‘മക്കളോടൊപ്പം മാതാപിതാക്കളും വിജയിക്കാറുണ്ട്’
Mail This Article
മീൻവണ്ടികളിൽ കിളിയായിരിക്കുമ്പോഴും കൂളൂരിനും കാർവാറിനും ഇടയിൽ മീൻ വണ്ടിയോടിക്കുമ്പോഴൊക്കെ കണ്ട സ്വപ്നങ്ങളേക്കാളും ഉയരത്തിലെത്തിയ മാസ്മരികലോകത്താണ് ഞാൻ ... ! ഈ ഫോട്ടോയിൽ കാണുന്നത് ലണ്ടനിലെ പ്രശസ്ത UNIVERSITY of GREENWICH എന്ന സര്‍വകലാശാലയുടെ വൈസ് ചാൻസലറും റജിസ്ട്രാറും ആണ് ! കൂടെയുള്ളത് എന്റെ മൂത്ത മോളാണ് , അനു. അവളുടെ അമ്മയും ഞാനും ലണ്ടനിലേക്ക് വണ്ടികയറിയത് അവൾ പഠിച്ച എംബിഎ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ മാത്രമാണ് ... !
എന്റെ വലിയ മോഹമായിരുന്നു നല്ലൊരു സർവകലാശാലയിൽ പോയി പഠിക്കണമെന്നും മറ്റും, പക്ഷേ ജീവിതം വഴിമുട്ടി ഓരോ അരിമണികളും മണൽ തരികളും കൂട്ടിപ്പെറുക്കാൻ നിർബന്ധിതനായപ്പോൾ മോഹങ്ങളെ വഴിപിരിക്കേണ്ടിവന്നു ..പിന്നെ ഒറ്റപെട്ടവനായി, പഠിച്ചതല്ലാം ഒറ്റക്കായിരുന്നു.. ! എനിക്ക് സാധിക്കാതിരുന്നത് കൊണ്ട് മാത്രമായിരുന്നു അവൾ ലണ്ടനിൽ വന്നതും റസ്റ്ററന്റുകളിലെ പണികൾ ഉൾപ്പടെ പലതരം ചില്ലറപ്പണികൾ ചെയ്ത് എല്ലാത്തരം ജോലികളുടെയും അന്തസ്സ് മനസ്സിലാക്കിയതും പഠിച്ചതും മിടുക്കിയായതും ...!
ഇക്കഴിഞ്ഞ ഇരുപതാം തിയതി നടന്ന ചടങ്ങിൽ ഈ ഫോട്ടോ സെൽഫോണിൽ കൂടി ഞാൻ എടുക്കുമ്പോൾ എന്റെ കൈകൾ വിറച്ചിരുന്നു, കണ്ണുകൾ നിറഞ്ഞിരുന്നു! ഫോട്ടോയിൽ കൂടി ഞാൻ കണ്ടത് എന്നെ തന്നെയായിരുന്നു ...! ബിരുദധാനചടങ്ങിൽ ധരിക്കുന്ന പ്രത്യേക വസ്ത്രങ്ങൾ ചടങ്ങിന് ശേഷം അവൾ ഞങ്ങൾക്കിട്ടു തന്നു ..എനിക്ക് ഒരുപാട് സന്തോഷമായി ! വെറുതെ ഓരോന്നും ആലോചിച്ച് നിന്നപ്പോൾ പാവം അവൾ വന്നെന്നെ കെട്ടിപിടിച്ചു നിന്ന് കരഞ്ഞു .... !
2010ൽ ഇറങ്ങിയ രഞ്ജിയേട്ടന്റെ ' പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയിന്റ് ' എന്ന സിനിമയിലെ മമ്മുക്കയുടെ ഡയലോഗ് ഏകദേശം ഇങ്ങനെയായാണ് ' ഇമ്മള് ജയിക്കാത്തിടത്ത് വേറൊരാള് ജയിക്കാൻ ഇമ്മള് കാരണമാകുന്നതും ഇമ്മടെ ജയം തന്നെയാ ... ‘ ! ദൈവം തമ്പുരാനും ഗുരുജനങ്ങൾക്കും കൂട്ടുകാർക്കും വളർത്തിയവർക്കും തളർത്തിയവർക്കും ഒരുപാട് നന്ദിയുണ്ട്..! അല്ലെങ്കിലും മക്കളോടൊപ്പം മാതാപിതാക്കളും വിജയിക്കാറുണ്ട് ..!