‘എമ്പുരാന്’ പൂട്ടില്ല; സൂചനാ പണിമുടക്ക് റിലീസ് ദിവസമെന്ന വാർത്ത തെറ്റ്; ഫിയോക് പ്രസിഡന്റ് പറയുന്നു

Mail This Article
മാർച്ച് 27ന് സിനിമാ സംഘടനകളുടെ സൂചനാ പണിമുടക്ക് നടത്തുന്നു എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ഫിയോക്ക് പ്രസിഡന്റ് കെ. വിജയകുമാർ. മാർച്ച് 25 മുതൽ റിലീസിന് വരുന്ന സിനിമകളുടെ കരാർ ചേംബറിന്റെ അനുമതി ഇല്ലാതെ ഒപ്പിടരുത് എന്ന് മാത്രമായാണ് ചേംബർ അറിയിച്ചിട്ടുള്ളത്. സിനിമാ സംഘടനകളുടെ ഒരു സൂചനാ പണിമുടക്കും സമരവും ഉണ്ടാകും, പക്ഷേ അതിന്റെ തീയതി തീരുമാനിച്ചിട്ടില്ല. എന്റർടെയ്ന്റ്‌മെന്റ് ടാക്സ് കുറക്കണം, ഇലക്ട്രിസിറ്റി താരിഫ് കുറക്കണം തുടങ്ങി നിരവധി ആവശ്യങ്ങൾ മുന്നോട്ട് വച്ചുകൊണ്ട് സർക്കാരിനെതിരെ സിനിമാ സംഘാടനകൾ സമരവുമായി മുന്നോട്ടു പോകാനിരിക്കെയാണ് നിർഭാഗ്യവശാൽ സംഘടനയിലെ രണ്ടു പ്രമുഖ വ്യക്തികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായത്. അതുകൂടി പരിഹരിച്ച് അവരെയും താരങ്ങളെയും മറ്റു സംഘടനകളെയും ഉൾപ്പെടുത്തി സർക്കാരിനെതിരെ ഇൻഡസ്ട്രി ഒറ്റക്കെട്ടായി സമരവുമായി മുന്നോട്ട് പോകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അതിനിടയിൽ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നല്ലതല്ല എന്നും വിജയകുമാർ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘‘മാർച്ച് 27 ന് സിനിമാ സംഘടനകളുടെ സൂചനാ പണിമുടക്ക് നടത്തുന്നു എന്ന വാർത്തകൾ വാസ്തവരഹിതമാണ്. മാർച്ച് 25 നു ശേഷം റിലീസിന് വരുന്ന സിനിമകളുടെ കരാർ, ഫിലിം ചേംബറിന്റെ അനുമതി ഇല്ലാതെ ഒപ്പിടരുത് എന്ന് ഫിലിം ചേംബർ ആവശ്യപ്പെട്ടിട്ടുണ്ട്. അത് മാത്രമേ വാസ്തവമുള്ളൂ. സിനിമാ സംഘടനകളുടെ സൂചനാ പണിമുടക്കും അതിനോട് അനുബന്ധിച്ച് സമരവും കാണും എന്നല്ലാതെ അതിന്റെ തിയതികളോ മറ്റു കാര്യങ്ങളോ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. മാർച്ച് 25 മുതൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ കരാർ ചേംബറിന്റെ അനുമതി ഇല്ലാതെ ഒപ്പിടരുത് എന്ന് മാത്രമാണ് ചേംബർ ആവശ്യപ്പെട്ടിട്ടുള്ളത്.
സിനിമാ സംഘടനകൾ സർക്കാരിനെതിരെ സമരവുമായി മുന്നോട്ട് പോകാനിരിക്കെ ആണ് ഇൻഡസ്ട്രിയിൽ പ്രമുഖരായ രണ്ടു വ്യക്തികൾ തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായത്. അതുകൂടി പരിഹരിച്ച് അവരെയും കൂടി ഉൾപ്പെടുത്തി സർക്കാരിനെതിരെ മുന്നോട്ട് പോകാനാണ് ഇൻഡസ്ട്രി ആഗ്രഹിക്കുന്നതും ആലോചിക്കുന്നതും. എന്റർടെയ്ന്റ്‌മെന്റ് ടാക്സ് കുറക്കണം, ഇലക്ട്രിസിറ്റി താരിഫ് കുറക്കണം തുടങ്ങി നിരവധി ആവശ്യങ്ങൾ മുന്നോട്ട് വച്ചുകൊണ്ട് ഞങ്ങൾ സംയുക്തമായി സർക്കാരിനെതിരെ സമരം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
അതിനിടയിൽ ആണ് നിർഭാഗ്യവശാൽ നമ്മുടെ രണ്ട് പ്രധാന വ്യക്തികൾ തമ്മിൽ ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ടായത്. ആ വിഷയം കൂടി പരിഹരിച്ച് അവരെയും കൂടി ഉൾപ്പെടുത്തി മുന്നോട്ട് പോകാനാണ് ഞങ്ങൾ ആലോചിക്കുന്നത് അതുകൊണ്ടാണ് കാലതാമസം ഉണ്ടാകുന്നത്. താരങ്ങളും മറ്റ് എല്ലാ സംഘടനകളും ഉൾപ്പടെ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് അതിൽ സംശയമൊന്നുമില്ല. അതിനിടയിൽ മാർച്ച് 27 ന് സൂചനാ പണിമുടക്ക് നടക്കാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ കെട്ടിച്ചമക്കരുത്. അങ്ങനെ ഒരു തീരുമാനവും എടുത്തിട്ടില്ല.’’–വിജയകുമാർ പറഞ്ഞു.