മനസ്സിലേക്കു പറന്നെത്തും ഫീനിക്സ്
Mail This Article
പേടിപ്പിച്ചുകളഞ്ഞു ആദ്യപകുതിയില്‍, പ്രണയിച്ചുകളഞ്ഞു രണ്ടാം പകുതിയില്‍. എഴുന്നേറ്റുനിന്നു കയ്യടിച്ചു സിനിമ തീര്‍ന്നപ്പോള്‍. പേടിപ്പിച്ചു പ്രണയിക്കുകയും പ്രണയിച്ചു പേടിപ്പിക്കുകയും ചെയ്തുകൊണ്ട് ഫീനിക്സ് എന്ന സിനിമ ചാരത്തില്‍നിന്ന് ഉയരുന്നൊരു പക്ഷിയെപ്പോലെ എങ്ങോട്ടോ പറന്നുപോകുകയല്ല ചെയ്യുന്നത്. സ്ക്രീനില്‍നിന്ന് നേരെ പറന്നുവന്ന് കാഴ്ചക്കാരന്റെ ഉള്ളിലിരിക്കുകയാണ്, അവിടെയിരുന്ന് ചിറകടിച്ചുകൊണ്ട് നമ്മെ നിരന്തരം അസ്വസ്ഥരാക്കുന്നു. വിഷ്ണു ഭരതന്‍ സംവിധാനം ചെയ്ത ഫീനിക്സ് ഒരു കൊച്ചുചിത്രമാണെന്നാണ് അതിന്റെ പിന്നണിക്കാര്‍ തുടക്കംമുതലേ പറഞ്ഞിരുന്നത്. പക്ഷേ ഇതൊരു വലിയ സിനിമതന്നെയാണ് പ്രേക്ഷകര്‍ക്ക്. കാരണം പലതാണ്. ഹൊററിനും പ്രണയത്തിനും പാതി പാതി വിഭജിച്ചുകൊടുത്തൊരു പരീക്ഷണം. വ്യത്യസ്തമായ ട്രീറ്റ്മെന്റ്, പ്രമേയത്തിലേക്ക് ഒഴുക്കിക്കൊണ്ടുപോകുന്ന മ്യൂസിക്. നായകന്റെ ഒപ്പം നടന്ന് കോമഡി പറയുക മാത്രമല്ല തനിക്കു ചേരുന്നതെന്ന് തെളിയിക്കുന്ന അജു വര്‍ഗീസിന്റെ റീ മോള്‍ഡിങ്. വിശേഷണങ്ങള്‍ അധികം വേണ്ടെന്നു സമീപകാല സിനിമകള്‍ തെളിയിച്ച മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥ...ഇവയെയെല്ലാം കൃത്യമായി സംയോജിപ്പിച്ച വിഷ്ണു ഭരതന്റെ സംവിധായക മികവ്. വിഷ്ണു സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമായ ഫീനിക്സ് പ്രേക്ഷകര്‍ക്ക് കൈവിടാനാകുമെന്നു തോന്നുന്നില്ല.
ഇക്കാലമത്രയും മിഥുന്‍ മാനുവലെന്ന സംവിധായകന്റെ നിഴലിലായിരുന്നു വിഷ്ണു. ഇപ്പോള്‍ ആ നിഴലില്‍നിന്ന് ആശാന്‍ തന്നെ ശിഷ്യനെ പുറത്തുകടത്തുന്നു. മിഥുന്‍ സംവിധാനം ചെയ്ത അഞ്ചാംപാതിരയിലും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലും അസിസ്റ്റന്റ് ഡയറക്ടറുടെ വേഷത്തിലായിരുന്നു വിഷ്ണു. അവിടെനിന്ന് ഒരടി മുന്നോട്ടുവയ്ക്കാന്‍ ആശാന്‍ തന്നെ തിരക്കഥയൊരുക്കിയ സിനിമ പ്രേക്ഷകര്‍ ആഹ്ലാദത്തോടെ സ്വീകരിക്കുമ്പോള്‍ ആശാനും ശിഷ്യനും ഒരുപോലെ ആനന്ദക്കാലം വിടരുന്നു.
രണ്ടാം ഷോട്ടുമുതല്‍ ഹൊറര്‍ മൂഡിലേക്കുയര്‍ത്തുന്ന സിനിമയില്‍ സ്ഥിരം ചേരുവകളായ ചോരപ്പുഴയോ മുടിയഴിച്ചിട്ട് വായുവിലൂടെ നടക്കുന്ന വെള്ളസാരിയുടുത്ത സ്ത്രീയോ ഒന്നുമില്ല. പകരം ഒരു കുടുംബം മാത്രം. ഭാര്യയും ഭര്‍ത്താവും മൂന്നു മക്കളും അടങ്ങുന്ന ഒരു കുടുംബത്തിലൂടെയും അവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനെ ചുറ്റിനില്‍ക്കുന്ന ദുരൂഹതയിലൂടെയും ഫീനിക്സ് പറന്നുതുടങ്ങുകയാണ്. ഇവരുടെ പതിമൂന്നോ പതിനാലോ വയസ്സുള്ള മൂത്ത മകളിലൂടെത്തന്നെ ഹൊററിന്റെ ത്രെഡ് കൊണ്ടുപോകുകയെന്ന സാഹസികതയ്ക്കാണ് സംവിധായകനും തിരക്കഥാകൃത്തും മുതിരുന്നത്. ഹൊററിലേക്കു നയിച്ച പ്രണയത്തിനാണ് രണ്ടാം പകുതിയുടെ സമര്‍പ്പണം. അന്ന റോസായും ഫ്രെഡിയായും ചന്തുനാഥും അഭിരാമി ബോസും തൊണ്ണൂറുകളിലെ പ്രണയജോടികളാകുന്നതു കാണാന്‍ നല്ല രസം. സിനിമയുടെ അന്ത്യത്തില്‍ വീണ്ടും മരണത്തിന്റെയോ ജീവന്റെയോ മണിമുഴങ്ങുമ്പോള്‍ ആദ്യപകുതിയിലെ ഭയത്തിന്റെ വീണ്ടെടുപ്പുണ്ട്. പുതുച്ചേരി സ്വദേശിയായ അഭിരാമി പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രോഡക്ടാണ്. ഇണയെ നഷ്‌ടപ്പെട്ട ചെറുപക്ഷിയുടെ ചിറകടിയിലൂടെയും അതിന്റെ മരണത്തിലൂടെയും നിരന്തരം വീട്ടിലേക്കെത്തുന്ന കത്തിലൂടെയും ആത്മാക്കളുടെ മടങ്ങിവരവ് പറയുന്നിടത്താണ് പ്രേതകഥയുടെ മറ്റൊരു വഴിക്കുള്ള സംവിധായകന്റെ സഞ്ചാരത്തെ പ്രേക്ഷകര്‍ ആഘോഷിക്കുന്നത്.
