ഞങ്ങളുടെ ശമ്പളം കുറയ്ക്കാൻ പറ്റില്ല, ഇനി കുറച്ചാൽ ഒന്നുമില്ല: രമേശ് പിഷാരടി

Mail This Article
ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിച്ച ആപ്പ് കൈസേഹോ എന്ന ചിത്രത്തിലൂടെ വളരെക്കാലങ്ങൾക്ക് ശേഷം മലയാളികളുടെ പ്രിയ താരമായ ശ്രീനിവാസൻ ബിഗ്സ്ക്രീനിലേക്ക് വീണ്ടും എത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളും നിലവിലെ സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളും മനോരമ ഓൺലൈനുമായി പങ്കു വെക്കുകയാണ് ധ്യാൻ ശ്രീനിവാസനും സിനിമയിലെ സഹതാരങ്ങളായ രമേഷ് പിഷാരടിയും അജു വർഗീസും.
സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രത്തെക്കുറിച്ച് ?
ധ്യാൻ – ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിനു ശേഷം എന്റെ രണ്ടാമത്തെ സിനിമയിലാണ് അച്ഛൻ അഭനയിക്കുന്നത്. എന്റെ അച്ഛനായിട്ടു തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്രം. സാധാരണ ഞാൻ ചെയ്യുന്ന പടത്തെക്കുറിച്ചൊന്നും അച്ഛനോട് ചർച്ച ചെയ്യാറില്ല. കാരണം എനിക്ക് അതിനുള്ള കോൺഫിഡൻസ് ഇല്ല. ഞാൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമയുടെ കഥപോലും പറഞ്ഞിരുന്നില്ല. എന്റെ അറിവിൽ ആ സിനിമ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിട്ടുമില്ല. സിനിമ കണ്ടിട്ട് നയൻതാരയ്ക്ക് എന്തിനാണ് നിവിൻ പോളിയോട് പ്രണയം എന്നുള്ള സംശയമൊക്കെ ചോദിച്ചിട്ടുണ്ട്. എന്നാൽ ആപ്പ് കൈസേഹോ എന്റെ സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന സംഭവമാണ്. അതിന് അതിന്റേതായ പുതുമയുണ്ടല്ലോ എന്ന ധൈര്യത്തിലാണ് അച്ഛനോട് കഥ പറഞ്ഞത്. അദ്ദേഹത്തിനെ പോലൊരു ആളുടെ അടുത്ത് കഥ പറയുമ്പോൾ സ്വാഭാവികമായിട്ടും നമ്മളെ വിലയിരുത്തും. എതു രീതിയിലുള്ള വിമർശനവും തുറന്നു പറയുന്ന ഒരാളും കൂടിയാകുമ്പാൾ ആ ഭയം ഇരട്ടിയാകും. ഈ ചിത്രത്തിലെ കഥാപാത്രത്തെ പറ്റി അച്ഛന്റെ അടുത്തു പറയുമ്പോൾ നല്ല െടൻഷനും ഉണ്ടായിരുന്നു. അച്ഛന് വയ്യാതിരിക്കുന്ന സമയം കൂടിയാണ്. ഇരുപത് മിനിറ്റോളം കഥ പറഞ്ഞു. കഥ കേട്ടിട്ട് ഞാൻ ഇതിൽ എന്തു ചെയ്യണം എന്നു ചോദിച്ചു. ഒന്നോ രണ്ടോ സീനുകളിൽ മാത്രം വരുന്ന ക്യാരക്ടറായിരുന്നു അച്ഛന്റേത്. ആ കഥ കേട്ടിട്ട് നമുക്കിത് ചെയ്യാം ഡേറ്റ് പറഞ്ഞാൽ മതി എന്നു എന്നോട് പറഞ്ഞപ്പോൾ എന്റെ വിശ്വാസം വർധിച്ചു. ഈ കഥ കേട്ട് അച്ഛൻ കുറേ ചിരിച്ചു. വേറെ അഭിപ്രായങ്ങളൊന്നും പറഞ്ഞില്ല.
മലയാളത്തിൽ ഹാസ്യ സിനിമകൾ ഇപ്പോൾ കുറയുന്നുണ്ടോ?
