ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചിയോതി കാവും കുഞ്ഞിക്കേളുവും അജയനും മാണിക്യവും ആമത്തുരുത്തുമെല്ലാം നിറഞ്ഞ അദ്ഭുതദേശത്തിന്റെ കഥ പറഞ്ഞ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിൽ ആത്മാവു പോലെ നിറയുന്ന ഒരു പാട്ടുണ്ട്, ഭൈരവൻ പാട്ട്! 'ആനന്ദോ ആനന്ദോ ഭൈരനവാകുന്നേ' എന്നു തുടങ്ങുന്ന പാട്ട് പ്രേക്ഷകരെ വലിച്ചിടുന്നത് അജയന്റെ ആത്മസംഘർഷങ്ങളിലേക്കു മാത്രമല്ല. തലമുറകളായി നേരിട്ട അനീതിക്കെതിരെ നടത്തിയ ചെറുത്തുനിൽപ്പിന്റെ തീ പിടിക്കുന്ന ഓർമകളിലേക്കു കൂടിയാണ്. 

സിനിമ കഴിഞ്ഞിറങ്ങുമ്പോഴും ഈ പാട്ട് പ്രേക്ഷകരുടെ മനസ്സിൽ നിന്നു വിട്ടു പോകില്ല. കാൽപനികമായ ഒരു നാടിന്റെ കഥയുടെ വേരുകൾ പ്രേക്ഷകരുടെ മനസിലുറപ്പിക്കുന്നതിൽ ഈ പാട്ടിനുമുണ്ട് പങ്ക്. മലയസമുദായക്കാർ പരമ്പരാഗതമായി ആലപിച്ചു വന്ന ഗാനം സിനിമയ്ക്കായി പുതിയ രൂപത്തിൽ അണിയിച്ചൊരുക്കുകയായിരുന്നു സംഗീതസംവിധായകൻ ദിബു നൈനാൻ തോമസ്. അതിനു ശബ്ദമാകാൻ അദ്ദേഹം കണ്ടെത്തിയത് കാസർകോട്ടു നിന്നുള്ള നാടൻപാട്ട് കലാകാരന്മാരെ ആയിരുന്നു. അങ്ങനെയാണ് ഇഎംഎസ് കൂട്ടക്കനിയിലെ നാടൻപാട്ടുകാർ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയ്ക്കു പിന്നണി പാടാനെത്തുന്നത്. ജീവിതത്തിൽ ആദ്യമായി ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ പാടാനെത്തിയ ആ ചെറുപ്പക്കാരുടെ സംഘത്തെ കാത്തിരുന്നത് വലിയൊരു സർപ്രൈസ് ആയിരുന്നു. കേരളം മുഴുവൻ ആഘോഷിക്കുന്ന ഒരു പാട്ടിന്റെ ശബ്ദമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും അമ്പരപ്പിലുമാണ് ബേക്കലിനടുത്തുള്ള കൂട്ടക്കനിയിലെ ഈ പാട്ടുസംഘം. 

പാടിയത് ഇവർ

കേരളോത്സവത്തിലും മറ്റും കൂട്ടക്കനിയിലെ ഇഎംഎസ് ക്ലബിനെ പ്രതിനിധീകരിച്ച് പാടാനിറങ്ങുന്നവരാണ് ആദർശ് പി.എ, ശ്രേയ കെ.എ, മൈഥിലി എൻ.പി, ആര്യ മധുസൂദനൻ, വിസ്മയ കെ, ആദിത്യ എൻ.പി, ഗ്രീഷ്മ കെ.എ എന്നിവരടങ്ങുന്ന സംഘം. അങ്ങനെ പാടുന്നതിന് ഒരിക്കൽ ഭൈരവൻ പാട്ട് ഇവർ പഠിച്ചിട്ടുമുണ്ട്. സതീശൻ വെളുത്തോളിയാണ് ഒരു മത്സരത്തിനായി ഈ പാട്ട് ഇവരെ പഠിപ്പിച്ചത്. സതീശൻ വഴിയാണ് സിനിമയിലേക്കുള്ള അവസരം ഇവരെ തേടിയെത്തിയതും. ടാറ്റൂ ആർടിസ്റ്റാണ് ആദർശ്. തിരുവനന്തപുരം സംഗീത കോളജിൽ ബി.എ മ്യൂസിക് രണ്ടാം വർഷ വിദ്യാർഥിയാണ് ആദിത്യ. ഐടിഐ കഴിഞ്ഞ് ജോലി അന്വേഷത്തിലാണ് ഗ്രീഷ്മ. ശ്രേയയും വിസ്മയയും ഡിഗ്രി വിദ്യാർഥികൾ. മൈഥിലി പ്ലസ്ടു വിദ്യാർഥിയാണ്. ആര്യയ്ക്ക് നാട്ടിൽ തന്നെ ജോലിയുണ്ട്. 

