ഈ നടന്റെ സിനിമകൾ മാത്രം എങ്ങനെ ഹിറ്റാകുന്നു; ഇതു ബേസിലാടാ... ബേസില്‍!

Mail This Article
ഭാവുകത്വ പരിണാമങ്ങളുടെ പരമ്പരകളില്‍ കൂടി കടന്നു പോയ ഒന്നാണ് മലയാള സിനിമ. ഏതെല്ലാം കാലഘട്ടങ്ങള്‍, ഏതെല്ലാം തരത്തിലും തലത്തിലുമുളള സിനിമകള്‍, ഇതിവൃത്തപരമായ പരീക്ഷണങ്ങള്‍. പലതും നമ്മെ നടുക്കി കളഞ്ഞവയാണ്. നിയതമായ ഒരു ക്ലൈമാക്സില്ലാതെ അപൂര്ണതയില് അവസാനിച്ച ‘അനന്തരം’, ഫിലിം മേക്കറെ തട്ടിയിട്ട് അകന്നു പോകുന്ന നായിക-ഒരേ സമയം മൂന്ന് വ്യത്യസ്ത സ്ത്രീജീവിതം പറഞ്ഞ ‘ആദാമിന്റെ വാരിയെല്ല്’, ബലാത്സംഗം ചെയ്യപ്പെട്ട നായികയെ അത് അറിഞ്ഞുകൊണ്ട് തന്നെ തന്റെ ജീവിതത്തിലേക്ക് ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന നായകനെ അവതരിപ്പിച്ച ‘മുന്തിരിത്തോപ്പുകള്‍’...
ഇതെല്ലാം സംഭവിച്ച അതേ മലയാള സിനിമയില്‍ ഇന്നും ഡപ്പാംകൂത്ത് സിനിമകളുമായി തൊണ്ണുറുകളില്‍ നിന്നും വണ്ടി കിട്ടാത്ത ചില നായകന്മാരും അവരുടെ ആജ്ഞാനുവര്‍ത്തികളായ സംവിധായകരും ചുറ്റിത്തിരിയുന്നു. ദിലീഷ് പോത്തനും ലിജോ ജോസും അടക്കമുളള നവസിനിമാ വക്താക്കള്‍ സിനിമയില്‍ വലിയ മാറ്റം കൊണ്ടു വന്ന് എന്ന് നാം ഊറ്റം കൊളളുമ്പോഴും ഉപരിപ്ലവവും അന്തസാരശൂന്യവുമായ സിനിമകള്‍ കൊണ്ട് വ്യവസായത്തിന് തന്നെ ബാധ്യതയാകുകയാണ് ചില സിനിമാക്കാര്. പ്രേക്ഷകനെ തിയറ്ററുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന ഇവരാണ് ഇന്ന് മലയാള സിനിമ നേരിടുന്ന പൊതുശല്യം. നിരന്തരം പരാജയചിത്രങ്ങള്‍ സമ്മാനിച്ച് ഇവര്‍ കോടികളുടെ കടബാധ്യതകളിലേക്ക് നിര്‍മാതാക്കളെ/ ഇന്‍വസ്റ്റര്‍മാരെ തളളി വിടുന്നു. ഇതെല്ലാം സംഭവിക്കുമ്പോഴും പലരും അദ്ഭുതത്തോടെ ചോദിക്കുന്ന ഒരു സംശയമുണ്ട്. ഈ ബേസില്‍ ജോസഫിന്റെ സിനിമകള്‍ മാത്രം എന്തുകൊണ്ട് വിജയിക്കുന്നു?
ബേസിലാടാ...ബേസില്‍...
