പവനായിയുടെ മരണം; സത്യൻ ആദ്യം എഴുതിയത് ക്യാപ്റ്റൻ രാജു സമ്മതിച്ചില്ല: കുണ്ടറ ജോണി
Mail This Article
നായകനോടു കട്ടയ്ക്കുനിന്ന് കരളുറപ്പോടെ കോർത്ത വില്ലൻമാരിൽ എന്നും മുന്നിലാണു ജോണി എന്ന നടന്ന സ്ഥാനം. കലാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത സാധാരണ കുടുംബത്തിൽനിന്നുള്ള ഫുട്ബോൾ കളിക്കാരൻ നാലു ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളുടെ ഭാഗമായി. ജോണി ജീവിതം പറയുന്നു. (പുനഃപ്രസിദ്ധീകരിച്ചത്)
വില്ലനായതെങ്ങനെ?
നിർമാതാവിനോടുള്ള പരിചയം വഴി ‘നിത്യവസന്തം’ എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. ആകെ രണ്ടു സീനുകൾ. ചെന്നൈയിലായിരുന്നു ഷൂട്ടിങ്. അതിനുശേഷം അവിടെ നിന്നപ്പോൾ ‘അഗ്നിപർവതം’ എന്ന സിനിമയിലേക്കു വിളിവന്നു. അതിനു പിന്നാലെ ‘കഴുകൻ’ എന്ന ജയൻ ചിത്രത്തിലേക്കു വിളിച്ചു. അതിൽ ജയനുമായി രണ്ടു ഫൈറ്റുണ്ടായിരുന്നു. അതാണു വഴിത്തിരിവായത്. എന്റെ പ്രകടനം ഇഷ്ടപ്പെട്ടതോടെ വില്ലൻവേഷങ്ങളിലേക്കു വാതിൽ തുറന്നു. ഫുട്ബോളിൽ ഗോൾകീപ്പറായിരുന്ന എനിക്കു വീഴാനും ഡൈവ് ചെയ്യാനുമൊന്നും ബുദ്ധിമുട്ടില്ല. അതും പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ചു. ഐ.വി.ശശിയുടെ മുപ്പതോളം സിനിമകൾ ചെയ്തു. പതിയെപ്പതിയെ സ്ഥിരം വില്ലനായി. ആദ്യമൊക്കെ എന്തു ക്രൂരതയും ചെയ്യുമായിരുന്നു. എന്നാൽ, വിവാഹത്തിനു ശേഷം റേപ്പ് സീനുകൾ ചെയ്യേണ്ടെന്നു തീരുമാനിച്ചു. ആ തീരുമാനം ഇതുവരെ മാറ്റിയിട്ടില്ല.
വില്ലൻവേഷങ്ങളേ കിട്ടിയുള്ളൂ എന്നുപറഞ്ഞ് എനിക്കൊട്ടും വിഷമമില്ല. കാരണം ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത ഞാൻ 1978ന്റെ അവസാനം സിനിമയിലെത്തി. സ്പോർട്സിന്റെ പിൻബലത്തിൽ സിനിമയിലെത്തിയ ഞാൻ ഇതുവരെ നാലു ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു. എനിക്കൊരു ദുഃഖവുമില്ല. പണ്ടൊക്കെ വില്ലന്മാരെ കാണുമ്പോൾ കുട്ടികൾക്കും സ്ത്രീകൾക്കുമൊക്കെ വെറുപ്പു തോന്നുമായിരുന്നു. ഇപ്പോൾ അതില്ല. അവർക്കു സിനിമയെന്താ ജീവിതമെന്താ എന്നറിയാം. സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ വില്ലന്മാരല്ലെന്നു മനസ്സിലാക്കണം. ഏതെങ്കിലും വില്ലനെപ്പറ്റി ആരെങ്കിലും ഗോസിപ്പു പറയുന്നതു കേട്ടിട്ടുണ്ടോ?
സിനിമയിലെ വില്ലന്മാരുടെ സ്വഭാവത്തിൽ വന്ന മാറ്റം?
കപ്പടാ മീശയും തടിയുമൊക്കെ വില്ലന്മാർക്കു വേണമെന്ന നിർബന്ധമൊന്നും ഇപ്പോഴില്ല. ഇപ്പോഴത്തെ വില്ലന്മാർ മോഡേൺ ടെക്നോളജിയൊക്കെ ഉപയോഗിക്കുന്നു. അത് അടിപിടിയുടെ കാര്യത്തിലാണെങ്കിലും അവതരണത്തിന്റെ കാര്യത്തിലാണെങ്കിലും അങ്ങനെ തന്നെ. പണ്ടൊക്കെ സ്റ്റെപ്പിൽനിന്നു മറിഞ്ഞുവീഴുന്ന സീനൊക്കെ നമ്മൾ തന്നെ ചെയ്യണം; അല്ലെങ്കിൽ ഡ്യൂപ്. ഇന്നിപ്പോൾ എല്ലാറ്റിനും മികച്ച സാങ്കേതികവിദ്യയുണ്ട്. എല്ലാം ഗ്രാഫിക്സ് ചെയ്തോളും. പഴയ ഫൈറ്റ് സീനിലൊക്കെ നാടൻതല്ലായിരുന്നു അടിസ്ഥാനമെങ്കിൽ ഇപ്പോൾ ആയോധനകലകളൊക്കെ ഉൾപ്പെടുത്തിയാണ് ഇടിവീഴുന്നത്. എങ്കിലും ഇപ്പോഴത്തെ വില്ലന്മാർ പഴയതിലും ക്രൂരന്മാരായിപ്പോയെന്നു തോന്നുന്നു.
