അമ്മു ഈ സിനിമയ്ക്ക് ശബ്ദം കൊടുത്തിട്ടില്ല, ക്‌ളൈമാക്‌സിൽ അഭിനയിച്ചിട്ടുമില്ല: വെളിപ്പെടുത്തി സിന്ധു കൃഷ്ണ

Mail This Article
‘നാൻസി റാണി’ സിനിമ ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി അഹാന കൃഷ്ണയുടെ അമ്മ സിന്ധു കൃഷ്ണ. ഷൂട്ടിങ്ങിന്റെ തുടക്കത്തിൽ തന്നെ മകളോടൊപ്പം താനുമുണ്ടായിരുന്നുവെന്നും ആദ്യ ദിവസം മുതൽ ഒട്ടും പ്രഫഷനലല്ലാത്ത സമീപനമാണ് സംവിധായകനിൽ നിന്നും ഉണ്ടായതെന്നും സിന്ധു കൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു.
“കുറച്ചു ദിവസങ്ങളായിട്ട് ഒരു വിവാദം കിടന്നു കറങ്ങുന്നുണ്ടല്ലോ. അമ്മു (അഹാന) അഭിനയിച്ച നാൻസി റാണി എന്ന സിനിമയെപ്പറ്റി. കുറെ ആളുകൾ അതിനെപ്പറ്റി യുട്യൂബിൽ വിഡിയോ ഒക്കെ ചെയ്യുന്നുണ്ട്. അമ്മുവിന് ആ സിനിമയുടെ ഷൂട്ടിങിനിടെയാണ് കോവിഡ് വന്നത്. ആ സമയത്തൊക്കെ എല്ലാ ക്രൂവിനെയും നെഗറ്റീവ് ആണോ എന്നൊക്കെ ചെക്ക് ചെയ്തിട്ടായിരുന്നു ലൊക്കേഷനിലേക്കു കയറ്റിയിരുന്നത്. അന്ന് ഇവരുടെ ഏതോ ഒരാൾ ചെക്ക് ചെയ്യാതെ സെറ്റിൽ കയറിയിരുന്നു, അയാൾക്കായിരുന്നു കോവിഡ് ഉണ്ടായിരുന്നത്. പുള്ളിയിൽ നിന്നാണ് അമ്മുവിനൊക്കെ അന്ന് കിട്ടിയത്.
ആ സമയത്തൊക്കെ സംവിധായകനായ മനുവിന് ഒരു വേറൊരു നല്ല സൈഡും ഉണ്ടായിരുന്നു. അമ്മുവിന് വേണ്ടിയുള്ള എല്ലാ സാധനങ്ങളും എത്തിച്ചു കൊടുക്കുക, എന്നെ എപ്പോഴും വിളിച്ച് അവളുടെ വിവരങ്ങളൊക്കെ അറിയിക്കുക ഒക്കെ ചെയ്തിട്ടുണ്ട്. ഓരോ ഷോട്ട് കഴിയുമ്പോഴേക്കും കയ്യടിക്കുക, വൗ എന്ന് പറയുക, ആരുടെ ഷോട്ട് ആയാലും കട്ട് പറയുമ്പോൾ എക്സൈറ്റഡ് ആവുമായിരുന്നു. പക്ഷേ അമ്മു പറഞ്ഞതുപോലെ ഒട്ടും പ്രഫഷനൽ അല്ലാതെയുള്ള പെരുമാറ്റവും സെറ്റിൽ ഉണ്ടായിരുന്നു. എല്ലാ മനുഷ്യർക്കും രണ്ട് സൈഡ് ഉണ്ട്. ഒരു സൈഡ് വളരെ നല്ലതായിരിക്കും മറ്റൊരു സൈഡിൽ കുറച്ച് നെഗറ്റീവ് കാണും.
