ഇന്നലെ മാത്രം ഇവിടെ വിറ്റത് 15000 ടിക്കറ്റുകൾ; ‘എമ്പുരാന്’ വേണ്ടി തിയറ്റർ നവീകരിച്ചു: രാഗം തിയറ്റർ ഉടമ പറയുന്നു

Mail This Article
സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ സിനിമ മാർച്ച് 27 നു റിലീസ് ചെയ്യാനിരിക്കെ നവീകരിച്ച തിയറ്ററുമായി സിനിമയെ വരവേൽക്കാനൊരുങ്ങുകയാണ് തൃശൂർ രാഗം തിയറ്റർ. ഓൺലൈൻ സൈറ്റുകളിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചപ്പോൾ രാഗം തിയറ്ററിൽ ഓഫ്‌ലൈനിൽ ആയിരുന്നു വിൽപ്പന. ആരാധകരടക്കമുള്ളവർ രാവിലെ അഞ്ച് മണി മുതൽ തിയറ്ററിന്റെ മുമ്പിൽ തമ്പടിച്ചിരിക്കുകയായിരുന്നു. രാഗത്തിലും ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണ് കാണാനായത്. ആദ്യ അഞ്ചു ദിവസത്തെ ബുക്കിങ് ഫുൾ ആയപ്പോൾ പതിനാലു ദിവസത്തെ ബുക്കിങ് ഓപ്പൺ ആക്കി എന്നാണ് രാഗം തിയറ്റർ ഉടമ സുനിൽ എ.കെ. പറയുന്നത്. തിയറ്ററുകളിൽ ഇന്ത്യയിൽ തന്നെ അപൂർവമായ ക്രിസ്റ്റി എന്ന കമ്പനിയുടെ പ്രൊജക്ടറും ഹ്യൂഗോയുടെ സ്ക്രീനും ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞുവെന്ന് സുനിൽ പറയുന്നു. തിയറ്ററിലെ മുഴുവൻ സീറ്റുകളും അക്വിസ്റ്റിക്‌സും മാറ്റിയിട്ടുണ്ട്. ‘എമ്പുരാന്റെ’ റിലീസ് തിയറ്ററുകൾക്ക് പുത്തൻ ഉണർവ് പകർന്നെന്നും സിനിമ വലിയ വിജയമാകുമെന്നാണ് ബുക്കിങ് കണ്ടിട്ട് മനസ്സിലാകുന്നതെന്നും സുനിൽ മനോരമ ഓൺലൈനിനോട് പറഞ്ഞു. ‘വിജയ് സൂപ്പറും പൗര്‍ണമി’, ‘ഒരു തെക്കൻ തല്ലു കേസ്’ തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമാതാവും വിതരണക്കാരനുമാണ് തൃശൂർ രാഗം തിയറ്റർ ഉടമ സുനിൽ എ.കെ.
‘‘എമ്പുരാൻ സിനിമയെ വരവേൽക്കാൻ അത്യന്തം നൂതനമായ സാങ്കേതിക വിദ്യയുമായി രാഗം തിയറ്റർ തയാറായി കഴിഞ്ഞു. ക്രിസ്റ്റി എന്ന കമ്പനിയുടെ ഏറ്റവും പുതിയ പ്രൊജക്ടർ തിയറ്ററിൽ ഇൻസ്റ്റാൾ ചെയ്തു. ഇന്ത്യയിൽ തന്നെ വളരെ അപൂർവമാണ് ഈ പ്രൊജക്ടർ ഉള്ള തിയറ്ററുകൾ. അതിനു പറ്റിയ ഹ്യൂഗോ എന്ന ഹാർക്ക്നെസ്സ് കമ്പനിയുടെ സ്ക്രീനും ഇൻസ്റ്റാൾ ചെയ്തു. തിയറ്ററിലെ സീറ്റുകൾ മുഴുവൻ മാറ്റി നവീകരിച്ചു. അക്വിസ്റ്റിക്ക്സ് മുഴുവൻ മാറ്റി. അങ്ങനെ വളരെ കാര്യമായ മാറ്റങ്ങൾ ഞങ്ങൾ ഇവിടെ വരുത്തിയിട്ടുണ്ട്. എല്ലാം ‘എമ്പുരാൻ’ റിലീസ് ചെയ്യുന്നതിന് മുന്നോടി ആയിട്ടാണ് ചെയ്തിട്ടുള്ളത്.
14 ദിവസത്തേക്ക് ഞങ്ങൾ ബുക്കിങ് ഓപ്പൺ ചെയ്തിട്ടുണ്ട്. ആദ്യത്തെ അഞ്ചു ദിവസമാണ് ആദ്യം ഓപ്പൺ ചെയ്തത്, പക്ഷേ അപ്പോൾ തന്നെ ആ ടിക്കറ്റ് എല്ലാം വിറ്റുപോയി, പിന്നെയും ഡിമാൻഡ് വന്നപ്പോഴാണ് 14 ദിവസത്തേക്ക് ഓപ്പൺ ചെയ്തത്. എല്ലാ ഷോകളും ബുക്ക് ചെയ്തു കഴിഞ്ഞു. വളരെ കാലത്തിനു ശേഷമാണ് ഇത്തരമൊരു വരവേൽപ്പ് ഒരു സിനിമയ്ക്ക് കിട്ടുന്നത് .
