‘ഹൃദയത്തിൽ കണ്ണാ നിൻ രൂപം മാത്രം’; ഭക്തി നിറച്ച് ദുർഗയുടെ പാട്ട്

Mail This Article
കോവിഡ് കാലത്ത് ഭക്തിനിർഭരമായി ‘മാനസപൂജ’ സംഗീത വിഡിയോ. മഹാമാരിക്കാലത്ത് ആരാധനാലയങ്ങളിലെ പ്രവേശനത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഗുരുവായൂരമ്പലത്തിലെ ദർശനത്തിന്റെ ഓർമകളുണർത്തിയാണ് ഗാനം ഒരുക്കിയത്. മനോരമ മ്യൂസിക് ആണ് ഗാനം പുറത്തിറക്കിയത്.
‘നേരം പുലരുവാൻ കാത്തിരുന്നു ഞാൻ
എന്റെ ഗുരാവായൂരപ്പനെ കണികാണുവാൻ
നാരായണ മന്ത്രം മനസിൽ നിറയുന്നു
ഹൃദയത്തിൽ കണ്ണാ നിൻ രൂപം മാത്രം....’
മാധ്യമപ്രവർത്തകൻ അനീഷ് ആനിക്കാടാണ് പുണ്യ ദർശന ഓർമകളുണർത്തുന്ന വരികൾ ഒരുക്കിയത്. ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചതും അനീഷ് തന്നെ. പിന്നണി ഗായിക ദുർഗ വിശ്വനാഥ് പാട്ടിനു സംഗീതം നൽകി ആലപിച്ചു. ഗായികയുടെ ഭക്തി നിറഞ്ഞ ആലാപനം ഹൃദയത്തിൽ പതിയുന്നുവെന്നാണ് പ്രേക്ഷകപക്ഷം.
ഗുരുവായൂരപ്പനോടുള്ള ഭക്തി ഏറെ ഹൃദ്യമായി ആവിഷ്കരിച്ച ഗാനരംഗത്തിൽ അനന്തലക്ഷ്മി അനിലും അഭിനവും ആണ് അഭിനയിച്ചിരിക്കുന്നത്. മനു പള്ളിക്കത്തോട് ഗാനരംഗങ്ങളുടെ ചിത്രകരണവും നിഖിൽ മറ്റത്തിൽ മഠം എഡിറ്റിങ്ങും അജിത് പുതുപ്പള്ളി കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. ഡോ. ഭാനു അശോക് ആണ് സംഗീത വിഡിയോയുടെ നിർമാണം. പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് ഈ ഗാനം ഏറെ ആശ്വാസവും പ്രതീക്ഷയും പകരുന്നുവെന്നാണ് ആസ്വാദകപക്ഷം.