ഏതായാലും നമ്മൾ എപ്പോഴും മനസ്സുകൊണ്ട് പോസിറ്റീവ് കാണാൻ ആണ് ശ്രമിക്കുന്നത്. ഞങ്ങൾ കോട്ടയത്തേക്ക് ട്രെയിനിൽ ആണ് ഷൂട്ടിങ്ങിനു പോയത്. അന്ന് കൂടെ എക്സിക്യൂട്ടീവ് ഒന്നും ഇല്ലായിരുന്നു. എവിടെ എത്തിയെന്നൊക്കെ ഓരോ സമയവും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. വളരെ പ്രഫഷനൽ ആണെങ്കിൽ ആ സമയത്തു തന്നെ കാർ ഡ്രൈവറുടെ നമ്പർ തന്ന് അവർ അപ്പോൾ തന്നെ റെയില്‍ വേ സ്റ്റേഷനിൽ ആ സമയമാകുമ്പോഴേക്കും എത്തിയിരിക്കും. പക്ഷേ ഇവിടെ നമുക്ക് ആദ്യം തൊട്ടേ ഒരു ടെൻഷൻ ഉണ്ടായിരുന്നു. വലിയ പെട്ടിയടക്കമുള്ള സാധനങ്ങൾ കയ്യിലുണ്ട്.
കോട്ടയത്ത് ചെന്ന് ഇറങ്ങിയപ്പോൾ അവിടെ ആരെയും കാണുന്നില്ല, വിളിക്കാൻ വരും എന്ന് പറഞ്ഞ ആളിനെ വിളിച്ചു, അയാളെ കിട്ടിയില്ല. ഞങ്ങൾ മനുവിനെ വിളിച്ചു, പിന്നീട് മനുവും പ്രൊഡ്യൂസറും കൂടി വന്നു, അവർ രണ്ടും കൂടി വന്നു ഞങ്ങളുടെ പെട്ടി എടുത്തപ്പോൾ ഞങ്ങൾക്ക് എന്തോപോലെ തോന്നി, ഞങ്ങൾ പറഞ്ഞു, ‘വേണ്ട നിങ്ങൾ എടുക്കണ്ട ഞങ്ങൾ തന്നെ എടുക്കാം, ഞങ്ങൾക്ക് അത് നന്നായി തോന്നിയില്ല, നിങ്ങൾക്ക് ആരെയെങ്കിലും വിട്ടുകൂടെ എന്ന് ചോദിച്ചു. അവർ കുഴപ്പമില്ല എന്നുപറഞ്ഞു. ആദ്യം മുതൽ തന്നെ എന്തോ ഒരു ബുദ്ധിമുട്ട് തോന്നിയിരുന്നു. മനുവിന് സഹായികളായി നിന്നത് അയാളുടെ തന്നെ കുറച്ചു സുഹൃത്തുക്കൾ ആയിരുന്നു.
അമ്മുവിന് മിക്കവാറും എല്ലാ ദിവസവും ഷൂട്ട് ഉണ്ടായിരുന്നു. ഇതിൽ സപ്പോർട്ടിങ് ആയിട്ട് നിന്ന മറ്റ് ആർട്ടിസ്റ്റുകൾ ധാരാളം ഉണ്ടായിരുന്നു. നമ്മുടെ ഇൻഡസ്ട്രിയിൽ ഉള്ള കുറെ സീനിയർ ആർട്ടിസ്റ്റുകൾ ധാരാളം പേര് ഉണ്ടായിരുന്നു. അവർ വന്നുപോകുമ്പോൾ ഈ സെറ്റിൽ ഉള്ള പ്രശ്നങ്ങൾ ഒന്നും അവർക്ക് മനസ്സിലാകില്ല, അവര്‍ വരുന്ന രണ്ടു മൂന്നു ദിവസം ഒക്കെ വളരെ ഡീസെന്റ് ആയിട്ടൊക്കെ സെറ്റ് പോകും. പ്രൊഡക്ഷനിൽ ഹെൽപ്പ് ചെയ്ത ധാരാളം പേര്‍ ഈ സിനിമയിൽ അഭിനയിച്ചു, അതിലൊരു ഡയറക്ടറിന്റെ ക്യാരക്ടർ ചെയ്തത് അർജുൻ അശോകനാണ്. പ്രൊഡ്യൂസർ കുറച്ചു സീൻ അഭിനയിച്ചു, ഒരു ഹോസ്പിറ്റൽ സീൻ ഉണ്ട് അതൊക്കെ കുറെ പ്രാവശ്യം എടുത്തു.