പൊന്മാനിലെ അജേഷ് എന്ന കഥാപാത്രം നെഞ്ചത്തടിച്ച് പറയുന്ന ഒരു സംഭാഷണ ശകലമുണ്ട്. ‘‘ഞാന്‍ അജേഷാടാ... അജേഷ്..’’ ബേസില്‍ എന്ന നടന്റെ വിജയത്തേരോട്ടം കാണുമ്പോഴും അയാള്‍ അത് പറയാതെ പറയുന്നതായി തോന്നും. ‘ഞാന്‍ ബേസിലാടാ..ബേസില്‍...!’ ബേസില്‍ ജനപ്രിയനെങ്കിലും സൂപ്പര്താരമൊന്നുമല്ല. പക്ഷേ അദ്ദേഹത്തിന്റെ പടങ്ങള്‍ തിയറ്ററില്‍ നിറഞ്ഞോടുന്നു. ചെറിയ മുതല്‍മുടക്കില്‍ തീര്‍ത്ത സിനിമകള്‍ പോലും വന്‍വിജയങ്ങളായി തീരുന്നു. അതിന് കാരണം വളരെ ലളിതം. ബേസില്‍ അടിസ്ഥാനപരമായി ഒരു നടനല്ല, ഫിലിം മേക്കറാണ്. അതും മൂന്ന് വിജയചിത്രങ്ങള്‍ തുടര്‍ച്ചയായി സമ്മാനിച്ച സംവിധായകന്. ബേസില്‍ അഭിനയിക്കുന്ന സിനിമകളുടെ കഥ കേള്‍ക്കുമ്പോള്‍ എന്റെ കഥാപാത്രം, എന്റെ മുഖം, എന്റെ പഞ്ച് സീനുകള്‍, എന്റെ ഡയലോഗുകള്‍, എന്റെ കയ്യടി എന്ന് മാത്രം ചിന്തിക്കുന്ന ആളല്ല.

പലപ്പോഴും ഇതൊന്നും അദ്ദേഹം ചിന്തിക്കാറു കൂടിയില്ല എന്നാണ് മനസിലാക്കാന്‍ സാധിച്ചിട്ടുളളത്. സിനിമയുടെ തീമിലെ പുതുമ, തിരക്കഥയുടെ കെട്ടുറപ്പ്, ആകത്തുകയുടെ ഭംഗി, എത്ര കണ്ട് രസാവഹമായാണ് ആഖ്യാനം നിര്‍വഹിക്കാന്‍ ശ്രമിക്കുന്നത്...ഈ കാര്യങ്ങളെല്ലാം ബേസില്‍ പരിശോധിക്കും. ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും അഭിപ്രായങ്ങള്‍ പറയാനും അദ്ദേഹത്തിന് കഴിയും. എന്ന് കരുതി സെറ്റില്‍ ആളാകാന്‍ ശ്രമിക്കുന്ന നടനല്ല ബേസില്‍. അദ്ദേഹം സംവിധായകന്റെ മുന്നില്‍ അനുസരണയുളള കുഞ്ഞാടാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ചര്‍ച്ചാവേളകളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നു
ബേസില്‍ സിനിമകളുടെ ഫൈനല്‍ ഔട്ട് കണ്ടാല്‍ ഒരു കാര്യം ബോധ്യമാകും. ആദിമധ്യാന്തം നമ്മെ പിടിച്ചിരുത്തും വിധം രസകരമാണ് സംഭവം. നനുത്ത നര്‍മവും ഉദ്വേഗവും എല്ലാമുളള കാണികള്‍ക്ക് പെട്ടെന്ന് കണക്ടാവുന്ന സിനിമകള്‍. അത് സത്യജിത്ത്റായ്ക്ക് പഠിക്കുന്ന സിനിമകളല്ല. അതേ സമയം അതിന്റെ ആസ്വാദനക്ഷമത അപാരവുമാണ്.
