അരമണിക്കൂർ കൊണ്ട് ഈണം റെഡി, പക്ഷേ ഒരു പാട്ട് അദ്ദേഹത്തെ കുഴപ്പിച്ചു; വിദ്യാജി എന്ന ‘പാട്ടുരാജാവ്’!
Mail This Article
ദേവദൂതൻ റീ-റിലീസിങിനൊരുങ്ങുമ്പോൾ സംഗീത സംവിധായകൻ വിദ്യാസാഗറിനുള്ളൊരു സമർപ്പണം കൂടിയായി അത് മാറുകയാണ്. വിദ്യാസാഗറിന്റെ പാട്ടുകൾ കേൾക്കാൻ വേണ്ടി മാത്രം തിയറ്റർ റിലീസിനായി കാത്തിരിക്കുന്നവരും വിരളമല്ല. ചിത്രത്തിന്റെ തുടക്കത്തിൽ മഹേശ്വറിനെ മോഹൻലാലിന്റെ കഥാപാത്രം വിശാൽ കൃഷ്ണമൂർത്തി വിശേഷിപ്പിക്കുന്നത് അയാൾ സംഗീതത്തിന്റെ രാജാവാണെന്ന് എന്നാണ്. ദേവദൂതനിൽ മഹേശ്വർ അല്ല സാക്ഷാൽ വിദ്യാജിയാണ് സംഗീതത്തിന്റെ രാജാവെന്നു വിശ്വസിക്കാനാണ് മലയാളികൾക്ക് ഇഷ്ടം. വീണ്ടും പ്രദർശനത്തിന് എത്തുമ്പോൾ ദേവദൂതനിലെ പാട്ടുകളും പശ്ചാത്തല സംഗീതവും കൂടിയാണ് ആഘോഷിക്കപ്പെടുന്നത്.
ബോക്സ് ഓഫിസിൽ ദയനീയമായി പരാജയപ്പെടുകയും പിന്നീട് മലയാള സിനിമയിലെ കൾട്ട് ക്ലാസിക്കുകളിലൊന്നായി മാറുകയും ചെയ്ത ചരിത്രമാണ് ദേവദൂതനു പറയാനുള്ളത്. 24 വർഷങ്ങൾക്കു ശേഷം ദേവദൂതൻ വീണ്ടും തിയറ്ററിലെത്താനുള്ള പ്രചോദനം ടെലിവിഷനിലും സോഷ്യൽ മീഡിയയിലും ചിത്രത്തെ ഹൃദയത്തോടു ചേർത്തുവച്ച പ്രേക്ഷകരാണ്. രണ്ടായിരത്തിൽ ചിത്രം റിലീസായപ്പോൾ ജനിച്ചിട്ടു പോലും ഇല്ലാത്ത പുതുതലമുറ വരെ ദേവദൂതൻ ഫാൻസിലുണ്ട്. സിബി മലയിലിന്റെ ക്രാഫ്റ്റും രഘുനാഥ് പലേരിയുടെ ഹൃദ്യമായ രചനയും മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന അഭിനയമൊക്കെ ദേവദൂതനെ മികവുറ്റതാക്കിയിട്ടുണ്ടെന്നതിൽ സംശയമില്ല. എന്നാൽ ദേവദൂതന്റെ ഏറ്റവും വലിയ ഹൈലൈറ്റ് വിദ്യാസാഗറിന്റെ സംഗീതമാണ്. ഈ സിനിമ രണ്ടര പതിറ്റാണ്ടുകൾക്കപ്പുറവും പ്രേക്ഷകരുടെ ഇടനെഞ്ചിൽ ഇടം കണ്ടെത്തുന്നുണ്ടെങ്കിൽ അതിനു തീർച്ചയായും വിദ്യാസാഗറിന്റെ സംഗീതത്തോടു കൂടി നമ്മൾ കടപ്പെട്ടിരിക്കുന്നു.
പ്രണയത്തിനും സംഗീതത്തിനും ഫാന്റസിക്കുമൊക്കെ പ്രധാന്യമുള്ള വ്യത്യസ്തവും അനുപമവുമായ തിരക്കഥയാണ് ദേവദൂതന്റേത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും സംഗീതഞ്ജരാണ്. വിദ്യാസാഗാറിനെ പോലെ അനുഗ്രഹീതനായ ഒരു കലാകാരന് ഒരുപാട് സ്കോപ്പുള്ള സിനിമയായിരുന്നു ദേവദൂതൻ. പാട്ടിലും പശ്ചാത്തല സംഗീതത്തിലും ഒരുപോലെ മികവ് പുലർത്തിയിട്ടുണ്ട് വിദ്യാസാഗർ ദേവദൂതനിൽ. ഓരോ പാട്ടിനും ഓരോ ഭാവങ്ങൾ, എല്ലാം ഒന്നിനൊന്നു മികച്ചവ. പശ്ചാത്തല സംഗീതത്തിൽ ഉടനീളം പ്രേക്ഷകരെ കൊത്തിവലിക്കുന്ന ആഴത്തിൽ സ്പർശിക്കുന്ന വിദ്യാസാഗർ മാജിക് പ്രകടമാണ്.