പ്രൊഡ്യൂസർ അഭിനയിച്ച വേഷം പിന്നീട് വേറൊരു ആർട്ടിസ്റ്റിനെ വച്ച് എടുത്തു. ആ ഒരു സീൻ തന്നെ മൂന്ന് പ്രാവശ്യം അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. കുറച്ച് ബുദ്ധിമുട്ടുള്ള സീനുകളായിരുന്നു. ഓടുന്നതും ഫ്ലാറ്റിന്റെ മുകളിലോട്ട് പോകുന്നതും ഒക്കെ രണ്ടുമൂന്നു പ്രാവശ്യം എടുത്തു. എന്നാലും കുഴപ്പമില്ല നമ്മൾ അതൊക്കെ അഡ്ജസ്റ്റ് ചെയ്തു കൊണ്ടിരുന്നു. അസോ. ഡയറക്ടേഴ്സ് ആയി നമ്മുടെ ഇൻഡസ്ട്രിയിൽ കഴിവുള്ള കുറെ പേരുണ്ടല്ലോ, അവർക്കൊക്കെ അവസരം കൊടുക്കാതെ, കൂട്ടുകാരെ ഒക്കെ പിടിച്ചു നിർത്തിയാണ് ഇവർ പണികൾ എല്ലാം ചെയ്യിച്ചത്. ഒരു പ്രൊഡക്‌ഷൻ കണ്ടട്രോളർ പോലുമില്ല. അങ്ങനെ ഒക്കെ ഉള്ളവർ ഉണ്ടെങ്കിൽ ഒരു സിനിമ എങ്ങനെ ചെയ്യും എന്ന് അവർക്കറിയാം. പണി അറിയാവുന്ന ഒരാളെ എങ്കിലും വച്ചാൽ മതിയായിരുന്നു. ഇത് ഇയാളും ഇയാളുടെ കൂട്ടുകാരും, അവർക്ക് എത്രത്തോളം സിനിമയെക്കുറിച്ച് അറിയാം എന്നറിയില്ല. ഷൂട്ടിങ്ങിനിടെ ഒന്നും പ്രഫഷനൽ ആയിരുന്നില്ല, പലതും അന്വേഷിക്കുമ്പോൾ കിട്ടില്ല, കണ്ടിന്യൂവിറ്റി ഡ്രസ്സ് കാണില്ല, അങ്ങനെ കുറെ ബുദ്ധിമുട്ടു ഉണ്ടായായിരുന്നു. എങ്ങനെയോ അങ്ങ് മാനേജ് ചെയ്തു പോയി.
ഈ നിർമാതാവായ പെൺകുട്ടി ഒരു അഭിമുഖത്തിൽ പറയുന്നുണ്ടല്ലോ എന്നെ വിളിച്ച കാര്യം, എന്നോട് സംസാരിച്ചിരുന്നു, അന്ന് അഹാന എവിടെയോ യാത്ര പോയിരിക്കുകയായിരുന്നു എന്നൊക്കെ. അന്ന് അഹാനയ്ക്ക് ശരിക്കും ഒരു ഒരു സൂം കോൾ നടക്കുകയായിരുന്നു. അമ്മൂനെ വിളിച്ച് കിട്ടാത്തതു കൊണ്ടാണ് ആ കുട്ടി എന്നെ വിളിച്ചത്. അതിനു കുറച്ചുനാൾ മുന്നേ ആയിരുന്നു ഇവർ ഒരു ഡബ്ബിങ് ആർട്ടിസ്റ്റിനെ വേണം എന്ന് പറഞ്ഞ് പരസ്യം ചെയ്തത്. പക്ഷേ അതും വലിയ പരാജമായി മാറി.