മാറ്റങ്ങളിലേക്ക് ഒരു ജംപ് കട്ട്
നാളിതുവരെ കണ്‍വന്‍ഷനില്‍ ലൈനിലുളള പക്കാ സിനിമാക്കാരുമായി മാത്രം സഹകരിച്ച് സിനിമകള്‍ ചെയ്തിട്ടുളള ആളാണ് ബേസില്‍. അതിന്റെ കുറവുകള്‍ അദ്ദേഹത്തിന്റെ വിജയചിത്രങ്ങളില്‍ പോലും കാണാന്‍ സാധിക്കും. ഉപരിതലസ്പര്‍ശിയാണ് പല ബേസില്‍ സിനിമകളും. തിയറ്ററില്‍ വിജയിച്ചു എന്ന് കരുതി അവയെ മഹത്തരമെന്ന് മുദ്രകുത്താന്‍ സാധിക്കില്ല. ഈ പരിമിതി മറ്റാരേക്കാള്‍ നന്നായി ബുദ്ധിമാനായ ബേസിലിനും അറിയാം. തന്റെ പടങ്ങള്‍ വെറും കളളക്കഥകളാണെന്ന് അദ്ദേഹം തന്നെ അഭിമുഖങ്ങളില്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ആ കളളക്കഥകളെ എന്‍ഗേജിങ് ആക്കുക എന്നതാണ് അദ്ദേഹത്തിന്റെ ട്രിക്ക്. ഇത് വിജയം കണ്ടതോടെ ബേസില്‍ മലയാളത്തിലെ മോസ്റ്റ് വാണ്ടഡ് ആക്ടേഴ്സില്‍ ഒരാളായി മാറി.

എന്നാല്‍ പൊന്മാനിലെത്തിയതോടെ കഥയാകെ മാറുന്നു. ജി.ആര്.ഇന്ദുഗോപന് എന്ന സാഹിത്യകാരന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന ലഘുനോവലാണ് ഈ സിനിമയ്ക്ക് ആധാരം. ഇന്ദുഗോപന് എന്ന എഴുത്തുകാരനെക്കുറിച്ച് കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. സാഹിത്യം അന്തരാത്മാവിന്റെ അഗാധതയില്‍ നിന്നും ആവിര്‍ഭവിക്കുന്നു അസ്പൃശ്യമായ അസുലഭ അനുഭൂതിയല്ലെന്നും അത് പച്ചയായ മനുഷ്യജീവിതത്തെ പുനരാഖ്യാനം ചെയ്യേണ്ട ജീവന് തുടിക്കുന്ന ഒരു പ്രക്രിയയാണെന്നും തന്റെ കൃതികളിലൂടെ പല കുറി പറഞ്ഞു വച്ച എഴുത്തുകാരനാണ് ഇന്ദുഗോപന്. എഴുത്തുകാരന് ദന്തഗോപുരവാസിയായിക്കണമെന്നും അയാള്‍ ഒരു മഹാനായേ പറ്റൂ എന്നും ശഠിക്കുന്നവരുടെ മുന്നില്‍ മറ്റേതൊരു ജോലിയും പോലെയാണ് എഴുത്തും എന്ന് പറയാനുളള ആര്‍ജവവും സത്യസന്ധതയും കൈമുതലായുളള ഇന്ദുഗോപന് കഥയെഴുതുമ്പോള്‍ ആ നിര്വ്യാജത അദ്ദേഹത്തിന്റെ കഥകളിലും കാണാം.
പൊന്മാന് ആധാരമായ നോവല്‍ വായിക്കുകയും അതുമായി മാനസികമായി താദാത്മ്യം പ്രാപിക്കാന്‍ സാധിച്ചതിലുമാണ് ബേസിലിന്റെ മഹത്ത്വം. മനസിലാക്കപ്പെടുക/ തിരിച്ചറിയപ്പെടുക എന്നതിന് സിനിമയില്‍ ഏറെ മൂല്യമുണ്ട്. പ്രായം ഏറെയായിട്ടും കോപ്രായം സിനിമകളില്‍ ഞാന്ന് കിടക്കുന്ന നടന്മാര്ക്കിടയില് മുപ്പതുകളുടെ ആദ്യപാദത്തില്‍ നില്ക്കുന്ന ബേസില്‍ കാണിച്ച ഔചിത്യം ശ്ലാഘനീയമാണ്. ബേസിലിന്റെ മൂന്‍കാല സിനിമകളുമായി യാതൊരു വിധ സാമ്യവും ഇല്ലാത്ത തീര്‍ത്തും നേര് വിപരീത ദിശയിലുളള പൊന്മാന്റെ പ്രാഥമികമായ സവിശേഷത അതിന്റെ ഇതിവൃത്തത്തിന്റെ മൗലികതയാണ്. ഇങ്ങനെയൊരു കഥ നാം ഇതിന് മുന്‍പ് കേട്ടിട്ടില്ല. അതിലുപരി ജീവിതത്തോട് അങ്ങേയറ്റം ചേര്‍ന്നു നില്ക്കുന്ന രക്തം കിനിയുന്ന, മനുഷ്യാവസ്ഥയുടെ ചൂടും ചൂരുമുളള കഥ.
