നാടിന് കൈത്താങ്ങ്; മമ്മൂട്ടിയും ദുൽഖറും ചേർന്നു നൽകിയത് 35 ലക്ഷം
Mail This Article
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറി മമ്മൂട്ടിയും ദുൽഖറും. ആദ്യഘട്ടമെന്ന നിലയിൽ മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് കൈമാറിയത്. സഹായധനം മന്ത്രി പി.രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്.
സമാനതകളില്ലാത്ത മഹാദുരന്തത്തെ നേരിടുന്ന വയനാടിന് സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നേരത്തെ കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകുകയുണ്ടായി. നടൻ വിക്രം 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന സിനിമാ റിലീസുകളും ആഘോഷങ്ങളും മാറ്റി വച്ചു. സാധിക്കുന്ന സഹായങ്ങൾ ചെയ്യാൻ ജനങ്ങളോടു അഭ്യർത്ഥിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സംഭാവനകൾ നൽകി മുന്നിലുണ്ട് സെലിബ്രിറ്റികൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരവധി പേരാണ് സംഭാവനകൾ നൽകുന്നത്.