അതിനുശേഷം മനു അമ്മുവിനെ വിളിച്ചിട്ട് ഒരിക്കൽ കൂടെ ഒന്ന് ഡബ്ബ് ചെയ്യുമോ എന്ന് ചോദിച്ചു. ഇനി എന്തെങ്കിലും ചെയ്യുന്നതിനു മുന്നേ നമുക്ക് നേരിട്ട് കണ്ടു സംസാരിക്കാം എന്ന് അമ്മു പറഞ്ഞു. ഇതിൽ ഒരു എഗ്രിമെന്റ് വേണമെന്നും തന്റെ ഡബ്ബിങിനു ശേഷം നേരത്തെ ഡബ്ബ് ചെയ്ത ആർട്ടിസ്റ്റിന്റെ സൗണ്ട് ഇട്ടാൽ അത് ബുദ്ധിമുട്ടാകും എന്ന് അമ്മു പറഞ്ഞു. അങ്ങനെ സംസാരം ഒക്കെ കഴിഞ്ഞപ്പോഴാണ് നൈന വിളിക്കുന്നത്. സംസാരിക്കുന്നതിനിടയിൽ അഹാനയെക്കുറിച്ച് മോശമായി സംസാരിക്കാൻ തുടങ്ങി. അഹാന അൺപ്രഫഷനൽ ആണ് എന്ന് പറഞ്ഞു.
എന്താണ് നൈന പറയുന്നത്, അഹാന നിങ്ങൾ വിളിച്ചിട്ടുള്ളപ്പോൾ എല്ലാം വന്നിട്ടുണ്ട്, ഷൂട്ടിങ്ങിന് എല്ലാ സമയത്തും വന്നിട്ടുണ്ടെന്നു പറഞ്ഞു. ശരിക്കും പറഞ്ഞാൽ മാമുക്കോയ ആയിട്ടൊക്കെ ഉള്ള ഒരു സീൻ ഉണ്ട്, കോവളം ഏരിയയിൽ ഷൂട്ട് ചെയ്തത്, അന്ന് ആ ഷൂട്ട് കഴിഞ്ഞ് പിരിയുമ്പോൾ മനുവിന് എന്തോ കണ്ണിന് സുഖമില്ലാതെ ഇരിക്കുകയായിരുന്നു, അന്നു പറഞ്ഞത്, ദുബായിൽ ആയിരിക്കും ബാക്കി ഷൂട്ട് ചെയ്യുന്നത്, അമ്മുവിന് ഡയറക്ഷൻ ഒക്കെ അത്യാവശ്യം അറിയാമല്ലോ, അമ്മു തന്നെ ആ പോർഷൻ ഒന്നങ്ങ് ഷൂട്ട് ചെയ്യ് എന്ന് വരെ അയാൾ പറഞ്ഞു. അപ്പൊ ഞാനും അമ്മുവും പരസ്പരം നോക്കി, ഇതെന്താ ഇങ്ങനെ പറയുന്നത് എന്ന് കരുതി.
ആ സംസാരം അങ്ങനെ നിൽക്കുമ്പോഴാണ് നൈന വിളിച്ച് അമ്മുവിനെപ്പറ്റി ഇങ്ങനെ മോശമായി പറഞ്ഞത്. അതിനോട് അവരോട് ഞാൻ നൽകിയ മറുപടി പറയാം, ‘‘എന്റെ മകളല്ല നിങ്ങളുടെ ഭർത്താവാണ് അൺപ്രഫഷനൽ, നിങ്ങൾക്ക് തന്നെ അറിഞ്ഞൂടെ മിക്ക ദിവസവും ആ കാരവാനിൽ പുള്ളിയും സുഹൃത്തുക്കളം വെള്ളം അടിച്ച് എത്ര നേരമാണ് വേസ്റ്റ് ആക്കിയിരുന്നത്, എന്തൊക്കെ കാട്ടിക്കൂട്ടി, അതുകൊണ്ട് മാത്രമല്ലേ ഈ ഷൂട്ടിങ് തീരേണ്ട സമയത്ത് തീരാതെ ഇങ്ങനെ നീണ്ടുപോയത്. നിങ്ങൾക്ക് സാമ്പത്തികമായി പ്രശ്നം വന്നിട്ടുണ്ടെങ്കിൽ അത് അയാൾ കാരണമാണ്. പല സീനിയർ ആർട്ടിസ്റ്റുകളെ ഇവർ കൊണ്ടുവന്നത് ഓരോ ദിവസത്തെ ശമ്പളം കൊടുത്തിട്ടാണ്. അപ്പൊ അങ്ങനെ ആർട്ടിസ്റ്റ് ഒക്കെ വന്നിരിക്കുമ്പോൾ ഇവര്‍ ഇങ്ങനെ ഒരു ബോധം ഇല്ലത്തെ ഇരുന്നാൽ ഒന്നും നടക്കത്തില്ല.’’