കാലിഡസ്കോപ്പ് പോലൊരു സിനിമ
തികഞ്ഞ ഏകാഗ്രതയോടെ കഥയുടെ നൂല് ആദ്യന്തം നയിക്കുമ്പോഴും കാലിഡസ്കോപ്പ് എന്ന ഉപകരണം പോലെയാണ് ഈ സിനിമ. കഥാപാത്രങ്ങളെല്ലാം പല വര്‍ണങ്ങളിലുളള വളപ്പൊട്ടുകള്‍. ഓരോ തവണ കുലുക്കുമ്പോഴും ഓരോ പാറ്റേണ്‍ തെളിഞ്ഞു വരും. മള്‍ട്ടിപ്പിള്‍ ലയറുകളുളള പ്രമേയം ഉളളില്‍ വഹിക്കുമ്പോഴും കൂടുതല്‍ ആലോചനകള്‍ക്ക് മിനക്കെടാന്‍ മനസില്ലാത്ത സാധാരണ പ്രേക്ഷകനെയും കഥയുടെ നൂലില്‍ ആദ്യന്തം കൊളുത്തിയിടാന്‍ തിരക്കഥാകൃത്തിനും സംവിധായകനും കഴിയുന്നു. പതിറ്റാണ്ടുകളുടെ സിനിമാ പാരമ്പര്യമുളള മഹാരഥന്മാര് തോറ്റുപോകുന്നിടത്താണ് ബേസിലും ഇന്ദുഗോപനും ജ്യോതിഷ് ശങ്കറും ജയിച്ചു കയറുന്നത്.

മനുഷ്യന്റെ മഹാവ്യസനങ്ങളൂടെയും ധര്‍മ സങ്കടങ്ങളൂടെയും ഗാഥ കൂടിയാണ് പൊന്മാന്. എല്ലാവര്ക്കും അവരവരുടേതായ പ്രശ്നങ്ങളും കാരണങ്ങളും ന്യായീകരണങ്ങളുമുണ്ട്. ആരും നല്ലതല്ല. ആരും മോശക്കാരുമല്ല. ചില സാഹചര്യങ്ങളിലും ദശാസന്ധികളിലും അവര്‍ വിഭിന്നമായി പെരുമാറാന്‍ നിര്‍ബന്ധിതരാകുന്നു. മനുഷ്യമനോഭാവങ്ങളിലെ സൂക്ഷ്മമായ പരിണാമങ്ങളെ കൃത്യമായി കണ്ടെടുത്ത് ക്യാപ്ചര്‍ ചെയ്യുന്നു എന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ഒരര്‍ത്ഥത്തില്‍ സിനിമ അനിതര സാധാരണമായ ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും ആത്മധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥയാണെന്ന് നമുക്ക് തോന്നാം. അങ്ങനെയാണ് താനും.സിനിമയില്‍ ആദ്യന്തം നിറഞ്ഞു നില്ക്കുന്ന പി.പി.അജേഷ് എന്ന യുവാവിന്റെ പോരാട്ടവീര്യവും തളരാത്ത മനസും തന്നെയാണ് ഈ സിനിമയുമായി നമ്മെ കണക്ട് ചെയ്യുന്ന പ്രാഥമിക ഘടകം. എന്നാല്‍ അയാളൂടെ മാത്രം നിസഹായതയെയോ പ്രശ്നങ്ങളെയോ അഭിസംബോധന ചെയ്യുന്ന സിനിമയല്ല പൊന്മാന്.

