നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം: ആന്റണിക്കൊപ്പം, സുരേഷ് കുമാറിനെ തള്ളി മോഹൻലാൽ

Mail This Article
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ നുണക്കഥകളുമാണെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്ന ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാൽ. ‘‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം’’ എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചുകൊണ്ട് മോഹൻലാലിന്റെ പ്രതികരണം. ഇതോടെ നിർമാതാക്കളുടെ സംഘടനയും താരങ്ങളും തമ്മിൽ തുറന്ന പോരിനു വേദി ഒരുങ്ങുന്നുവെന്ന് ഉറപ്പായി കഴിഞ്ഞു.
നേരത്തെ മലയാള സിനിമയിലെ യുവതാരങ്ങളെ അടക്കം വിമർശിച്ചെത്തിയ സുരേഷ് കുമാറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ ആന്റണിക്കു പിന്തുണയുമായി പൃഥ്വിരാജ് അടക്കമുളള താരങ്ങൾ രംഗത്തുവന്നിരുന്നു. ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. ഉണ്ണി മുകുന്ദൻ, അജു വർഗീസ് തുടങ്ങിയവരും ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായെത്തി.
എന്നാൽ സംഘടനയുടെ വൈസ് പ്രസിഡന്റ് സുരേഷ് കുമാറിനെതിരെ പരസ്യപ്രതികരണം നടത്തിയ ആന്റണി പെരുമ്പാവൂരിന്റെ നടപടി അനുചിതമായിപ്പോയെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രതികരണം. ഇതോടെ നിർമാതാക്കളുടെ സംഘടന ഒരു ഭാഗത്തും നടീ നടന്മാരും കുറച്ചു നിർമാതാക്കളുമടങ്ങുന്നവർ മറുഭാഗത്തുമായി നിലയുറപ്പിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ മോഹൻലാലും പരസ്യ നിലപാട് പ്രഖ്യാപിച്ചതോടെ മലയാള സിനിമ ഒരു തുറന്ന പോരിന് സാക്ഷ്യം വഹിക്കുകയാണ്.
ഒരു സംഘടനയെ പ്രതിനിധീകരിച്ചു പറയേണ്ട കാര്യങ്ങളല്ല പൊതുസമക്ഷം സുരേഷ് കുമാർ അവതരിപ്പിച്ചതെന്നും ഈ പ്രവണത മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്ന് താൻ കരുതുന്നില്ലെന്നുമാണ് ആന്റണി പെരുമ്പാവൂർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
‘‘ജൂണ്‍ ഒന്ന് മുതല്‍ നിര്‍മാതാക്കള്‍ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തില്‍ സുരേഷ്‌കുമാര്‍ പറഞ്ഞതു ഞാനും കണ്ടു. മറ്റു ചില സംഘടനകളില്‍ നിന്നുണ്ടായ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാവണം അദ്ദേഹം അങ്ങനെ പറയാന്‍ തയാറായത് എന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരത്തിലൊരു സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്നു ഞാന്‍ കരുതുന്നില്ല. കാരണം നൂറുകണക്കിനാളുകളെ, അതുവഴി ആയിരക്കണക്കിനു കുടുംബങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒന്നാണത്. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുമുണ്ട്.’’–ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ.
യുവതാരങ്ങളുടെ അമിതമായ പ്രതിഫലം കാരണം മലയാള സിനിമകൾ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നുവെന്നും കഴിഞ്ഞ മാസം മാത്രമുണ്ടായ നഷ്ടം 110 കോടിയാണെന്നും സുരേഷ് കുമാർ വെളിപ്പെടുത്തിയിരുന്നു. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിനിമാ സമരം നടത്തുന്നുവെന്നും നിർമാതാക്കളെ പ്രതിനിധീകരിച്ച് സുരേഷ് പറയുകയുണ്ടായി. ഇതാണ് പിന്നീട് വിവാദമായി മാറിയത്.