എന്റെ വാശിയിൽ മുകേഷിനു പകരം ആ പടത്തിൽ ജഗദീഷ് നായകനായി

Mail This Article
മലയാള സിനിമയിലെ ആദ്യകാല ഹാസ്യ നടന്മാരെ അന്ന് വിളിച്ചിരുന്നത് തമാശക്കാരന്മാരെന്നായിരുന്നു. കഥയുമായി പുലബന്ധം പോലുമില്ലാത്ത രണ്ടു തമാശക്കാർ ഇടയ്ക്കു കയറി വന്നു പുട്ടിന് പീരയിടുന്നതുപോലെ എന്തൊക്കെയോ വിളിച്ചുപറഞ്ഞു ഗോഷ്ഠികളുമൊക്കെ കാണിച്ചു കൊണ്ട് അങ്ങ് പോകും. അന്നത്തെ പ്രധാന കൊമേഡിയന്മാരായിരുന്നു. മുതുകുളം രാഘവൻ പിള്ളയും വാണക്കുറ്റിയും മാത്തപ്പനും. വാണക്കുറ്റിയും മുതുകുളവുമില്ലാത്ത ഒരു സിനിമയും അന്നിറങ്ങിയിരുന്നില്ലെന്നു പറയുന്നതാവും അതിന്റെ ശരി.
അതിനു ശേഷം കുറേ വർഷങ്ങൾക്കു ശേഷമാണ് എസ്.പി. പിള്ളയും ബഹദൂറുമൊക്കെ വരുന്നത്. അവർ രണ്ടാളും ആദ്യത്തെ തമാശക്കാരേക്കാൾ അൽപം കൂടി നിലവാരമുള്ള ഹാസ്യം വിളമ്പുന്നവരായിരുന്നു. പാടാത്ത പൈങ്കിളിയിലെ ചക്കരവക്കൻ എന്ന കഥാപാത്രമാണ് ബഹദൂറിനെ ഏറെ ശ്രദ്ധേയനാക്കിയത്. ഇതേ തുടർന്ന് പിന്നെ അടൂർഭാസി, കാലക്കൽ കുമാരന്‍, മണവാളൻ ജോസഫ്, ആലുംമൂടൻ, പട്ടംസദനുമൊക്കെ വന്നു. അതിൽ അടൂർഭാസി തന്റെ സ്വതസിദ്ധമായ കോമഡി നമ്പറുകൾ കൊണ്ട് മറ്റു ഹാസ്യനടന്മാരെയൊക്കെ മലർത്തിയടിച്ചുകൊണ്ട് മലയാള സിനിമയിൽ ഒരു ‘ഭാസി തരംഗം’ തന്നെ സൃഷ്ടിക്കുകയുണ്ടായി.
എൺപതോടെയാണ് ജഗതി ശ്രീകുമാറും മാള അരവിന്ദനും കുതിരവട്ടം പപ്പുവുമൊക്കെ വെള്ളിത്തിരയുടെ ഹരമായി രംഗത്തെത്തിയത്. അവരുടെ സ്ലാപ്സ്റ്റിക് കോമഡി നമ്പരുകൾ മലയാള സിനിമയിൽ പുതിയൊരു ഹ്യൂമർ സംസ്കാരമാണുണ്ടാക്കിയത്. എൺപത്തിമൂന്നു മുതൽ നാലഞ്ചു വർഷക്കാലം മാള അരവിന്ദന്റെ നിറഞ്ഞാട്ടമായിരുന്നു എന്ന് വേണം പറയാൻ. ഞാൻ തിരക്കഥ എഴുതിയ 'താറാവി'ലും മമ്മൂട്ടി നായകനായ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’യിലും ഡബിൾ റോളിലാണ് മാള അഭിനയിച്ചത്. രണ്ടും വൻ വിജയങ്ങളുമായിരുന്നു.
എൺപതിന്റെ അവസാനത്തിലാണ് ജഗദീഷ്, സിദ്ദീഖ്, സൈനുദ്ദീൻ, അശോകൻ എന്നീ നാൽവർ സംഘങ്ങൾ എത്തുന്നത്. അവരെ വച്ച് ‘മിമിക്സ് പരേഡ്’ എന്ന ഒരു ഫുൾ ലെങ്ത് കോമഡി ചിത്രമാണ് ഞാൻ പ്ലാൻ ചെയ്തത്. തുളസീദാസായിരുന്നു സംവിധായകൻ. സാധാരണ കണ്ടുവരുന്ന വയറുരുട്ടലും പഴത്തൊലിയിൽ ചവിട്ടി വീഴലുമൊന്നുമില്ലാതെ ഓരോ സംഭാഷണത്തിലും കൗണ്ടർ കോമഡി ഡയലോഗടിച്ച് തിയേറ്ററിൽ തിരയിളക്കം സൃഷ്ടിക്കാൻ ജഗദീഷിനും സിദ്ദീഖിനും സൈനുദ്ദീനുമൊക്കെ കഴിഞ്ഞു. ഹ്യൂമർ സിറ്റുവേഷനുള്ള നായക നടന്മാരായിട്ടായിരുന്നു ജഗദീഷിനെയും സിദ്ദീഖിനെയും ഞാൻ അവതരിപ്പിച്ചിരുന്നത്. അതിൽ അന്ന് ഏറെ തിളങ്ങിയത് ജഗദീഷായിരുന്നു.
ജഗദീഷും സിദ്ദീഖും മിമിക്സ് പരേഡിൽ നായകന്മാരായി വരുന്നത് പ്രത്യേക ഒരു സാഹചര്യത്തിലാണ്. ഇതിൽ ആദ്യം ഞങ്ങൾ നായകനായി പറഞ്ഞു വച്ചിരുന്നത് മുകേഷിനെയായിരുന്നു. മുകേഷ് സിംപിൾ പ്രൊഡക്‌ഷൻസിനു വേണ്ടി ഞാനെഴുതിയ ‘ഗജകേസരിയോഗം’ 'ഇന്നത്തെ പ്രോഗ്രാം' എന്നീ ചിത്രങ്ങളിലെ നായകനായിരുന്നു. രണ്ടും വിജയം വരിച്ച ചിത്രങ്ങളുമായിരുന്നു.
ഞങ്ങളുടെ ഷൂട്ടിങ് അടുത്തു വന്നപ്പോൾ പെട്ടെന്നാണ് മുകേഷിന് രാജീവ് കുമാറിന്റെ ‘ഒറ്റയാൾ പട്ടാള’ത്തിൽ ഹിന്ദി നടി ‘മധുബാല’യോടൊപ്പം നായകനായിട്ടഭിനയിക്കാനുള്ള അവസരം വന്നു വീണത്. അപ്പോൾ മുകേഷ് പല കാരണങ്ങൾ പറഞ്ഞു ഞങ്ങളെ തഴഞ്ഞ് അതിന്റെ പുറകെ പോയി. ഞങ്ങൾ ആകെ പ്രതിസന്ധിയിലായി. ഷൂട്ടിംഗ് തുടങ്ങാനുള്ള സമയവും അടുത്തിരിക്കുന്നു. അവസാനം എന്റെ ഒരു വാശിയിലാണ് മുകേഷിനു പകരം ജഗദീഷ് നായകനായി വന്നത്. ജഗദീഷിന് പെട്ടെന്ന് നായകനാകാൻ പേടിയായിരുന്നു.
ഞാൻ ജഗദീഷിന് ധൈര്യം കൊടുത്തു. എല്ലാം ഒരു നിമിത്തം പോലെ വന്നു ഭവിക്കുകയായിരുന്നു. മുകേഷിന്റെ ഒറ്റയാൾപട്ടാളം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ആദ്യകാലങ്ങളിലുള്ള കടപ്പാടുകളൊക്കെ മറന്ന് മുകേഷ് പുതിയ തീരങ്ങൾ തേടി പോവുകയായിരുന്നു. അതിനുശേഷം കുറേക്കാലത്തേക്ക് മുകേഷിനെ എന്റെ ഒരു ചിത്രത്തിലും ഞാൻ സഹകരിപ്പിച്ചില്ല. പിന്നെ പ്രൊഫഷനല്ലേ പേഴ്സനലായിട്ടുള്ള പിണക്കമോ പരിഭവമോ ഒന്നും വച്ചുപുലർത്താൻ പറ്റില്ലല്ലോ. കുറച്ചുകാലത്തിനു ശേഷം വീണ്ടും ഞാൻ എന്റെ ചിത്രങ്ങളിലേക്ക് മുകേഷിനെ വിളിക്കാൻ തുടങ്ങി.
‘മിമിക്സ് പരേഡ്’ വൻ വിജയമായതോടെ ജഗദീഷ് – സിദ്ദീഖ് കൂട്ടുകെട്ടിൽ ഞാൻ ഒത്തിരി സിനിമകൾ ചെയ്യാൻ തുടങ്ങി. എല്ലാ ചിത്രങ്ങളും വിജയത്തേരിൽ സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ എന്നെത്തേടി നിർമാതാക്കളുടെ ചാകരയായിരുന്നു. ഇതിനിടയിൽ ജഗദീഷിനെ കോമഡി റോളിൽ നിന്നു സീരിയസ് വേഷങ്ങളിലേക്കും ഒരു പരീക്ഷണം നടത്തി നോക്കി. മനോരമ ആഴ്ചപ്പതിപ്പിൽ വന്ന ജോയ്സിയുടെ ‘സ്ത്രീധനം’ സനിമയായപ്പോൾ ജഗദീഷിനെയാണ് കുടുംബത്തിനു വേണ്ടി ജീവിക്കുന്ന ആദര്‍ശധീരനായ നായക കഥാപാത്രമാക്കിയത്. വളരെ മിതത്വമുള്ള അഭിനയത്തിലൂടെ ജഗദീഷ് ആ കഥാപാത്രമായി താദാത്മ്യം പ്രാപിക്കുകയായിരുന്നു. ജെമി മൂവീസിന്റെ വെൽക്കം ടു കൊടൈക്കനാലിൽ ജഗദീഷ് എത്തിയത് മനസ്സിൽ ദുഃഖം ഒളിച്ചു വച്ചു കൊണ്ട് പുറമേ ചിരിയുമായി നടക്കുന്ന ഹതഭാഗ്യനായ ചെറുപ്പക്കാരന്റെ വേഷത്തിലായിരുന്നു.
മോഹൻലാൽ ചെയ്യേണ്ട വേഷമാണ് ആ ചിത്രത്തിൽ ജഗദീഷിനെക്കൊണ്ട് ചെയ്യിച്ചത്. അതൊക്കെ അന്നത്തെ ഒരു ആത്മവിശ്വാസമാണ്. ജനം രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്നുള്ള ആത്മവിശ്വാസം.
എന്റെ ആത്മകഥയായ ‘നിറഭേദങ്ങൾ’ പുസ്തകമാക്കിയപ്പോൾ മലയാളത്തിലെ എക്കാലത്തെയും നമ്പർ വൺ കഥാകാരനായ ടി. പത്മനാഭൻ എനിക്കൊരു അവതാരികഎഴുതിത്തന്നു. അതിൽ "വെൽകം ടു കൊടൈക്കനാലിനെക്കുറിച്ചു അദ്ദേഹം എഴുതിയത് അതേപടി ഞാനിവിടെ കുറിക്കുന്നു.