പൊന്ന് അണിയാത്ത സ്ത്രീയാണ് ഏറ്റവും മനോഹരി എന്ന കണ്ടെത്തലിലോ തിരിച്ചറിവിലോ ആണ് സിനിമ അവസാനിക്കുന്നത്. സ്ത്രീധനം പോലെ ഒരു സാമുഹ്യവിപത്ത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ സിനിമ ആവിഷ്കരിക്കുന്നു എന്ന് തോന്നാമെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക കളളിയില്‍ തളച്ചിടപ്പെടുന്നതല്ല സിനിമയുടെ പ്രമേയ ഭൂമിക.
മനുഷ്യന്റെ പരമമായ നിസഹായതയും ധര്‍മ സങ്കടങ്ങളിലുമാണ് സിനിമ ഊന്നി നില്‍ക്കുന്നത്. തന്നേക്കാള്‍ പാര്‍ട്ടിയെ സ്നേഹിക്കുന്ന ബ്രൂണോ എല്ലാവരുടെയും മുന്നില്‍ കഴിവുകെട്ടവനായി വ്യാഖ്യാനിക്കപ്പെടുമ്പോഴും പ്രസ്ഥാനത്തോടുളള അയാളുടെ കൂറും പ്രതിബദ്ധതയും സമാനതകളില്ലാത്തതാണ്. മരിയാനോ എന്ന അദ്ധ്വാനശീലനായ യുവാവിന്റെ കരങ്ങളിലാണ് ആ കുടുംബത്തിന്റെ മൂഴുവന്‍ ഉത്തരവാദിത്തവും. അയാള്‍ സ്ത്രീധനമായി കിട്ടിയ പൊന്നില്‍ പിടിമുറുക്കുന്നത് അതിമോഹം കൊണ്ടല്ല. അതുകൂടിയുണ്ടെങ്കിലേ കടം വീട്ടാനും അനുജത്തിമാരുടെ വിവാഹം യാഥാര്‍ഥ്യമാക്കാനും കഴിയൂ. സംഭാവനകള്‍ കൊണ്ട് മകളുടെ വിവാഹത്തിനുളള ധനം ലഭിക്കുമെന്ന പ്രതീക്ഷ വ്യര്ത്ഥമാകുകയും കടമെടുത്ത സ്വര്‍ണ്ണത്തിന്റെ വില കൊടുക്കാന്‍ കഴിയാതെ വിഷമിക്കുകയും ചെയ്യുന്ന ആഗ്നസ് എന്ന അമ്മക്കഥാപാത്രവും സ്വര്‍ണ്ണം തിരിച്ചുകൊടുക്കാന്‍ കഴിയാത്ത പരിതസ്ഥിതിയില്‍ ആദ്യം അജേഷിനോട് രൂക്ഷമായി പ്രതികരിക്കുന്ന സ്റ്റെഫി അവന്റെ വീട്ടിലെ സാഹചര്യങ്ങള്‍ മനസിലാക്കുമ്പോള്‍ വിപരീത ദിശയിലേക്ക് തിരിയുന്നു.

തന്നെ വിശ്വസിച്ച് മുതലാളി ഏല്‍പ്പിച്ചു വിട്ട സ്വര്‍ണ്ണത്തിന്റെ പണവുമില്ല മുതലുമില്ല എന്ന അവസ്ഥയില്‍ നട്ടം തിരിയുമ്പോഴും ഏത് വിധേനയും അതുമായി മടങ്ങിപോകാമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പി.പി.അജേഷ് എന്ന യുവാവിന്റെ മനക്കരുത്തും അതേ സമയം ആ പെണ്‍കുട്ടിയുടെ ജീവിതം തകരാതെ സൂക്ഷിക്കണം എന്ന അയാളുടെ കരുതലും മനുഷ്യത്വവുമെല്ലാം ഈ സിനിമ മുന്നോട്ട് വയ്ക്കുന്നു. ജ്വല്ലറി ഉടമയുടെ പുത്രന് നിശ്ചിതസമയം കഴിഞ്ഞും അജേഷിനെ കാണാതെ വന്നപ്പോള്‍ അന്വേഷിച്ച് വരികയും പൊട്ടിത്തെറിക്കുകയും തല്ലുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും നിജസ്ഥിതി അറിഞ്ഞപ്പോള്‍ അവനെ സമാധാനിപ്പിക്കുകയും ചെലവിന് നിര്‍ബന്ധിച്ച് കാശ് കൊടുത്തിട്ട് പോകുന്ന ഒരു രംഗമുണ്ട്. പുറമെ തെറ്റുകാരെന്ന് തോന്നിക്കുന്ന മനുഷ്യരില്‍ പോലും അവരുടേതായ ശരികളും മാനുഷികതയുമുണ്ടെന്ന് ധ്വനിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളിലുടെ പല സന്ദര്‍ഭങ്ങളില്‍ പലതായി മാറുന്ന അപ്പോഴൊക്കെയും നന്മയുടെ കണികകള്‍ അവശേഷിക്കുന്ന മനുഷ്യനെ ഭംഗിയായി അടയാളപ്പെടുത്തുന്നു ഈ സിനിമ.
എന്താണ് മേക്കിങ്?
ഒരു ഘടകങ്ങളും മുഴച്ചുനില്‍ക്കാതെ ഒരു സിനിമ കാണുന്നു എന്ന തോന്നല്‍ പോലും ജനിപ്പിക്കാത്ത വിധം സൂക്ഷ്മമായി ഒരു കഥ ആവിഷ്കരിക്കപ്പെടുക എന്നതാണ് മികച്ച മേക്കിങ് എന്ന് മലയാളം കണ്ട എക്കാലത്തെയും മികച്ച ചലച്ചിത്രകാരനായ കെ.ജി.ജോര്‍ജ് ഏറ്റു പറഞ്ഞിട്ടുണ്ട്. എന്നാല്‍ സമീപകാല മലയാള സിനിമയില്‍ സംഗതി അതല്ല. കാതടപ്പിക്കുന്ന പശ്ാത്തല സംഗീതവും ഷോട്ടുകളുടെ ധാരാളിത്തവും സ്ഥാനത്തും അസ്ഥാനത്തുമുളള ക്യാമറാ മൂവ്മെന്റ്സും ചേര്‍ന്നാല്‍ മികച്ച മേക്കിംഗായി. ഇത്തരം അജ്ഞതകളെ പാടെ പൊളിച്ചടുക്കുന്നു പൊന്മാന്.

ഈ സിനിമയുടെ ആഖ്യാനത്തിലെ സവിശേഷതകള്‍ എടുത്തു പറയേണ്ടതുണ്ട്. മേക്കിങ് എന്ന് വ്യാപകമായി വിവക്ഷിക്കപ്പെടുന്ന തരം ചെപ്പടി വിദ്യകള്‍ക്ക് നില്‍ക്കാതെ പ്രമേയത്തിന്റെ ആത്മാവില്‍ സ്പര്‍ശിക്കുന്ന ഇമോഷനല്‍ ഗ്രാഫ് കൃത്യമായി നിലനിര്‍ത്തുന്ന കുലീനമായ ദൃശ്യാവിഷ്കാരമാണ് ജ്യോതിഷ് ശങ്കര്‍ നിര്‍വഹിച്ചിട്ടുളളത്. മലയാളത്തിലെ വിരട്ട് സംവിധായകരുടെ രീതി പിന്‍പറ്റാതെ ആരുടെയും ശൈലി അനുകരിക്കാതെ വിഷയത്തിന്റെ കരുത്തും സൗന്ദര്യവും ചോര്‍ന്നു പോകാത്ത മിതത്വമാര്‍ന്ന അവതരണ രീതിയാണ് സിനിമയുടേത്. അതിന് സഹായകമാം വിധം ഉജ്ജ്വലമാണ് സിനിമയുടെ തിരക്കഥ. ഘടനാപരമായി മികച്ചു നില്ക്കുന്ന സ്ക്രിപിറ്റിങ് സീനുകളുടെ സ്ഥാന നിര്‍ണയത്തിലും ഇഴയടുപ്പത്തിലും ഒന്നാം തരത്തില്‍ മേല്‍ത്തരമാണ്.
