മലയാള സിനിമാ ദൃശ്യ മാധ്യമ രംഗത്തെ പെൺപുലികൾ

Mail This Article
ഏകദേശം 23 വർഷത്തെ മീഡിയ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലിപരിചയമുള്ള പെൺപുലി മറിയ റാൻസം എന്ന ഞങ്ങളുടെ മറിയക്കുട്ടിയാണ് ആദ്യത്തെയാൾ. വല്ലാർപാടത്തമ്മയുടെ അയൽവക്കത്തുകാരിയായ, എറണാകുളത്തുണ്ടായിരുന്ന യൂണിക് എന്ന കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോയിലെ ജോലി ഉപേക്ഷിച്ച് തച്ചങ്കരി സാറിന്റെ റിയാൻ സ്റ്റുഡിയോയിൽ ജോലിചെയ്യുകയായിരുന്ന മറിയയെ എന്നെ പരിചയപ്പെടുത്തിയത് സംവിധായകനും മാധ്യമ പ്രവർത്തകനുമായ ഗോവിന്ദൻകുട്ടി അടൂരാണോ കോഴിക്കോടൻ ക്യാമറമാൻ പ്രണവം പ്രശാന്താണോ എന്നെനിക്കോർമയില്ല.
എന്നെ സംബന്ധിച്ചിടത്തോളം ഏകദേശം പത്തുവർഷത്തോളം റിയാൻ സ്റ്റുഡിയോയുടെ ജീവാത്മാവും പരമാത്മാവുമായിരുന്നവൾ. അതുകഴിഞ്ഞ് മീഡിയ പ്രൊ, മഴവിൽ മനോരമ, ഹൈദരാബാദിലുള്ള അന്നപൂർണ സ്റ്റുഡിയോ, ഉള്ളാട്ടിൽ ഫിലിംസ്, ഇപ്പോൾ വി മീഡിയ എന്ന കൊച്ചിയിലുള്ള സ്റ്റുഡിയോയിൽ സർവാധികാരിയായി വിലസുന്ന മറിയ സാക്ഷാൽ എംടി സാറിന്റെ ഇപ്പോൾ നടക്കുന്ന സിനിമകളുടെ പ്രൊഡക്‌ഷൻ കോ ഓർഡിനേറ്റർ കൂടിയാണ്.
അന്നമനട നാട്ടുകാരിയും അന്നനടക്കാരിയുമായ അഞ്ജലി സത്യനാഥാണ് രണ്ടാമത്തെയാൾ. എംബിഎ പഠിത്തം കഴിഞ്ഞപ്പോഴേ വിവാഹം കഴിച്ച് ഭർത്താവിന്റെ കൂടെ ബെംഗളൂരിൽ പോയി മൂന്നു വർഷത്തോളം അധ്യാപികയായി ജോലിചെയ്‌തു. അതിന്റെ കൂടെ ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പ്രൊഫഷനൽ ഡിപ്ലോമയും കരസ്ഥമാക്കിയപ്പോൾ ഡിജിറ്റൽ മാർക്കറ്റിങ്ങിൽ മാനേജരായി ജോലിചെയ്‌തു. അതിന്റെയിടയിൽ ഭർത്താവിന്റെ സുഹൃത്തുക്കളുടെ ഷോർട്ട് ഫിലിമുകളിൽ മുഖം കാണിച്ചു. കോവിഡ് കാരണം നാട്ടിലെത്തിയ അഞ്ജലിക്ക് നാട്ടിലെ പയ്യൻസ് എടുത്ത രണ്ട് ഷോർട് ഫിലിമുകളിൽ അഭിനയിക്കാൻ അവസരം കിട്ടി. അത് കണ്ടവർ വി കേരളത്തിന്റെയും കല്യാൺ സിൽക്സിന്റെയും പരസ്യത്തിൽ പ്രവർത്തിക്കാൻ അവസരം കൊടുക്കുകയും സൂഫിയും സുജാതയും എന്ന സിനിമയിലേക്ക് അവസരം നൽകുകയും ചെയ്തു.
ജോലി കിട്ടിയതിനാൽ സാക്ഷാൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻ പകൽ നേരത്ത് മയക്കം എന്നസിനിമയിൽ മമ്മുക്കയുടെ പെങ്ങളുടെ വേഷം ഉപേക്ഷിച്ച അഞ്ജലി, പിന്നീട് ജോലി ഉപേക്ഷിച്ചു സിനിമയിലേക്കിറങ്ങി ഡിയർ ഫ്രണ്ട് , വിശുദ്ധ മെജോ, ഒരു തെക്കൻ തല്ലു കേസ്, ദ് ഫേസ് ഓഫ് ഫേസ് ലെസ്സ്, കോറോണജവാൻ എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഇതിൽ രണ്ട് സിനിമകളിൽ ഞാനും അരിമണി പെറുക്കിയിരുന്നു. ദേ ഫേസ് ഓഫ് ഫേസ് ലെസ്സ് എന്ന സിനിമ ഇംഗ്ലിഷും ഹിന്ദിയും മലയാളം പോലെ മണിമണി പോലെ അറിയുന്ന കഠിനപ്രയത്നകാരിയായ അഞ്ജലിക്ക് സിനിമയുടെ സർവവിധ മേഖലകളിലേക്കുള്ള വാതിലുകൾ തുറന്നുകൊടുത്തു.
ജോലിയും കുടുംബവും സ്വപ്നങ്ങളും സുഹൃത്ബന്ധങ്ങളും എല്ലാമെല്ലാം ഒരുമിച്ച് കൊണ്ടുനടക്കുന്ന കഷ്ടപ്പെട്ട് ആത്മാർഥമായി ജോലിചെയ്യുന്ന മലയാള സിനിമാ ദൃശ്യ മാധ്യമ രംഗത്തെ പെൺപുലികളായ, എന്റെ ചെങ്ങായിമാരായ മറിയയും അഞ്ജലിയും ഇന്നത്തെ തലമുറയ്ക്ക് പാഠപുസ്തകങ്ങളാണ്, നാളെകൾ അവരുടേതുമാണ , തീർച്ച. (നല്ലൊരാളെ കുരിശേൽ തറച്ചപ്പോൾ ഇടതും വലതും ആളുകളുണ്ടായിരുന്നു എന്നത് പടം കാണുമ്പോൾ ഓർക്കേണ്ടതില്ല..! പടമെടുത്ത പ്രശസ്ത പ്രൊഡക്‌ഷൻ കൺട്രോളർ ഷാഫി ചെമ്മാട് ഓർത്തുകാണില്ല.)