"ഏതാനും കൊല്ലം മുൻപ് ഞാൻ ടിവിയിൽ ഒരു മലയാള സിനിമ കണ്ടു. വളരെ താരനിരയുള്ള സിനിമയൊന്നുമല്ല. സിനിമയുടെ പേര് 'വെൽക്കം ടു കൊടൈക്കനാൽ'. ഇതിലെ പ്രധാന കഥാപാത്രത്തിന്റെ – നായകന്റെ റോൾ ചെയ്തത് ജഗദീഷായിരുന്നു. മലയാള സിനിമ കാണുന്നവർക്കൊക്കെ ജഗദീഷിനെ അറിയാം. ഒരു സാധാരണ കൊമേഡിയൻ. പക്ഷേ ഈ സിനിമയിൽ ജഗദീഷിന്റേത് ഒരു പതിവു കൊമേഡിയന്റെ വേഷമായിരുന്നില്ല. മഹാവ്യഥകൾ ഉള്ളിലൊതുക്കി പുറമെ കളിയും ചിരിയും സംഗീതവുമൊക്കെയായി നടക്കുന്ന ഒരു മ്യൂസിക് ടീച്ചറുടെ റോളായിരുന്നു അദ്ദേഹത്തിന്റേത്. ഏതു നിമിഷത്തിലും മരണത്തിലവസാനിക്കുന്ന ഒരു മാറാരോഗത്തിന്റെ അടിമയുമാണയാൾ. ഇതിന് പുറമേ വേറെയും വ്യക്തിപരമായ പ്രശ്നങ്ങളുമുണ്ട്. പക്ഷേ ഇതൊന്നും വേറ ആരുമായും പങ്കുവയ്ക്കുന്നുമില്ല അയാൾ. ഈ സിനിമയുടെ അവസാനരംഗം ജഗദീഷ് ആംബുലൻസിൽ കയറാൻ പോകുമ്പോൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ എല്ലാവരും കൂടി അദ്ദേഹം വേഗം സുഖംപ്രാപിച്ചു വരട്ടെ എന്നു പറയുന്ന ഒരു രംഗം. ഏതു നിമിഷവും അതിഘോരമായ ഒരു വികാരവർഷം തിമിർത്തു പെയ്യും. പക്ഷേ പെയ്യുന്നില്ല."

തുടർന്നു പത്മനാഭൻ സാർ ഈ ചിത്രത്തെക്കുറിച്ചും കഥ വന്ന വഴികളെക്കുറിച്ചുമൊക്കെ ഇതിൽ പറയുന്നുണ്ട്.
1991 മുതൽ നാലഞ്ചു വർഷക്കാലം മലയാള സിനിമ ജഗദീഷിന്റെ പുറകെയായിരുന്നു. സൂപ്പർ താരങ്ങളോടു വരെ മത്സരിച്ചു ജഗദീഷ് ചിത്രങ്ങൾ വിജയം നേടിയിട്ടുണ്ട്. കുണുക്കിട്ട കോഴി, തിരുത്തൽവാദി, കാസർകോട് കാദർഭായി, ഫസ്റ്റ് ബെൽ, വെൽക്കം ടു കൊടൈക്കനാൽ, സ്ത്രീധനം, ഭാര്യ, നഗരത്തിൽ ഒരു സംസാരവിഷയം, മാന്ത്രിക ചെപ്പ്, ഉപ്പുകണ്ടം ബ്രദേഴ്സ്, കള്ളൻകപ്പലിൽ തന്നെ, പ്രിയപ്പെട്ട കുക്കു, വെണ്ടർ ഡാനിയേൽ, ഇരിക്കൂ എംഡി അകത്തുണ്ട്, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, സൗഭാഗ്യം, ഫസ്റ്റ് ബെൽ, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, കിള്ളിക്കുറിശ്ശിയിലെ കുടംബമേള, എഗൈൻ കാസർകോട് കാദർഭായി, ഡീസന്റ് പാർട്ടീസ് തുടങ്ങിയ ഞാൻ എഴുതിയ ഇരുപത്തഞ്ചോളം ചിത്രങ്ങളിലാണ് ജഗദീഷ് നായകനായത്. എന്റെ ഏറ്റവും കൂടുതൽ ചിത്രത്തിൽ നായകനായി അഭിനയിച്ചത് മമ്മൂട്ടിയാണെന്നാണ് ചലച്ചിത്ര പ്രേമികളിൽ അധികം പേരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാൽ മമ്മൂട്ടി എന്റെ ഇരുപത്തി മൂന്നു ചിത്രങ്ങളിലാണ് നായകനായത്.
1990–ൽ ഇറങ്ങിയ സിദ്ദിക്ക്– ലാലിന്റെ ‘ഇൻഹരിഹർ നഗറി’ലെ നാൽവർ സംഘത്തിലെ അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തോടെയാണ് ജഗദീഷ് ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. മുകേഷാണ് നായകനെങ്കിലും ഏറ്റുവും കൂടുതൽ കയ്യടി നേടിയത് ജഗദീഷിന്റെ കഥാപാത്രമായിരുന്നു. അതേപോലെ തന്നെ ഹിറ്റ്‍ലറിലെയും ഗോഡ്ഫാദറിലെയും വേഷങ്ങൾ കൂടിയായതോടെ ജഗദീഷിന് ഒത്തിരി ആരാധകരെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു.