ഓർക്കസ്ട്രേഷനിലും സംഗീത ഉപകരണങ്ങളുടെ വിന്യാസത്തിലുമൊക്കെ വിദ്യാസാഗർ പുലർത്തിയ സൂക്ഷ്മതയും കയ്യടക്കവും പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. ‘പൂവേ പൂവേ പാലപ്പൂവേ’ എന്ന പാട്ടിൽ ഇൻറ്റർലൂഡായി വരുന്ന വീണ, ത്യാഗരാജ കൃതിയായ ‘എന്തരോ മഹാനുഭാവലു’ പശ്ചാത്യ നോട്ടേഷനുകളുമായി സമന്വയിപ്പിച്ചു റീ-ക്രീയേറ്റ് ചെയ്തപ്പോൾ ആ ഗാനത്തിൽ ഹൈലൈറ്റായി കൊണ്ടുവന്ന മനോഹരമായ ഫ്ലൂട്ട് പീസ് അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ. കൈതപ്രവും വിദ്യാസാഗാറും ചേർന്നു സൃഷ്ടിച്ച ദേവദൂതനിലെ ഓരോ ഗാനത്തിനും ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല. ‘കരളേ നിൻ കൈപിടിച്ചാൽ’ എന്ന പ്രണയഗാനത്തിലും ‘എൻ ജീവനേ’ എന്ന വിരഹ ഗാനത്തിലും ഒരുപോലെ വിദ്യാസാഗർ കയ്യൊപ്പ് ചാർത്തുന്നു. നായികയുടെ അലീന എന്ന പേര് എത്ര മനോഹരമായിട്ടാണ് പാട്ടിലും പശ്ചാത്തല സംഗീതത്തിലും വിദ്യാസാഗർ വിളക്കിചേർത്തിരിക്കുന്നത്.
എസ്.ജാനകി, കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര, പി.ജയചന്ദ്രൻ, പി.വി.പ്രീത തുടങ്ങി പലതലമുറ ഗായകർ ഒന്നിച്ച സിനിമ കൂടിയാണ് ദേവദൂതൻ. 12 നോട്ടുകളും ഉപയോഗിച്ചിട്ടുള്ള അപൂർവം ചലച്ചിത്ര ഗാനങ്ങളിലൊന്നാണ് വിദ്യാസാഗർ ഈണമിട്ട ‘കരളേ നിൻ കൈപിടിച്ചാൽ’ എന്ന ഗാനം. അര മണിക്കൂറുകൊണ്ടാണ് വിദ്യാസാഗർ ഈ ഗാനം ഈണമിട്ടതെങ്കിൽ ‘എന്തരോ മഹാനുഭാവലു’ എന്ന ഗാനത്തിന്റെ നോട്ടേഷനുകൾ തയ്യാറാക്കാൻ അദ്ദേഹം ഒരു മാസത്തോളം എടുത്തു. വിദ്യാസാഗറിന്റെ ചലച്ചിത്ര കരിയറിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ
കംപോസിഷനുകളിലൊന്നായിരുന്നു അത്. വിശാൽ കൃഷ്ണമൂർത്തിയെന്ന സംഗീതഞ്ജനെക്കുറിച്ചു സംവിധായകൻ വിദ്യാസാഗറിനു നൽകിയ ലഘു വിവരണം അയാൾ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ഇന്ത്യൻ മ്യൂസിഷ്യൻ എന്നായിരുന്നു. പാട്ടിലും പശ്ചാത്തല സംഗീതത്തിലും ഒരു ഇന്ത്യൻ വെസ്റ്റേൺ ബ്ലെൻഡ് നൽകാൻ സംഗീതസംവിധായകനെ പ്രേരിപ്പിച്ച ഘടകവും മറ്റൊന്ന് അല്ല.
മഹാനദി (1994), ദിൽസേ (1999), ലഗാൻ (2002) കണ്ണത്തിൽ മുത്തമിട്ടാൽ (2003) എന്നീ ചിത്രങ്ങളിലൂടെ മികച്ച ഓഡിയോഗ്രാഫിക്കുള്ള നാല് ദേശീയ പുരസ്കാരങ്ങളും സ്ലംഡോഗ് മില്യണേർ എന്ന സിനിമയിലൂടെ ഗ്രാമി പുരസ്കാരവും നേടിയ എച്ച്. ശ്രീധറാണ് ദേവദൂതനായി ഡി.ടി.എസ്. മിക്സിങ് നിർവ്വഹിച്ചത്. എ.ആർ.റഹ്മാൻ ഉൾപ്പടെ ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതസംവിധായർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ദേവദൂതന്റെ ഫൈനൽ മിക്സിങ് സമയത്ത് സംവിധായകൻ സിബി മലയിലിനോട് പറഞ്ഞത് ഇത്രയും പൂർണതയുള്ള ഒരു ഓഡിയോ ട്രാക്ക് ഇതിനു മുമ്പ് തന്റെ കരിയറിൽ ലഭിച്ചിട്ടില്ല എന്നാണ്. ദേവദൂതൻ വീണ്ടും പ്രദർശനത്തിന് എത്തുമ്പോൾ വിസ്മരിക്കാൻ പാടില്ലാത്ത അതുല്യ പ്രതിഭയാണ് എച്ച്.ശ്രീധർ.