ഹോളിവുഡ് സിനിമകളോട് കിടപിടിക്കും: ‘എമ്പുരാൻ’ ട്രെയിലർ കട്ട് ചെയ്ത ഡോൺ മാക്സ് പറയുന്നു

Mail This Article
‘എമ്പുരാന്റെ’ ത്രസിപ്പിക്കുന്ന ട്രെയിലർ തയാറാക്കിയത് സംവിധായകനും എഡിറ്ററുമായ ഡോൺ മാക്സ് ആണ്. ലൂസിഫര്‍ സിനിമയുടെ ട്രെയിലർ കട്ട് ചെയ്തതും ഡോൺ മാക്സ് തന്നെയായിരുന്നു. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള സിനിമയാണ് ‘എമ്പുരാനെ’ന്നും പൃഥ്വിരാജിനെപ്പോലൊരു സംവിധായകനു മാത്രമാണ് ഇങ്ങനെയൊരു വലിയ സിനിമ മേക്ക് ചെയ്തെടുക്കാൻ സാധിക്കൂ എന്നും മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ ഡോൺ മാക്സ് പറഞ്ഞു.
‘‘ഒരുപാട് ഫ്രീഡം തരുന്ന ആളാണ് പൃഥ്വിരാജ്. ഞങ്ങള്‍ തമ്മിലുള്ള വേവ് ലെങ്തും കൃത്യമാണ്. പറയുന്ന കാര്യങ്ങൾ വളരെ കൃത്യതയോടെ പൃഥ്വി പറയൂ. ഈ മൂഡ് ആണ് വേണ്ടതെന്ന് പറയും. ആദ്യം നമ്മളൊരു വേർഷൻ ചെയ്യും, അതിനുശേഷം അതിലൊരു നരേഷൻ തന്ന്, ഇതാണ് വേണ്ടതെന്നു പറയും.
പിന്നീട് അതിൽ ചർച്ചകൾ നടത്തി, ഫൈൻ ട്യൂൺ ചെയ്താണ് ഫൈനൽ ഔട്ടിലേക്കെത്തുന്നത്. ‘ലൂസിഫർ’ ട്രെയിലറും ഒരുപാട് സമയമെടുത്താണ് കട്ട് ചെയ്തത്. എമ്പുരാൻ ഒരു വലിയ സിനിമയാണ്. അതുകൊണ്ട് തന്നെ ഇതിലെ ഓരോ സീൻസിലും ഏതൊക്കെ പുറത്തുവിടണം, വിടണ്ട എന്നതൊക്കെ കൃത്യമായി പൃഥ്വി പറഞ്ഞു തന്നിരുന്നു.
ഇതുകൊണ്ടൊക്കെ ട്രെയിലർ നന്നായി കട്ട് ചെയ്യാൻ പറ്റിയെന്നാണ് വിശ്വാസം. മലയാളത്തിനു പുറമെ ഹിന്ദിയിലും തമിഴിലുമൊക്കെ പോകുന്ന ആളാണ് രാജു. അവിടെ നിന്നെല്ലാം ‘ലൂസിഫർ’ ട്രെയിലറിന് വളരെയധികം പ്രശംസ ലഭിച്ചിരുന്നു. എങ്ങനെ അതിനെ മറികടക്കും, അതിന്റെ മുകളില്‍ കിട്ടണം എന്നതായിരുന്നു ഞങ്ങൾ നേരിട്ട വെല്ലുവിളി.
രാജു അങ്ങനെ പറയുമ്പോൾ എനിക്കും അതൊരു ആത്മവിശ്വാസം തന്നു. ആ പ്രതീക്ഷകൾ കാത്തു എന്നു തന്നെയാണ് എന്റെ വിശ്വാസം. ഒരുപാട് സമയമെടുത്താണ് എമ്പുരാൻ ട്രെയിലർ കട്ട് ചെയ്തത്. ‘ലൂസിഫറി’നേക്കാൾ ഒരുപടി മുകളിൽ പോകാനാണ് ശ്രമിച്ചത്, അതു വലിയ വെല്ലുവിളിയായിരുന്നു. കാരണം ആദ്യ ഭാഗം റിലീസ് ചെയ്തിട്ട് ഇപ്പോൾ നാല് വർഷമായി. പ്രേക്ഷകരുടെ കാഴ്ചപ്പാടുകള്‍ മാറി. അതൊക്കെ മറികടക്കുകയായിരുന്നു പ്രധാന വെല്ലുവിളി.
സിനിമയെക്കുറിച്ച് കൂടുതൽ പുറത്തുപറയാന്‍ പറ്റില്ല. പൃഥ്വിരാജിനെപ്പോലൊരു സംവിധായകനു മാത്രമാണ് ഇതുപോലൊരു വലിയ സിനിമ പുൾ ഓഫ് ചെയ്യാൻ പറ്റുകയുള്ളൂ. കാരണം ഇത് വലിയ ക്യാൻവാസിലുള്ള വലിയ സിനിമയാണ്. പുള്ളി അത് അതിമനോഹരമായി ചെയ്തിട്ടുണ്ട്. ജയിംസ് ബോണ്ട് സിനിമകൾ പോലെ അല്ലെങ്കിൽ ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള സിനിമ തന്നെയാകും എമ്പുരാൻ’’.–ഡോൺ മാക്സിന്റെ വാക്കുകള്‍.