പിഷാരടി – മലയാള സിനിമയിൽ നർമം കുറയാൻ രണ്ടു കാരണങ്ങളാണുള്ളത്. നമ്മുടെ മൊൈബലില്‍ വരുന്ന ഒരു ട്രോളിലോ മറ്റു മാധ്യമങ്ങളില്‍ വരുന്ന ഹ്രസ്വ വിഡിയോകളിലോ ഒരുപാട് ചിരിപ്പിക്കാനുള്ള ഘടകങ്ങളുണ്ട്. അതിന്റെയൊപ്പം വരുന്ന ഒരു സിനിമയ്ക്കുവേണ്ടി നർമത്തെ കുത്തിക്കയറ്റാൻ പറ്റില്ല. സിനിമയിലെ നർമം കഥയ്ക്കുള്ളിലായിരിക്കണം. നമുക്കു വെറുതെ ട്രോള്, റോസ്റ്റിങ്ങ് എന്നു പറഞ്ഞു വരുന്ന കണ്ടന്റുകളിലെല്ലാം നർമം ഉണ്ട്. ഈ നർമത്തിനൊപ്പം പിടിച്ചു സിനിമയിൽ നർമം ഉണ്ടാക്കുന്നത് പാടാണ്. സിനിമയുടെ പരിധിയിൽ നിന്നു കൊണ്ട് ഇപ്പോൾ നർമത്തെ അവതരിപ്പിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. രണ്ടാമത്തേത് നമുക്ക് നഷ്ടമായ കലാകാരന്മാരാണ്. വെട്ടം എന്ന സിനിമ എടുത്താൽ അതിൽ എത്രയോ ഹാസ്യതാരങ്ങൾ ഉണ്ട്, ഇന്ന് അവരിൽ പലരും ജീവിച്ചിരിപ്പില്ല. പഴയകാല സിനിമകളെ അപേക്ഷിച്ചു പുതിയ ചിത്രങ്ങളിൽ ഹ്യുമർ മിസ്സിങ്ങാണ്. പക്ഷേ ഇന്ന് അത് ഉണ്ടാക്കിയെടുക്കൽ ശ്രമകരമായ ജോലിയാണ്. പാട്ടിന് പാട്ടെന്നും ഫൈറ്റിന് ഫൈറ്റ് എന്നു തന്നെയും ഒക്കെ പറയുമ്പോൾ ഹ്യൂമറിന് ചളി എന്നു പറയുന്ന ഒരു പേരും കൂടി വന്നു. എന്നാൽ എന്താണ് ചളി എന്താണ് ഹ്യൂമർ എന്നു വിശദീകരിക്കാൻ ഹ്യൂമർ ചെയ്യുന്നവനു പോലും പറ്റില്ല. ഈ കൺഫ്യൂഷൻസ് നിൽക്കുന്നതു കൊണ്ടാണ് ഹ്യൂമർ പടങ്ങള്‍ താരതമ്യേന കുറയുന്നത്.
ഇന്ന് എങ്ങനെ ചിരിക്കാതിരിക്കാം എന്ന് ആളുകൾ വെറുതെ ആലോചിച്ചു കൊണ്ടിരിക്കുന്നുണ്ട്. നിങ്ങൾ ഫോട്ടോയും പരസ്യങ്ങളും ഒക്കെ ഒന്നു നോക്കൂ. കല്യാണസാരിയുടുത്തു നിൽക്കുന്ന വഴിയിലെ ബോർഡുകൾ കണ്ടാൽ അറിയാം ആറ്റിറ്റ്യൂഡാണ്. വളരെ ഗൗരവമായിട്ടാണ് എല്ലാവരും നിൽക്കുന്നത്. സമൂഹത്തിൽ നന്നായിട്ട് ചിരി കുറഞ്ഞിട്ടുണ്ട്. ഡാൻസും പാട്ടുമെല്ലാം നമ്മൾ അവതരിപ്പിച്ചാൽ മതി. എന്നാൽ നർമം പറഞ്ഞു ഫലിപ്പിച്ചാൽ മാത്രമേ ചിരി ഉണ്ടാകൂ. ചിരി ഒരു ഇമോഷനാണ്. "ഹ്യൂമർ ഈസ് എ സീരിയസ് ബിസിനസ്". അത് ചെയ്തിട്ടുള്ളതിൽ ഏറ്റവും മിടുക്കൻ ശ്രീനിവാസൻ സാറാണ്. അദ്ദേഹത്തിന്റെ ഹ്യൂമറുകൾ കേട്ട് നിങ്ങൾ എത്ര വേണേൽ ചിരിച്ചോളൂ എന്നിട്ട് വീണ്ടും കണ്ടോളൂ അതിനെ ഗൗരവമായിട്ട് സമീപിച്ചാൽ ഗംഭീര തമാശ ആയിരിക്കും.സന്ദേശം എന്നു പറയുന്ന അന്നെഴുതിയ പടം അതിൽ പറയുന്ന രാഷ്ട്രീയ വിമർശനങ്ങളിൽ നിന്നും ഒരു സെന്റീമീറ്റർ വർത്തമാന രാഷ്ട്രീയം മുന്നോട്ട് പോയിട്ടുണ്ടോ ?
