ വിജയിച്ചു. അതോടെ രാഷ്ട്രീയം തനിക്ക് യോജിച്ച മേഖലയല്ലെന്നും മേലില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും ജഗദീഷ് പ്രഖ്യാപിച്ചു.

പ്രതിഫലത്തിന് രണ്ടാം സ്ഥാനം

400–ല്‍ അധികം സിനിമകളില്‍ അഭിനയിച്ച ജഗദീഷിന് ഇനിയും ഒരു സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടില്ല. എന്നാല്‍ മറ്റു നിരവധി  പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തു. ജഗദീഷിന്റെ ജീവിതദര്‍ശനം ഇതര നടന്മാരില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. നെയ്യാറ്റിന്‍കരയിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച ജഗദീഷ് നടന്‍ എന്ന നിലയില്‍ പേരും പെരുമയും കൈവന്നപ്പോഴും ധാരാളമായി പണം ലഭിച്ചപ്പോഴും തന്റെ പഴയ ജീവിതശൈലിയില്‍ നിന്നും മാറിയില്ല. എന്നും സാധാരണക്കാരെ പോലെയാണ് അദ്ദേഹം ജീവിച്ചതും മറ്റുളളവരോട് പെരുമാറിയതും. ഒരു പടം ഹിറ്റായാല്‍ പ്രതിഫലം പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്ന താരങ്ങള്‍ക്കിടയിലും ജഗദീഷ് വേറിട്ട് നിന്നു. 100 ദിവസം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച സ്ത്രീധനം എന്ന സിനിമയ്ക്ക് ശേഷം പോലും ജഗദീഷ് തന്റെ പ്രതിഫലത്തുക ഗണ്യമായി വര്‍ധിപ്പിച്ചില്ല. ഒരു കാലത്തും ഒരു നല്ല പ്രൊജക്ട് നടപ്പിലാക്കാന്‍ ജഗദീഷിന്റെ പ്രതിഫലം തടസമായിരുന്നില്ല. നിർമാതാക്കള്‍ക്ക് താങ്ങാന്‍ കഴിയുന്ന ശമ്പളം മാത്രം വാങ്ങുന്ന നടന്‍ എന്ന ഇമേജും ജഗദീഷിന്റെ മുന്നേറ്റത്തില്‍ അക്കാലത്ത് വലിയ ഘടകമായിരുന്നു. ഇന്ന് ഇത്രയും സിനിമകളുള്ള തിരക്കുള്ള നടനായിട്ടും സാധാരണക്കാരന്റെ വാഹനമായ മാരുതി വാഗൺ ആറിലാണ് അദ്ദേഹത്തിന്റെ സഞ്ചാരം. 

jagadish-actor-5

എവര്‍ഗ്രീന്‍ സ്റ്റാര്‍

ജഗദീഷിന്റെ കരിയര്‍ബസ്റ്റ് എന്ന് കരുതപ്പെടുന്ന ചിത്രം ഇന്‍ ഹരിഹര്‍ നഗറാണ്. ആദ്യഭാഗത്തിന്റെ വിജയം രണ്ടാം ഭാഗത്തിലും മൂന്നാം ഭാഗത്തിലും ആവര്‍ത്തിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന ടു ഹരിഹര്‍ നഗറിലും ഗോസ്റ്റ്ഹൗസിലും ജഗദീഷ് കസറി. എന്നാല്‍ തമാശയുടെ അതിര്‍വരമ്പുകള്‍ വിട്ട് ഗൗരവമേറിയതും ആഴമുളളതുമായ കഥാപാത്രങ്ങള്‍ക്കും ഇണങ്ങുന്ന നടനാണ് താനെന്ന് ജഗദീഷ് തെളിയിച്ചത് സമീപകാലത്താണ്. രഞ്ജിത്തിന്റെ ലീല ജഗദീഷിന്റെ മറ്റൊരു മുഖം വെളിവാക്കി തന്ന സിനിമയാണ്. ഫാലിമിയിലെ അച്ഛന്‍ വേഷവും കിഷ്‌കിന്ധാകാണ്ഡത്തിലെ കഥാപാത്രവുമെല്ലാം പണ്ട് കാണാത്ത മറ്റൊരു ജഗദീഷിനെ കാണിച്ചു തന്നു. സിനിമയില്‍ തിരക്ക് കുറഞ്ഞപ്പോള്‍ റിയാലിറ്റി ഷോകളിലൂടെ ടെലിവിഷന്‍ ആങ്കറായും ജഡ്ജായുമെല്ലാം സാന്നിധ്യം അറിയിച്ച ജഗദീഷ് ന്യൂജന്‍ കാലത്ത് വീണ്ടും ശക്തമായി തിരിച്ചു വന്നു.

jagadish-actor-1

എന്നും ലൈംലൈറ്റില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുകയും അതിനായി അതിതീവ്രമായി ശ്രമിക്കുകയും ചെയ്യുന്ന ജഗദീഷ് ഒരു നടന്‍ എന്നതിലുപരി ഊര്‍ജ്ജസ്വലതയുടെയും ഇച്ഛാശക്തിയുടെയും എക്കാലത്തെയും മികച്ച ഉദാഹരണമാണ്. സപ്തതി ആഘോഷിക്കുന്ന വര്‍ഷത്തിലും പാതിപ്രായമുളള യുവാവായി നിറഞ്ഞ ചിരിയോടെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ജഗദീഷ് അച്ഛന്‍ വേഷങ്ങളില്‍ മാത്രമല്ല വേണ്ടി വന്നാല്‍ വീണ്ടും ഒരു അപ്പുക്കുട്ടനോ മായിന്‍കുട്ടിയോ ആകാനുളള എനര്‍ജി  തനിക്കുണ്ടെന്ന് പറയാതെ പറയുന്നു. പ്രേക്ഷകരും അതേറ്റു പറയുന്നിടത്താണ് ജഗദീഷ് എന്ന എവര്‍ഗ്രീന്‍ സ്റ്റാറിന്റെ വിജയം. അതീവ സാധാരണമായ ഒരു ഗാര്‍ഹികാന്തരീക്ഷത്തില്‍ നിന്ന് സിനിമാക്കഥകളെ അതിശയിക്കും വിധം സ്വന്തം ജീവിതം സൂപ്പര്‍ഹിറ്റാക്കി മാറ്റിയ ജഗദീഷിന്റെ കരിയര്‍ ആരംഭിക്കാനിരിക്കുന്നതേയുളളുവെന്ന് ആ  ശരീരഭാഷ ഉദ്ഘോഷിക്കുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com