ടെൻഷനടിച്ച റെക്കോർഡിങ്

നാട്ടിൽ നിന്ന് ഒരു സംഘമായാണ് ഇഎംഎസ് കൂട്ടക്കനിയിലെ ഈ ഗായകർ കൊച്ചിയിലേക്കു വണ്ടി കയറിയത്. കുടുംബത്തിനൊപ്പം പല യാത്രകളും നടത്തിയിട്ടുണ്ടെങ്കിലും ഒരു പാട്ടിനായി ഇത്ര ദൂരം സഞ്ചരിക്കുന്നത് ഇതാദ്യം. അതിന്റെ അമ്പരപ്പും ടെൻഷനും എല്ലാവർക്കുമുണ്ടായിരുന്നു. കൊച്ചിയിൽ സ്റ്റുഡിയോയിൽ എത്തിയപ്പോൾ അതുകൊണ്ടു തന്നെ എല്ലാവരും ഒന്നു വിറച്ചു. സ്റ്റുഡിയോയിൽ ഒരു സംഗീതസംവിധായകൻ പറഞ്ഞു തരുന്നത് അനുസരിച്ച് അദ്ദേഹം പറയുന്ന ശ്രുതിയിൽ പാടുകയെന്നത് അതുവരെ ജീവിതത്തിൽ സംഭവിക്കാത്ത കാര്യമായതിനാൽ ആ അമ്പരപ്പ് മാറാൻ അൽപം സമയമെടുത്തു. ശരിക്കും വെള്ളം കുടിച്ചെന്നാണ് ഗായകരുടെ ആത്മഗതം. പക്ഷേ, സംഗീതസംവിധായകൻ ദിബുവും സംവിധായകൻ ജിതിൻ ലാലും ക്ഷമയോടെ അവർക്കൊപ്പം നിന്നു. പ്രാക്ടീസ് ചെയ്യാൻ സമയം നൽകി. അങ്ങനെ സമയമെടുത്ത് റെക്കോർഡിങ് പൂർത്തിയാക്കിയപ്പോൾ എല്ലാവരും ഹാപ്പി. കാസർകോട്ട് നിന്ന് കൊച്ചിയിലേക്കുള്ള ആ പാട്ടുയാത്ര സമ്പൂർണ വിജയം!   

സിനിമയിൽ കണ്ടപ്പോൾ

കൊച്ചിയിലേക്ക് റെക്കോർഡിങ്ങിനായി പോയപ്പോൾ പോലും ഈ പാട്ട് സിനിമയിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗായകർ പറയുന്നു. പോയി പാടി നോക്കാമെന്നേ കരുതിയുള്ളൂ. സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ ആകാംക്ഷയായിരുന്നു. ഭൈരവൻ പാട്ട് അതിലുണ്ടോ എന്നായിരുന്നു നോക്കിയത്. പക്ഷേ, ട്രെയിലറിൽ കാണാതെ വന്നപ്പോൾ സിനിമയുടെ റിലീസിനായി കാത്തിരിപ്പ്. ഒടുവിൽ റിലീസ് ദിവസം തന്നെ തിയറ്ററിൽ പോയി സിനിമ കണ്ടു. തിയറ്ററിലെ ഇരുട്ടിൽ ഇരുന്ന് പാടിയ പാട്ട് കേട്ടപ്പോഴുള്ള അനുഭവം വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ലെന്ന് ഇവർ പറയുന്നു. ബാക്കി പ്രേക്ഷകർ തരിച്ചിരുന്ന് സിനിമ കണ്ടപ്പോൾ ഞങ്ങൾ ആർപ്പുവിളിച്ചാണ് ആ ഭാഗമെല്ലാം കണ്ടത്. സത്യത്തിൽ സിനിമ ശരിക്കും കാണാൻ പറ്റിയില്ല. അടുത്ത ദിവസം വീണ്ടും പോയാണ് സിനിമ കണ്ടത്. അത്രയും ആവേശമായിരുന്നു ഞങ്ങൾക്ക്, ഗായകർ പറയുന്നു. 

സ്വപ്നസമാനം ഈ അവസരം

സിനിമയിൽ പാടാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ലെന്ന് ഇഎംഎസ് കൂട്ടക്കനിയിലെ ഗായകർ പറയുന്നു. ഭൈരവൻ പാട്ട് ഇത്ര ഹിറ്റാകുമെന്നോ ഒരുപാടു പേർക്ക് ഇഷ്ടമാകുമെന്നോ പാടിയവർ ശ്രദ്ധിക്കപ്പെടുമെന്നോ ഒന്നും ഓർത്തില്ല. അതുകൊണ്ടു തന്നെ ഈ സ്വീകാര്യതയുടെ സന്തോഷം വാക്കുകളിൽ വിവരിക്കാനാകില്ല. ഇപ്പോൾ നാട്ടിലൊക്കെ വലിയ സ്വീകരണമാണ്. ക്ലബിന്റെ വക പ്രത്യേക സ്വീകരണം നൽകി. സാധാരണ ഗതിയിൽ തിയറ്ററിൽ പോയി സിനിമ കാണാത്തവർ പോലും ഞങ്ങളുടെ പാട്ടു കേൾക്കാൻ സിനിമയ്ക്കു പോയി. നാട്ടുകാർക്കും വലിയ സന്തോഷമാണെന്ന് ഇഎംഎസ് കൂട്ടക്കനിയിലെ ഗ്രീഷ്മ പറയുന്നു. 

English Summary:

Bhairavan Pattu from ARM movie

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com