വെബ് സീരിസുകളുടെയും ഒടിടിയുടെയും കടന്നുവരവ് മലയാള സിനിമയെ എങ്ങയെല്ലാം ബാധിച്ചു?
പിഷാരടി – സിനിമ നമുക്കിടയിലേക്ക് എത്തിയിട്ട് ഇപ്പോള്‍ നൂറു കൊല്ലം കഴിഞ്ഞില്ലേ ? അതിനുശേഷം എത്ര മാധ്യമങ്ങൾ വന്നു. ടെലിവിഷൻ, മൊൈബൽ എന്തെല്ലാം വന്നിട്ടും സിനിമ അങ്ങനെ തന്നെ നിൽക്കുന്നു. സിനിമയുടെ സ്ക്രീൻ തരുന്ന വലുപ്പമുണ്ടല്ലോ ആ വലുപ്പത്തോട് നമുക്കൊരു അഭിനിവേശമുണ്ട്. അതുകൊണ്ട് സിനിമയെ ഇങ്ങനെയുള്ള ചെറിയ സ്ക്രീനുകളും പ്രോഗ്രാമുകളും പ്രത്യക്ഷത്തിൽ ബാധിക്കുകയില്ല. സിനിമയിൽ ആളുകൾ ഇൻവെസ്റ്റ് ചെയ്യുന്നത് സമയമാണ്, പൈസയല്ല. ഒരു സിനിമയ്ക്ക് മോശം അഭിപ്രായം വന്ന ശേഷം വെറുതേ വന്നു കണ്ടോ എന്നു പറഞ്ഞ് ഡോർ തുറന്നിട്ടാലും ആരും വരില്ല. കാരണം ആളുകൾക്ക് ടിക്കറ്റിന്റെ വില കൂടി എന്നുള്ളതൊന്നുമല്ല പ്രശ്നം. സമയം കണ്ടെത്തി ആളുകൾ തിയറ്ററുകളിൽ എത്തുന്നുണ്ടെങ്കിൽ അവർക്ക് തിേയറ്ററിൽ ആ വലിപ്പുമുള്ള കാഴ്ചകൾ കിട്ടുന്നുണ്ടെങ്കിൽ അതിനോടുള്ള ഭ്രമം കൊണ്ട് സിനിമ അവിടെ നിലനിൽക്കുക തന്നെ ചെയ്യും. ഓടിടി യൊന്നും അതിനെ ബാധിക്കുകയില്ല.
പ്രഖ്യാപിച്ചിരിക്കുന്ന സിനിമ സമരവും താരങ്ങളുടെ പ്രതിഫലവും.
പിഷാരടി – സിനിമ നിർത്തി വയ്ക്കുമെന്നു പറഞ്ഞെങ്കിലും ആ ദിവസത്തിലേക്കെത്തിയാലല്ലെ അത് അറിയൻ കഴിയൂ. സിനിമ എല്ലാ കൊല്ലവും എല്ലാ മാസവും ഇറങ്ങിക്കൊണ്ടിരിക്കും. അതിൽ നല്ല സിനിമകൾ ആളുകൾ കാണും. സിനിമ തുടർന്നു കൊണ്ടേയിരിക്കും. ഞങ്ങളുെട ശമ്പളം കുറയ്ക്കാൻ പറ്റില്ല. കാരണം ഞങ്ങൾക്ക് ഇനി കുറച്ചാൽ ഒന്നും ഇല്ല. പല താരങ്ങളുടെയും ഇൻകം ടാക്സിന്റെ ആയിരത്തിൽ ഒന്നു പോലുമില്ല ഞങ്ങളുടെ പ്രതിഫലം.