അന്നത്തെ സിനിമയ്ക്ക് ഒരു സൗഹൃദ കൂട്ടായ്മ ഉണ്ടായിരുന്നു. സൗഹൃദം എന്നു പറയുന്നത് ഏറ്റവും വലിയ ബലമാണല്ലോ. ഞാൻ പുതിയ സിനിമയുടെ ആലോചന തുടങ്ങുമ്പോൾ ജഗദീഷിനെയും സിദ്ദിക്കിനെയും ഒന്നു വിളിച്ചു പറഞ്ഞാൽ മതി.
"നമ്മൾ പുതിയ സിനിമ തുടങ്ങുന്നു. അടുത്ത മാസം പത്ത് മുതൽ മുപ്പതു ദിവസത്തെ ഡേറ്റ് ആണ് വേണ്ടത്". അഡ്വാൻസും കൊടുക്കണ്ട കഥ എന്താണെന്നും പറയണ്ട കൃത്യസമയത്ത് അവർ എത്തിയിരിക്കും. പരസ്പര വിശ്വാസത്തിലുള്ള ഒരു സിനിമ കൂട്ടായ്മയുടെ പുനർവായനയുടെ കാലമായിരുന്നു അത്.
ആ ഒരു നല്ല കാലത്തെക്കുറിച്ചോർക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ജഗദീഷിന്റെ മുഖമാണ്. അന്നത്തെ സുവർണ കാലമൊക്കെ അവസാനിച്ചെങ്കിലും പഴയ ആ സ്നേഹവും കടപ്പാടുമൊക്കെ ജഗദീഷ് ഇന്നും മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. പലരിലും കാണാത്ത നന്മയുടെ നിഴലാട്ടമായാണ് ഞാനിതിനെ കാണുന്നത്.
ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ നീണ്ട മുപ്പത്തിയേഴു വർഷങ്ങളാണ് ഓടിമറഞ്ഞിരിക്കുന്നത്. 1985 ലാണ് ജഗദീഷിനെ ഞാന് ആദ്യമായി കാണുന്നത്. കക്ഷിയെ എന്നെ പരിചയപ്പെടുത്തിയത് സംവിധായകൻ ഹരികുമാറാണ്. രണ്ടു തിരുവനന്തപുരത്തുകാരു തമ്മിലുള്ള ബന്ധത്തിന്റെ പുറത്തുള്ള ഒരു ശുപാർശയായിരുന്നത്.
ഹരി പറഞ്ഞു "ജഗദീഷ് ഒരു കോളേജ് അധ്യാപകനായിരുന്നു. സിനിമ അഭിനയമാണ് ലക്ഷ്യം. ഉദയായുടെ 3D ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനില്‍ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. ഡെന്നിസിന്റെ ഏതെങ്കിലും സിനിമകളിൽ ജഗദീഷിന് ഒരു വേഷം കൊടുത്താൽ നന്നായിരുന്നു. "
ഹരികുമാർ അങ്ങനെ പറഞ്ഞെങ്കിലും ആദ്യ കാഴ്ചയിൽ ജഗദീഷിനെ എനിക്ക് അത്രയൊന്നും ഇംപ്രസ് ചെയ്തില്ല. എന്നാലും എവിടെയോ ഒരു കലാകാരന്റെ മിന്നലാട്ടം ആ മുഖത്തു മറഞ്ഞിരിക്കുന്നുണ്ടെന്നും എനിക്കു തോന്നാതെയിരുന്നില്ല.
