‘ലൂസിഫറി’ലെ ആ ‘തെറ്റ്’ ചൂണ്ടിക്കാണിച്ചു, പൃഥ്വി എന്നെ ‘എമ്പുരാനിലെ’ടുത്തു: സുരാജ്

Mail This Article
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാനി’ലെ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന ക്യാരക്ടർ പോസ്റ്റർ പുറത്ത്. സജനചന്ദ്രൻ എന്ന രാഷ്ട്രീയക്കാരനായാണ് എമ്പുരാനിൽ സുരാജ് എത്തുന്നത്. ‘ലൂസിഫറി’ൽ തന്നെ ഉൾപ്പെടുത്താത് പൃഥ്വിരാജിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു എന്നും അതുകൊണ്ട് സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാനിലേക്ക് തന്നെ ക്ഷണിക്കുകയായിരുന്നുവെന്നും തമാശയായി സുരാജ് പറയുന്നു.
സുരാജ് വെഞ്ഞാറന്മൂടിന്റെ വാക്കുകൾ: ‘‘ഞാനും പൃഥ്വിയും ഒന്നിച്ചു അഭിനയിച്ച ‘ഡ്രൈവിങ് ലൈസെൻസ്’ സിനിമയുടെ ലൊക്കേഷനിൽ വച്ച് ലൂസിഫറിലെ ഒരു തെറ്റ് പൃഥ്വിയെ ചൂണ്ടികാണിച്ചു. പൃഥ്വി അത് ശ്രദ്ധിച്ചിരുന്നോ എന്ന് ഞാൻ ചോദിച്ചപ്പോൾ, കൂടുതൽ ശ്രദ്ധയോടെ അത് എന്താണ് എന്ന് അദ്ദേഹം അന്വേഷിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, ‘ലൂസിഫറിൽ ഞാൻ ഇല്ലായിരുന്നു. അതിന്റെ കുറവ് അടുത്ത ഭാഗത്തിൽ നികത്തണം’. അതുകേട്ട് പൃഥ്വി പൊട്ടിച്ചിരിച്ചു.
എന്നിട്ട് കുറെ കാലത്തിനു ശേഷം എന്നെ വിളിച്ചിട്ട് ‘അണ്ണാ, അന്ന് പറഞ്ഞ കുറവ് ഞാൻ നികത്താൻ പോകുകയാണ്’ എന്ന് പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്ന സജനചന്ദ്രൻ എന്ന രാഷ്ട്രീയക്കാരനായാണ് ഞാന്‍ എമ്പുരാനിൽ എത്തുന്നത്. ബാക്കി ഇനി സിനിമ സംസാരിക്കട്ടെ.’’
മാർച്ച് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ പറഞ്ഞെങ്കിൽ ‘എമ്പുരാനി’ൽ ഖുറേഷി അബ്രാമിന്റെ ലോകത്തേക്കാണ് പ്രേക്ഷരെ കൂട്ടിക്കൊണ്ടു പോകുന്നത്. കേരളത്തെ വലിയ പ്രശ്നത്തിൽ നിന്നും രക്ഷിക്കാനുള്ള ഖുറേഷി അബ്രാമിന്റെ തിരിച്ചുവരവ് കൂടിയാണ് സിനിമയെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം.