വീണ്ടും സോഷ്യൽ മീഡിയ കത്തിച്ച് ഹനുമാൻ കൈൻഡ്; കുതിച്ചുകയറി ‘റൺ ഇറ്റ് അപ്പ്’, ട്രെൻഡിങ്

Mail This Article
സംഗീതപ്രേമികൾക്കിടയിൽ തരംഗമായി ഹനുമാൻ കൈൻഡിന്റെ പുത്തൻ സംഗീത വിഡിയോ. ‘റൺ ഇറ്റ് അപ്പ്’ എന്ന പേരിലൊരുക്കിയ ഗാനത്തിലൂടെ ഇന്ത്യൻ സംസ്കാരത്തെയും കലാവൈവിധ്യത്തെയും ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ് ഹനുമാൻ കൈൻഡ്. വിവിധ സംസ്ഥാനങ്ങളിലെ ആയോധന കലാരൂപങ്ങളെയും ആചാരങ്ങളെയും കോർത്തിണക്കിയൊരുക്കിയ ഗാനം ചുരുങ്ങിയ സമയത്തിനകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു.
ദാരിദ്ര്യം നിറഞ്ഞ കാലത്ത് ഒരു നാട് അതിന്റെ വളർച്ചയിലൂടെ മറ്റു നാടുകളെയും പോറ്റുന്ന തരത്തിലേക്ക് ഉയരുമ്പോൾ ആ നാടും നാട്ടുകാരും നേരിട്ട പ്രശ്നങ്ങളെയും അവരുടെ പോരാട്ടങ്ങളെയും എല്ലാം ഗാനത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. മുന്നേ പോയവർ തെളിച്ച മാർഗങ്ങളിൽ നിന്നും വഴിവെട്ടി മുന്നോട്ടുപോകുന്ന ഒരു തലമുറയുടെ സ്വപ്നങ്ങളും ഇനി വരാൻ പോകുന്നവർക്കുള്ള ഊർജവും പാട്ടിൽ നിറയുന്നു.
വിലാപത്തിൽ നിന്നും സന്തോഷത്തിന്റെ പടവുകൾ കണ്ടെത്തണമെന്നും ‘റൺ ഇറ്റ് അപ്പ്’ പറഞ്ഞുവയ്ക്കുന്നു. അധിനിവേശങ്ങളിൽ നിന്നും കോളനിവൽക്കരണത്തിൽ നിന്നും ഉള്ള ഉയർത്തെഴുന്നേൽപ്പിനെകുറിച്ചുമുള്ള സൂചനകളും ഗാനം പങ്കുവയ്ക്കുന്നു. നേരായ പാതയിലൂടെ മുന്നേറുന്ന ഒരുവന്, അല്ലെങ്കിൽ ഒരു നാടിന് ഉയർച്ച ഉണ്ടാകുമെന്നും അതിന് ചിലപ്പോൾ ചില പോരാട്ടങ്ങള്‍ കൂടി വേണ്ടിവരുമെന്നും പാട്ടിലൂടെ സംവദിക്കപ്പെടുന്നുണ്ട്.
മഹാരാഷ്ട്രയിലെ ആയോധന കലാരൂപമായ മർദാനി ഖേൽ, കേരളത്തിന്റെ കളരി തുടങ്ങിയവയുടെ ദൃശ്യങ്ങളും പാട്ട് ആസ്വാദകർക്ക് സമ്മാനിക്കുന്നു. പഞ്ചാബിന്റെ ഗട്ക, മണിപ്പൂരിലെ താങ്ത, കേരളത്തിന്റെ ഗരുഡൻ തൂക്കം, മലബാറിന്റെ കണ്ടന്നാർ കേളൻ, വെള്ളാട്ടം തുടങ്ങിയവ മനോഹരമായി ഗാനരംഗത്തിൽ ദൃശ്യവൽക്കരിച്ചിട്ടുണ്ട്. ചെണ്ടമേളത്തിന്റെ അകമ്പടി പാട്ടിന്റെ മികവ് കൂട്ടുന്നു.
ബിജോയ് ഷെട്ടിയാണ് ‘റൺ ഇറ്റ് അപ്പ്’ സംവിധാനം ചെയ്തിരിക്കുന്നത്. കൽമി ഈണൊമൊരുക്കി. ജന്മജ്‌ലിയ ഡറോസ് ആണ് പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബ്രൗൺ ക്രൂ പ്രൊഡക്‌ഷൻ ഹൗസിന്റെ ബാനറിൽ വാസിം ഹൈദറും അനമയ് പ്രകാശും ചേർന്ന് മ്യൂസിക് വിഡിയോ നിർമിച്ചിരിക്കുന്നു. മികച്ച പ്രതികരണങ്ങളോടെ പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിലും ഇടം നേടിക്കഴിഞ്ഞു.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാകാരനും നിർമാതാവുമായ കൽമി 2024 ജൂലൈയിൽ പുറത്തിറക്കിയ ‘ബിഗ് ഡാഗ്സ്’ എന്ന മ്യൂസിക് വിഡിയോയിലൂടെ ബിജോയ് ഷെട്ടിയും ഹനുമാൻ കൈൻഡും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ന്യൂ യോർക്കിൽ നടന്ന മോദി & യുഎസ് പരിപാടിയിലും ഹനുമാൻ കൈൻഡ് ഗാനം ആലപിച്ചിട്ടുണ്ട്.