കന്യാസ്ത്രീകൾ നിർമിച്ച സിനിമ!

Mail This Article
നാലുപതിറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നിരുന്ന, ഇപ്പോൾ സ്വർഗത്തിലുള്ള ജോൺ പോൾ സർ പണ്ടൊരു ദിവസം എന്നെ വിളിച്ചിട്ടു പറഞ്ഞു, ‘ഞാനൊരു ഇംഗ്ലിഷ് സിനിമ ചെയ്യുന്നു, രാജു ഏബ്രഹാമും എന്തിനും ഏതിനും കൊള്ളാവുന്ന പിള്ളേരും കൂടെയുണ്ട്. അതിൽ നിന്റെ ഗുരു ചാരുഹാസന് ഒരു കഥാപാത്രം ചെയ്യാനുണ്ട്. ഉടനെ തന്നെ ചെന്നൈയിൽ പോയി അദ്ദേഹത്തെ കണ്ടു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊണ്ടുവരണം. ഞാനൊരു എഴുത്തും തരാം. അതുപോലെതന്നെ നിനക്കും ഒരു വേഷമുണ്ട്, ചെയ്തു തരണം.’ ജോൺ സാറിനെ എന്നും അനുസരിച്ചേ ശീലമുള്ളൂ !

വിട്ടു വണ്ടി ചെന്നൈ പട്ടണം അൽവാർപേട്ടിലെ 'മണിഹാസിനി' എന്ന എനിക്കെത്രയോ വർഷങ്ങളായി സുപരിചതമായ വീട്ടിലേക്ക്. മണിരത്നം/സുഹാസിനി ദമ്പതികളോടൊപ്പം താമസിക്കുന്ന സാറിനെ കണ്ടുകാര്യം പറഞ്ഞപ്പോൾ, ക്രിമിനൽ വക്കീൽ കൂടിയായ കുസൃതികളുടെ തമ്പുരാൻ പരസ്യപ്പെടുത്താനും അല്ലാത്തതുമായ പല 'ഉപാധികളും നിബന്ധനകളും നിർബന്ധബുദ്ധികളും' എന്റെ മുൻപിൽ നിരത്തി. പക്ഷേ ജോൺ പോൾ സാറിന്റെ എഴുത്ത് കാണിച്ച് സത്യമായ ചരിത്ര സിനിമയാണെന്നറിഞ്ഞപ്പോൾ എല്ലാം സെറ്റായി, കുഞ്ഞു കുട്ടിയെപ്പോലെ ഒന്നും പറയാതെ എന്റെ കൂടെ കൊച്ചിയിലേക്ക് വന്നു, മറൈൻ ഡ്രൈവിലെ എന്റെ അപ്പാർട്മെന്റിൽ താമസിച്ചു.

അയ്യോ പാവം തോന്നിയ ഞാൻ അദ്ദേഹത്തിന്റെ അല്ലറ ചില്ലറ വികൃതികൾക്കും കുസൃതികൾക്കും പണ്ടേപ്പോലെ തന്നെ കൂട്ടുനിന്നു! സിനിമയിൽ ചാരു സർ പക്കാ പാതിരിയായപ്പോൾ ഞാൻ സ്കൂൾ അധ്യാപകൻ പീറ്റർ ഡിലിമയെന്ന മദറിന്റെ ഫാദറായി..! ഞങ്ങളങ്ങിനെ ഒരുമിച്ച് മറ്റ് പല പ്രഗൽഭരായ കലാപ്രതിഭകളോടൊപ്പം ഒരു സിനിമയിൽ ജോൺ സാറിന്റെ കഥാപാത്രങ്ങളായി ...!
1858ൽ മദ്രാസിൽ ജനിച്ച, നവോത്ഥാന നായികയും സിഎസ്‌എസ്‌ടി സഭാ സ്ഥാപകയുമായ മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ ജീവിതം ആസ്പദമാക്കി രാജു ഏബ്രഹാം സംവിധാനം ചെയ്ത ' തെരേസ ഹാഡ് എ ഡ്രീം ' എന്ന ജീവചരിത്ര സിനിമ അന്തരിച്ച ജോൺപോൾ സർ അവസാനമായി തിരക്കഥയെഴുതിയതാണ് ...!
സന്യസ്‌ത ജീവിതത്തിലെ പ്രധാനകാലം കൊച്ചിയിലും ആലപ്പുഴയിലുമാണ് മദർ ചെലവഴിച്ചത്. കൊച്ചിയുടെ സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിൽ വലിയ സംഭാവന നൽകുകയും സെന്റ് തെരേസാസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുകയും ചെയ്തു. കൊച്ചിയിലെ ആദ്യത്തെ മെഡിക്കൽ ഷോപ്പും ഡിപ്പാർട്‌മെന്റൽ സ്റ്റോറും തൊഴിൽ പരിശീലന വിദ്യാഭ്യാസ സ്ഥാപനവും തുറന്നത് മദറിന്റെ നേതൃത്വത്തിലായിരുന്നു. ബോംബയിലേക്കുള്ള യാത്രക്കിടയിൽ ആന്ധ്രാ പ്രദേശിൽ നടന്ന തീവണ്ടി അപകടത്തിൽ വെറും 44 ാം വയസ്സിൽ അന്തരിച്ച മദർ ജനഹൃദയങ്ങളിൽ ഇന്നും വിശുദ്ധയായി ജീവിക്കുന്നു.
സാക്ഷാൽ ജോൺ പോൾ സാറിന്റെ കാർമീകത്തിലും നിർമാണ പങ്കാളിത്തത്തിലും ഒരുപക്ഷേ ലോക സിനിമാ ചരിത്രത്തിൽ ആദ്യമായി സന്യസ്‌ത ജീവിതത്തിലെ കന്യാസ്ത്രീകളും ചേർന്ന് നിർമിച്ച ' തെരേസ ഹാഡ് എ ഡ്രീം ' എറണാകുളത്തെ ശ്രീധർ തിയറ്ററിൽ ഈമാസം 28 വരെ ശനിയാഴ്ചയും ഞായറാഴ്ചയും ഒഴികെ എല്ലാ ദിവസവും രാവിലെ 10ന് പ്രദർശിപ്പിക്കുന്നതാണ് ! ഞങ്ങളുടെ ' തെരേസ ഹാഡ് എ ഡ്രീം ' കാണാൻ വരുമെന്ന ശുഭ പ്രതീക്ഷയോടെ , സസ്നേഹം സിനിമയിലെ മദറിന്റെ ഫാദർ ജോളി ജോസഫ്.