ADVERTISEMENT

നീണ്ട ഇടവേളകൾക്കു ശേഷം തിയറ്ററുകളിൽ വീണ്ടും ആരവം ഉയരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ ‘കുറുപ്പ്’ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നതിനിടെ നാല് സിനിമകൾ കൂടി വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്നു. ആസിഫ് അലി ചിത്രം ‘എല്ലാം ശരിയാകും’, ബേസിൽ ജോസഫിന്റെ ‘ജാൻ എ മൻ’, ഇന്ദ്രജിത്ത് നായകനാകുന്ന ‘ആഹാ’, മംമ്ത മോഹൻദാസിന്റെ ‘ലാൽബാഗ്’ എന്നീ ചിത്രങ്ങളാണ് നവംബർ 19ന് തിയറ്ററുകളിൽ എത്തിയത്. ഇതോടൊപ്പം തന്നെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ ഒടിടി പ്ലാറ്റ്ഫോമിലൂടെയും റിലീസ് ചെയ്തു.

 

എല്ലാം ശരിയാക്കാൻ ആസിഫും ജിബു ജേക്കബും

 

ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് ‘എല്ലാം ശരിയാകും’. സഖാവ് വീനിത് എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്.  രജിഷ വിജയനാണ് ചിത്രത്തിലെ നായിക. സിദ്ധിഖ്, ശ്രീജിത്ത് രവി, കലാഭവന്‍ ഷാജോണ്‍,സുധീര്‍ കരമന,ജോണി ആന്റണി, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

ആഹാ

 

വടം വലി പ്രമേയമാക്കി ബിബിൻ പോൾ സാമുവൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ആഹാ’. ഇന്ദ്രജിത്ത് സുകുമാരനാണ് ചിത്രത്തിലെ നായകൻ‍. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം റബ്ബർ ടാപ്പിങ് തൊഴിലാളികളുടെ ജീവിതകഥയാണ് അവതരിപ്പിക്കുന്നത്. കോട്ടയം നീളൂർ ഗ്രാമമാണ് ചിത്രത്തിന് ലൊക്കേഷനാവുന്നത്.

 

കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വടംവലി ടീമുകളില്‍ ഒന്നാണ് നീളൂരിലെ ആഹാ വടംവലി ക്ലബ്. തൊണ്ണൂറുകളിൽ‍ സ്ഥാപിക്കപ്പെട്ട ‘ആഹാ’ ടീം അതുവരെ പങ്കെടുത്ത 73 കളികളില്‍ 72 എണ്ണത്തിലും വിജയം നേടിയിരുന്നു. ആഹാ ടീമാണ് ഈ ചിത്രത്തിന്റെ പ്രചോദനം.

 

ലാൽബാഗ്

 

സെലിബ്‌സ് ആന്‍ഡേ റെഡ് കാർപ്പറ്റിന്റെ ബാനറിൽ‍ രാജ് സക്കറിയാസ് നിർമിച്ച് പ്രശാന്ത് മുരളി പത്മനാഭൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ലാൽ ബാഗ്’. മംമ്താ മോഹൻ‍ദാസാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ബർത്ത് ഡേ പാർട്ടിക്ക് ശേഷം ഉണ്ടാകുന്ന കൊലപാതകവും അതിന് മുമ്പും ശേഷവും ഉണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാർട്ടിയിൽ‍ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് ചിത്രം അന്വേഷിക്കുന്നത്. പൂർണമായും ബാംഗ്ലൂരിൽ ഷൂട്ട് ചെയ്ത ചിത്രം നഗര ജീവിതം, സ്ത്രീ-പുരുഷ ബന്ധങ്ങളിൽ‍ ഉണ്ടാകുന്ന സങ്കീർണതകൾ എന്നിവയെക്കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്.

 

ജാൻ എ മൻ

 

നടൻ‍ ഗണപതിയുടെ സഹോദരൻ‍ ചിദംബരം എസ്.പി. സംവിധാനം ചെയ്ത ചിത്രമാണ് ‘ജാൻ എ മൻ‍’. ലാൽ‍, അർജ്ജുൻ അശോകൻ‍, ബാലു വർഗീസ്, ബേസിൽ ജോസഫ്, ഗണപതി, സിദ്ധാർത്ഥ് മേനോൻ‍, റിയ സൈറ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ‍.

 

ചുരുളി

 

എസ്. ഹരീഷിന്റെ തിരക്കഥയിൽ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനയ് ഫോർട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി, ജോജു ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

 

19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് മധു നീലകണ്ഠനാണ്. ലിജോ ജോസ് പെല്ലിശ്ശേരി ആൻഡ് ചെമ്പൻ വിനോദ് ജോസ് മൂവി മൊണാസ്റ്ററിയുടെയും ചെംബോസ്‌കി മോഷൻ പിക്‌ചേഴ്‌സിന്റെയും ബാനറിലാണ് സിനിമ നിർമിച്ചിരിക്കുന്നത്. ജെസ്റ്റോ വർഗീസ്, ഒ തോമസ് പണിക്കർ, നൗഷാദ് സലാഹുദീൻ എന്നിവർ സഹ നിർമാതാക്കളുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com