ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ജീവിതത്തിൽ വഴിമുട്ടിപ്പോയ നിസ്സഹായരായ രണ്ടുപേരുടെ സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രമാണ് ‘താരം തീർത്ത കൂടാരം’. പ്രതിസന്ധികൾ മാത്രം നിറഞ്ഞ ജീവിതത്തെ തള്ളി നീക്കാൻ പെടാപ്പാട് പെടുന്ന രണ്ടുപേരുടെ സന്തോഷങ്ങളിലൂടെയും സങ്കടങ്ങളിലൂടെയുമൊക്കെയുള്ള യാത്ര മനസ്സിൽ തൊടുന്ന നിരവധി മുഹൂർത്തങ്ങളോടെ എടുത്ത നല്ലൊരു ഫീൽ ഗുഡ് ചിത്രം. ‘ഷിബു’ എന്ന ചിത്രത്തിന്റെ സംവിധായകനായ ഗോകുൽ രാമകൃഷ്ണന്റെ മൂന്നാമത്തെ ചിത്രമാണ് ‘താരം തീർത്ത കൂടാരം’.  

 

ബൈപോളാർ ഡിസോർഡർ ഉള്ള സഞ്ജയ് എന്ന ചെറുപ്പക്കാരനും പലവിധ സാമ്പത്തിക പ്രശ്‌നങ്ങൾ കൊണ്ട് ജീവിക്കാൻ പോലും കഷ്ടപ്പെടുന്ന ഇദയ എന്ന പെൺകുട്ടിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. കുടുംബവുമായി വലിയ അടുപ്പമില്ലാത്ത സഞ്ജയ് ഫുഡ് ഡെലിവറി ബോയ് ആയി ജോലി നോക്കുകയാണ്. സ്വന്തം ചേട്ടൻ ശല്യമാണെന്ന് കരുതുന്ന അനുജനുള്ള വീട്ടിലേക്ക് പോകാൻ സഞ്ജയ് ആഗഹിക്കുന്നില്ല. ഇദയ എന്ന പെൺകുട്ടിക്ക്  സാമ്പത്തികപ്രശ്നങ്ങൾ മാത്രമല്ല സ്വന്തമായി ഒരു വീടില്ല എന്നതുകൂടിയാണ് പ്രതിസന്ധി. അഞ്ചു വയസ്സുള്ള അനുജത്തിയും ഇദയയുടെ മാത്രം ബാധ്യതയാണ്.  ഇരുവർക്കും ഒരുമിച്ച് താമസിക്കാൻ കഴിയുന്നൊരു വീട് മാത്രമാണ് ഇദയയുടെ സ്വപ്നം.  സഞ്ജയും ഇദയയും ഒരേ ലോഡ്ജിലെ അന്തേവാസികളാണ്. കടക്കെണിയിൽ പൊറുതിമുട്ടുന്ന ഇദയയെ തേടി പലിശക്കാർ നിരന്തരം വരാൻ തുടങ്ങിയതോടെ ലോഡ്ജ് ഉടമ അവളെ പുറത്താക്കുന്നു.  സ്നേഹിക്കാൻ ആരുമില്ലാത്ത സഞ്ജയ് ഒടുവിൽ ഇദയയെ തേടി കണ്ടുപിടിക്കുകയും ഒരാൾക്ക് മറ്റൊരാൾ അത്താണിയാവുകയും ചെയ്യുന്നു.  പിന്നീടങ്ങോട്ട് ഇരുവരുടെയും പ്രശ്നങ്ങൾ ഒന്നായി മാറുകയാണ്.

 

കാർത്തിക് രാമകൃഷ്ണനാണ് ചിത്രത്തിൽ സഞ്ജയ് ആയി അഭിനയിച്ചത്. ഷിബു, ബാനർഘട്ട തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച കാർത്തിക്ക് ബൈപോളാർ ഡിസോർഡർ ഉള്ള സഞ്ജയ് ആയി പ്രശംസനീയമായ പ്രകടനം കാഴ്ചവച്ചു. ട്രാൻസ്, മൂൺ വാക് തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ നൈനിത മരിയയാണ് ഇദയയുടെ കഥാപാത്രത്തിന് ജീവൻ നൽകിയത്. സഞ്ജയും ഇദയയും പ്രേക്ഷകന്റെ മനസ്സിൽ നൊമ്പരം കോറിയിടുന്ന കഥാപാത്രങ്ങളാണ്.  ഇദയയുടെ അനിയത്തിയായെത്തിയ പെൺകുട്ടി വളരെ നന്നായി തന്റെ കഥാപാത്രം കൈകാര്യം ചെയ്തു. മാലാ പാർവതി, ശങ്കർ  രാമകൃഷ്ണൻ, ജെയിംസ് ഏലിയാ, വിനീത് വിശ്വം, ശബരീഷ് വർമ തുടങ്ങി മറ്റുതാരങ്ങളെല്ലാം തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി.

 

ഗോകുൽ രാമകൃഷ്ണനോടൊപ്പം അർജുൻ പ്രഭാകരനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സിനിമയുടെ ഗതിയിൽ ഒരല്പം ഇഴച്ചിലുണ്ടെന്നതൊഴിച്ചാൽ ഇമോഷനൽ സീക്വൻസുകളൊക്കെ മനസ്സിൽ സ്പർശിക്കുന്ന തരത്തിൽ ചെയ്തെടുക്കാൻ ഗോകുലിന് കഴിഞ്ഞു. സിനിമ പ്രേക്ഷകനെ വൈകാരികമായി ലോക്ക് ചെയ്ത് കഥാപാത്രങ്ങൾക്കൊപ്പം പിടിച്ചിരുത്തുന്നുണ്ട്. നിഖിൽ സുരേന്ദ്രനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ, അരുൺ ആലത്ത്,  മോഹൻ രാജൻ എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് പകർന്ന സംഗീതം വളരെ മനോഹരമായിരുന്നു. അഭിരാമി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് നായരാണ് ചിത്രം നിർമ്മിച്ചത്.

 

സിനിമയിലെ നായിക പറയുന്നതുപോലെ കയറിക്കിടക്കാൻ സ്വന്തമായി ഒരു വീട് ആഗ്രഹിക്കുന്ന ഒരുപാട് പേര് നമ്മുടെ സമൂഹത്തിലുണ്ട്.  ജീവിതത്തിൽ സങ്കടങ്ങൾ മാറി സന്തോഷം നിറയുന്ന ഒരു നാൾ എല്ലാവരുടെയും സ്വപ്നമാണ്. ആ നാളിലേക്കുള്ള നായകന്റെയും നായികയുടെയും ജീവിതയാത്ര തീർച്ചയായും കാണികളുടെ കണ്ണു നിറയ്ക്കും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com