ഫ്ളാറ്റായ ഉപരിപ്ലവമായ സംഭാഷണങ്ങളുടെ അരോചകത്വം പല സമീപകാല സിനിമകളിലും കാണാം. എന്നാല്‍ സംഭാഷണ രചനയ്ക്ക് ആഴവും തിളക്കവും ധ്വനിസാന്ദ്രതയും സൗന്ദര്യവും കരുത്തും നല്കുന്നതെങ്ങിനെ എന്നതിന്റെ ക്ലാസിക്കല്‍ ഉദാഹരണമാണ് പൊന്മാന്.
ബേസിലിന്റെ കരിയര്‍ ബെസ്റ്റ്
ബേസില്‍ ജോസഫ് എന്ന നടനില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതിനപ്പുറമാണ് ഈ സിനിമയില്‍ അദ്ദേഹത്തിന്റെ പ്രകടനം. ഇത്രയധികം സങ്കീര്‍ണതകളുളള ഒരു കഥാപാത്രത്തെ അതിന്റെ ഭാവതീവ്രത പൂര്‍ണ്ണമായി തന്നെ ഉള്‍ക്കൊണ്ട് ആഴത്തിലും സമഗ്രതയിലും അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്. നടന് എന്ന നിലയില്‍ ബേസിലിന്റെ കരിയര്‍ ബെസ്റ്റ് എന്ന് വിലയിരുത്തപ്പെടാവുന്ന അജേഷ് എന്ന കഥാപാത്രം അദ്ദേഹത്തിലേക്ക് വലിയ പുരസ്കാരങ്ങള്‍ എത്തിച്ചേരാന്‍ നിമിത്തമാവാം.

നായികയായ സ്റ്റെഫിയെ അവതരിപ്പിച്ച ലിജോമോള്‍ സിനിമയില്‍ അഭിനയിക്കുന്നതേയില്ല എന്നതാണ് അദ്ഭുതപ്പെടുത്തുന്ന ഒരു ഘടകം. കണ്ണ് തുറിച്ചും പുരികം വളച്ചും നൃത്താവിഷ്കാരത്തെ അനുസ്മരിപ്പിക്കുന്ന അഭിനയത്തെ മഹത്തരമെന്ന് വിശേഷിപ്പിക്കുന്ന നാടാണ് കേരളം. ഇവിടെ കഥാസന്ദര്‍ഭത്തിന് ഇണങ്ങും വിധം മിതത്വമാര്‍ന്ന തരത്തില്‍ ബിഹേവിങിന്റെ വലിയ സാധ്യതകള്‍ ഉപയോഗിക്കുകയാണ് ലിജോമോള്‍. സ്റ്റെഫി എന്ന പെണ്‍കുട്ടിയുടെ സങ്കടങ്ങളും നിസഹായതയും മോഹഭംഗവും നിരാശയും ആത്മരോഷവും പ്രണയവും വാശിയും അനുതാപവുമെല്ലാം പ്രകടനപരത തീര്‍ത്തും ഒഴിവാക്കിക്കൊണ്ട് അവര്‍ അഭിനയിച്ച് ഫലിപ്പിക്കുന്നുണ്ട് താനും.
സ്റ്റെഫിയുടെ ഭര്‍ത്താവ് മരിയാനോയായി വന്ന സജിന്‍ ഗോപു ആ കഥാപാത്രത്തിന്റെ ആത്മാവ് അറിഞ്ഞ് അഭിനയിച്ചു എന്നേ പറയാനാകൂ. ബ്രൂണോയായി വന്ന ആനന്ദ് മന്മഥനാകട്ടെ ഏതൊരു സിനിമയിലുമെന്ന പോലെ നടന്റെ വ്യക്തിത്വം പൂര്‍ണമായി തന്നെ മാറ്റി വച്ച് കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് കാണാം.ഓരോ അഭിനേതാക്കളെയും കഥാപാത്രത്തിലേക്ക് ലയിപ്പിക്കുന്ന മാസ്മരിക വിദ്യ ഈ സിനിമയുടെ ഒരു പ്രത്യേകതയാണ്. കഥാപശ്ചാത്തലം പോലും സിനിമയില്‍ ഒരു കഥാപാത്രമായി മാറുന്നു.