നാടോടിക്കാറ്റിലൂടെ കോമഡിയും?
നമ്മൾ നല്ലതു പറഞ്ഞാൽ അംഗീകരിക്കാൻ മടിയില്ലാത്ത ആളാണു സത്യൻ അന്തിക്കാട്. ചില സംവിധായകർ അങ്ങനെയല്ല. അവർ എഴുതി വച്ചിരിക്കുന്നതേ പറയാൻ സമ്മതിക്കൂ. നല്ലൊരു കോമഡി നമ്മൾ പറഞ്ഞാൽ അതു ചെയ്തോളാൻ സത്യൻ പറയും. ആ ചിത്രത്തിലെ പല രംഗങ്ങളും ശ്രീനിവാസൻ തത്സമയം സൃഷ്ടിച്ചതാണ്. ക്യാപ്റ്റൻ രാജുവിനെ കൊല്ലുന്ന സീൻ പഴത്തൊലിയിൽ ചവിട്ടി തെന്നി താഴേക്കു വീഴണം എന്നായിരുന്നു സത്യൻ ആദ്യം എഴുതിയത്. പക്ഷേ, ക്യാപ്റ്റൻ രാജു സമ്മതിച്ചില്ല. പിന്നീടാണ് ഫൈറ്റിനിടെ അബദ്ധത്തിൽ താഴേക്കു വീഴുന്നതാക്കി മാറ്റിയത്. എന്റെ എല്ലാ ഡയലോഗിലും ഒരു അധിക ഞെട്ടലും പരിഭ്രമവും ഉൾപ്പെടുത്തി അവതരിപ്പിക്കണമെന്നു സത്യൻ പറഞ്ഞിരുന്നു. അങ്ങനെതന്നെ ചെയ്തപ്പോൾ അതു നല്ല കോമഡിയായി മാറി.
ഏറ്റവും കൂടുതൽ ഇടിയുണ്ടാക്കിയത് ആർക്കൊപ്പമാണ്?
മമ്മൂട്ടിക്കൊപ്പമാണു കൂടുതൽ സിനിമകളെങ്കിലും മോഹൻലാലിനോടാണ് ഏറ്റവും കൂടുതൽ അടിയുണ്ടായിട്ടുള്ളത്. മോഹൻലാലിനു നല്ല ടൈമിങ്ങാണ്. ഫ്ലെക്സിബിളാണ്. നമുക്ക് ഇടി കിട്ടുമെന്നു പേടിക്കേണ്ട. സുരേഷ് ഗോപിയുടെയും ജഗദീഷിന്റെയും ഇടി നേരിട്ടു കിട്ടിയിട്ടുണ്ട്. ഷോട്ടെടുക്കുമ്പോൾ ജഗദീഷ് കൂടുതൽ ആവേശത്തിലാകും. അതിനിടെ ടൈമിങ് തെറ്റും ഇടിവീഴും.. പിന്നെ കുറെ സോറി പറയും. സുരേഷ് ഗോപി ആദ്യകാലത്ത് ഫൈറ്റ് ചെയ്യുമ്പോൾ ടൈമിങ് തെറ്റുമായിരുന്നു. ‘സിബിഐ ഡയറിക്കുറിപ്പി’നിടെ കുറെ ഇടി കിട്ടി... പിന്നീട് ‘അണ്ണാ.. അണ്ണാ.. സോറി സോറി’ എന്നു പറഞ്ഞ് പിറകേ വരും.
വടക്കൻ വീരഗാഥയിൽ വാൾപ്പയറ്റ് സീനിൽ പലതവണ വാൾ പുറത്തുകൊണ്ടു മുറിഞ്ഞിട്ടുണ്ട്. ജനക്കൂട്ടവുമായി ഏറ്റുമുട്ടുന്ന സീനിലും ഇടി കിട്ടിയിട്ടുണ്ട്. ത്യാഗരാജനാണ് എന്റെ അഭിപ്രായത്തിൽ മികച്ച ഫൈറ്റ് മാസ്റ്റർ. അദ്ദേഹത്തിന് ഓരോ നടന്റെയും റേഞ്ച് അറിയാം. അതനുസരിച്ചേ അദ്ദേഹം ഫൈറ്റ് തയാറാക്കൂ.
സംതൃപ്തനാണോ?
തീർച്ചയായും. കിട്ടിയതെല്ലാം ബോണസാണ്. ഇത്രനാളും ഒരു ബുദ്ധിമുട്ടും വന്നിട്ടില്ല. സിനിമയില്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ല. ഒരു വർഷം നാലോ അഞ്ചോ സിനിമകൾ ചെയ്യാൻ പറ്റുന്നുണ്ട്. ഒരു വർഷം 23 സിനിമകൾ വരെ ചെയ്ത സമയമുണ്ട്. ഒരു മുഴുനീള കോമഡി സിനിമ ചെയ്യണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ട്.