ഞാൻ എഴുതി അടുത്തു തുടങ്ങാൻ പോകുന്ന ‘അർജ്ജുൻ ഡെന്നിസ്' എന്ന ചിത്രത്തിൽ ജഗദീഷിന് ഞാൻ ഒരു ചെറിയ വേഷം കൊടുത്തു. ലൊക്കേഷനിൽ എത്തിയ ജഗദീഷിന് എല്ലാവരുമായി പെട്ടെന്നു തന്നെ നല്ലൊരു സൗഹൃദം ഉണ്ടാക്കാൻ കഴിഞ്ഞു. ആ ചിത്രത്തിലൂടെയാണ് ഞങ്ങൾ തമ്മിലും സൗഹൃദത്തിന്റെ ഹൃദ്യമായൊരു ഇഴയടുപ്പം ഉണ്ടാവുന്നത്. ജഗദീഷിന്റെ പ്രത്യേകതയായി ഞാൻ കണ്ടത് ആ എനർജിയും സ്മാർട്നെസ്സുമാണ്. മാത്രമല്ല കോളേജ് അധ്യാപകനായിരുന്നതു കൊണ്ട് നല്ല നോളജ് ബേസുമുണ്ടായിരുന്നു.
‘അർജുൻ ഡെന്നിസി'ന് ശേഷം ഞാൻ എഴുതിയ ‘ഗജകേസരിയോഗ’ത്തിൽ മുകേഷിന്റെ കൂട്ടുകാരന്റെ വേഷമായിരുന്നു ജഗദീഷിന്. ആ ചിത്രത്തിലെ ഹ്യൂമർ സിറ്റുവേഷനിലുള്ള കോമഡി ഡയലോഗുകള്‍ കൊണ്ട് വെള്ളിത്തിരയിൽ ചിരിയുടെ പൂത്തിരി കത്തിക്കുകയായിരുന്നു ജഗദീഷ്.
അതൊടെ ഹ്യൂമർ ചിത്രങ്ങൾ ചെയ്യുന്ന പല സംവിധായകരും ജഗദീഷിനെ തേടിയെത്താൻ തുടങ്ങി. പിന്നെ ജഗദീഷിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഷാജി കൈലാസിന്റെ ‘സ്ഥലത്തെ പ്രധാന പയ്യൻസ്’ എന്ന ചിത്രത്തിലെ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരൻ രാഷ്ട്രീയത്തിലെത്തി മന്ത്രിയാകുന്നതും അതേത്തുടർന്നുണ്ടാകുന്ന നാടകീയ മുഹൂർത്തങ്ങളുമുള്ള കഥാപാത്രം ജഗദീഷിന്റെ കരിയറിൽ എന്നും ഒർമിക്കപ്പെടുന്ന ഒന്നാണ്.
തൊണ്ണൂറുകളുടെ അവസാനത്തോടെ കോമഡി തരംഗം അവസാനിച്ചപ്പോൾ ജഗദീഷ് പുതിയ മേച്ചിൽപ്പുറങ്ങളിലേക്കാണ് കടന്നത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് പോലെയുള്ള ജനപ്രിയ ഷോകളുടെയെല്ലാം സൂത്രധാരനായി വർഷങ്ങളോളം മിനി സ്ക്രീനിലും തിളങ്ങി നിന്നു. ഇപ്പോൾ സിനിമയിൽ പുതിയ പുതിയ ക്യാരക്ടർ വേഷങ്ങളിലൂടെ ജഗദീഷ് വീണ്ടും ഒരു തിരിച്ചു വരവു നടത്തിയിരിക്കുകയാണ്. രഞ്ചിത്തിന്റെ ‘ലീല’ എന്ന ചിത്രത്തിലെ വേഷം കണ്ടപ്പോൾ ഇതു ജഗദീഷ് തന്നെയാണോ എന്ന് ഞാൻ സംശയിച്ചു പോയിട്ടുണ്ട്. മനസ്സിൽ കലയും ആത്മവിശ്വാസമുണ്ടെങ്കിൽ ഏത് കഥാപാത്രവും ചെയ്യാൻ പറ്റുമെന്നുള്ളതിന് ഒരു ഉത്തമോദാഹരണമാണ് ഈ കലാകാരൻ.
മൂന്നൂറ്റി എഴുപത്തഞ്ചോളം ചിത്രങ്ങളിൽ അഭിനിയിച്ചിട്ടുള്ള ജഗദീഷ് അമ്പതോളം ചിത്രങ്ങളിൽ നായകനുമായിരുന്നു.
(തുടരും...)