കൊല്ലത്തിന്റെയും മണ്‍റോതുരുത്തിന്റെയും പശ്ചാത്തലഭംഗി സിനിമയില്‍ അധികം ഉപയോഗിക്കപ്പെട്ടിട്ടില്ല. പൊന്മാനെ സംബന്ധിച്ച് കഥയുമായി ഈ പശ്ചാത്തലം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കഥാന്തരീക്ഷത്തെ കഥയുടെ ആത്മാവിലേക്ക് സമന്വയിപ്പിക്കുന്ന രീതി ഭരതന് സിനിമകളില്‍ നാം കണ്ടിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷം പൊന്മാനിലും അത് അനുഭവിക്കാന്‍ കഴിയുന്നു. വിഷയത്തെ ശീര്‍ഷകത്തിലേക്ക് പോലും സന്നിവേശിപ്പിച്ചിരിക്കുന്ന രീതിയും കൗതുകപ്രദം. പൊന്‍ അഥവാ സ്വര്‍ണ്ണം വഹിക്കുന്ന മാന്‍ അഥവാ മനുഷ്യന് എന്ന അര്‍ത്ഥത്തിലാണ് പൊന്മാന്.
സ്വര്‍ണ്ണമാണ് വാസ്തവത്തില്‍ ഈ കഥയുടെ കേന്ദ്രബിന്ദു. ജ്വല്ലറിക്കാരന് അത് ലാഭമുണ്ടാക്കാനുളള ഉത്പന്നമാണ്. അജേഷിന് അത് തൊഴിലും ഉപജീവനമാര്‍ഗവുമാണ്. സ്റ്റെഫിക്ക് ഒരു ദാമ്പത്യം ലഭിക്കണമെങ്കില്‍ സ്വര്‍ണ്ണം കൂടിയേ തീരൂ. മരിയാനോയുടെയും കുടുംബത്തിന്റെയും നിലനില്‍പ്പും ആ സ്വര്‍ണ്ണത്തെ ആശ്രയിച്ചാണ്. ആ സ്വര്‍ണ്ണം ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ പേരിലാണ് സ്റ്റെഫിയുടെ സഹോദരന് അപഹസിക്കപ്പെടുന്നത്. അയാളൂടെ പ്രാപ്തിയുടെ മാനണ്ഡമായി സ്വര്‍ണ്ണം വിലയിരുത്തപ്പെടുന്നു.

സംവിധായകന്റെ വ്യക്തിജീവിതത്തിലുണ്ടായ യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി രൂപപ്പെടുത്തിയ പൊന്മാന് ഒരു സിനിമ കാണുന്നു എന്ന തോന്നലില്ലാത്ത വിധം യാഥാര്‍ഥ്യപ്രതീതിയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിച്ചു എന്നതില്‍ ജ്യോതിഷ് ശങ്കറിന് അഭിമാനിക്കാം.
അതിലുപരി ആസ്വാദകരെ വൈകാരികമായി സ്വാധീനിക്കാനും പിന്തുടരാനും സാധിക്കുന്നു എന്നതും ചില്ലറക്കാര്യമല്ല. ജഢസമാനമായ സിനിമകള്‍ പതിവായ മലയാളത്തില്‍ ഈ സിനിമ വൈകാരികാഘാതത്തിനൊപ്പം കാണികളൂടെ അവബോധമണ്ഡലത്തില്‍ ഉഗ്രന്‍ തിരിച്ചറിവുകളൂം നല്കാന് ശേഷിയുളള ഒന്നാം തരം നിര്‍മിതിയാണ്. ആര്‍ട് ഹൗസ്-മധ്യവര്‍ത്തി-കമേഴ്സ്യല്‍ വേര് തിരിവുകളെല്ലാം മറികടന്ന് എല്ലാവര്ക്കും ആസ്വദിക്കാന്‍ പാകത്തില്‍ ഇതാ ഒരു നല്ല സിനിമ.