നൂറു കോടി ക്ലബ്ബിലേക്ക് ‘നേര്’; ഇതുവരെ നേടിയത് 80 കോടി
Mail This Article
മോഹൻലാലിന്റെ അടുത്ത നൂറു കോടി ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ നേര്. പുതുവർഷത്തിലും തിയറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ സിനിമയുടെ പ്രദർശനം തുടരുകയാണ്. സ്ക്രീന്‍ കൗണ്ടില്‍ ഒരു കുറവും സംഭവിക്കാതെ മൂന്നാം വാരം സിനിമയുടെ കലക്‌ഷൻ 80 കോടി പിന്നിട്ടു കഴിഞ്ഞു.
ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. തിയറ്റര്‍ വ്യവസായത്തിനും വലിയ നേട്ടമാണ് ചിത്രം സമ്മാനിച്ചിരിക്കുന്നത്. 2023 ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗും ഇതോടെ ഈ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കി.
റിലീസിന് 200 സ്‍ക്രീനുകള്‍ മാത്രമുണ്ടായിരുന്ന ചിത്രം ഇപ്പോൾ 350 സ്‍ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. വിദേശത്തടക്കം സിനിമയ്ക്ക് അധികം സ്‍ക്രീനുകള്‍ ഇന്നു മുതല്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്ത ‘എലോണി’നുശേഷം തിയറ്ററുകളിലെത്തുന്ന ഒരു മോഹൻലാൽ ചിത്രമാണ് ‘നേര്’. രജനികാന്ത് ചിത്രം ‘ജയിലറി’ലെ മോഹൻലാലിന്റെ അതിഥിവേഷവും ആരാധകർ ആഘോഷമാക്കിയിരുന്നു.
അഭിഭാഷകനായെത്തുന്ന മോഹൻലാലിന്റെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ ൈഹലൈറ്റെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അനശ്വര രാജന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഈ സിനിമയിലേതെന്നും റിപ്പോർട്ട് ഉണ്ട്. ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. ആ പ്രതീക്ഷകൾക്ക് കോട്ടം തട്ടിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇമോഷനൽ കോർട്ട് റൂം ഡ്രാമയായി ചിത്രത്തെ അവതരിപ്പിക്കുന്നതിൽ ജീത്തു നൂറ് ശതമാനം വിജയിച്ചുവെന്നും പ്രേക്ഷകർ പറയുന്നു. സിദ്ദീഖ് ആണ് കയ്യടി നേടുന്ന മറ്റൊരു താരം.
കോടതിയും വ്യവഹാരവും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നു. അതോടൊപ്പം ഈ ചിത്രം ശക്തമായ കുടുംബ ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്. പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്.വിനായക്. കലാസംവിധാനം ബോബൻ, കോസ്റ്റ്യൂം ഡിസൈൻ -ലിന്റാ ജീത്തു. മേക്കപ്പ് അമൽ ചന്ദ്ര. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് സോണി ജി. സോളമൻ, എസ്.എ.ഭാസ്ക്കരൻ, അമരേഷ് കുമാർ.