ഇതാണോ 700 കോടിയുടെ ‘രാമായണം’; ‘സായി പല്ലവി–രൺബീർ’ ചിത്രത്തിനു വിമർശനം
Mail This Article
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണം’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള രണ്‍ബീര്‍ കപൂറിന്‍റെയും സായി പല്ലവിയുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. രാമന്‍റെ വേഷത്തിലുള്ള രണ്‍ബീര്‍ കപൂറിന്‍റെയും സീതയുടെ വേഷത്തിലുള്ള സായി പല്ലവിയുടെയും ചിത്രങ്ങളാണ് പുറത്തായത്.
ഇരുതാരങ്ങളുടെയും ഫാന്‍സ് പേജുകളിലെല്ലാം ഇതിനോടകം ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാമനെ വരച്ചുവച്ചതുപോലെയുണ്ട് രണ്‍ബീര്‍ എന്നും സീതയായി സായി പല്ലവി അതിമനോഹരിയായിരിക്കുമെന്നുമാണ് കമന്‍റുകള്‍. അതേസമയം ഇരുവരുടെയും ലുക്കിനെ വിമർശിച്ചും ആളുകളെത്തി. മേക്കപ്പും വസ്ത്രധാരണവുമാണ് ഇവരെ ചൊടിപ്പിച്ചത്.
700 കോടി മുടക്കിയെടുക്കുന്ന സിനിമയിൽ നിന്നും ഇത്തരം കോസ്റ്റ്യൂം പ്രതീക്ഷിക്കുന്നില്ലെന്നും ബജറ്റിനൊപ്പമുള്ള നിലവാരം അണിയറക്കാർക്ക് കൊണ്ടുവരാനായില്ലെന്നുമാണ് വിമർശകർ പറയുന്നത്. ചിത്രീകരണത്തിനിടയിൽ അബദ്ധത്തിൽ പുറത്തായൊരു ചിത്രം വച്ച് എങ്ങനെയാണ് ഒരു സിനിമയെ അളക്കാനാകുകയെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു.
രാജ്യത്തെ പ്രമുഖ നിര്‍മാണക്കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും കന്നഡ സൂപ്പർതാരം യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ഒന്നിച്ചാകും ഈ ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡിലെയും മറ്റ് ഭാഷകളിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ ബജറ്റ് 700 കോടിക്കു മുകളിലാണ്.
രൺബീർ കപൂർ, സായി പല്ലവി, സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് തുടങ്ങിയവരാണ് അഭിനേതാക്കൾ. രൺബീർ കപൂറിനെ രാമനായി അവതരിപ്പിക്കുന്നു, സായി പല്ലവി സീതയെയും സണ്ണി ഡിയോൾ ഹനുമാനെയും അവതരിപ്പിക്കും. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപണഖയായും അഭിനയിക്കുമെന്ന് റിപ്പോർട്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും.
മൂന്ന് ഭാഗങ്ങളിലായാണ് സിനിമയുടെ റിലീസ്. 2025 ദീപാവലി റിലീസിനായി ആദ്യ ഭാഗം തിയറ്ററുകളിലെത്തും.