സിനിമയില്‍ ഒരിടത്ത് ഇങ്ങനെ പറയുന്നുണ്ട് - വണ്‍സ് യു ആര്‍ മൈ ഗെസ്റ്റ്, യു വില്‍ ഓള്‍വേസ് ബി. വിഷ്ണുവിന്റെ ആദ്യവരവാണിത്. വിഷ്ണു..യു ഓള്‍വേസ് ബി ഹിയര്‍ എന്നു പ്രേക്ഷകര്‍ ഉള്ളില്‍ പറയുന്നുണ്ടെങ്കില്‍ അത് ഈ നവാഗതന്റെ കയ്യടക്കത്തിനുള്ള സമ്മാനമായിരിക്കും. ഒടിയന്‍ അടക്കമുള്ള സിനിമകള്‍ക്ക് സംഗീതം കൊടുത്ത സാം സിഎസ് എന്ന മൂന്നാറുകാരന്റെ മ്യൂസിക്, സിനിമയുടെ എടുത്തുപറയേണ്ട ആകര്‍ഷണമാണ്.
മെക്കാനിക്കലല്ല, സിനിമാറ്റിക്
തൃശൂരിലെ മാപ്രാണം സ്വദേശിയായ വിഷ്ണുവിന്റെ മനസ്സ് തീരെ മെക്കാനിക്കലല്ല സിനിമാറ്റിക്കാണെന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കും മുന്‍പേ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ചെന്നൈ ആശാന്‍ മെമ്മോറിയല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലായിരുന്നു പഠനം. പിന്നീട് തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്ന് ഡിജിറ്റല്‍ ഫിലിം പ്രൊഡക് ഷനില്‍ ബിരുദം. പിന്നെ നാലുവര്‍ഷത്തോളം ഹ്രസ്വചിത്രങ്ങളൊരുക്കി. വൈകാതെ മിഥുനിന്റെ അസിസ്റ്റന്റായി. അന്നുമുതലേ തിരക്കഥയെഴുതിക്കിട്ടാനായി പല കഥകളും മിഥുനിനോടു പറയുമായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണെന്നുമാത്രം.
കഥ വഴി, ബിഗില്‍ വഴി
എന്‍ജിനീയറിങ്ങിന് ഒപ്പം പഠിച്ച വടകര സ്വദേശി ബിഗില്‍ ബാലകൃഷ്ണനും കഥയുടെ ' അസുഖ' മുണ്ടായിരുന്നു. കഥയുടെ ആശയം പറഞ്ഞത് ബിഗിലാണ്. എന്‍ജിനീയറിങ് പ്രഷഷനലാണെങ്കിലും ബിഗിലും വിഷ്ണുവും പിന്നീട് ഈ കഥയ്ക്കു പിന്നാലെയായി. തിരക്കഥയെന്ന രൂപത്തിലേക്ക് വളര്‍ന്നെന്നു തോന്നിച്ചപ്പോള്‍ മിഥുനിലേക്ക്. ഹൊറര്‍ ത്രില്ലര്‍ സ്പെഷലിസ്റ്റായ മിഥുന്‍ അതിന് കൃത്യമായ പാകതവരുത്തി. ഫ്രണ്ട് റോ പ്രൊഡക് ഷന്‍സിന്റ ബാനറില്‍ കെ.എന്‍.റിനീഷാണ് ചിത്രം നിര്‍മിച്ചത്.
അച്ഛന്റെ വഴിയേ
തിരക്കഥാകൃത്താണ് വിഷ്ണുവിന്റെ അച്ഛന്‍ ഭരതന്‍. അധ്യാപക ജോലിയില്‍നിന്ന് റിട്ടയര്‍ ചെയ്തിട്ടും ഇരിങ്ങാലക്കുടയിലെ സാഹിത്യരംഗത്ത് ഇപ്പോഴും സജീവമാണ് പി.കെ.ഭരതന്‍. മോഹന്‍ സംവിധാനം ചെയ്ത അങ്ങനെ ഒരു അവധിക്കാലത്ത് എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് ഇദ്ദേഹമായിരുന്നു. ഇന്നസെന്റ് കഥകള്‍ എന്ന ടെലിവിഷന്‍ സീരിയലിന്റെ എഴുത്തുകാരനുമായിരുന്നു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുകൂടിയായ ഇദ്ദേഹം ഒന്നിലേറെ സാഹിത്യകൃതികളും രചിച്ചിട്ടുണ്ട്.