ഇത്രയും ഞാൻ പറഞ്ഞപ്പോൾ നൈന പെട്ടെന്ന് പറയുകയാണ്, എന്റെ ഭർത്താവ് കള്ള് മാത്രമല്ലേ കുടിച്ചിരുന്നത് നിങ്ങളുടെ മകളല്ലേ ഡ്രഗ്സ് ഒക്കെ എടുക്കുന്നതെന്ന്. ഇതു കേട്ടപ്പോൾ അന്തം വിട്ടുപോയി. വളരെ സ്റ്റാൻഡേർഡ് ആയി എനിക്ക് തോന്നിയ ഒരു പെൺകുട്ടി ഇങ്ങനെയാണോ സംസാരിക്കുന്നത്, ഞാൻ ഇത് തന്നെ ആണോ കേട്ടത് എന്നൊക്കെ എനിക്ക് തോന്നി. അന്ന് എന്റെ വായിൽ വന്ന എന്തൊക്കെയോ ഞാൻ പറഞ്ഞിരുന്നു. ഞാൻ ഇങ്ങനെ ചൂടാകുന്നത് കണ്ട് കുട്ടികൾ വന്നു ചോദിച്ചു എന്തുപറ്റി എന്ന്. ഈ പെൺകുട്ടി എന്തോ ഭ്രാന്ത് പറയുന്നുവെന്ന് കുട്ടികളോടു പറഞ്ഞു.
പിന്നെ ഞങ്ങൾ വിചാരിച്ചു ഒരുപക്ഷേ മനു അവിടെ കൊടുത്തിരിക്കുന്ന ചിത്രം അങ്ങനെ ആയിരിക്കുമെന്ന്. മനുവിന്റെയും നൈനയുടെയും ബന്ധുക്കളും മറ്റ് ആളുകളുമൊക്കെ ഈ ചിത്രത്തിന് വേണ്ടി പണം മുടക്കിയിട്ടുണ്ടായിരുന്നു. ധാരാളം ഫണ്ട് ഇതിൽ ഇടുകയും അതിങ്ങനെ കുളമായി കിടക്കുന്നത് കൊണ്ട് അവിടെ പുള്ളിക്ക് പിടിച്ചു നിൽക്കാൻ എന്തെങ്കിലും പറയണമല്ലോ. അപ്പോൾ മനു പറഞ്ഞിട്ടുണ്ടാവും ഈ നായിക നടി കാരണം ആണ് ഇങ്ങനെ സംഭവിച്ചത്, സെറ്റിലൊക്കെ മര്യാദയ്ക്ക് വരില്ല, മുഴുവൻ സമയം ഡ്രഗ്സ് ആണ് എന്നൊക്കെ. പിന്നെ ഞങ്ങൾ അത് വിട്ടു. ഈ വിഷയത്തിൽആരെയും വിളിക്കുകയും ചോദിക്കുകയും ഒന്നും ചെയ്തില്ല
പക്ഷേ അവർ ഇക്കാര്യം പലരോടും പറഞ്ഞുവെന്ന് അറിഞ്ഞു. അതോടെ ഞങ്ങൾക്ക് മനസിലായി ഇവർ ഇങ്ങനെ ഇതു നാടുനീളെ നടന്ന് പറയുമെന്ന്. പച്ച കള്ളം ആണെങ്കിലും ഇങ്ങനെ ഒരാൾ പറഞ്ഞു നടക്കുമ്പോൾ 10 പേരിൽ രണ്ടുപേര്‍ വിശ്വസിക്കില്ലേ. നമ്മളെക്കുറിച്ച് യാതൊരു അടിസ്ഥാനവും ഇല്ലാത്ത വായിൽ തോന്നുന്ന കാര്യം ഒരാൾ ഇങ്ങനെ സുഖമായി പറഞ്ഞ് നടക്കുന്നെങ്കിൽ അത് ശരിയല്ല. അങ്ങനെ തോന്നിയപ്പോഴാണ് അമ്മു മനുവിനെ ഫോൺ ചെയ്ത് ഇക്കാര്യം ചോദിച്ചതും മനു ക്ഷമ ചോദിച്ചതും. പക്ഷേ നിർഭാഗ്യവശാൽ മനു നമ്മില്‍ നിന്നും വിട പറഞ്ഞു.