ഒന്നാം ഭാഗമായ ‘ലൂസിഫറിനേ’ക്കാൾ മികച്ച സിനിമയായിരിക്കും എമ്പുരാൻ എന്നാണ് പ്രതീക്ഷിക്കുന്നത്. തിയറ്ററുകൾക്കെല്ലാം ഒരു പുത്തൻ ഉണർവാണ് എമ്പുരാൻ നൽകുന്നത്. സിനിമാ മേഖലക്ക് പുത്തൻ ഉണർവ് നൽകാനും എമ്പുരാൻ എന്ന സിനിമ വിജയിക്കണം. ‘എമ്പുരാൻ’ മാത്രമല്ല റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കണം. ‘എമ്പുരാൻ’ ഒരു വലിയ മുതൽ മുടക്കിൽ ഒരുപാട് താരങ്ങളുടെ ഏറെ കാലത്തെ കഷ്ടപ്പാടിൽ നിന്ന് ഉണ്ടായ സിനിമയാണ്. അവരുടെ അധ്വാനം വെറുതെ പോകരുത്. അതിനൊരു ഭീകരമായ വിജയം തന്നെ വേണം വെക്കേഷൻ തുടങ്ങുന്നത് എമ്പുരാൻ റിലീസോടെയാണ്. എമ്പുരാൻ വിജയിക്കും എന്ന് തന്നെയാണ് സിനിമയുടെ ബുക്കിങ്ങും കാണിക്കുന്നത്. പണ്ടൊക്കെ ആണെങ്കിൽ ബുക്കിങ് കണ്ടാൽ നമുക്ക് അറിയാം ആ ജനങ്ങളുടെ മനോഭാവം എങ്ങനെയാകും, സിനിമ വിജയിക്കുമോ പരാജയപ്പെടുമോ എന്നൊക്കെ ബുക്കിങ്ങിൽ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയും. അപ്പോൾ ഇത്രയും ബുക്കിങ് വരുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും അത് വിജയിച്ചു എന്ന് തന്നെയാണ് എൻറെ വിശ്വാസം.
ഇവിടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ വരുന്നവരുടെ പ്രത്യേകത എന്താണെന്ന് വച്ചാൽ ഒരു ദിവസത്തേക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ആളുകൾ അടുത്ത ദിവസത്തേക്ക് ബുക്ക് ചെയ്യും അല്ലെങ്കിൽ അടുത്ത ഷോക്ക് ബുക്ക് ചെയ്യും, എന്താണെങ്കിലും ബുക്ക് ചെയ്തിട്ടേ പോവുകയുള്ളൂ, തിയറ്ററിന് ഉള്ളിൽ കടന്നാൽ ആരും ബുക്ക് ചെയ്യാതെ പോകില്ല. അതുകൊണ്ടാണ് അഞ്ച് ദിവസത്തേക്ക് ഓപ്പൺ ആക്കിയ ബുക്കിങ് ഇപ്പോൾ നമ്മൾ 14 ദിവസത്തേക്ക് നീട്ടിയത്. ആദ്യത്തെ അഞ്ചു ദിവസം കഴിഞ്ഞുള്ള ദിവസങ്ങളിലും അൻപത് ശതമാനത്തിനടുത്ത് ബുക്കിങ് ആയിട്ടുണ്ട്.
പലർക്കും നേരിട്ട് തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു ഉറപ്പാക്കണം. അതാണ് ഓൺലൈൻ ഓപ്പൺ ആയിട്ടും ഓഫ്‌ലൈൻ തന്നെ വന്നു ബുക്ക് ചെയ്യുന്നത്. എന്തായാലും 15000 ടിക്കറ്റുകൾ ഈ ഒരു ദിവസം വിറ്റു പോയിട്ടുണ്ട്. അത് മറ്റുള്ള തിയറ്ററുകളെ അപേക്ഷിച്ചു നോക്കുമ്പോൾ 50 ശതമാനം കൂടുതലാണ്. അത്രയും ഹൈ എൻഡ് ബുക്കിങ് ആണ് ഇവിടെ നടന്നത്. ഒരു സിനിമ വിജയിക്കുമ്പോൾ പല മേഖലയിൽ ഉള്ളവരാണ് രക്ഷപ്പെടുന്നത്.
ഞാൻ തിയറ്റർ ഉടമ മാത്രമല്ല ഒരു നിർമാതാവും വിതരണക്കാരനുമാണ്. അപ്പോൾ ഒരു സിനിമ നിർമിക്കുന്നതിലെ കഷ്ടപ്പാട് നമുക്ക് മനസ്സിലാകും. ‘വിജയ് സൂപ്പറും പൗർണമി’, ‘ഒരു തെക്കൻ തല്ലു കേസ്’ ഒക്കെ ഞാൻ നിർമിച്ച സിനിമകളാണ്. സൂര്യ ഫിലിംസ് ആണ് നമ്മുടെ നിർമാണ കമ്പനി. എന്തായാലും ‘എമ്പുരാൻ’ വലിയൊരു വിജയം ആകും എന്നുതന്നെയാണ് വിശ്വാസം. അത് സിനിമാമേഖലയിൽ കൂടി വലിയൊരു ഉണർവ് കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു.’’–സുനിൽ എ.കെ. പറയുന്നു.