അങ്ങനെ നമ്മളെല്ലാം ഇതൊക്കെ മറന്നു കഴിഞ്ഞപ്പോഴാണ് ഇപ്പോൾ ഈ നൈന വന്ന് പത്ര സമ്മേളനത്തിൽ ഇത്രയും പെർഫോം ചെയ്തത്. നൈന അങ്ങനെ ചെയ്യാതിരുന്നെങ്കിൽ ഇതൊന്നും ഞങ്ങൾ പുറത്തു പറയില്ലായിരുന്നു. അങ്ങനെയെങ്കിൽ മനുവിന് ഇതൊരു നാണക്കേട് ആയി മാറില്ലായിരുന്നു. പക്ഷേ അവർ തന്നെ ആണ് ഇതിനൊരു വേദി ഒരുക്കിയത്. എന്തായാലും സംഭവിക്കാനുളളതെല്ലാം സംഭവിച്ചു. നമ്മൾ എന്നെങ്കിലും ഇതൊക്കെ പറയേണ്ടി വന്നാൽ, മരിച്ചു പോയ ഒരാളെപ്പറ്റി പറയുന്നത് വളരെ വിഷമമുണ്ടാക്കും എന്ന് ഞങ്ങൾ കരുതിയിരുന്നു. മനു ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷേ കാര്യങ്ങൾ ഈ രീതിയിൽ ആകാതെ നോക്കിയേനെ.
പലരും വന്നു പലതും പറയുന്നുണ്ട് . അതിൽ നിങ്ങൾക്ക് തരേണ്ട ഏറ്റവും കൃത്യമായ വിവരമാണ് ഞാൻ പറഞ്ഞത്, ഒരുപാടുണ്ട് എന്നാലും ഞാൻ വളരെ ഫിൽറ്റർ ചെയ്തു കുറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എന്തായാലും സിനിമ റിലീസ് ആകട്ടെ , അത് നന്നായി വരട്ടെ. അമ്മു ഈ സിനിമയ്ക്ക് ശബ്ദം കൊടുത്തിട്ടില്ല, ക്‌ളൈമാക്‌സിൽ അഭിനയിച്ചിട്ടില്ല, ക്ലൈമാക്സ് അവർ എന്തൊക്കെയോ തട്ടിക്കൂട്ടിയാണ് എടുത്തിരിക്കുന്നത്. ഒരുപാട് കണ്ടിന്യൂവിറ്റി ഷോട്ട്സ് ഒക്കെ തന്നെ മറ്റാരെയൊക്കെയോ വച്ച് എടുത്തിട്ടുണ്ട്. എന്തായാലൂം സിനിമ റിലീസ് ചെയ്ത് അവർക്ക് കിട്ടാനുള്ള പണം തിരിച്ചു കിട്ടട്ടെ. മനുവിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.’’ സിന്ധു കൃഷ്ണ പറയുന്നു.